ജെ.എസ്.അടൂർ
പല ട്രാവൽ ഏജൻസികളും ഓൺലൈൻ ബുക്കിങ് കാരണം ബിസിനസ് കുറഞ്ഞപ്പോഴാണ് അതിനേക്കാൾ ലാഭകരമായ സ്റ്റഡി എബ്രോഡ് (Study Abroad) ബിസിനസ് തുടങ്ങിയത്…
അതുപോലെ കൂണ്പോലെ വളരുന്ന പുതിയ എജ്യൂകേഷൻ കൺസൾട്ടൻസി ബിസിനസ്.
കാനഡ, യൂ.കെ, ആസ്‌ട്രേലിയ, ന്യൂസിലാൻഡ്, എന്നിവടങ്ങളിൽ എംബിഎ, ഉപരിപഠനം. അതുപോലെ ചൈന, ഫിലിപ്പയ്ൻസ്, റഷ്യ മുതൽ പഴയ സോവിയറ്റ് രാജ്യങ്ങളിൽ മെഡിസിൻ അഡ്മിഷൻ മുതലായവയാണ് മാർക്കറ്റ് ചെയ്യപ്പെടുന്നത്.
മധ്യവർഗ്ഗത്തിൽ പെട്ട ഒരുപാട് ആളുകൾ വിചാരിച്ചിരിക്കുന്നത് കുട്ടികൾക്ക് വിദേശത്ത് നിന്ന് ഒരു ഡിഗ്രി കിട്ടിയാൽ അവിടെ ജോലികിട്ടി റെസിഡൻസ് പെർമിറ്റ് വാങ്ങി സുഖമായി ജീവിക്കാം എന്നാണ്.
സത്യത്തിൽ വിദേശത്തെ യൂണിവേഴ്സിറ്റികളുടെ സ്റ്റാൻഡേർഡോ, റാങ്കിങ്ങോ ഒന്നും അറിയാതെ സ്റ്റഡി എബ്രോഡ് കൺസൽട്ടൻസികൾ പറയുന്നത് കേട്ടാണ് ഈ കാര്യങ്ങളിൽ വലിയ വിവരം ഇല്ലാത്ത മാതാപിതാക്കൾ ലോൺ എടുത്തും ജീവിതത്തിലെ സേവിങ്ങ് എടുത്തും 20 ലക്ഷം തൊട്ട് ഒരു കോടി വരെ ചിലവാക്കി കുട്ടികളെ വിദേശത്തേക്ക് പഠിക്കാൻ വിടുന്നത്.
പലരും പിയർപ്രഷർ കരണവും സോഷ്യൽ ട്രെൻഡ് കാരണവും വൻതുക കടം വാങ്ങിയും വസ്തു വിറ്റും കുട്ടികളെ 18 വയസ്സിലോ 20 വയസ്സിലോ എഡ്യൂക്കേഷൻ കൺസൾട്ടൻസി മുഖേന വിടും. അതൊക്കെ ഓരോരുത്തരുടെ ഇഷ്ട്ടം. പക്ഷെ, ഏജൻസിക്കാർ പറയുന്ന സ്വർഗ്ഗരാജ്യം അവരുടെ കമീഷൻ കിട്ടി കഴിയുമ്പോൾ, “നിങ്ങളായി നിങ്ങളുടെ കാര്യമായി…”
എന്ന മട്ടിലാകും.
ഇങ്ങനെ പഠിക്കാൻ വിടുന്നവരിൽ ഏതാണ്ട് 20% വരെ പുതിയ രാജ്യത്തു കിട്ടുന്ന ജോലിയൊക്കെ ചെയ്തു പിടിച്ചു നില്ക്കുമായിരിക്കും, പക്ഷെ പൊതുവെ പലർക്കും ഇത് നഷ്ടകച്ചവടം ആയിരിക്കും.
ലോകത്തു ഒരൊറ്റ നല്ല യൂണിവേഴ്സിറ്റികളും എഡ്യൂകേഷനൽ കൺസൽട്ടൻസിന് കമ്മീഷൻ കൊടുത്തു വിദ്യാർത്ഥികളെ തേടുന്നില്ല. അങ്ങനെ തേടുന്നത് ഇവിടുത്തെ സെൽഫ് ഫിനാൻസ് കോളേജ് പോലെ യൂകെ-യിലും കാനഡയിലും പലയിടത്തും പുതുതായി പൊന്തിവന്ന യൂണിവേഴ്സിറ്റികളാണ്. അതിൽ തന്നെ മിക്കവാറും എണ്ണത്തിനു ആ രാജ്യത്തോ മറ്റുള്ള രാജ്യത്തോ ഒരു നിലവാരമോ റേറ്റിംഗോ പോലും ഉണ്ടായിരിക്കില്ല.
അവരുടെ ബിസിനസ് തന്ത്രം, ഉള്ളതിന്റെ ഇരട്ടി ഫീസ് പറയും. ഉദാഹരണത്തിനു എംഎ അല്ലെങ്കിൽ എംഎസ്‌സി-ക്ക് വർഷം നൽപ്പത്തിനായിരം പൗണ്ട് ഫീസ് എന്ന് പറയും. എന്നിട്ട് പറയും 40%-50% സ്കൊളർഷിപ്പ്. അതൊക്കെ കേൾക്കുമ്പോൾ കുട്ടികളും മാതാപിതാക്കളും വീഴും. നാല്പതിനായിരം ഫീസ് 25000 ആകും. അതിൽ അയ്യായിരം പൗണ്ട്/ഡോളർ റിക്രൂറ്റിങ് ഏജൻസി കമ്മീഷൻ. കോളേജ്/യൂണിവേഴ്സിറ്റികൾക്ക് 20,000 പൗണ്ട്/ഡോളർ.
മിക്കവാറും വിദേശ പഠനം തുടങ്ങിയ വിദ്യാർത്ഥികൾക്ക് ഒരാഴ്ച്ചയിൽ ഇരുപത് മണിക്കൂർ വരെ ജോലി ചെയ്യാം. അങ്ങനെ കിട്ടുന്ന ജോലികൾ പലപ്പോഴും കെയർഹോം, റെസ്റ്റോറൻ്റ്, അതുപോലെയുള്ള സ്ഥലങ്ങളിൽ ആയിരിക്കും. വീട്ടിൽ പാത്രം കഴുകാത്തവർക്ക് വിദേശത്ത് അതൊക്കെ ചെയ്യാൻ അവസരം കിട്ടും, വീട്ടിൽ സ്വന്തം തുണി കഴുകാത്തവർക്ക് അതൊക്കെ ചെയ്യാൻ അവസരം കിട്ടുമെന്നത് നല്ല കാര്യമാണ്.
ഇപ്പോൾ പല രാജ്യത്തെയും മേജർ ബിസിനസ് വിദ്യാഭ്യാസമായതിനാൽ പുതിയ സെൽഫ് ഫിനാൻസ്ഡ് യൂണിവേഴ്സിറ്റികൾ, (പലതും നമ്മുടെ പഴയ പാരലൽ കോളേജുകളെ ഓർമിപ്പിക്കുന്നു രണ്ടോ മൂന്നോ നില സെറ്റപ്പ്.) ഇപ്പോൾ ഒരു ബിസിനസ് ലോബിയാണ്, അതുകൊണ്ടു തന്നെ പഴയത്പോലെ വിസ പ്രശ്നം ഇല്ല. പക്ഷെ യൂകെ പോലുള്ള രാജ്യത്തു ഇത്തരകാർക്ക് പഠിത്തം കഴിഞ്ഞു 10%-ന് പോലും ജോലിസാധ്യതയില്ല എന്നത് കൂടി തിരിച്ചറിയണം.
ചില കൺസൾട്ടസികൾ പറയും എം.എ ഇന്റർനാഷണൽ സ്റ്റഡീസ് പഠിച്ചാൽ യൂഎൻ-ൽ ജോലി കിട്ടും എന്ന്. നാൽപ്പത് ലക്ഷം ചിലവാക്കി എം.എ.ഐ.ആർ എടുത്താൽ യുഎ-ന്നിൽ ജോലി കിട്ടുമെന്ന പ്രതീക്ഷയിൽ അതിന് ചേരും (ഇന്ത്യയിൽ നല്ല ഒന്നാന്തരം ഇന്റർനാഷണൽ ഡിപ്പാർട്ട്മെന്റുകൾ ഉണ്ട്) ശശിതരൂർ ഒക്കെ അങ്ങനെയല്ലേ യുഎ-ന്നിൽ കയറിയത് എന്നും കാച്ചും. അങ്ങനെ വിദേശ ഡിഗ്രികളുമായി യൂഎ-ന്നിൽ എങ്ങനെ ജോലികിട്ടും എന്ന് ചോദിച്ചുകൊണ്ടു കുറഞ്ഞത് ഇരുപത് പേർ എന്നെ സമീപിച്ചിട്ടുണ്ട്. അതു ബിഎ യോ /എംഎ യോ കഴിഞ്ഞാൽ ഐ.എ.എസ് കിട്ടും എന്ന് പറയുന്നത് പോലെയാണ്.
അതുപോലെയാണ് ഇപ്പോൾ റഷ്യ/പഴയ സോവിയറ്റ് യുണിയനിൽ എം.ബി.ബി.എസ് ഇതിൽ ചിലയിടത്തു നല്ല ആശുപത്രികൾ അടക്കമുള്ള മെഡിക്കൽ കോളേജുകൾ ഉണ്ട്. എന്നാൽ ഇപ്പോൾ ഇന്ത്യക്കാർക്ക് ഉൾപ്പെടെ പാർട്ണർഷിപ്പുള്ള ആശുപത്രി ഒന്നും ഇല്ലാത്ത മെഡിക്കൽ കോളേജും ഉണ്ട്.
അവിടെ നിന്ന് എം.ബി.ബി.എസ് /ചിലയിടത്തു എം.ഡി എന്നാണ് എം.ബി.ബി.എസ്-നു പറയുന്നത്. അഞ്ചു കൊല്ലം കഴിഞ്ഞു ഇവിടെയും എവിടെയും Qualifying പരീക്ഷ എഴുതി പാസ്സായി പിന്നെ ഒരു വർഷത്തെ ക്ലിനിക്കൽ ഇന്റേൺഷിപ്പ് കൂടി ഉണ്ടെങ്കിലേ നമ്മുടെ രാജ്യത്തു പ്രാക്റ്റീസ് ചെയ്യുവാനാകൂ…
പക്ഷെ ഇപ്പോൾ എം.ബി.ബി.എസ് ഇഷ്ടം പോലെ ഉള്ളതിനാൽ ഇതെല്ലാം കഴിഞ്ഞു സർക്കാരിന് വെളിയിൽ കിട്ടുന്ന ശമ്പളം പരിമിതമായിരിക്കും. എം.ബി.ബി.എസ് കഴിഞ്ഞു പോസ്റ്റ് ഗ്രേഡ്‌വേഷൻ, റസിഡൻസി സൂപ്പർ സ്പെഷ്യലൈഷൻ, ഒക്കെ കഴിഞ്ഞു വരുമ്പോൾ മുപ്പതു വയസ്സാകും. പഴയ സോവിയറ്റ് രാജ്യങ്ങളിലെ ഒരു പ്രധാന വരുമാനവും ബിസിനസ്സുമാണ് മെഡിക്കൽ വിദ്യാഭ്യാസം. അവിടെ പഠിച്ച പലരും പിന്നീട് നല്ല ഡോക്ടർമാർ ആയിട്ടുണ്ട്. പക്ഷെ ഒരുപാട് പേർ Qualifying പരീക്ഷ പാസാകാതെ പെട്ടു പോയിട്ടുണ്ട്.
അതുകൊണ്ടു വലിയഫീസ് കൊടുത്തു മെഡിസിന് വിടുമ്പോൾ ആ കോളേജുകളുടെ ഗുണമേന്മയും അതുപോലെ എം.ബി.ബി.എസ് എന്നത് ഏതൊരു ബേസിക്ക് ഡിഗ്രിപോലെ ആണ് എന്നും അറിയുക.
കാനഡയിൽ പലരും പൈസ ചിലവാക്കി ഒന്നോ രണ്ടോ വർഷം പഠിച്ചാൽ മൂന്നു വർഷം അവിടെ ജോലി ചെയ്യാം. നല്ല ജോലികിട്ടിയാൽ പിആർ (പെർമെനെന്റ്റ് റെസിഡൻസ്), സിറ്റിസൺഷിപ്പ് കിട്ടും എന്ന പ്രത്യാശയിലാണ്. അങ്ങനെ ഒരുപാട് പേർ അവിടെ കഴിഞ്ഞ പത്തു വർഷങ്ങളിൽ സെറ്റിൽ ആയിട്ടുണ്ട്. പക്ഷെ അവിടെ കിട്ടുന്ന ശമ്പളത്തിന്റെ നല്ല ഒരു ഭാഗം ടാക്സായി പോകും. പിന്നെ ഉള്ളത് അവിടെ ജീവിക്കാനുള്ള തുക മാത്രം. സേവിങ്ങും വീടും നല്ല കാറുമൊക്കെ വാങ്ങാൻ വർഷങ്ങളുടെ കഠിനധ്വാനം വേണം.
പിന്നെയുള്ള ഒരു വലിയ പ്രശ്നം വളരെ ചെറുപ്പത്തിൽ കുട്ടികളെ വിദേശത്ത് കൺസൾട്ടൻസി വഴി കയറ്റി അയക്കുമ്പോൾ അവർക്ക് ആ രാജ്യത്തെ നിയമമോ, സംസ്കാരമോ, ആൺ -പെൺ ഡൈനാമികസോ അറിയില്ല. ചിലർ പുതിയ സ്വാതന്ത്ര്യത്തിൽ സെക്സ്, ഡ്രഗ്, റേവ് പാർട്ടിയിലൊക്കെ പോയി പലപ്പോഴും പെട്ടുപോകും. വിദേശത്തു പഠിക്കാൻ പോയി മെന്റൽ ഹെൽത്ത് പ്രശ്നങ്ങൾ ആയ പലരെയും നേരിട്ട് അറിയാം. അങ്ങനെ ഈ ഇടയ്ക്ക് പ്രശ്നത്തിൽപെട്ട ഒരു പയ്യനെ കുറിച്ചുള്ള ന്യൂസ് മനോരമ ഓൺലൈനിൽ ഉണ്ട്.
ഇതിനർത്ഥം വിദേശത്ത് പഠിക്കാൻ പോകേണ്ട എന്നല്ല. വിദേശത്ത് ഒന്നാം തരം യൂണിവേഴ്സിറ്റികളിൽ പഠിച്ചാൽ ഒരുപാട് സാധ്യതകൾ ഉണ്ട്. അവിടെ അഡ്മിഷൻ കിട്ടാൻ ഏജൻസികൾ വഴി പോയാൽ പറ്റില്ല. അതിനു അക്കാഡമിക് പെർഫോമൻസ്, മറ്റു കഴിവുകൾ, ഗുണമേന്മയുള്ള സ്റ്റേറ്റ്മെന്റ ഓഫ് പർപസ്, സ്ക്കോളർഷിപ്പ്, ജിആർ ഈ സ്ക്കോർ (അമേരിക്കയിൽ) മുതലായവ വേണം. ഏത് വിഷയത്തിൽ ഏത് യൂണിവേഴ്സിറ്റിയാണ് തിരഞ്ഞെടുക്കുന്നത്..?
ആ വിഷയം പഠിച്ചാൽ എന്തൊക്കെ പ്രയോജനവും സാധ്യതകളും ഉണ്ട്..? ഇതൊക്കെ സ്വയം മനസിലാക്കി വിദേശത്ത് കൃത്യമായ ലക്ഷ്യ ബോധത്തോടെ പഠിക്കാൻ പോകുന്നതും ഏജൻസിയിലുള്ള ആരെങ്കിലും പറയുന്നത് കേട്ട് കടം എടുത്ത് പോകുന്നതും ജീവിതത്തിൽ ഉള്ള സേവിങ്ങ്സ് മുഴുവൻ ചിലവാക്കി പോകുന്നതും തമ്മിൽ അജഗജാന്തരം വ്യത്യാസമുണ്ട്.
കേരളത്തിൽ നല്ലത്പോലെ പഠിച്ചു കുറെവർഷം ജോലി ചെയ്തു വളരെ കൃത്യമായ പ്ലാനോട് കൂടി നല്ല യൂണിവേഴ്സിറ്റി തിരഞ്ഞെടുത്തു പഠിച്ചു ക്യാമ്പസ്സ് സെലക്ഷ്നിൽ നല്ല ജോലി ചെയ്യുന്നവരെയും അറിയാം. അങ്ങനെയുള്ള പലരും സ്വപ്രയത്നം കൊണ്ടു സ്വയമായി ആവശ്യമുള്ള കോഴ്സും യൂണിവേഴ്സിറ്റിയൊക്കെ സ്വയം തിരഞ്ഞെടുത്തു പോകുന്നവരാണ്.
വിദേശത്ത് പോയി പഠിച്ചാൽ നല്ല exposure കിട്ടും, പലപ്പോഴും ലൈഫ് സ്‌കിൽ, ആത്മ വിശ്വാസമൊക്കെ കൂടും, നല്ല ഭാഷ പ്രാവീണ്യം കൂടും. ഇതൊക്കെ ജോലി സാധ്യത കൂട്ടും, മിടുക്കരാണെങ്കിൽ അവർ പഠിച്ചു ഉന്നതങ്ങളിൽ എത്തും. Sky is the limit.
ഞങ്ങളുടെ മകൻ ഇന്റർനാഷണൽ, (കേബ്രിഡ്ജ് ) സിലബസിൽ പഠിച്ചത് കൊണ്ടു 12 കഴിഞ്ഞപ്പോൾ തന്നെ വിദേശത്ത് പഠിക്കാമായിരുന്നു. ബി.എ കഴിഞ്ഞപ്പോൾ എൽ.എസ്.സി-യിൽ കിട്ടി. പക്ഷെ ഞാൻ ഉപദേശിച്ചത് സ്വന്തം കഴിവ് കൊണ്ടു ഇന്ത്യയിൽ പഠിക്കാൻ ആയിരുന്നു. ലോകത്തു എവിടെ വേണമെങ്കിലും വിട്ടു പഠിപ്പക്കാമായിരുന്നു, എങ്കിലും ഇന്ത്യയിലെ ഏറ്റവും നല്ല യൂണിവേഴ്സിറ്റികളിൽ മെരിറ്റിൽ പഠിച്ചശേഷം സ്വന്തം കഴിവിൽ ലോകത്തിലെ തന്നെ ഏറ്റവും നല്ല സ്ക്കോളർഷിപ്പിൽ പോയി. മൂന്നു യൂണിവേഴ്സിറ്റികളിൽ യൂകെ-യിൽ പി.എച്.ഡി സ്ക്കോളർഷിപ്പ് കിട്ടിയെങ്കിലും പോയത് ആ രംഗത്തുള്ള വേറെ രാജ്യത്തു വേറെ യൂണിവേഴ്സിറ്റിയിലാണ്.
അതു പോലെ ലോകത്തു എവിടെ വിട്ടും പഠിപ്പിക്കാവുന്ന മകളെയും പോസ്റ്റ് ഗ്രേഡ്‌വേഷൻ വരെ ഇന്ത്യയിൽ പഠിപ്പിക്കും. പിന്നെ സ്വന്തം കഴിവുകൊണ്ട് ഏറ്റവും നല്ല യൂണിവേഴ്സിറ്റികളിൽ പോകാൻ താല്പര്യം ഉണ്ടെങ്കിൽ സ്ക്കോളർഷിപ്പ് വാങ്ങി പോകാം.
ഞാൻ ഇന്ത്യയിലാണ് പഠിച്ചത്. ലോകമൊട്ടുക്ക് ജോലി ചെയ്യുന്നതിൽ ഒരു പ്രശ്നവും ഇല്ലായിരുന്നു. അമർത്യസെന്നും മൻമോഹൻ സിങ്ങും എല്ലാം പോസ്റ്റ് ഗ്രേഡ്‌വേഷൻ വരെ ഇൻഡ്യയിലാണ് പഠിച്ചത്. അതുപോലെ ഇന്ന് ലോകത്തു വലിയ കമ്പിനികളിലെ സി.ഈ.ഓ-മാരെല്ലാം അവരുടെ വിദ്യാഭ്യാസം ഇന്ത്യയിലാണ് നടത്തിയത്.
എവിടെ പഠിക്കുന്നു എന്നത് പോലെ പ്രധാനമാണ് എങ്ങനെ പഠിക്കുന്നു, എന്ത് കൊണ്ടു പഠിക്കുന്നു, എന്ത് പഠിക്കുന്നു എന്നത്. എന്തൊക്കെ സ്‌കിൽസെറ്റും നേതൃത്വ ഗുണങ്ങളും വ്യക്തി വിശേഷങ്ങളും ഉണ്ടെന്നുള്ളതും പ്രധാനമാണ്.
ചുരുക്കത്തിൽ വിദേശത്ത് പഠിക്കാൻ പോകുന്നത് നല്ലത് തന്നെ. പക്ഷെ അതു എങ്ങനെ എവിടെ പോകുന്നു. എന്തിന് പോകുന്നു. അവിടെ എങ്ങനെ ജീവിക്കുന്നു/ ജീവിക്കും. പഠിത്തം കഴിഞ്ഞു എന്ത് ചെയ്യും എന്നതിനെയൊക്കെ കുറിച്ച് സാമാന്യം നല്ല ധാരണയുണ്ടെങ്കിൽ കൊള്ളാം.
അല്ലെങ്കിൽ വിദേശ വിദ്യാഭ്യാസഭ്രമം മൂത്തു ലോൺ എടുത്തും ജീവിതത്തിലെ സേവിങ്ങും വസ്തുവകകൾ വിറ്റും കുട്ടികളെ ഏജൻസിക്കാർ പറയുന്ന ഏതെങ്കിലും സ്ഥലത്തു വിട്ടാൽ പ്രതീക്ഷിച്ച ഫലം ഉണ്ടാകണം എന്നില്ല. അതുകൊണ്ടു വളരെ സൂക്ഷിച്ചു എടുക്കേണ്ട തീരുമാനമാണ് ഇത്.
ജെ.എസ്.അടൂർ.










Anonymous
5