മോൺസിഞ്ഞോർ ലൂക്ക് ജെ. ചിറ്റൂർ. ഒരു കാലഘട്ടത്തിൽ കേരളസഭയിലും സമൂഹത്തിലും ചിരപരിചിതമായിരുന്ന നാമം. ചങ്ങനാശേരി അതിരൂപത അഡ്മിനിസ്ട്രേറ്റർ, വികാരി ജനറാൾ, സഭാപണ്ഡിതൻ, വിദ്യാഭ്യാസ വിചക്ഷണൻ, വാഗ്മി, വിവേകമതിയായ ഭരണകർത്താവ്, സമുദായത്തിന്റെ അവകാശസംരക്ഷകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച് ഈ ലോകദൗത്യം പൂർത്തിയാക്കി ചിറ്റൂരച്ചൻ നമ്മോടു വിടപറഞ്ഞിട്ട് 2019 ജൂൺ നാലിനു നാലു പതിറ്റാണ്ട് പൂർത്തിയാകുന്നു.
കുമരകം ചിറ്റൂർ കുടുംബത്തിൽ ജോസഫ്-റോസ ദന്പതികളുടെ പുത്രനായി 1907 ഡിസംബർ 31-നു ചിറ്റൂരച്ചൻ ഭൂജാതനായി. കുമരകത്തും മാന്നാനത്തുമായി പ്രാഥമിക വിദ്യാഭ്യാസം. എസ്എസ്എൽസി പാസായതിനെത്തുടർന്നു ചങ്ങനാശേരി അതിരൂപത വക കോട്ടയത്തുള്ള മൈനർ സെമിനാരിയിൽ ചേർന്നു. 1929-ൽ ആലുവയിൽ മേജർ സെമിനാരി പഠനം ആരംഭിച്ചു. പുരോഹിതാർഥിയുടെ സ്വഭാവവൈശിഷ്ഠ്യവും ബുദ്ധിവൈഭവവും മനസിലാക്കിയ രൂപതാധ്യക്ഷൻ മാർ ജയിംസ് കാളാശേരി വൈദികപരിശീലനം പൂർത്തിയാക്കുന്നതിനും ഉപരിപഠനം നടത്തുന്നതിനുമായി ശെമ്മാശനെ റോമിലേക്ക് അയച്ചു. 1934-ൽ റോമിൽവച്ച് വൈദികാഭിഷിക്തനായ അച്ചൻ റോമിലെ പ്രൊപ്പഗാന്ത കോളജിലും ഉർബൻ കോളജിലും പഠിച്ച് തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ഡോക്ടറേറ്റ് നേടി.
പഠനം കഴിഞ്ഞു തിരിച്ചെത്തിയ അച്ചനു ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ അസിസ്റ്റന്റ് വികാരിയായാണ് ആദ്യ നിയമനം ലഭിച്ചത്. തുടർന്നുള്ള വർഷങ്ങളിൽ എസ്ബി കോളജിൽ ലക്ചറർ, വാർഡൻ, രൂപത ചാൻസലർ, എഡ്യൂക്കേഷണൽ സെക്രട്ടറി, പ്രസ് മാനേജർ, മൈനർ സെമിനാരി റെക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. കൂത്രപ്പള്ളി, കോട്ടയം ലൂർദ്, ഇളങ്ങുളം, പൊൻകുന്നം, അതിരന്പുഴ എന്നീ ഇടവകകളിൽ വികാരിയായും തുടർന്നു സേവനംചെയ്തു.
ഇളങ്ങുളത്ത് അദ്ദേഹം വികാരിയായിരുന്ന കാലത്താണ് പ്രൈമറി സ്കൂൾ ദേശസാത്കരണ നീക്കം ദിവാൻ സർ സി.പി ആരംഭിച്ചത്. ഈ നീക്കത്തിനെതിരേ മാർ ജയിംസ് കാളാശേരി എഴുതിയ ഇടലേഖനം പിൻവലിക്കണമെന്നു രോഷാകുലനായ സി.പി ആവശ്യപ്പെട്ടു. സി.പിയുടെ നീക്കത്തിനെതിരേ അല്മായ നേതാക്കളുൾപ്പെടെ കൂടിയ ആലോചനായോഗത്തിൽ ചിറ്റൂരച്ചനുമുണ്ടായിരുന്നു. സി.പിയുടെ നയത്തിനെതിരേ നാടെങ്ങും നടന്ന പ്രതിഷേധ സമ്മേളനങ്ങളിൽ ചിറ്റൂരച്ചനായിരുന്നു മുഖ്യപ്രഭാഷകൻ.
അദ്ദേഹം ദീപികയിൽ എഴുതിയ ലേഖനങ്ങൾ പൊതുസമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 1958-ൽ ദൈവദാസൻ കാവുകാട്ട് പിതാവ് ചിറ്റൂരച്ചനെ ചങ്ങനാശേരി അതിരൂപത വികാരിജനറാളായി നിയമിച്ചതോടുകൂടി അദ്ദേഹത്തിന്റെ പ്രവർത്തനമേഖല വിപുലമാവുകയും കേരളസഭാരംഗത്ത് അദ്ദേഹം ഏറെ അറിയപ്പെട്ടുതുടങ്ങുകയും ചെയ്തു.
പ്രഗത്ഭനായ വികാരി ജനറാൾ
ചങ്ങനാശേരി അതിരൂപത വികാരിജനറാൾ എന്ന നിലയിൽ നിസ്തുലമായ പ്രവർത്തനങ്ങളാണ് അദ്ദേഹം സഭയ്ക്കും സമൂഹത്തിനും കാഴ്ചവച്ചത്. കാവുകാട്ട് പിതാവിന്റെ അതിരൂപത ഭരണകാലം അനുഗ്രഹപ്രദമായിരുന്നുവെങ്കിൽ അതിൽ ചിറ്റൂരച്ചന്റെ സംഭാവനകൾ വലുതായിരുന്നുവെന്ന് സംശയമില്ല. കാവുകാട്ട് പിതാവിന്റെ വലംകൈയായി പ്രവർത്തിച്ച് അദ്ദേഹത്തിന്റെ അജപാലന ദർശനങ്ങൾ അന്വർഥമാക്കാൻ ധിഷണാശാലിയായ ചിറ്റൂരച്ചൻ കഠിനാധ്വാനം ചെയ്തു. ഒരു പുണ്യപുരുഷനും ഒരു ഭരണനിപുണനും കൈകോർത്തപ്പോൾ അതിരൂപതാസമൂഹം സന്തോഷിച്ചു.
അതിരൂപതയിലെ വൈദികഗണത്തെയും അവർ ഓരോരുത്തരും ശുശ്രൂഷ ചെയ്തിരുന്ന ഇടവകകളെയും സ്ഥാപനങ്ങളെയും നേരിട്ടു നന്നായി മനസിലാക്കി പ്രവർത്തിക്കാൻ ചിറ്റൂരച്ചന് കഴിഞ്ഞുവെന്നത് അദ്ദേഹത്തിന്റെ അജപാലന വീക്ഷണത്തിന്റെയും ദൗത്യബോധത്തിന്റെയും വലിയ അടയാളമായിരുന്നു. ഈ കാലഘട്ടത്തിലെ യാത്രാസൗകര്യങ്ങളോ ആശയവിനിമയ സംവിധാനങ്ങളോ നിലവിലില്ലാതിരുന്ന കാലത്ത് ചിറ്റൂരച്ചന് അതിരൂപതയിലെ വൈദികരെയും അവരുടെ ജീവിതസാഹചര്യങ്ങളെയും പള്ളികളെയും ദൈവജനത്തിന്റെ പ്രശ്നങ്ങളെയും നന്നായി തിരിച്ചറിയാൻ കഴിഞ്ഞിരുന്നുവെന്നത് എടുത്തുപറയേണ്ട കാര്യമാണ്. ആടുകളെ നന്നായി അറിയുന്നവനാണല്ലോ യഥാർഥ ഇടയൻ.









Leave a Reply