Sathyadarsanam

ആഗോള ഭീകരതയുടെ അടിവേരുകള്‍ പൊള്ളുന്ന സത്യങ്ങള്‍; ഞെട്ടുന്ന കേരളം

കലാപങ്ങളെ വെള്ളപൂശരുത്

1921ലെ മലബാര്‍ കലാപം ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചയായത് മനഃപൂര്‍വ്വമല്ല. സ്വാതന്ത്ര്യസമര പോരാട്ടമെന്ന് പറഞ്ഞ് ഒരുകൂട്ടരും ജന്മിത്വത്തിനും ബൂര്‍ഷ്വകള്‍ക്കുമെതിരെയുള്ള വിപ്ലവമെന്നുപറഞ്ഞ് വിപ്ലവപ്രസ്ഥാനങ്ങളും മലബാര്‍ കലാപത്തെ വെള്ളപൂശുമ്പോള്‍ ഒന്നുറപ്പാണ് എന്തിന്റെ പേരിലാണെങ്കിലും ആയിരക്കണക്കിന് മനുഷ്യജന്മങ്ങള്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ടതിനെ ന്യായീകരിക്കാനാവില്ല. രക്തരൂക്ഷിത കലാപങ്ങള്‍ ഓര്‍മ്മപ്പെടുത്തി വീണ്ടും വര്‍ഗ്ഗീയവികാരങ്ങളുണര്‍ത്തുന്നതും വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പേരിലുള്ള അടവുനയവും ശരിയായ നടപടിയല്ല.

1990ല്‍ വടക്കന്‍ കേരളത്തിലെ തീയറ്ററുകളില്‍ സിഗരറ്റ് ബോംബുകളും 1996ല്‍ കടലുണ്ടി പാലത്തിനടിയില്‍ പൈപ്പ് ബോംബും കണ്ടെത്തിയപ്പോഴും ഒറ്റപ്പെട്ട സംഭവങ്ങളെന്നുപറഞ്ഞ് നാം എഴുതിത്തള്ളി. 1997കളില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നടന്ന സമാനതകളുള്ള കൊലപാതകങ്ങളുടെ സംശയകണ്ണികള്‍ വെളിപ്പെടുത്തിയത് മുന്‍ പോലീസ് ഉന്നത ഉദ്യോഗസ്ഥരാണ്.

കോയമ്പത്തൂര്‍ സ്‌ഫോടനവും മാറാട് കലാപവും ന്യായീകരിക്കാന്‍ മത്സരിച്ച രാഷ്ട്രീയ നേതൃത്വങ്ങളുമുണ്ട്. വാഗമണ്‍, പാനായിക്കുളം, കളമശ്ശേരി സംഭവങ്ങളില്‍ നിന്നുപോലും നാം സത്യം തിരിച്ചറിഞ്ഞില്ല. കാശ്മീരിലും അഫ്ഗാനിലും സിറിയയിലും ഇറാക്കിലും മുഴങ്ങിയ മലയാളശബ്ദവും മലയാളിമുഖങ്ങളും ഭീകരപ്രസ്ഥാനങ്ങളുടെ കേരളത്തിലെ സ്ലീപ്പര്‍ സെല്ലുകളെക്കുറിച്ചുള്ള 2020 ജൂലൈയില്‍ യു.എന്‍.ന്റെയും കേന്ദ്ര ആഭ്യന്തര സുരക്ഷാ എജന്‍സികളുടെയും വിരമിച്ച പോലീസ് ഉന്നതരുടെയും വെളിപ്പെടുത്തലുകളും കേരളസമൂഹത്തെ ആശങ്കയിലാഴ്ത്തുന്നു. സമസ്തമേഖലകളിലേയ്ക്കും വ്യാപിച്ചിരിക്കുന്ന ഈ കൊടും ഭീകരത തുടച്ചുനീക്കപ്പെടേണ്ടതാണ്.

ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി, കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍

Leave a Reply

Your email address will not be published. Required fields are marked *