Sathyadarsanam

ഈ ഡബ്ലിയു എസ് – വ്യാജ ആരോപണങ്ങൾക്കുള്ള മറുപടി

ഡബ്ലിയു എസ് സംവരണത്തിനെതിരായി വ്യാപകമായ വ്യാജപ്രചരണങ്ങൾ പല കേന്ദ്രങ്ങളിൽ നിന്നും അഴിച്ചു വിട്ടു കൊണ്ടിരിക്കുകയാണ് . അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഉയർന്ന റാങ്ക് നേടിയ OBC കാരൻ അഡ്മിഷന് പുറത്തായി, വളരെ താഴ്ന്ന റാങ്ക് നേടിയ EWS കാരൻ അഡ്മിഷൻ നേടി, ഇത്ര ശതമാനം ഈഴവ, ഇത്ര ശതമാനംമുസ്ലിം, ഇത്ര ശതമാനം ലാറ്റിൻ അഡ്മിഷൻ നേടിയപ്പോൾ 10% EWS കാർ എന്തോ അനർഹമായി അഡ്മിഷൻ നേടി തുടങ്ങിയ പ്രചാരണങ്ങൾ. ഇതിൻ്റെ വാസ്തവികതയെ കുറിച്ച് പറയുമ്പോൾ 5 കാര്യങ്ങളാണ് പറയാനുള്ളത്.

1.) EWS ന്10 ശതമാനം മാത്രമാണ് സംവരണം ഉള്ളത്. എന്നാൽ OBC ക്ക് 40 ശതമാനം സംവരണം ഉണ്ട് . ഇതിൽ കേരളത്തിലാണ് OBC ക്ക് ജാതിയും മതവും തിരിച്ച് ഓരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം ക്വാട്ടാ നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്രത്തിലും മറ്റു പല സംസ്ഥാനങ്ങളിലും ഇപ്രകാരം ജാതി വേർതിരിവുകളില്ലാതെ OBC യെ ഒരുമിച്ചാണ് കണക്കാക്കുന്നത്.അത് 27% മാത്രം. കേരളത്തിൽ ഇപ്രകാരം ഒരുമിച്ച് കണക്കാക്കിയിരുന്ന എങ്കിൽ ആകെ OBC ക്ക് 40% സീറ്റ് സംവരണത്തിൽ കിട്ടി എന്നു പറഞ്ഞാൽ മതിയായിരുന്നു. OBC യിൽ ഏതെങ്കിലും വിഭാഗത്തിന് സീറ്റ് കുറഞ്ഞു പോയിട്ടുണ്ടെങ്കിൽ അത് OBC യിലെ മറ്റ് ചില സംഘടിത വിഭാഗങ്ങൾക്കു അനർഹമായി കൂടുതൽ ക്വോട്ട ലഭിച്ചിട്ടുള്ളത് കൊണ്ടാണ്. മുൻ വർഷങ്ങളിലും അതങ്ങനെ ആയിരുന്നു.
എന്നാൽ 10% EWS ൽ സംവരണേതര വിഭാഗത്തിൽപെട്ട 149 ഹിന്ദു വിഭാഗങ്ങളെയും 19 ക്രിസ്ത്യൻ വിഭാഗങ്ങളെയും ജാതി മത രഹിതരെയും കൂടി
ഒരുമിച്ചാണ് കണക്കാക്കുന്നത്.
EWS ലും ഇപ്രകാരം വേർതിരിവ് ഏർപ്പെടുത്തിയിരുന്ന എങ്കിൽ ഒരോ വിഭാഗത്തിനും കുറവ് സീറ്റ് കൾ മാത്രമേ ലഭിക്കുമായിരുന്നുള്ളൂ. ചില വിഭാഗങ്ങൾക്ക് ലഭിക്കുമായിരുന്നില്ല.അതുകൊണ്ട് ews ൽ ഉപ സംവരണം ആവശ്യമില്ല താനും.

2.) ഒബിസി സംവരണം ഏർപ്പെടുത്തിയിരിക്കുന്നതിൻ്റെത് അശാസ്ത്രീയത യാണ് ഈ ആരോപണങ്ങൾ വെളിവാക്കുന്നത്.0BC യുടെ ക്രീമിലെയർ 8 ലക്ഷം രൂപ വാർഷിക വരുമാനമാണ്.15 ഏക്കർ വരെ ഭൂമിയുള്ളവർക്ക് OBC സംവരണം ലഭിക്കും. കൂടാതെ സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം, ഭൂ ഉടമകളുടെ കൃഷി വരുമാനം എന്നിവ ഇതിനുള്ളിൽ കണക്കാക്കുകയില്ല. അപ്പോൾ വളരെ ഉയർന്ന സാമ്പത്തികവും ആസ്തികളും ഉള്ളവരും വളരെ ഉയർന്ന വിദ്യാഭ്യാസം ലഭിച്ചവരുമായ ഉദ്യോഗസ്ഥരുടെ മക്കളൊക്കെ OBC റാങ്ക് ലിസ്റ്റിൽ ഉയർന്ന റാങ്കുകളിൽ സ്ഥാനം പിടിക്കുന്നു. അതുകൊണ്ടുതന്നെ OBC യിലെ പാവപ്പെട്ടവരും വിദ്യാഭ്യാസപരമായ സാഹചര്യങ്ങൾ ലഭിക്കാത്തവരുമായിട്ടുള്ള, യാർത്ഥത്തിൽ ഈ സംവരണം ആരെ ഉദ്ദേശിച്ച നടപ്പിലാക്കിയോ അവർ പുറംതള്ളപ്പെടുന്നതിനു കാരണമാകുന്നു. അതുകൊണ്ടാണ് OBC റാങ്കുകളിൽ അവർ ഉയർന്ന റാങ്കുകളിൽ വന്നിട്ടു പോലും അഡ്മിഷൻ കിട്ടാതെ വരുന്നത്. അനർഹർ OBC സംവരണം കൈപ്പറ്റുകയാണ്. ഈ ഒരു യഥാർത്ഥ പ്രശ്നം പരിഹരിക്കാൻ OBC സമുദായങ്ങളുടെ ഭാഗത്തുനിന്ന് ആത്മാർത്ഥമായ പരിശ്രമം ഉണ്ടാകേണ്ടിയിരിക്കുന്നു. അല്ലാതെ OBC സംവരണത്തിലെയും OBC റിസർവേഷൻ റോട്ടേഷനിലെയും ആശാസ്ത്രീയത EWS ൻ്റെ മേൽ ആരോപിക്കുകയല്ല വേണ്ടത്.

3.)EWS ക്വോട്ടയിൽ കുറഞ്ഞ റാങ്കുകാർക്ക് അഡ്മിഷൻ ലഭിച്ചിട്ടുണ്ടെങ്കിലും അത് സൂചിപ്പിക്കുന്നത് EWS വിഭാഗങ്ങളുടെ പിന്നോക്ക അവസ്ഥയെയാണ്. OBC വിഭാഗങ്ങളെക്കാൾ വളരെ താഴ്ന്ന വിദ്യാഭ്യാസ നിലവാരത്തിലെയ്ക്കും ബൗദ്ധിക നിലവാരത്തിലെയ്ക്കും സംവരണേതര വിഭാഗങ്ങളിലെ പാവപ്പെട്ടവർ താണുപോയവരുമാണെന്നതിൻ്റെ പ്രകടമായ സൂചനയാണ് ഇത്. അതുകൊണ്ടുതന്നെ അവരെ ഉയർത്തി കൊണ്ടുവരേണ്ടതിന് EWS സംവരണം വളരെ അനിവാര്യമാണ് എന്നത് വസ്തുതയാകുന്നു . OBC യിലും താഴ്ന്ന റാങ്കാണ് EWS കാർക്ക് ഉള്ളത് എന്നത് EWS സംവരണം നടപ്പിലാക്കിയ തീരുമാനത്തെ സാധൂകരിക്കുന്നു.

4.) EWS സംവരണം ഈ വർഷം ആരംഭിച്ചതു മാത്രമേയുള്ളൂ. ഇതേക്കുറിച്ച് ആളുകൾക്ക് ഗൗരവമായിട്ടുള്ള അറിവ് ഇതുവരെ ലഭിച്ചിട്ടില്ല. മാത്രമല്ല ഇതിന് വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഈ സംവരണത്തെക്കുറിച്ച് അറിവില്ലാത്തത് മൂലം അർഹതയുള്ള പലരും EWS സർട്ടിഫിക്കറ്റ് വാങ്ങി അർഹതപ്പെട്ട സംവരണം നേടിയെടുക്കുന്ന സാഹചര്യം വ്യാപകമായി ഉണ്ടായിട്ടില്ല.

5.) സർക്കാർ ഓഫീസുകളിൽ പ്രവർത്തിക്കുന്ന OBC ലോബി EWS സർട്ടിഫിക്കറ്റ് നൽകാതിരിക്കാൻ പല കുതന്ത്രങ്ങളും ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്. നേരിട്ട് അറിവുള്ള കാര്യമാണിത്. പല നുണകളും പറഞ്ഞ് ആളുകളെ വഞ്ചിച്ചു കൊണ്ടിരിക്കുന്നു. സർക്കാർ നിശ്ചിയിക്കാത്ത മാനദണ്ഡങ്ങൾ പോലും നിലവിലുണ്ട് എന്നു പറഞ് ആളുകളെ മടക്കി അയച്ചു . സർക്കാർ ഉത്തരവുകളെക്കുറിച്ച് യഥാർത്ഥമായ അറിവില്ലാത്തവർ തെറ്റിദ്ധാരണകളിൽ പെട്ട് സർട്ടിഫിക്കറ്റ് ലഭിക്കാതെ നിരാശരായി പോവുകയാണ്. ഈ സംഘടിത നീക്കത്തിനെതിരെ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കാത്തിടത്തോളം കാലം അർഹതപ്പെട്ടവർക്ക് EWS സർട്ടിഫിക്കറ്റ് ലഭിക്കാൻ പ്രതിബന്ധങ്ങളേറെയാണ് .

ഫാ. ജയിംസ് കൊക്കാവയലിൽ
ഡയറക്ടർ, CARP

Leave a Reply

Your email address will not be published. Required fields are marked *