നാളുകളായി കേൾക്കുന്ന ഒരു ഫ്രേസ് ആണു “പീപ്പിൾ ഓഫ് ദ ബുക്ക്” എന്നത്. മോശക്ക് തോറയും ദാവീദിനു സബൂറും ഈസാക്ക് ഇഞ്ചീലും മുഹമ്മദിനു ഖുറാനും കൊടുത്തുവെന്നും ആ പുസ്തകങ്ങൾ അനുസരിച്ചാണു ഓരോ മതവിഭാഗങ്ങളും ജീവിക്കേണ്ടത് എന്നുമുള്ള ഖുറാനിക് കാഴ്ചപ്പാടിൽ നിന്നാണു “പീപ്പിൾ ഓഫ് ദ ബുക്ക്” എന്ന ഫ്രേസ് വരുന്നത്. എന്നാൽ ഈ പുസ്തകങ്ങൾ ഫോളോ ചെയ്യുന്നു എന്നു പറയുന്ന മതവിഭാഗങ്ങളിൽ ഇസ്ലാം മാത്രമാണു യഥാർത്ഥത്തിൽ “പീപ്പിൾ ഓഫ് ദ ബുക്ക്.” കാരണം അവർ മാത്രമാണ് ഖുറാൻ എന്ന ഗ്രന്ഥത്തിൻ്റെ അടിസ്ഥാനത്തിൽ രൂപം കൊണ്ടതും വളർന്നതും നിലനിൽക്കുന്നതും.
യഹൂദമതമോ ക്രൈസ്തവമതമോ രൂപം കൊണ്ടത് ഇസ്ലാമിനെ പോലെ ഒരു പുസ്തകത്തിൻ്റെ അടിസ്ഥാനത്തിൽ അല്ല. അബ്രഹാമിൻ്റെ സന്തതികൾ എന്ന നിലയിൽ ഗോത്രസമൂഹങ്ങളായാണു ഇസ്രായേൽ രൂപം കൊള്ളുന്നത്. ഈ ഇസ്രായേലിൻ്റെ വളർച്ചയിൽ പിന്നീട് എഴുതപ്പെട്ടവയാണു തോറയും മറ്റു ഗ്രന്ഥങ്ങളും. അതുപോലെ തന്നെ മുഹമ്മദ് മനസിലാക്കിയതുപോലെ “ഇഞ്ചീൽ” എന്ന ഒരു പുസ്തകവുമായല്ല യേശു ഈ ലോകത്തിലേക്ക് വന്നത്. യേശുവിൻ്റെ ജീവിതമായിരുന്നു സുവിശേഷങ്ങൾ (സുവിശേഷങ്ങളെയാണു മുഹമ്മദ് ഇഞ്ചീൽ എന്ന് മനസിലാക്കിയത്). അതുകൊണ്ട് തന്നെ യഥാർത്ഥ സുവിശേഷമായ യേശുവിൻ്റെ ജീവിതത്തെയും സന്ദേശങ്ങളെയും അടിസ്ഥാനമാക്കിയുള്ള ജീവിതരീതിയാണു ക്രൈസ്തവമതം.
ക്രൈസ്തവമതത്തിൻ്റെ വളർച്ചയിൽ എഴുതപ്പെട്ട ഗ്രന്ഥങ്ങളാണു സുവിശേഷങ്ങളും മറ്റു പുതിയ നിയമ ഗ്രന്ഥങ്ങളും. യഹൂദരെ പോലെ ക്രൈസ്തവർക്കും അവരുടെ വിശുദ്ധഗ്രന്ഥം കാനോനികമാണ്. അതായത് അവ ജീവിതത്തെ ക്രമപ്പെടുത്താൻ സഹായിക്കുന്നവയാണ്. എന്നാൽ ആ ഗ്രന്ഥങ്ങൾ അല്ല ആ മതങ്ങളുടെ അടിസ്ഥാനം. ക്രൈസ്തവരെ സംബന്ധിച്ച് ക്രിസ്തുവിൻ്റെ ജീവിതവും സന്ദേശവുമാണു അടിസ്ഥാനം. അതുകൊണ്ടാണു ക്രൈസ്തവരും മറ്റുള്ളവരും അതിനെ ക്രിസ്തുമാർഗം എന്ന് വിളിച്ചു പോന്നിരുന്നത്. ഈ ക്രിസ്തുമാർഗത്തിൻ്റെ ഒരു മീഡിയം മാത്രമാണു പുതിയ നിയമം. ഈ ക്രിസ്തുമാർഗം പിന്തുടർന്നുവർ ആയതുകൊണ്ട് ക്രൈസ്തവരെ PEOPLE OF THE WAY എന്നാണു വിളിച്ചു പോന്നിരുന്നത്. (REF. അപ്പ. പ്രവ. 9:2; 19:9, 23; 24:14, 22). മലയാളത്തിൽ, അവരെ “മാർഗം” കൂടിയവർ എന്നും വിളിച്ചിരുന്നത് ഈ അർത്ഥത്തിലാണ്.
എന്നാൽ കാലക്രമേണ ക്രൈസ്തവ മിഷനുകൾ വളരുകയും അതൊടൊപ്പം പ്യൂരിറ്റൻ വാദികളും പ്രൊട്ടസ്റ്റൻ്റിസവുമൊക്കെ വളർന്നതോടെ ക്രൈസ്തവരിൽ ചിലർ തന്നെ തങ്ങളെ PEOPLE OF THE BOOK എന്ന് വിളിക്കാൻ തുടങ്ങി. ഇത് ഇന്നും ചിലർ പിന്തുടരുന്നുണ്ട്. ഈ രീതിയിൽ ക്രൈസ്തവരെ വിളിക്കുന്നത് ശരിയല്ല എന്നാണു എൻ്റെ അഭിപ്രായം. ഇസ്ലാം ക്രിസ്ത്യാനികളെക്കുറിച്ച് പോപ്പുലറൈസ് ചെയ്ത ഈ വാചകം ക്രിസ്ത്യാനികൾ സ്വയം എടുത്ത് അണിയേണ്ടതില്ല.
WE ARE PEOPLE OF THE WAY.
ബിബിൻ മഠത്തിൽ









Leave a Reply