കേരള കത്തോലിക്ക സഭയുടെ നീതി താരകം ആഗസ്റ്റ് 14 ന് 92-ാം വയസിലേയ്ക്ക് പ്രവേശിക്കുന്നു. 1930 ആഗസ്റ്റ് 14 ന് കോട്ടയം ജില്ലയിലെ കുറുമ്പനാടത്ത് നിന്ന് ആരംഭിച്ച യാത്ര 91 വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ കേരള സഭയ്ക്ക് പകരം വയ്ക്കാനില്ലാത്ത ഒരു കിരീടവും ആഗോളസഭയ്ക്ക് ഒരു പുണ്യവും, പൊതു സമൂഹത്തിന് വിലമതിക്കാനാവാത്ത ഒരു അനുഗ്രഹമാണ്.
കേരളത്തിലെ മുൻ നിരയിലുള്ള ചങ്ങനാശേരി SB കോളേജിലെ അദ്ധ്യാപകനായി ജീവിതം തുടങ്ങിയ പിതാവ് സഭയ്ക്കും സമൂഹത്തിനും വേണ്ടി നല്ല അധ്യാപകനായി കഴിഞ്ഞ ആറ് പതിറ്റാണ്ടുകളിലധികമായി പ്രവർത്തിച്ചു വരുന്നു.
ശക്തനായ ആത്മിയ ആചാര്യൻ, വീട്ടുവിഴ്ചയില്ലാത്ത സഭാ ശുശ്രൂഷകൻ, ആദർശങ്ങളെ മുറുകെ പിടിക്കുകയും പാരമ്പര്യത്തെ മറക്കാതിരിക്കുകയും ചെയ്യുന്ന, സർവ്വോപരീ ലാളിത്യത്തിന്റെ പൂർണത വിളങ്ങുന്ന മഹനിയ ജീവിതത്തിന്റെ ഉടമ. സൗഹൃദങ്ങളുടെ കാവലാൾ എന്നെല്ലാം വിശേഷിപ്പിക്കാവുന്ന ഒരു താപസൻ.
അക്ഷരങ്ങളെ സ്നേഹിക്കുകയും സ്നേഹത്തെ അക്ഷരങ്ങളാക്കുകയും ചെയ്യുന്ന പുണ്യജന്മം. വരികൾക്ക് ഇടയിൽ മറഞ്ഞിരിക്കുന്നതെല്ലാം ആദ്യ വായനയിൽ തന്നെ മനസിലാക്കാനുള്ള പിതാവിന്റെ അനുഗ്രഹിത സിദ്ധി എത്രയെന്ന് മനസിലാക്കിയിട്ടുള്ളവരാണ് കേരളത്തിലെ മിക്ക ഭരണാധികാരികളും നേതാക്കളും. വരാനിരിക്കുന്നതിനെ മുൻകൂട്ടി കാണാനുള്ള പിതാവിന്റെ കഴിവ് അതിശയിപ്പിക്കുന്നത് തന്നെ എന്ന് അത്ഭുതം കൂറിയിട്ടുള്ളവർ ധാരാളമാണ്. നേർ പെരുമാറ്റം, വാക്കും പ്രവൃത്തിയും തമ്മിൽ അന്തരമില്ലാത്ത, പുറം പൂച്ചിന്റെ നയതന്ത്രങ്ങളില്ലാത്ത ശുദ്ധനായ മനുഷ്യൻ.സ്ഥായിയായി നിലനില്ക്കുന്ന മൂല്യങ്ങൾ എല്ലാ മാറ്റങ്ങൾക്കും അപ്പുറമുണ്ട് എന്ന് ഉറക്കെ പ്രഖ്യാപിക്കാൻ മടിയില്ലാത്തതിനാൽ കപട വിപ്ലവക്കാരും, അവസരവാദികളും, കപട മതേതരക്കാരും എന്നും എതിർ ചേരിയിലാവുന്നു.
ക്രൈസ്തവ വിശ്വാസ സംരക്ഷണത്തിനാണ് പിതാവ് ഏറ്റവും അധികം പ്രാധാന്യം ജീവിതത്തിൽ കല്പിച്ച് നല്കിയിരിക്കുന്നത്.ആ വിശ്വാസം വിശദീകരിക്കാനും, പഠിപ്പിക്കാനും, വേണ്ടി ഏതറ്റം വരെ പോകാനും പിതാവ് മടിക്കാറില്ല. അതോടൊപ്പം തന്നെ മറ്റുള്ളവരുടെ വിശ്വസത്തെ അംഗികരിക്കാന്നും, ബഹുമാനിക്കാനും ആദരിക്കാനും പ്രത്യേക ശ്രദ്ധാലുവാണ്.
അതിന്റെ ഉദാഹരണമാണ് വിവിധ ജാതിയിലും മതത്തിലും, വിശ്വാസത്തിലും പെട്ടവരുമായുള്ള പിതാവിന്റെ വിപുലമായ സൗഹൃദം.
താൻ ജീവിക്കുന്ന സമൂഹത്തെ മറക്കാതെ സഭയുടെ ഭദ്രതയ്ക്കു വേണ്ടി തന്നാലാവുന്നതെല്ലാം ചെയ്യാൻ ശ്രമിക്കുക. വിശ്വാസവും, ചരിത്രവും അപ്പോൾ മാത്രമേ നീതികരിക്കപ്പെടു എന്ന് പിതാവ് വിശ്വസിക്കുന്നു.
രണ്ടാം വത്തിക്കാൻ കൗൺസിലിൽ ലോകത്തിനുള്ള സന്ദേശത്തിൽ പറയും പോലെ ദൈവവചനം വിശ്വസിക്കാനും, അത് പ്രസംഗിക്കാനുമുള്ള സ്വാതന്ത്ര്യം, ദൈവത്തെ സ്നേഹിക്കാന്നും, സേവിക്കാനുമുള്ള സ്വാതന്ത്ര്യം ആണ്. ആ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള നിരന്തര പോരാട്ടത്തിലാണ് പിതാവ്. അവിടെ സ്ഥാനമാനങ്ങൾക്കോ, അന്യായ വിമർശനങ്ങൾക്ക് അദ്ദേഹത്തെ പിന്തിരിപ്പിക്കാനോ കഴിയില്ല.
കേരളത്തിൽ വിദ്യാഭ്യാസ രംഗവും അതുപോലെ തന്നെ സഭയും ഏറ്റവും അധികം പ്രതിസന്ധിയിലൂടെ കടന്നുപോയ നാളുകളിലെല്ലാം അവകാശ പോരാട്ടങ്ങളിൽ പിതാവ് നല്കിയ ശക്തമായ നേതൃത്വം പ്രത്യേകം ഓർത്തിരിക്കേണ്ടതാണ്.
ഒരു രാജ്യത്ത് ഭരണഘടന അനുവദിച്ച് നല്കുന്ന ന്യംനപക്ഷ അവകാശങ്ങൾ എത്രയുണ്ടെന്നും അവ ഭരണഘടന അനുശാസിക്കും പ്രകാരം നടപ്പിലാക്കുന്നതിന് വേണ്ടി നീണ്ട പോരാട്ടങ്ങൾക്ക് നേതൃത്വം നല്കുകയും അതുവഴി ന്യായമായ ന്യൂനപക്ഷ അവകാശങ്ങൾ ഒരു പരീധീ വരെ സംരക്ഷിക്കപ്പെട്ടതും പിതാവിന്റെ സമയോചിത ഇടപെടലുകളും, നിയമ പോരാട്ടങ്ങളും ബോധവത്കരണങ്ങളും മൂലം ആണ് എന്ന് പറയാം.
കേരളത്തിലെ ന്യംനപക്ഷ അവകാശങ്ങൾ ആരുടേയും ഔദാര്യം അല്ല എന്നും അവ അവകാശമാണെന്നും ബോധ്യപ്പെടുത്തുവാനുള്ള ഒരു പോരാട്ട കാലം കൂടിയായിരുന്നു പിതാവിന്റെ ജീവിതത്തിലെ ചില വർഷങ്ങൾ. ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും മൗലിക അവകാശങ്ങൾ കവർന്നെടുക്കാൻ ശ്രമം ഉണ്ടായപ്പോഴെല്ലാം പിതാവ് മുന്നിൽ നിന്ന് പട നയിച്ചു വിജയിച്ചിട്ടുണ്ട് എന്ന് പറയാം.
ക്രിസ്ത്യൻ ന്യൂനപക്ഷ വിദ്യാലയങ്ങളുടെ മഹത്യം അവിടെ നിന്ന് പഠിച്ച് ഇറങ്ങുന്ന മറ്റ് സമുദായങ്ങളിലെ വിദ്യാർത്ഥികളുടെ സാക്ഷ്യപ്പെടുത്തലുകളിൽ നിന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. കത്തോലിക്കർ തങ്ങളുടെ കുട്ടികളെ കഴിവുള്ള ഇടത്ത് തങ്ങളുടെ തന്നെ വിദ്യാലയത്തിൽ പഠിപ്പിക്കാൻ ശ്രമിക്കണം എന്ന പിതാവിന്റെ പ്രസ്ഥാവന കേരള സമൂഹം നന്നായി ചർച്ച ചെയ്ത ഒന്നായിരുന്നു. അന്ന് പിതാവിനെ വർഗ്ഗിയ വാദി എന്ന് മുദ്ര കുത്താൻ ഇറങ്ങിയ ചിലർ പരാജയപ്പെട്ട് പിൻമാറി. തങ്ങളുടെ വിദ്യാലയങ്ങളിൽ നിന്ന് ലഭിക്കുന്ന ദൈവത്തേയും മനുഷ്യനേയും മാനിക്കാനുള്ള പരിശീലനം, തങ്ങളുടെ വിശ്വാസം പോലെ തന്നെ മറ്റുള്ളവരുടെ വിശ്വാസത്തേയും മാനിക്കാനുള്ള സാഹചര്യം ലഭ്യമാക്കുക എന്നത് മാത്രമായിരുന്നു പിതാവ് ലക്ഷ്യം വച്ചത് എന്ന് പൊതുസമൂഹത്തിന് അംഗികരിക്കേണ്ടി വന്നു.
1962 ഒക്ടോബർ 3 ന് പൗരോഹിത്യം സ്വീകരിക്കുകയും തുടർന്ന് 1972 വരെ ചങ്ങനാശേരി SB കോളേജിൽ അദ്ധ്യാപകനായി ശുശ്രുഷ ചെയ്ത് തുടർന്ന് 1972 ഫെബ്രുവരി 13ന് റോമിൽ വച്ച് പോൾ ആറാമൻ മാർപ്പാപ്പയാൽ മെത്രാനായി അഭിഷിക്തനായി.1972 മുതൽ 77 വരെ ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായിരിക്കെ അഭീവദ്യ ആന്റണി പടിയn പിതാവിനോട് ചേർന്ന് നിന്ന് ദീർഘവീക്ഷണത്തോടെ വിവിധ കാര്യങ്ങൾ നടപ്പിൽ വരുത്തുകയും അവ പിന്നീട് കേരളത്തിലെ മറ്റ് രൂപതകൾക്ക് മാതൃകയാക്കാന്നും സാധിച്ചു. 1977 ഫെബ്രുവരിയിൽ കാഞ്ഞിരപ്പള്ളി രൂപതയുടെ ആദ്യമെത്രാനായി നിയമിക്കപ്പെട്ടു.1986 ജനുവരി 17 ന് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്തയായി. 2007 വരെ ആസ്ഥാനത്ത് തുടർന്നു.
ഈ മെത്രാപ്പോലിത്തകാലയളവിൽ പിതാവ് വഹിച്ച സ്ഥാനങ്ങൾ നിരവധിയാണ് ദേശീയ മെത്രാൻ സമിതിയുടെ പ്രസിഡന്റ് ആയി രണ്ട് തവണ ശുശ്രൂഷ ചെയ്തു.വിദ്യാഭ്യാസം, യുവജനക്ഷേമം, ലിറ്റർജി, എക്യുമേനിസം തുടങ്ങിയ കമ്മിഷനുകളുടെ ചെയർമാനായി പലതവണ നിയമിതനായി. ഇന്റർ ചർച്ച് കൗൺസിൽ വിദ്യാഭ്യാസ ചെയർമാനായും, ഇൻറർ ചർച്ച് കൗൺസിലിന്റെ ചെയർമാനായി ദീർഘകാലവും ശുശ്രൂഷ ചെയ്യുകയുണ്ടായി.KCBC ചെയർമാൻ, ഏഷ്യൻ സ്പെഷ്യൽ സിനഡിലേയ്ക്ക് മെമ്പറായും, മെത്രാൻമാരുടെ സിനഡിലേയ്ക്ക് മാർപ്പാപ്പ നോമിനേറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇൻറർനാഷണൽ കമ്മീഷൻ ഫോർ ഡയലോഗ് വിത്ത് ഓർത്തഡോക്സ് സിറിയൻ ചർച്ചസ് ൽ അംഗമായിരുന്നു. സീറോ മലബാർ എക്യം മേനിക്കൽ കമ്മീഷൻ ചെയർമാനായും ശുശ്രൂഷ ചെയ്ത പിതാവ് നിരവധി സാമുഹൃ സേവന പ്രസ്ഥാനങ്ങളുടെ നേതൃത്യം വഹിക്കുകയും, ഇപ്പോഴും വഹിച്ച് വരുകയും ചെയ്യുന്നു.
വായിക്കാനും, പഠിക്കാനും, എഴുതാനും തിരക്കുകൾക്ക് ഇടയിൽ സമയം കണ്ടെത്തിയിരുന്ന പിതാവ് ദിനപത്രങ്ങളിൽ നിരവധി ലേഖനങ്ങളാണ് ഓരോ വർഷവും എഴുതിയിരുന്നത്. സാമൂഹ്യ വിഷയങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു ലേഖനങ്ങൾ എല്ലാം തന്നെ ഒരു അദ്ധ്യാപകനായിരുന്നതിനാലാവണം പിതാവിന്റെ എഴുത്തുകളിൽ പലപ്പോഴും വിദ്യാഭ്യാസത്തിന് പ്രമുഖ സ്ഥാനം ഉണ്ടായത്.ഇക്കാലയളവിനുള്ളിൽ നിരവധി പുസ്തകങ്ങളാണ് പിതാവ് രചിച്ചീട്ടുള്ളത്. സഭാപ്രബോധനങ്ങളോടൊപ്പം സാമൂഹ്യ വിദ്യാഭ്യാസ പൊതുമണ്ഡല സംബന്ധിയായ പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധികരിക്കപ്പെട്ടിട്ടുണ്ട്. നിരവധി പുസ്തകങ്ങൾ വായിച്ച് അവക്ക് അവതാരിക എഴുതിയിട്ടുള്ള പിതാവ് ഈ 91 ലും വായനയിലും അല്പം എഴുത്തിലുമായി മുന്നോട്ടാണ്. പൗരോഹിത്യത്തിന്റേയും മെത്രാഭിഷേകത്തിന്റെയും പല പല നാഴികക്കല്ലുകളും, ജൂബിലികളും പൊതു സമൂഹവും, വിശ്വാസ സമൂഹവും ആഘോഷിച്ച് കടന്നു പോകുമ്പോഴും പതിഞ്ഞ സ്വരത്തിൽ തന്റെ ഉറച്ച ചിന്തകളും പഠനങ്ങളും വിശ്വാസങ്ങളും പിതാവ് പൊതുസമൂഹത്തിനായി സമർപ്പിക്കുന്നു.
അവതാരങ്ങൾ ജന്മമെടുക്കുന്നത് യുഗങ്ങൾ കൂടുമ്പോഴാണ് കേരളത്തിലെ വിദ്യാഭ്യാസ സാമൂഹ്യ മേഖലകളിൽ ഇത്രയേറെ ചലനങ്ങൾ സൃഷ്ടിച്ച ഒരു വ്യക്തി.
കേരളത്തിലെ ഒരു പ്രമുഖ പത്രപ്രവർത്തകൻ പറയും പോലെ ‘വിദ്യാദ്യാസ ന്യുനപക്ഷ അവകാശ സംബന്ധിയായ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ ഭരണനേതൃത്വവും, രാഷ്ട്രീയ നേതൃത്വവും ആദ്യം അന്വേഷിച്ചിരുന്നത് പൗവത്തിൽ തിരുമേനി എന്ത് പറഞ്ഞു ‘ എന്നായിരുന്നു. കാരണം കേരളത്തിൽ ഈ വിഷയങ്ങളെ പറ്റി പറയാൻ. ആധികാരികമായി പഠിപ്പിക്കാൻ അറിവും അംഗികാരവും മലയാള കര കല്പിച്ച് നല്കിയിരിക്കുന്നത് ആഗസ്റ്റ് 14 ന് 92ലേയ്ക്ക് ചുവട് വയ്ക്കുന്ന മാർ ജോസഫ് പൗവത്തിൽ മെത്രാപ്പോലീത്തക്കാണ്.
ആൻറണി ആറിൽചിറ ചമ്പക്കുളം










Leave a Reply