Sathyadarsanam

പ്രകൃതി സംരക്ഷണം ഇടുക്കിയിലും വയനാട്ടിലും മതിയോ?

ഫാ.വർഗീസ് വള്ളിക്കാട്ട്

ട്ടയ ഭൂമിയിലെ നിർമ്മാണ നിയന്ത്രണം ഇടുക്കി ജില്ലക്ക് മാത്രം ബാധകമാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവിനെതിരെ സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്ന വിധി അങ്ങേയറ്റം സ്വാഗതാർഹമാണ്. എന്നു മാത്രമല്ല, കേരളത്തിന്റെ കാർഷിക മേഖലയെ പ്രതിസന്ധിയിലാക്കിക്കൊണ്ടു ചില തല്പര കക്ഷികളും അവരുടെ പ്രേരണയിൽ സർക്കാരുകളും കാലങ്ങളായി നടപ്പാക്കിവരുന്ന വികല നയങ്ങൾക്കും നടപടികൾക്കുമെതിരെയുള്ള ശക്തമായ മുന്നറിയിപ്പുകൂടിയാണ് സുപ്രീം കോടതിയുടെ ഈ നിർണ്ണായക വിധി.

ഏതൊരു പൗരനും നിയമത്തിനു മുന്നിൽ തുല്യതയും ഇന്ത്യയിൽ എല്ലാ പ്രദേശത്തും തുല്യ പരിരക്ഷയും ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ അനുച്ഛേദം 14 നെതിരാണ് ഇടുക്കി ജില്ലയിൽ മാത്രം ബാധകമാക്കിക്കൊണ്ടു സർക്കാർ പുറപ്പെടുവിച്ചിരിക്കുന്ന നിർമ്മാണ നിയന്ത്രണ ഉത്തരവ് എന്ന് ചൂടിക്കട്ടിയാണ് സുപ്രീം കോടതി നിലപാടെടുത്തത്. ചില്ലു കൊട്ടാരങ്ങളിലിരുന്നു കർഷക വിരുദ്ധ പ്രചാരണം നടത്തുന്ന പച്ചപ്പരിഷ്കാരികൾക്കും മലനാട്ടിലെ കർഷകർക്കും രണ്ടുതരം നീതി നടപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനാണ് സുപ്രീം കോടതിവിധി കനത്ത പ്രഹരമേൽപ്പിച്ചിരിക്കുന്നത്.

ഒരു മഴപെയ്താൽ വണ്ടിക്കുപകരം വള്ളം വേണ്ടിവരുന്ന കേരളത്തിന്റെ ‘പരിഷ്കൃത’ നഗരങ്ങളിൽ ഫ്‌ളാറ്റുകളുടെ സുരക്ഷിതത്വത്തിലും ശീതീകരിച്ച ഓഫിസുകളിലും മാധ്യമ സദസ്സുകളിലും ഇരുന്നു കർഷകരെ, കയ്യേറ്റക്കാരും പരിസ്ഥിതി വിരുദ്ധരും ജന്മികളും ക്വാറി മാഫിയയുമൊക്കെയാക്കി തൻകാര്യം നേടുന്നവരുടെ വാഗ്ധോരണിയിൽ വഴുതി വീഴുന്ന രാഷ്ട്രീയ നേതാക്കളും ഭരണ നേതൃത്വവും കർഷക വിരുദ്ധ നയങ്ങൾക്ക് രൂപം കൊടുത്തില്ലെങ്കിലല്ലേ അത്ഭുതമുള്ളു!

പെട്ടിമുടിയിൽ ഉരുൾ പൊട്ടിയത് തന്റെ റിപ്പോർട് നടപ്പാക്കാതിരുന്നതുകൊണ്ടാണെന്നു സമീപ കാലത്തും ഒരാൾ വിളിച്ചു കൂവുകയും കുറേപ്പേർ നഗരങ്ങളിലിരുന്നു അതേറ്റുപാടുകയും ചെയ്തത് ആരും മറന്നിട്ടുണ്ടാവില്ല. പെട്ടിമുടി തേയില തോട്ടത്തിൽ എവിടെയാണ്, മണ്ണൊലിപ്പ് വർധിപ്പിക്കും എന്നു അദ്ദേഹം ചൂണ്ടിക്കാണിച്ച ഭക്ഷ്യവിളകളോ പാറമടകളോ ഉണ്ടായിരുന്നത്? കൃഷി പരിസ്ഥിതി വിരുദ്ധവും പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ട്ടപ്പെടുത്തുന്നതും പ്രകൃതി ദുരന്തങ്ങൾക്ക് കാരണമാകുന്ന കുറ്റകൃത്യവുമാണ് എന്ന് പ്രഖ്യാപിക്കാൻ ഒരു ദുരന്തത്തെ ചിലർ ഉപയോഗപ്പെടുത്തുകയായിരുന്നു എന്ന് ആർക്കാണ് മനസ്സിലാകാത്തത്?

യഥാർത്ഥത്തിൽ കാർഷിക വൃത്തി പരിസ്ഥിതി വിരുദ്ധമാണോ? കൃഷിയും അനുബന്ധ പ്രവർത്തനങ്ങളായ പക്ഷി-മൃഗാദികളുടെ സംരക്ഷണവും ഇല്ലായിരുന്നെങ്കിൽ, മനുഷ്യ വംശത്തിന്റെ മാത്രമല്ല, സകല സസ്യ ജന്തു ജാലങ്ങളുടെയും നിലനിൽപ്പുതന്നെ അസാധ്യമാകുമായിരുന്നില്ലേ? കാട്ടിൽ ഒറ്റ മൃഗവുമില്ലാതെ മനുഷ്യൻ ആഹാര ആവശ്യത്തിനായിത്തന്നെ അവയെ ഉന്മൂലനം വരുത്തുമായിരുന്നില്ലേ? വെട്ടുക്കിളിയേക്കാൾ ഭീകരമായി മനുഷ്യർ ഭക്ഷ്യ യോഗ്യമായ സകല സസ്യ ജാലങ്ങളും ഭക്ഷിച്ചു തീർക്കുമായിരുന്നില്ലേ? പട്ടിണിമൂലം മനുഷ്യർ പരസ്പരം കൊന്നു തിന്നുമായിരുന്നില്ലേ? സംസ്കാരങ്ങളുടെ മാത്രമല്ല, മനുഷ്യ വർഗത്തിന്റെയും പരിസ്ഥിതിയുടെയും നിലനിൽപ്പും സന്തുലിതാവസ്ഥയും കാർഷിക വൃത്തിയെ ആശ്രയിച്ചാണ് നിലനിൽക്കുന്നതെന്ന് ആർക്കാണറിയാത്തത്?

മണ്ണിനോട് ബന്ധമില്ലാതെ, ഫ്‌ളാറ്റിന്റെ സുഭിക്ഷതയിലിരുന്നു മാധ്യമങ്ങളിലൂടെ കർഷക വിരോധം പ്രസംഗിക്കുകയും കർഷക ദ്രോഹ നയങ്ങൾ അവിഷ്‌ക്കരിക്കാൻ സർക്കാരുകളെ സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നവർ ഭക്ഷണം കഴിക്കുന്നതും, കർഷകർ പണിയെടുക്കുന്നതുകൊണ്ടും, മുക്കുവർ കടലിനോടു മല്ലിട്ടു മീൻ പിടിക്കുന്നതുകൊണ്ടും, പശുവിനെയും ആടിനെയും കോഴിയേയും താറാവിനെയും വളർത്തുന്ന കർഷകരും കർഷക തൊഴിലാളികളും നിലനിൽക്കുന്നതുകൊണ്ടും ആണെന്നും എന്തേ മറന്നു പോകുന്നു?

കേരളത്തിൽ കൃഷി പാടില്ല! കേരളത്തിൽ വ്യവസായം പാടില്ല! കേരളത്തിൽ വാണിജ്യം പാടില്ല! കേരളത്തിൽ പിന്നെ എന്താണ് സാർ പാടുള്ളത്? സ്വർണ്ണക്കടത്ത്, മയക്കുമരുന്നുകടത്ത്, ഹവാല, കുഴൽപ്പണം, പിന്നെ തരം പോലെ വർഗീയതയും, തീവ്രവാദവും ഭീകര വാദവുമൊക്കെയാണോ കേരളത്തിൽ തഴച്ചു വളരേണ്ടത്?

നിയന്ത്രണങ്ങൾ പാടില്ല എന്നല്ല. എല്ലാവർക്കും ബാധകമായ പ്രസക്തമായ നിയന്ത്രണങ്ങൾ എല്ലാ മേഖലകളിലും ഉണ്ടാകട്ടെ! എല്ലാ പരിഷ്കൃത രാജ്യങ്ങളിലും അത്തരം നിയന്ത്രണങ്ങൾ ഉണ്ടല്ലോ. കാർഷിക മേഖലയിലും ആവശ്യമായ നിയന്ത്രണങ്ങൾ ഉണ്ടാകട്ടെ. അത് കൃഷിയെയും കാർഷിക വൃത്തിയെയും, കർഷകനെയും കർഷക തൊഴിലാളിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതും ശക്തിപ്പെടുത്തുന്നതുമായിരിക്കട്ടെ!

ഇന്ന് ഇടുക്കിക്കും നാളെ വയനാടിനും ബാധകമാകുന്ന നിയമങ്ങൾ കേരളത്തിന്റെ പ്രകൃതിയെ സംരക്ഷിക്കണമെങ്കിൽ, അത് കേരളത്തിന്റെ സമഗ്ര പുരോഗതിയെ ലക്‌ഷ്യം വച്ചുകൊണ്ടുള്ളതായിരിക്കണം. മറ്റു താൽപ്പര്യങ്ങൾ എല്ലാത്തരത്തിലും തിരിച്ചടികൾ മാത്രമേ ഉണ്ടാക്കുകയുള്ളൂ

Leave a Reply

Your email address will not be published. Required fields are marked *