ന്യൂഡൽഹി: കർഷകരുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ച വീണ്ടും തീരുമാനമാകാതെ പിരിഞ്ഞു. ഈ ആഴ്ച നടന്ന മൂന്നാം ചർച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്. നാല് മണിക്കൂറോളം നീണ്ട യോഗത്തിൽ കർഷക പ്രതിനിധികൾ സംസാരിച്ചില്ല. പകരം നിയമം പിൻവലിക്കുമോ എന്ന ചോദ്യം എഴുതിക്കാണിച്ചു. അതെ, അല്ല എന്നിങ്ങനെ എഴുതിയ പ്ലക്കാർഡുകളുമായാണ് കർഷകർ യോഗത്തിനെത്തിയത്.
കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറും റെയിൽവെ മന്ത്രി പിയൂഷ് ഗോയലുമാണ് കർഷകരുമായി ഇന്ന് ചർച്ച നടത്തിയത്. അർഥ ശൂന്യമായ ചർച്ചയാണെങ്കിൽ യോഗം ബഹിഷ്കരിക്കുമെന്ന് നേരത്തെ കർഷകർ മുന്നറിയിപ്പ് നൽകിയിരുന്നു. കർഷകരുമായുള്ള ചർച്ചയ്ക്കു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിർന്ന കാബിനറ്റ് മന്ത്രിമാരും കൂടിക്കാഴ്ച നടത്തിയിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ എന്നിവർ ഈ യോഗത്തിൽ പങ്കെടുത്തു.
പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുചേർത്തു വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭത്തിൽ നിന്നു പിന്നോട്ടില്ലെന്ന നിലപാടിൽ കർഷ കർ ഉറച്ചു നിൽക്കുകയാണ്. നിയമ ഭേദഗതിയല്ല കർഷകർ ആവശ്യപ്പെടുന്നത് നിയമം പൂർണമായും പിൻവലിക്കണമെന്നാണെന്ന് കർഷക പ്രതിനിധി പറഞ്ഞു. വരുന്ന ബുധനാഴ്ച കേന്ദ്രം വീണ്ടും ചർച്ചയ്ക്കുവിളിച്ചിട്ടുണ്ട്.










Leave a Reply