Sathyadarsanam

വന്യജീവികൾ അഴിഞ്ഞാടുമ്പോൾ

വനത്തോട് ചേർന്ന പ്രദേശങ്ങളിൽ വന്യജീവികൾ അഴിഞ്ഞാടുമ്പോൾ ചില വസ്തുതകൾ പൂർണ്ണ ബോധ്യത്തോടെ പങ്കുവെക്കുന്നു.എന്നെ ബാധിക്കാത്ത പ്രശ്നമാണ് എന്ന് കരുതി ഇത് അവഗണിക്കരുത്.ഇന്നല്ലെങ്കിൽ നാളെ നമ്മുടെ വീട്ടുമുറ്റത്തും കൃഷിയിടത്തിലും വന്യമൃഗങ്ങൾ എത്തിയിരിക്കും.

# വന്യജീവികൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് ആകസ്മികമായ ഒരു കാര്യമല്ല. കാടിനു താങ്ങാൻ കഴിയുന്നതിൽ കൂടുതൽ വന്യ ജീവികൾ പെരുകി കഴിഞ്ഞു. കേരളം മുഴുവൻ വനമാക്കി മാറ്റിയാൽ പോലും 500 ആനകൾക്ക് സ്വസ്ഥമായി ജീവിക്കാനുള്ള സ്ഥലമേ ഉള്ളൂ. ഇന്ന് കേരളത്തിൽ 7500 ഇൽ അധികം ആനകൾ ഉണ്ട് എന്ന് വനംവകുപ്പ് തന്നെ പറയുന്നു

# ഇത് ഒരു നിഗൂഡമായ കുടിയിറക്ക് തന്ത്രം കൂടിയാണ് . വന്യജീവികൾ ജീവിക്കാൻ സമ്മതിക്കാത്തതിന്റെ പേരിൽ സ്ഥലം ഉപേക്ഷിച്ചുപോയ ഒരുപാട് ആളുകൾ നമുക്കു ചുറ്റുമുണ്ട്.കാലക്രമത്തിൽ ഇതെല്ലാം വനം ആയി മാറും. വന്യമൃഗശല്യം നിയന്ത്രിക്കാൻ ഒരുപാട് സാധ്യതകൾ ഉണ്ടായിട്ടും ഒന്നും ചെയ്യാതെ ആളുകളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്ന വനംവകുപ്പ് തന്ത്രപൂർവം ലക്ഷ്യമിടുന്നത് ആളുകളെ ഇറക്കി വിടാൻ വേണ്ടി തന്നെയാണ്. കേരളത്തിൽ ഓരോ വർഷവും വനവിസ്തൃതി കൂടുന്നുണ്ട് എന്ന് കണക്കുകൾ പറയുന്നു

# ഒരു സാധാരണക്കാരൻ കാട് കാണാൻ കാട്ടിൽ കയറിയാൽ അവൻറെ പേരിൽ ട്രസ് പാസിന് വനംവകുപ്പ് കേസെടുക്കും.എന്നാൽ വനത്തിനുള്ളിൽ നിന്ന് വന്യജീവികൾക്ക് ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് അവകാശം പോലെയാണ് വനംവകുപ്പ് കാണുന്നത്.സ്വന്തം വളർത്തുമൃഗങ്ങളെ മറ്റുള്ളവരുടെ അതിർത്തിക്കുള്ളിൽ സൂക്ഷിക്കുക എന്നുള്ളത് മാനുഷിക നീതിയാണ്.വനംവകുപ്പും ഇത് പാലിച്ചേ പറ്റൂ

# വന്യജീവികളെ വനത്തിൽ തന്നെ നിർത്തുക എന്നത് വനംവകുപ്പിന്റെ ഉത്തരവാദിത്വമാണ് .അവരുടെ ഔദാര്യം അല്ല അത്.വന്യജീവികൾ നാട്ടിൽ ഇറങ്ങി പ്രശ്നം ഉണ്ടാക്കിയാൽ വന്യമൃഗങ്ങളുടെ കസ്റ്റോഡിയൻ ആയ ഓഫീസറുടെ പേരിൽ കേസെടുക്കാൻ നടപടി ഉണ്ടാവണം

# വളരെ തുച്ഛമായ നഷ്ടപരിഹാരം മാത്രമാണ് ഇപ്പോൾ വനം വകുപ്പ് നൽകുന്നത്. ഫണ്ടില്ല എന്ന പേരും പറഞ്ഞ് പലപ്പോഴും സമയബന്ധിതമായി അത് കൊടുക്കാറില്ല.എന്നാൽ ഫണ്ടില്ല എന്നതിൻറെ പേരിൽ ഏതെങ്കിലും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ശമ്പളം മുടങ്ങിയിട്ടുണ്ടോ ? ഏതെങ്കിലും ഫോറസ്റ്റ് വണ്ടികൾക്ക് ഡീസൽ ഇല്ലാത്ത അവസ്ഥ ഉണ്ടായിട്ടുണ്ടോ? വനംവകുപ്പിന്റെ കെട്ടിട നിർമ്മാണങ്ങൾ എവിടെയെങ്കിലും പണമില്ലാത്തതിൻറെ പേരിൽ മുടങ്ങിയിട്ടുണ്ടോ? കർഷകർക്ക് കൊടുക്കുന്ന നഷ്ടപരിഹാരം വനംവകുപ്പിന്റെ ഔദാര്യമല്ല. കർഷകൻറെ അവകാശമാണ്

# നിലവിൽ വനംവകുപ്പ് ഉദ്യോഗസ്ഥന്മാർ തന്നെയാണ് കൃഷിയുടെ നഷ്ടം വിലയിരുത്തുന്നത്.അതു മാറി കൃഷിവകുപ്പ് ഉദ്യോഗസ്ഥന്മാർ വിലയിരുത്തുന്ന രീതി വരണം. വന്യജീവി ആക്രമണത്തിൽ ആരെങ്കിലും മരണപ്പെട്ടാൽ ആശ്രിതർക്ക് നിയമനം കൊടുക്കാൻ നിയമം ഉണ്ടാകണം.
# വന്യജീവി ആക്രമണത്തിന്റെ നഷ്ടപരിഹാരം MACT Act പോലെ ലഭ്യമാക്കാൻ നിയമ നിർമ്മാണം നടത്തണം.

# മനുഷ്യനെക്കാൾ വലുതല്ല ഒരു വന്യജീവിയും എന്ന ബോധ്യം ജനപ്രധിനിധികൾക്ക് .ആവശ്യമായ നിയമ നിർമ്മാണവും ഇടപെടലും നടത്തണം

# വന്യജീവി പ്രശ്നം കൃഷി നശിപ്പിക്കുന്നതും ആയി ബന്ധപ്പെട്ട ഒരു പ്രശ്നം മാത്രമല്ല. തുടർച്ചയായി ഉറക്കം നഷ്ടപ്പെടുന്നത് പല രോഗങ്ങൾക്കും കാരണമാകും.വന്യജീവികൾ മൂലം ഭയപ്പെടുന്ന കുഞ്ഞുങ്ങളുടെ മാനസിക വളർച്ചയിൽ പോലും പ്രശ്നങ്ങൾ ഉണ്ടാകുവാൻ ഇടയാകുന്നു. മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും ഈ വിഷയത്തിൽ വളരെ കാര്യങ്ങൾ ചെയ്യാനുണ്ട്

# ജനങ്ങളുടെ നികുതിപ്പണമാണ് ഉദ്യോഗസ്ഥന്മാരുടെയും ജനപ്രതിനിധികളുടെയും മറ്റെല്ലാ ജനസേവകരുടെയും ശമ്പളം എന്ന് ബോധ്യം എല്ലാവർക്കും ഉണ്ടാവണം.ജനപക്ഷത്തു നിന്ന് കാര്യങ്ങൾ ചെയ്യുവാൻ അവർക്ക് കഴിയണം

# Right to Live എന്നതാണ് ഏറ്റവും വലിയ നിയമം. അത് നിഷേധിക്കാൻ ആരെയും അനുവദിക്കാൻ പാടില്ല

Fr.Robin Padinjarekuttu
994793478

Leave a Reply

Your email address will not be published. Required fields are marked *