Sathyadarsanam

ന്യൂനപക്ഷക്ഷേമം: ക്രൈസ്തവർ അവഗണിക്കപ്പെടുന്നു കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ

കേന്ദ്ര,സംസ്ഥാനസർക്കാരുകൾ നടപ്പാക്കുന്ന ന്യൂനപക്ഷക്ഷേമ പദ്ധതികളിൽ ക്രൈസ്തവരെ മനഃപ്പൂർവം അവഗണിക്കുന്നുവെന്ന പരാതികൾ വ്യാപകമാണ്.

കേരളത്തിൽ രണ്ടുവിധത്തിലുള്ള ക്ഷേമ പദ്ധതികളാണ് ന്യൂനപക്ഷസമുദായങ്ങൾക്കു വേണ്ടി നടപ്പാക്കുന്നത്- ഒന്ന് സംസ്ഥാനതലത്തിലും, രണ്ടാമതായി കേന്ദ്രപദ്ധതികളിൽ ഉൾപ്പെടുത്തിയും. ന്യൂനപക്ഷസമുദായങ്ങളിൽപെട്ട മുസ്ലീം സമുദായത്തിന്‍റെ പിന്നാക്കാവസ്ഥ കണ്ടെത്താൻ സച്ചാർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു, സംസ്ഥാന സർക്കാർ ഇതിനായി പാലൊളി മുഹമ്മദ്കുട്ടി കമ്മീഷനെ നിയമിച്ചു. ഈ കമ്മീഷൻ നല്കിയ ശുപാർശകളിന്മേലാണ് മുസ്ലീം സമുദായത്തിനുള്ള ക്ഷേമപദ്ധതികൾ ഇപ്പോൾ നടപ്പാക്കി വരുന്നത്. ഇതോടൊപ്പം മറ്റ് ന്യൂനപക്ഷവിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാനായി സംസ്ഥാനഭരണകൂടം നടപടികൾ സ്വീകരിച്ചില്ലെന്നു മാത്രമല്ല, നിലവിലുള്ള ആനുകൂല്യങ്ങൾ ഏറെയും മുസ്ലീങ്ങൾക്കു ലഭിക്കുവാൻ തക്കവിധം നിയമങ്ങൾ വളച്ചൊടിക്കുകയും ചെയ്തുവെന്ന് ആരോപണമുണ്ട്.

ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ ഇപ്പോൾ ആരും കാണുന്നതേയില്ല. ലത്തീൻ കത്തോലിക്കർക്കു പോലും നിയമമനുസരിച്ചുള്ള തൊഴിൽ സംവരണം ലഭിക്കുന്നില്ല. കർഷകരും കെട്ടിടനിർമ്മാണ ജോലിക്കാരും മത്സ്യത്തൊഴിലാളികളും വ്യാപാരികളും അടങ്ങുന്ന ക്രൈസ്തവർ, ഇതേ മേഖലകളിൽ നേരിടുന്ന പ്രതിസന്ധികൾ മൂലം ആശങ്കാകുലരാണ്. നാട്ടിൽ തൊഴിലവസരങ്ങൾ കുറഞ്ഞതോടെ വിദേശനാടുകളിലേക്കു മലയാളികളായ ക്രൈസ്തവർ ജോലിതേടിപ്പോകുന്നു. കുറെയേറെപേർ ജീവ സന്ധാരണത്തിനായി കുടുംബത്തോടൊപ്പം ആസ്‌ത്രേലിയ, കാനഡ, യു.എസ് തുടങ്ങിയ രാജ്യങ്ങളിലേക്കു കുടിയേറുന്നുപോലുമുണ്ട്. കാർഷികമേഖലയിലെ തകർച്ച രണ്ട് പ്രളയങ്ങൾമൂലം അതിസങ്കീർണ്ണമാണി പ്പോൾ. ഇതുവരെ സമ്പാദിച്ചതെല്ലാം കുത്തിയൊലിച്ചു പോയ ക്രിസ്തീയ കുടുംബങ്ങൾ ഏറെയാണ്. വീടും പറമ്പും മാത്രമല്ല, ഉറ്റവരെപ്പോലും നഷ്ടപ്പെട്ടവർ, പ്രത്യേകിച്ച് കുടുംബങ്ങളുടെ താങ്ങും തണലുമായിരുന്നവർ പോലും നഷ്ടമായ സാഹചര്യം തുടങ്ങിയ പ്രശ്‌നങ്ങൾ ഇനിയും അധികൃതർ വേണ്ടവിധം മനസ്സി ലാക്കിയിട്ടുണ്ടോ എന്നു സംശയിക്കണം. സാമൂഹികമായ ഈ നവ ദാരിദ്ര്യാവസ്ഥയുടെ ആഴം മനസ്സിലാക്കി ക്രൈസ്തവർക്കു പ്രത്യേകമായി ക്ഷേമപദ്ധതികൾ നടപ്പാക്കാൻ അധികൃതർ സന്നദ്ധരാകണം.

സർക്കാർ സർവീസിലുള്ള പ്രാതിനിധ്യക്കുറവും സാമൂഹികമായ പിന്നാക്കാവസ്ഥ ആയാണല്ലോ പരിഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ പത്തു വർഷത്തെ പിഎസ്‌സി നിയമനങ്ങൾ പരിശോധിച്ചാൽ ക്രൈസ്തവ സമുദായത്തിൽ നിന്നുള്ളവർ അതിൽ വളരെ കുറവാണെന്നു കാണാം. നാട്ടിൽ തൊഴിൽ ചെയ്തു ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടു പ്രവാസികളാകാൻ വിധിക്കപ്പെടുന്നവരിൽ നല്ലൊരു പങ്കും ക്രൈസ്തവ സമുദായത്തിൽ നിന്നാണ്. കുടുംബങ്ങളിൽ വൃദ്ധരായ മാതാപിതാക്കൾ മാത്രമാകുന്ന സാഹചര്യം തന്മൂലം സൃഷ്ടിക്കപ്പെടുന്നു. സമുദായത്തിലെ വലിയൊരു വിഭാഗത്തെ ഇതു സാമൂഹികമായ അരക്ഷിതാവസ്ഥയിലേക്കും പിന്നാക്കാവസ്ഥയിലേക്കും എത്തിച്ചിരിക്കുന്നു. സംവരണരഹിതരായ ക്രൈസ്തവ സമൂഹത്തെ മറ്റു പദ്ധതികളിലൂടെ സഹായിക്കാൻ സർക്കാരിനു കടമയുണ്ട്.

നിഷേധിക്കപ്പെടുന്ന അവകാശങ്ങൾ

കേന്ദ്ര സർക്കാരിന്‍റെ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ വിവിധ സംസ്ഥാനങ്ങളിൽ ജനസംഖ്യാനുപാതികമായാണ് വിതരണം ചെയ്യുന്നത്. എന്നാൽ, കേരളത്തിൽ 80% മുസ്ലീം ന്യൂനപക്ഷത്തിനും 20% മറ്റെല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും എന്ന അനുപാതമാണ് ആനുകൂല്യങ്ങൾ നല്കുന്നതിൽ പുലർത്തുന്നത് എന്നതു വിവരാവകാശ രേഖകളിലൂടെ ബോധ്യമായിട്ടുണ്ട്. തികച്ചും അശാസ്ത്രീയവും അനീതി നിറഞ്ഞതുമായ ഈ അനുപാതം പിന്തുടരുന്നതിലൂടെ ക്രൈസ്തവർക്കും ഇതര ന്യൂനപക്ഷങ്ങൾക്കും അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കുകയാണു ചെയ്തുകൊണ്ടിരിക്കുന്നത്.

ഇത് നീതി നിഷേധമല്ലേ?

ന്യൂനപക്ഷങ്ങൾക്കായുള്ള പ്രത്യേക കോച്ചിംഗ് സെന്‍ററുകൾ അനുവദിച്ചിരിക്കുന്നതിൽ ഒരെണ്ണംപോലും ക്രൈസ്തവ സമുദായത്തിനു ലഭിച്ചിട്ടില്ല. (തൃശൂർ ജില്ലയിൽ ഒരെണ്ണം അനുവദിച്ചിട്ടുണ്ട് എന്നു സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ കോട്ടയത്തു നടന്ന സിറ്റിംഗിൽ വച്ച് പറഞ്ഞിരുന്നു. എന്നാൽ, അത് ഏതു സഭയാണ് അഥവാ ക്രൈസ്തവ സംഘടനയാണു നടത്തുന്നതെന്ന കാര്യത്തിൽ അദ്ദേഹത്തിനും വ്യക്തതയില്ലാ യിരുന്നു. അതേസമയം, സംസ്ഥാന ന്യൂനപക്ഷക്ഷേമ കാര്യ വകുപ്പിന്‍റെ വെബ്‌സൈറ്റിൽ തൃശൂർ ജില്ലയിലുള്ള ഏക സെന്‍റർ കൊടുങ്ങല്ലൂർ ചേരമാൻ ജൂമാ മസ്ജിദ് ബിൽഡിംഗിൽ പ്രവർത്തിക്കുന്നതായാണു രേഖപ്പെടുത്തിയിരിക്കുന്നത്.)
കണ്ണിൽ പൊടിയിടരുത്

കഴിഞ്ഞ സർക്കാറിന്‍റെ കാലത്തു കാലാവധി തികച്ച ന്യൂനപക്ഷ കമ്മീഷൻ ശിപാർശ ചെയ്തതു പോലെ വിശുദ്ധനാട് സന്ദർശിക്കാൻ സബ്‌സിഡി പോലെയുള്ള ആവശ്യങ്ങളല്ല ക്രൈസ്തവസമൂഹത്തിനുള്ളത്. സമുദായത്തിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായുള്ള പദ്ധതികളാണു ക്രൈസ്തവർക്കു വേണ്ടത്. രാജ്യത്തെ ഒരു ന്യൂനപക്ഷ സമുദായമെന്ന നിലയിൽ ന്യൂനപക്ഷങ്ങൾക്കായി ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതികളിൽ ജനസംഖ്യാനുപാതികമായ പങ്കാണ് ക്രൈസ്തവസമൂഹവും ഇതരന്യൂനപക്ഷ ങ്ങളും ആവശ്യപ്പെടുന്നത്.

80 മുസ്ലീം, 20 മറ്റുള്ളവർ!

മുസ്ലീം സംഘടനകൾ നടത്തുന്ന കോച്ചിംഗ് സെന്‍ററുകളിൽ 100 പേരുടെ ബാച്ചിൽ 80 മുസ്ലീങ്ങൾക്കു പ്രവേശനം നല്കുമ്പോൾ മറ്റെല്ലാ ന്യൂനപക്ഷങ്ങൾക്കു കൂടി 20 പേർക്കു മാത്രമാണ് അവസരം ലഭിക്കുന്നത്. മുസ്ലീം സംഘടനകളുടെ നിയന്ത്രണ ത്തിലുള്ള സെന്‍ററുകളിൽ ചുരുക്കം സീറ്റുകൾ അനുവദിക്കുന്നതിനു പകരം ക്രൈസ്തവ സംഘടനകളുടെ നിയന്ത്രണത്തിൽ പൂർണമായും ക്രൈസ്തവർക്കു മാത്രമായി നടത്തുന്ന കോച്ചിംഗ് സെന്‍ററുകൾ അനുവദിക്കാൻ നടപടി ഉണ്ടാകണം. മറ്റു ന്യൂനപക്ഷങ്ങളെയും ഇതേ രീതിയിൽ പരിഗണിക്കണം.

പിന്നാക്കാവസ്ഥയുടെ ആഴം

ക്രൈസ്തവ സമൂഹത്തിന്‍റെ സാമൂഹിക സാമ്പത്തിക പിന്നാക്കാവസ്ഥയെക്കുറിച്ചു പ്രാഥമിക വിവരങ്ങൾ ലഭ്യമാക്കാൻ സിബിസിഐ ലെയ്റ്റി കൗൺസിൽ നടത്തിയ ഓൺലൈൻ സർവേയിലൂടെ ലഭ്യമായ വിവരങ്ങൾ സമുദായത്തിന്‍റെ പിന്നാക്കാവസ്ഥയെക്കുറിച്ച് ഏകദേശരൂപം നല്കുന്നുണ്ട്. കത്തോലിക്കാ, ഓർത്തഡോക്‌സ്, യാക്കോബോയ, മാർത്തോമാ, പെന്തക്കോസ്ത് സഭകളിൽ അംഗങ്ങളായവരുടെ അഭിപ്രായം തേടിയിരുന്നു.

സർവേയിൽ പങ്കെടുത്തവരിൽ 93.5% പേരും ഹയർസെക്കൻഡറിയോ അതിൽ കൂടുതലോ വിദ്യാഭ്യാസം ഉള്ളവരാണ്. 33.3% ആളുകളും സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്നു. 22% ആളുകൾ തൊഴിൽരഹിതരാണ്. സ്വയംതൊഴിൽ ചെയ്യുന്നവർ 17%.

27.6% പേർക്കും 5,000 രൂപയിൽ താഴെയാണ് മാസവരുമാനം. 22% പേർ 10000 മുതൽ 15000-വരെ രൂപ മാസവരുമാനമുള്ളവരാണ്. 15% ആളുകൾ വാടക വീട്ടിലാണു താമസിക്കുന്നത്. 61% പേരും കോൺക്രീറ്റ് വീടുകളിൽ താമസിക്കുന്നവർ ആണെങ്കിലും 47.2% ആളുകൾക്കും ഉള്ളത് 1,000 ചതുരശ്ര അടിയിൽ താഴെ വിസ്തൃതിയുള്ള വീടുകളാണ്.

5.7% പേർക്കു മാത്രമാണ് മഞ്ഞ റേഷൻ കാർഡ് ഉള്ളത്. 15.4% പേർക്കു പിങ്ക് റേഷൻ കാർഡും 38.2% പേർക്കു നീല റേഷൻ കാർഡും ഉള്ളപ്പോൾ 26.8% പേർക്കു വെള്ള കാർഡ് ആണ് ഉള്ളത്. 43.9% പേർക്കും കാർഷിക വായ്പ അടച്ചു തീർക്കാൻ ഉണ്ട്. 69.1% പേർക്കും ഭവന നിർമാണ വായ്പ അടച്ചുതീർക്കാനുണ്ട്. 57.7% പേർക്കു മറ്റ് വായ്പകൾ അടച്ചുതീർക്കണം. 40.7% പേരുടെ കുടുംബത്തിലും നാല് അംഗങ്ങൾ മാത്രമാണുള്ളത്. മൂന്ന് അംഗങ്ങൾ മാത്രമുള്ള കുടുംബങ്ങൾ 13% ഉണ്ട്. സർവേയിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങളിൽ 56% ആളുകൾ 55 വയസ്സിനു മുകളിലുള്ളവരാണ്.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ന്യൂന പക്ഷ ക്ഷേമ പദ്ധതികളെക്കുറിച്ച് 77% ആളുകൾക്കും അറിവില്ല. 86% ആളുകളും ഏതെങ്കിലും ന്യൂനപക്ഷ ക്ഷേമ ആനുകൂല്യങ്ങൾക്ക് അപേക്ഷിച്ചിട്ടില്ല. ന്യൂനപക്ഷം എന്ന നിലയിൽ 14% ആളുകൾക്കും പ്രീമെട്രിക്‌സ് സ്‌കോളർഷിപ്പും 8% ആളുകൾക്ക് പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പും ലഭിച്ചിട്ടുണ്ട്. എന്നാൽ 79% ആളുകളും ന്യൂനപക്ഷമെന്ന നിലയിൽ യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കാത്തവരാണ്. 97.6% പേർക്കും യാതൊരുവിധ സംവരണവും ലഭിച്ചിട്ടില്ല.

അല്പം ചരിത്രം

1992 ലാണ് ന്യൂനപക്ഷങ്ങൾക്കായുള്ള ദേശീയ കമ്മീഷൻ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നത്. തുടർന്ന് 1993-ൽ പ്രസിദ്ധീകരിച്ച എക്‌സ്ട്രാ ഓർഡിനറി ഗസറ്റിലൂടെ പ്രസ്തുത നിയമത്തിലെ ന്യൂനപക്ഷം എന്ന നിർവചനത്തിൽ വരുന്ന മതവിഭാഗങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. അതു പ്രകാരം മുസ്ലീം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധ, പാഴ്‌സി വിഭാഗങ്ങളാണ് രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾ. 2014 ജനുവരി 27ന് പ്രസിദ്ധീകരിച്ച മറ്റൊരു അസാധാരണ ഗസറ്റു വിശദീകരണത്തിൽ ജൈന വിഭാഗത്തെയും ന്യൂനപക്ഷങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തി. 2006ൽ ന്യൂനപക്ഷങ്ങളോടു ബന്ധപ്പെട്ട കാര്യങ്ങൾക്കു മാത്രമായി മൻമോഹൻസിങ്ങിന്‍റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാർ ന്യൂനപക്ഷ കാര്യ മന്ത്രാലയം സ്ഥാപിച്ചു. 2008ൽ പൊതു വകുപ്പിനു കീഴിൽ ന്യൂനപക്ഷ സെൽ പ്രവർത്തനം ആരംഭിക്കുകയും ക്രമേണ ന്യൂനപക്ഷക്ഷേമ വകുപ്പ് രൂപീകരിക്ക പ്പെടുകയും ചെയ്തു. 2014ൽ മാത്രമാണ് കേരളത്തിൽ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വരുന്നത്.

ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിധവ, വിവാഹമോചിത, ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകൾ എന്നിവർക്കായുള്ള ഭവന നിർമാണപദ്ധതിപ്രകാരം സഹായം നല്കിയിരിക്കുന്നതിന്റെ പട്ടികയിൽ 2016-2017 വർഷത്തിൽ 985 മുസ്ലീം സ്ത്രീകൾക്കാണ് ഈ ആനുകൂല്യങ്ങൾ ലഭിച്ചിട്ടുള്ളതെങ്കിൽ വെറും 250 ക്രിസ്ത്യൻ സ്ത്രീകൾക്കു മാത്രമാണ് പ്രസ്തുത ആനുകൂല്യങ്ങൾ നല്കിയിരിക്കുന്നതെന്നു കാണാൻ കഴിയും. മുൻ വർഷങ്ങളിലും ഇതേ പദ്ധതിയിൽ ഭീമമായ ഈ വ്യത്യാസം കാണാൻ സാധിക്കും.

2008-2009 വർഷം മുതലാണ് കേന്ദ്രസർക്കാർ പ്രീമെട്രിക്‌സ് സ്‌കോളർഷിപ്പ് പദ്ധതി ആരംഭിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷവിഭാഗങ്ങളുടെ ജനസംഖ്യാനുപാതത്തിന് അനുസരിച്ചാണ് വിവിധ വിഭാഗങ്ങൾക്കായി നല്‌കേണ്ട സ്‌കോളർഷിപ്പുകളുടെ എണ്ണം നിശ്ചയിച്ചിരിക്കുന്നത്. ഓരോ വർഷവും 2,15,670 സ്‌കോളർഷിപ്പുകൾ 1 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്കായി കേരളത്തിനു ലഭിക്കുന്നുണ്ട്. ഓരോ വർഷവും സ്‌കോളർഷിപ്പു ലഭിക്കുന്ന കുട്ടികൾക്ക് തുടർന്നുള്ള വർഷങ്ങളിൽ സ്‌കോളർഷിപ്പ് പുതുക്കി ലഭിക്കുകയും ചെയ്യും. ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുവദിക്കുന്ന കുട്ടികളുടെ എണ്ണം സംബന്ധിച്ച് കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ച പട്ടികപ്രകാരം 2017-2018 വർഷത്തിൽ കേരളത്തിൽ 1,21,705 മുസ്ലീംകുട്ടികൾക്കും 93,808 ക്രിസ്ത്യൻ കുട്ടികൾക്കും, 43 സിക്കുകുട്ടികൾക്കും, 31 ബുദ്ധമതക്കാരായ കുട്ടികൾക്കും, 70 ജൈനമത ക്കാരായ കുട്ടികൾക്കും, 13 പാഴ്‌സി കുട്ടികൾക്കും, പ്രീമെട്രിക് സ്‌കോളർഷിപ്പ് ലഭിക്കും. ഓരോ സംസ്ഥാനത്തെയും ജനസംഖ്യയ്ക്ക് അനുസരിച്ച് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സഹായം ലഭിക്കുന്നതിന് പ്രസ്തുത ലിസ്റ്റ് പരിശോധിക്കുമ്പോൾ മനസ്സിലാകും. പ്രീമെട്രിക് സ്‌കോളർഷിപ്പിന്‍റെ കാര്യത്തിൽ കേന്ദ്ര സർക്കാർ നീതി പുലർത്തുന്നുണ്ടെങ്കിലും പൊതുവെ കേന്ദ്ര പദ്ധതികളിൽ ആ നീതിയൊന്നുമില്ല എന്ന താണ് വാസ്തവം.

യുപിഎ സർക്കാർ തുടങ്ങിവച്ച പല പദ്ധതി കളും മുസ്ലീം ക്ഷേമം ഉറപ്പാക്കുന്നതും രാജ്യത്തെ മറ്റു ന്യൂനപക്ഷങ്ങളെ പാടെ അവഗണിക്കുന്നതുമാണ്. മദ്രസ അധ്യാപകർക്ക് ശമ്പളവും പെൻഷനും നല്കുക, മദ്രസ ബിരുദത്തിന് സർവകലാശാല ബിരുദതുല്യത നല്കുക. ഉറുദു, അറബി ഭാഷാ പഠനത്തിനു പ്രത്യേകസഹായം നല്കുക, എന്നിങ്ങനെ ഒട്ടേറെ മുസ്ലീംക്ഷേമപദ്ധതികൾ ഇപ്പോഴും നിലവിലുണ്ട്. കേരള ന്യൂനപക്ഷ കമ്മീഷന്‍റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പട്ടികയിൽ 2011ലെ സെൻസസ് വിവരം അനുസരിച്ച് കേരളത്തിലെ ജനസംഖ്യയിൽ 54.73% ഹിന്ദുക്കളും 26.56% മുസ്ലീങ്ങളും 18.38% ക്രിസ്ത്യാനികളും 0.03% സിക്കുകാരും 0.01% ബുദ്ധന്മാരും 0.01% ജൈനമതക്കാരുമാണ്. ക്രിസ്ത്യാനി കളുടെയും മുസ്ലീങ്ങളുടെയും ജനസംഖ്യയിലുള്ള വ്യത്യാസം 8.18% മാത്രമാണ്. അപ്പോൾ 55:44:1 എന്ന അനുപാതമെങ്കിലും മുസ്ലീം, ക്രിസ്ത്യൻ മറ്റുള്ളവർ എന്നിങ്ങനെ വിവിധ സമുദായങ്ങൾക്കായി പാലിച്ചു കൊണ്ട് സഹായം നല്കുന്നത് നീതിയാണെന്നു കാണാൻ സാധിക്കും. എന്നാൽ നിലവിലുള്ളതോ 80:20 എന്ന അനുപാതമാണ്. ന്യൂനപക്ഷ അവകാശങ്ങൾക്കു നല്‌കേണ്ട ആനുകൂല്യങ്ങളുടെ 80% മുസ്ലീങ്ങൾക്കു നല്കുന്ന കേരള സർക്കാരിന്‍റെ നിലപാട് ചോദ്യം ചെയ്യാൻ എന്തുകൊണ്ടാണ് ക്രൈസ്തവ വോട്ടു ബാങ്കിന്‍റെ കുത്തകാവകാശം നേടുന്ന രാഷ്ട്രീയ പാർട്ടികളോ നേതാക്കന്മാരോ ഇതുവരെ രംഗത്തു വരാത്തത്? മുസ്ലീംലീഗിന്‍റെ രാഷ്ട്രീയ സ്വാധീനശക്തി വലതുപക്ഷ മുന്നണിയെയും സിപിഎംൽ പിടി മുറുക്കിയിരിക്കുന്ന ഇസ്ലാമിക നേതൃനിര ഇടതുപക്ഷ മുന്നണിയെയും നിയന്ത്രിക്കുകയും മുസ്ലീം സമുദായ ത്തിന് അനുകൂലമായ രീതിയിൽ ക്ഷേമ പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്യുന്നു. മുസ്ലീം വോട്ടു ബാങ്കിന്‍റെ കരുത്ത് ക്രിസ്ത്യാനികൾക്കായി വാദിക്കുന്നതിൽ നിന്ന് ക്രൈസ്തവനേതാക്കന്മാരെപ്പോലും പിന്തിരിപ്പിക്കുന്നു.

ഉത്തരവിൽ മാറ്റംവരുത്തിയത് ആർക്കുവേണ്ടി?

കേരളത്തിൽ ന്യൂനപക്ഷ കമ്മീഷൻ സ്ഥാപിച്ചു കൊണ്ടുള്ള ഉത്തരവിൽ ഒരു ന്യൂനപക്ഷ സമുദായംഗം ചെയർപേഴ്‌സണായും മറ്റൊരു ന്യൂനപക്ഷാംഗം അംഗമായും ഒരു ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള സ്ത്രീ വനിതാംഗമായും കമ്മീഷൻ രൂപീകരിക്കുന്നു എന്നായിരുന്നു പ്രസ്താവിച്ചിരുന്നത്. എന്നാൽ ഈ സമിതി ന്യൂനപക്ഷവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഇപ്പോഴത്തെ ഇടതുപക്ഷസർക്കാർ പ്രസ്തുത ഉത്തരവിൽ ചെറിയ ഒരു വ്യത്യാസം വരുത്തി ഓർഡിനസ് ഇറക്കുകയും പിന്നീട് ആ നിയമഭേദഗതി നിയമസഭയിൽ പാസാക്കുകയും ചെയ്തു. നിയമത്തിലെ മേൽ നിർദ്ദേശത്തിലുള്ള ‘മറ്റൊരു’ എന്നതിനെ ‘ഒരു’ എന്നാക്കിയ ചെറിയ ആ തിരുത്ത് കൈയടിച്ചു പാസാക്കിയവർ അതിനു പിന്നിലുള്ള ഗൂഢലക്ഷ്യം തിരിച്ചറിഞ്ഞതേയില്ല; അഥവാ അറിഞ്ഞതായി ഭാവിച്ചതേയില്ല.

‘മറ്റൊരു’ എന്നത് ‘ഒരു’ ആകുമ്പോൾ കമ്മീഷനംഗങ്ങളെല്ലാവരും ഒരു മതത്തിൽപെട്ടവർ മാത്രമായാലും നിയമപരമായി തെറ്റല്ലാതാകും എന്ന പഴുത് നിയമത്തിൽ മനഃപൂർവം ഉണ്ടാക്കിയെടുത്തത് ക്രിസ്ത്യാനികളെയോ മറ്റ് ന്യൂനപക്ഷസമുദായങ്ങളെയോ സംരക്ഷിക്കാനല്ല എന്നത് സുവ്യക്തമാണ്. ഇപ്പോൾ തന്നെ ചെയർമാനും ഒരംഗവും മുസ്ലിം സമുദായത്തിൽനിന്നാണ്. അവസരം വന്നാൽ കമ്മീഷൻ അംഗങ്ങൾ എല്ലാവരും മുസ്ലീം സമുദായത്തിൽ നിന്നാകുന്നതിന് വഴിയൊരുക്കുകയാണ് ഈ ചെറിയ തിരുത്തൽ. സംസ്ഥാനന്യൂനപക്ഷകമ്മീഷൻ ചെയർമാന് സംസ്ഥാന ചീഫ് സെക്രട്ടറിയുടെയും മെമ്പർ മാർക്ക് പ്രിൻസിപ്പൽ സെക്രട്ടറിയുടെയും സ്റ്റാറ്റസും ശമ്പളവും അലവൻസും ലഭിക്കുന്നുണ്ടെന്നും കമ്മീഷൻ മെമ്പറുടെ പ്രതിമാസ ശമ്പളം 2ലക്ഷം രൂപക്ക് മുകളിൽ ആണെന്നും കൂടി നമ്മൾ അറിഞ്ഞിരിക്കണം.

ക്രൈസ്തവരുടെ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കാൻ കമ്മീഷനെ നിയമിക്കണം

ക്രൈസ്തവ എക്യുമെനിക്കൽ പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിൽ കൂടിയാലോചനകൾ നടത്തി അർഹതപ്പെട്ട അവകാശങ്ങൾ നേടിയെടുക്കാൻ ഇനിയെങ്കിലും ക്രൈസ്തവർ ഒന്നിച്ചു മുന്നിട്ടിറങ്ങണം. മുസ്ലീം സമുദായത്തിന്‍റെ പിന്നാക്കാവസ്ഥയെക്കുറിച്ചുള്ള സച്ചാർ പാലോളി കമ്മീഷൻ റിപ്പോർട്ട് 25 പ്രകാരമാണ് മുസ്ലീങ്ങൾക്ക് പ്രാധാന്യം നല്കുന്നത് എന്നുള്ള വാദം മുഖവിലയ്‌ക്കെടുക്കാൻ സാധിക്കില്ല. കേരളത്തിൽ സർക്കാർ ജോലിക്ക് 12% സംവരണം നാളുകളായി മുസ്ലീങ്ങൾക്ക് നല്കുന്നുണ്ട്. ലത്തീൻ കത്തോലി ക്കർക്കും ആഗ്ലോഇന്ത്യൻസിനും കൂടി ആകെ 4% സംവരണം മാത്രമാണുള്ളത്. സംവരണത്തിന്‍റെ പേരിൽ എപ്പോഴും പഴി കേൾക്കുന്ന പട്ടിക ജാതിക്ക് 8%വും പട്ടികവർഗ്ഗത്തിന് 2% ഉം മാത്രമാണ് കേരളത്തിലുള്ള സംവരണം എന്നുകൂടി അറിയണം. കേരളത്തിലെ ക്രിസ്ത്യാനികളുടെ പിന്നാക്ക അവസ്ഥയെക്കുറിച്ച് പഠിക്കാൻ കമ്മീഷനെ വയ്ക്കാൻ സർക്കാർ തയ്യാറാകണം. വിദ്യാഭ്യാസ കാർഷിക വായ്പയെടുത്ത് കടക്കെണിയിലായ ക്രിസ്ത്യാനികളെ രക്ഷിക്കാൻ ന്യൂനപക്ഷ ക്ഷേമ വകുപ്പ് പദ്ധതികൾ ആവിഷ്‌കരിക്കുമോ? കഴിവുണ്ടായിട്ടും സർക്കാർ സർവീസിൽ നിന്നും അകറ്റിനിർത്തപ്പെടുന്ന ക്രിസ്ത്യൻ യുവാക്കളെ എങ്ങനെയാണ് സർക്കാർ സഹായിക്കുക? ക്രിസ്ത്യൻ യുവാക്കളിൽ സംരഭകത്വം വളർത്തുവാനും സ്വയം തൊഴിൽ വായ്പകൾ നല്കാനും സംവിധാനം ഉണ്ടാകണം. കേരള സ്റ്റേറ്റ് മൈനോറിറ്റി ഡവലപ്‌മെന്‍റ് ഫിനാൻഷ്യൽ കോർപറേഷൻ കുറഞ്ഞ പലിശയ്ക്ക് സ്വയം തൊഴിൽ വായ്പകൾ നല്കുന്നുണ്ട്. ഇതിന്‍റെ പ്രയോജനം ആർക്കാണ് ലഭിക്കുന്നത് എന്നു മനസ്സിലാക്കാൻ കണക്കുകൾ പരിശോധിച്ചാൽ മതി.
ഔദാര്യമല്ല, അവകാശമാണ്

കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ നേരിട്ടു നല്കുന്ന വിദ്യാഭ്യാസ സ്‌കോളർഷിപ്പുകളുടെ വിതരണവും ആനുപാതിക പങ്കുവയ്ക്കലുകളിലെ അട്ടിമറികളും അന്വേഷണവിധേയമാക്കേണ്ടതാണ്. ന്യൂനപക്ഷത്തിന്‍റെ പേരിൽ ക്ഷേമം മുഴുവൻ ന്യൂന പക്ഷത്തിലെ ഭൂരിപക്ഷത്തിനും ആക്ഷേപമൊന്നാകെ ക്രിസ്ത്യാനിക്കുമെന്ന അവസ്ഥ അംഗീകരിക്കാനാവില്ല. സർക്കാർ ജോലികളിൽ 12% സംവരണവും ക്ഷേമപദ്ധതികളിലൂടെ വൻ ആനുകൂല്യവും നല്കി ഒരു സമുദായത്തെ നിരന്തരം പ്രീണിപ്പിച്ചിട്ട് മതനിരപേക്ഷത പ്രസംഗിക്കുന്ന സർക്കാരിന്‍റെയും രാഷ്ട്രീയ നേതൃത്വങ്ങളുടെയും നിലപാട് ഏറെ വിചിത്രമാണ്.

കേരള സംസ്ഥാന ന്യൂനപക്ഷകമ്മീഷൻ ജില്ലകൾ തോറും നടത്തുന്ന സിറ്റിംഗിൽ ക്രൈസ്ത വസമുദായത്തിന്‍റെ പിന്നാക്കാവസ്ഥയെപ്പറ്റിയുള്ള റിപ്പോർട്ടുകൾ സമർപ്പിക്കുവാനും ന്യൂനപക്ഷക്ഷേമ പദ്ധതികളിൽ ക്രൈസ്തവർ അവഗണിക്കപ്പെടുന്നത് കമ്മീഷനെ ബോധ്യപ്പെടുത്താനും അല്മായ നേതാക്കളും ക്രൈസ്തവസംഘടനകളും രൂപതകളും കാണിക്കുന്ന താല്പര്യം അഭിനന്ദനാർഹമാണ്.

ന്യൂനപക്ഷമെന്ന പേരിൽ ക്രൈസ്തവർക്ക് അർഹതപ്പെട്ടത് ലഭിക്കേണ്ടത് ഔദാര്യമല്ല, അവകാശമാണ്. ഒരു ന്യൂനപക്ഷ സമുദായം എന്ന നിലയിൽ നിലനില്പിന് അത്യാവശ്യമായ സ്വത്വബോധവും സംഘടനാബോധവും ക്രിസ്ത്യാനികൾ വീണ്ടെടുത്തേ പറ്റൂ.

(2019 ഒക്ടോബറിലെ ജാഗ്രത ന്യൂസിൽ പ്രസിദ്ധീകരിച്ചത്)

Leave a Reply

Your email address will not be published. Required fields are marked *