Sathyadarsanam

ഖിലാഫത്തു സമരം പുനർജനിക്കുമോ?

1924 മാർച്ച് 3 നു തുർക്കി ഖാലിഫേറ്റ്‌ നിർത്തലാക്കിക്കൊണ്ടുള്ള ബ്രിട്ടീഷ് ഭരണകൂട നടപടിക്കെതിരെ ഇസ്ലാമിക ലോകത്തുയർന്നുവന്ന പ്രതിഷേധത്തിന്റെ ഭാഗമായി, ഇന്ത്യയിൽ ബ്രിടീഷുകാർക്കെതിരെ പൊരുതുന്നതിന് ഇന്ത്യയിലെ മുസ്ലീങ്ങൾ രൂപംകൊടുത്ത ഖിലാഫത്തു പ്രസ്ഥാനത്തിന്റെ സമകാലിക പ്രസക്തിയെന്താണ്? 1915 മുതൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ ഉയർന്നുവന്ന ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കുന്നതിനുള്ള ഒരു മാർഗമെന്ന നിലയിൽ, ഖിലാഫത്തു പ്രസ്ഥാനവുമായി സഹകരിക്കാൻ ഗാന്ധിജി സന്നദ്ധനായി. അത്തരം ഒരു നീക്കം ദേശീയ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുമെന്നും സ്വാതന്ത്ര്യ പ്രാപ്തിയെ ത്വരിതപ്പെടുത്തുമെന്നും ഇന്ത്യയിലെ ഹിന്ദു – മുസ്‌ലിം ഐക്യത്തെ ദൃഢപ്പെടുത്തുമെന്നും ഗാന്ധിജി വിഭാവന ചെയ്തു. ഖിലാഫത്തു നേതാക്കളെ ദേശീയ പ്രസ്ഥാനത്തിലേക്ക് അദ്ദേഹം ക്ഷണിച്ചു. അഹിംസാ മാർഗം അവലംബിക്കണമെന്ന ഒറ്റ നിബന്ധനയേ അദ്ദേഹം മുന്നോട്ടു വച്ചുള്ളു. അങ്ങനെ, തുർക്കി കാലിഫേറ്റിന്റെ പുനഃസ്ഥാപനത്തിനുവേണ്ടി ബ്രിട്ടീഷുകാർക്കെതിരെ പൊരുതാനിറങ്ങിയ ഖിലാഫത്തു നേതാക്കളെ ദേശീയ പ്രസ്ഥാനത്തോട് ചേർത്തുനിർത്തി, അവരുടെ പ്രക്ഷോഭത്തെ ഇന്ത്യയുടെ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിലേക്കു തിരിച്ചുവിടാൻ ഗാന്ധിജി പരിശ്രമിച്ചു.

ഭാരതം മുഴുവൻ ഒരു കൊടുങ്കാറ്റുപോലെ വീശിയടിച്ചു ശക്തിപ്രാപിച്ചുകൊണ്ടിരുന്ന ദേശീയ പ്രസ്ഥാനത്തോട് ചേർന്നു ഖിലാഫത്തുകാർ, ഗാന്ധിജിയുടെ നിബന്ധന അംഗീകരിച്ചുകൊണ്ടുതന്നെ ബ്രിട്ടീഷുകാർക്കെതിരേ സമരത്തിനിറങ്ങി. എന്നാൽ, ഖിലാഫത്തു പ്രസ്ഥാനത്തിന്റെ നേതാക്കളോ പ്രസ്ഥാനമോ അതിന്റെ പ്രഥമ ലക്ഷ്യം ഉപേക്ഷിക്കാൻ തയ്യാറായിരുന്നോ എന്ന ചോദ്യം അന്നത്തെപ്പോലെ ഇന്നും പ്രസക്തമാണ്. ബ്രിട്ടീഷുകാർ ഇന്ത്യവിടുന്ന പക്ഷം, ഇന്ത്യയിൽ സ്ഥാപിതമാകേണ്ടത് ഒരു ഇസ്ലാമിക ഭരണകൂടമായിരിക്കണം എന്നതു സംബന്ധിച്ച് ഖിലാഫത്തു പ്രസ്ഥാനത്തിൽ ആർക്കും യാതൊരു സന്ദേഹവും ഉണ്ടായിരുന്നില്ല. ഈ ആശയധാരയാണ് പിൽക്കാലത്ത്‌ കോൺഗ്രസുമായുള്ള അഭിപ്രായ വ്യത്യാസത്തിലേക്കും വിഭജനവാദത്തിലേക്കും ജിന്നയുടെ മുസ്ളീംലീഗിനെ കൊണ്ടുചെന്നെത്തിച്ചത്.

സാഹചര്യങ്ങൾ അനുകൂലമായാൽ, ഖിലാഫത്തുകാരുടെ സ്വാതന്ത്ര്യസമരം ഏതു സമയത്തും മതരാഷ്ട്രത്തിനുവേണ്ടിയുള്ള സമരമായി പരിണമിക്കുമായിരുന്നു എന്നതിന്റെ തെളിവാണ് 1921 ലെ മലബാർ കലാപം. കലാപത്തിനൊടുവിൽ, ചക്കിപ്പറമ്പൻ വാരിയൻകുന്നത്തു കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് മലബാറിന്റെ ഏറനാട് – വള്ളുവനാട് താലൂക്കുകളിൽ ഇസ്ലാമിക ഭരണക്രമവും നിയമ വ്യവസ്ഥയും നാണയ വ്യവസ്ഥയും നടപ്പിൽ വരുത്തികൊണ്ട് ഒരു ഇസ്ലാമിക നാട്ടുരാജ്യം സ്ഥാപിതമായി. മുന്നൊരുക്കങ്ങളും കൃത്യമായ ആസൂത്രണവുമില്ലാതെ നടത്തിയ ഒരു കർഷക സമരമോ ഭൂസമരമോ ആയിരുന്നു മലബാർ കലാപമെങ്കിൽ, ബ്രിട്ടീഷ് ഭരണ സംവിധാനങ്ങൾക്കു ബദലായി കലാപകാലത്തുതന്നെ ഒരു ഇസ്ലാമിക ഭരണക്രമം നടപ്പിൽ വരുത്താൻ വാരിയൻകുന്നനും അനുചരന്മാർക്കും കഴിയുമായിരുന്നോ?

മലബാറിൽ സ്ഥാപിതമായ ഇസ്ലാമിക രാജ്യം ഒരു നിശ്ചിത പരിധിക്കപ്പുറത്തേക്ക് വ്യാപിപ്പിക്കാൻ വാരിയൻകുന്നനും അനുചരന്മാർക്കും കഴിയാതിരുന്നത് കോൺഗ്രസ്സിന്റെയോ ദേശീയ പ്രസ്ഥാന നേതാക്കളുടെയോ ഇടപെടൽ കൊണ്ടായിരുന്നില്ല. ബ്രിട്ടീഷുകാർ ഉരുക്കു മുഷ്ടി ഉപയോഗിച്ച് അതിനെ നേരിട്ടതുകൊണ്ട് മാത്രമായിരുന്നു എന്നു ചരിത്രം വായിച്ചാൽ മനസ്സിലാകും. എന്നാൽ, മലബാറിലെ പരാജയം, ഇന്ത്യയിൽ ഇസ്ലാമിക ഭരണത്തിന്റെ പുനഃസ്ഥാപനത്തിനുവേണ്ടിയുള്ള പരിശ്രമങ്ങളുടെ അവസാനമായിരുന്നില്ല.

ബ്രിട്ടീഷ് ഇന്ത്യയിൽ ഇസ്ലാമിക രാജ്യത്തിനുവേണ്ടിയുള്ള മുറവിളിയുടെ ഏറ്റവും ഭീകരവും ഭീതിദവുമായ ചിത്രം 1946 ൽ ജിന്ന ആഹ്വാനം ചെയ്ത ‘ഡയറക്ട് ആക്ഷൻ’ എന്ന സമര മുറയിലാണു വെളിപ്പെട്ടത്. നാലായിരത്തിലേറെ നിരായുധരും നിരപരാധികളുമായ ആളുകളെ യാതൊരു പ്രകോപനവുമില്ലാതെ, കൊലചെയ്തുകൊണ്ടാണ് കൽക്കട്ടയിൽ ഡയറക്ട് ആക്ഷന് തുടക്കം കുറിച്ചത്. തുടർന്നുണ്ടായ വർഗീയ ലഹള ഇന്ത്യയുടെ വിഭജനത്തിലും ‘പാക്കിസ്ഥാൻ’ എന്ന ‘ശുദ്ധ ഇസ്ലാമിക’ രാജ്യത്തിൻറെ സൃഷ്ടിയിലുമാണ് അവസാനിച്ചത് എന്നത് ചരിത്രം. ഇന്ത്യാ വിഭജനത്തിനെതിരെ പാറപോലെ ഉറച്ചുനിന്ന ഗാന്ധിജിപോലും മൗണ്ട്ബാറ്റൺ മുന്നോട്ടുവച്ച പാകിസ്ഥാൻ എന്ന പരിഹാരത്തിന് മൗനാനുവാദം നൽകിയത് കൂടുതൽ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ അനിവാര്യമായ മാർഗം എന്ന നിലയിലായിരുന്നല്ലോ.

1947 ലെ ഇന്ത്യാ വിഭജനത്തോടെ, ദേശീയ പ്രസ്ഥാനത്തിൽ മതരാഷ്ട്ര സ്വപ്നങ്ങളെ താലോലിച്ചിരുന്നവർ പാകിസ്താനിലേക്ക് പോവുകയും, ‘ഖാലിഫേറ്റ്’ ഒരു വിദൂര സ്വപ്നം മാത്രമായി അവശേഷിക്കുകയും ചെയ്തു. തുടർന്ന്, ഇന്ത്യയിൽ ജീവിക്കാൻ തീരുമാനിച്ച മുസ്ലീങ്ങൾ ഇന്ത്യൻ ഭരണഘടനക്കു കീഴിൽ ഇന്ത്യയുടെ സെക്കുലർ ജനാധിപത്യത്തെ ശക്തിപ്പെടുത്തിക്കൊണ്ട് സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഉറച്ചുനിൽക്കുന്ന കാഴ്ച ഏതൊരു ഇന്ത്യക്കാരനും അഭിമാനത്തോടെയേ നോക്കി കാണാൻ കഴിയൂ.

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് ഒരു രാഷ്ട്രീയ പാർട്ടിയായി രൂപീകരിക്കപ്പെട്ടപ്പോൾ മുതൽ സമീപകാലം വരെയുള്ള അതിന്റെ ചരിത്രം, മുസ്‌ലിം സാമുദായിക താൽപര്യങ്ങൾക്കായി നിലകൊള്ളുമ്പോഴും ഇന്ത്യയുടെ മതേതര ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന വിധത്തിലുള്ളതായിരുന്നു. അതായതു, മുസ്‌ലിം സമുദായത്തിന്റെ താൽപര്യങ്ങൾക്കു പ്രഥമ പരിഗണന നൽകുമ്പോഴും അത് ഇതര സമുദായങ്ങളോട് സൗഹൃദപരമായ സമീപനം പുലർത്തിയിരുന്നു. എന്നാൽ, ഇതേ മുസ്ലീംലീഗാണ് ‘ഹാഗിയ സോഫിയ’ വിഷയം വന്നപ്പോൾ, തുർക്കിയുടെ നിലപാടിനെ ശക്തമായി ന്യായീകരിച്ചുകൊണ്ട് രംഗത്തു വന്നതും ഹാഗിയ സോഫിയയിൽ വാങ്കുവിളി ഉയരുന്നതിൽ ആർക്കാണ് അസ്വസ്ഥതയെന്ന വെല്ലുവിളി മുഴക്കിയതും!

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പലസ്തീൻ ഇസ്രായേൽ സംഘർഷത്തിൽ പലസ്തീൻ ജനതയുടെ അവകാശങ്ങളെക്കാൾ ഹമാസിന്റെ തീവ്ര മത രാഷ്ട്രീയത്തെ പിന്തുണക്കുന്ന നിലപാടുകളുമായി രംഗത്തുവരാൻ ലീഗുൾപ്പെടെയുള്ള കേരളത്തിലെ മുസ്ളീം രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പ്രേരിപ്പിക്കുന്നതും, ഇസ്ലാമിക രാഷ്ട്രീയത്തിൽ ആഗോളതലത്തിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റത്തിലേക്കു വിരൽ ചൂണ്ടുന്നതാണ്. ഈ പശ്ചാത്തലത്തിലാണ് മലബാർ കേന്ദ്രമായി പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യവുമായി അടുത്തകാലത്ത് ചില ഇസ്ലാമിക രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മുന്നോട്ടു വന്നിട്ടുള്ളതും!

മുസ്ളീം സമുദായത്തിന്റെമേൽ ലീഗിനുള്ള രാഷ്ട്രീയ സ്വാധീനത്തിനു വെല്ലുവിളി ഉയർത്തിക്കൊണ്ടു പൊളിറ്റിക്കൽ ഇസ്ലാമിന്റെ പ്രാദേശിക രൂപങ്ങളായ വിവിധ സംഘടനകൾ കേരളത്തിൽ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്നു എന്നതും, തീവ്ര മത രാഷ്ട്രീയത്തിന് സമുദായത്തിനുള്ളിൽ സ്വീകാര്യത വർധിക്കുന്നു എന്നതും ലീഗിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട് എന്നുവേണം കരുതാൻ. ലീഗിനുമാത്രമല്ല കേരളത്തിലെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും ഈ യാഥാർഥ്യത്തോട് പൊരുത്തപ്പെട്ടുമാത്രമേ മുന്നോട്ടുപോകാൻ കഴിയൂ എന്നതിന്റെ വ്യക്തമായ സൂചനയാണ്, ഇസ്രായേലിൽ മരിച്ച സൗമ്യ സന്തോഷിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടു കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കന്മാർക്കുൾപ്പെടെ പ്രസിദ്ധീകരിച്ച അവരുടെ അനുശോചന സന്ദേശങ്ങൾ പിൻവലിക്കേണ്ടിവരികയോ എഡിറ്റുചെയ്തു പുനഃ:പ്രസിദ്ധീകരിക്കേണ്ടി വരികയോ ചെയ്തത്.

പലസ്തീനിൽ ഹമാസിന്റെ നിലപാട് തീവ്രവാദപരമാണ് എന്നുപറയാൻ കഴിയാത്ത രാഷ്ട്രീയ നേതാക്കൾക്ക്, കേരളത്തിൽ ഇസ്ലാമിക തീവ്രവാദമുണ്ട് എന്നുപറയാൻ ഇനി നാവു പൊന്തുന്നതെങ്ങനെ? കേരളത്തിൽ ലവ് ജിഹാദില്ല എന്നതുപോലെ, കേരളത്തിൽ ഇസ്ലാമിക തീവ്രവാദവുമില്ല! കേരളം അതിനോട് പൊരുത്തപ്പെട്ടിരിക്കുന്നു!

കേരളത്തിന്റെ സാംസ്‌കാരിക ലോകം എന്നേ പൊളിറ്റിക്കൽ ഇസ്ലാമിനോടു പൊരുത്തപ്പെട്ടു കഴിഞ്ഞതാണ്! സൂഫി വാങ്കുവിളിക്കുമ്പോൾ സുജാതമാർ സ്വയം മറന്നു നൃത്തംചെയ്യുന്നതിനെ മതേതര കേരളത്തിന്റെ ഐക്കണായി സാംസ്‌കാരിക ലോകം എന്നേ നെഞ്ചേറ്റിക്കഴിഞ്ഞു! മലബാറിൽ ഇസ്ലാമിക നാട്ടുരാജ്യം സ്ഥാപിച്ചതിന്റെ നൂറാം വാർഷികത്തിലാണ് മതരാഷ്ട്ര സ്വപ്നങ്ങളെ മഹത്വവൽക്കരിക്കുന്ന മുദ്രാവാക്യങ്ങളും ചുവരെഴുത്തുകളും സിനിമകളുമൊക്കെയായി ഈ പുത്തൻ പ്രവണത കേരളത്തിൽ ശക്തിപ്രാപിക്കുന്നത് എന്നത് കാണാതെപോകരുത്. മലബാറിന്റെ രാഷ്ട്രീയ സ്വപ്നങ്ങളിൽ, ഇപ്പോഴും ഒരു മതരാഷ്ട്രം പുനർജ്ജനികാത്തുറങ്ങി കിടക്കുന്നുണ്ടാവാം!

പിൻകുറിപ്പ്: ദേവസ്വം ബോർഡ് ഭരിക്കാൻ പിന്നോക്ക സമുദായത്തിൽനിന്നുള്ള ഒരാളെ മന്ത്രിയാക്കാൻ ധൈര്യമുള്ള ഇടതുപക്ഷ നേതൃത്വത്തിന്, കേരളത്തിലെ ന്യൂനപക്ഷ വകുപ്പുഭരിക്കാൻ മുസ്ലീമല്ലാത്ത ഒരാളെ വയ്ക്കാൻ കഴിയാത്തത്, കേരളത്തിലെ ഹിന്ദു സമുദായം കൈവരിച്ച നവോഥാന ഔന്നത്യം കൈവരിക്കാൻ കമ്യൂണിസ്റ്റു പ്രസ്ഥാനമുൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ ഇനി ബഹുദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു എന്നതിന്റെകൂടി സൂചനയല്ലേ?

ഫാ. വർഗീസ് വള്ളിക്കാട്ട്

Leave a Reply

Your email address will not be published. Required fields are marked *