നന്ദിയില്ലാത്തവരാകുക എന്നത് നാം ആയിരിക്കുന്ന കാലഘട്ടത്തിന്‍റെ പ്രത്യേകതയാണ്. സ്വീകരിച്ച നന്മകളെ തള്ളിപ്പറഞ്ഞും നിഷേധിച്ചും അത് നല്കിയവരെത്തന്നെ നിന്ദിക്കുക എന്നതില്‍ ആര്‍ക്കും വിഷമവുമില്ല. മരണമടയുന്നതിന് മുമ്പേ തന്നെ മദര്‍ തെരേസ ഇപ്രകാരം വിമര്‍ശിക്കപ്പെട്ടിരുന്നു. നിരീശ്വരവാദികളുടെ നിലവാരമില്ലാത്ത വിലയിരുത്തലുകളും രാഷ്ട്രീയക്കാരുടെ ദുരുദ്ദേശപരമായ പരാമര്‍ശങ്ങളും മദര്‍ തെരരേസയുടെ വിശുദ്ധ ജീവിതത്തെ ഇന്നും വേട്ടയാടിക്കൊണ്ടിരിക്കുന്നു. അല്‍ബേനിയായില്‍ നിന്ന് കൊല്‍ക്കത്തയുടെ തെരുവുകളിലേന്ന് പറന്നിറങ്ങിയ മദര്‍ തെരേസ ലോകത്തിന് മുഴുവന്‍ കാരുണ്യത്തിന്‍റെ അമ്മയായിരുന്നു. ആരെയും ദ്രോഹിക്കാതെ, എന്നാല്‍ എല്ലാവര്‍ക്കും നന്മ മാത്രം ചെയ്ത അപൂര്‍വ്വമായൊരു വിശുദ്ധ ജീവിതം. സമാധാനം ഒരു ചെറുപുഞ്ചിരിയില്‍ തുടങ്ങുന്നുവെന്ന അമ്മയുടെ വാക്കുകള്‍ തന്നെ അവളുടെ ഹൃദയനൈര്‍മ്മല്യത്തിന്‍റെ തെളിവാണ്. സെപ്തംബര്‍ 5 മദര്‍ തെരേസയുടെ ഓര്‍മ്മദിനമാണ്. കാരുണ്യത്തിന്‍റെ തെരേസിയന്‍ വഴികള്‍ തേടുന്ന സത്യാന്വേഷിയുടെ പുതിയ എപ്പിസോഡിലേക്ക് ഏവര്‍ക്കും സ്വാഗതം.
1. ജീവചരിത്രം
1910 ഓഗസ്റ്റ് 26-ന് മാസിഡോണിയായില്‍ ജനിച്ച മദര്‍1928-ല്‍ സിസ്റ്റേഴ്സ് ഓഫ് ലൊറേറ്റോ സഭയില്‍ സിസ്റ്റർ മേരി തെരേസ് എന്ന പേരില്‍ അംഗമായിച്ചേർന്നു. 1929-ല്‍ ഇന്ത്യയിലെ ഡാര്‍ജിലിംഗിലുള്ള ലൊറേറ്റോ മഠത്തില്‍ അര്‍ത്ഥിനിയായെത്തിയ സിസ്റ്റർ സഭാവസ്ത്രസ്വീകരണത്തിന് ശേഷം കല്‍ക്കട്ടയിലുള്ള പെണ്‍കുട്ടികളുടെ ഹൈസ്കൂളില്‍ അദ്ധ്യാപികയായി ജോലി ചെയ്തു. നിത്യവ്രതം വാഗ്ദാനം ചെയ്ത ശേഷം 1944-ല്‍ അതേ സ്കൂളിന്‍റെ പ്രിന്‍സിപ്പാളായി എങ്കിലും രണ്ടു വര്‍ഷത്തിനുള്ളില്‍ ഒരു ട്രെയിന്‍ യാത്രക്കിടിയില്‍ തന്‍റെ സവിശേഷമായ വിളി തിരിച്ചറിഞ്ഞ സിസ്റ്റര്‍ മേരി തെരേസ് അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച് കല്‍ക്കട്ടയിലെ പാവപ്പെട്ടവര്‍ക്കും രോഗികള്‍ക്കും വേണ്ടി ജീവിക്കാന്‍ തീരുമാനിച്ചു. പുതിയ തീരുമാനമനുസരിച്ച് ജീവിക്കാനുള്ള അനുവാദം 1948ല്‍ സിസ്റ്റര്‍ മേരി തെരേസിന് ലഭിച്ചു. വൈദ്യശാസ്ത്രത്തില്‍ പ്രാഥമികപഠനം നടത്തിയ ശേഷം വെള്ളയും നീലയും കലര്‍ന്ന സാരി വസ്ത്രമായി സ്വീകരിച്ച് ആരോരുമില്ലാത്ത, ആരാലും സ്നേഹിക്കപ്പെടാത്ത പാവപ്പെട്ടവരും അനാഥരും ഉപേക്ഷിക്കപ്പെട്ടവരുമായ സാധാരണ ജനങ്ങള്‍ക്കിടയിലേക്ക് സിസ്റ്റര്‍ തെരേസ ഇറങ്ങിച്ചെന്നു. 1950-ല്‍ കല്‍ക്കത്ത അതിരൂപതയ്ക്ക് കീഴില്‍ മിഷനറീസ് ഓഫ് ചാരിറ്റി എന്ന സന്യാസസമൂഹത്തിന് രൂപം നല്കി. കുഷ്ഠരോഗികള്‍ക്കായുള്ള ആതുരാലയങ്ങളും അനാഥാലയങ്ങളും ഫാമിലി ക്ലിനിക്കുകളും സഞ്ചരിക്കുന്ന ക്ലിനിക്കുകളുമെല്ലാമായിരുന്ന മദര്‍ തെരേസായുടെ പ്രവര്‍ത്തനമേഖലകള്‍. കല്‍ക്കത്താ നഗരത്തിലെ അശരണര്‍ക്കായുള്ള ആദ്യഭവനമായ നിര്‍മ്മല്‍ ഹൃദയ് 1952-ല്‍ ആരംഭിച്ചു. ചേരികളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനങ്ങളാരംഭിച്ചു. തെരുവില്‍ ഉപേക്ഷിക്കപ്പെടുന്നവര്‍ക്കായി നിര്‍മല ശിശുഭവനും തുടങ്ങി. 1965-ല്‍ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയെ പൊന്തിഫിക്കല്‍ കോണ്‍ഗ്രിഗേഷനായി അംഗീകരിച്ചതോടെ ഇന്ത്യക്ക് പുറത്തേക്കും സേവനങ്ങള്‍ വ്യാപിപ്പിക്കാന്‍ മദറിന് കഴിഞ്ഞു. വെനിസ്വല, ഓസ്ട്രിയ, ടാന്‍സാനിയ, റോം എന്നിങ്ങനെ വിവിധയിടങ്ങളില്‍ ആശ്രമങ്ങള്‍ സ്ഥാപിച്ചു. ലോകത്തില്‍ യുദ്ധവും പ്രകൃതിദുരന്തങ്ങളും നടമാടിയ ഇടങ്ങളിലും മദര്‍ തെരേസ എത്തിച്ചേര്‍ന്നു. മുറിവേറ്റവര്‍ക്കും ദുരിതബാധിതര്‍ക്കുമായി പ്രവര്‍ത്തനങ്ങളാരംഭിച്ചു. 1997 സെപ്തംബര്‍ 5-ന് കാരുണ്യത്തിന്‍റെ ജീവനുള്ള മാലാഖ ഈ ലോകത്തോട് വിട പറഞ്ഞു. ലോകം കണ്ണീരോടെ മദറിന് വിട നല്കി.
1. മദര്‍ തെരേസ എന്ന മിഷനറി
അല്‍ബേനിയായില്‍ നിന്ന് ഇന്ത്യയിലേക്ക് മദര്‍ തെരേസ എത്തുന്നത് മിഷനറിയായിട്ടാണ്. എന്നാല്‍ ഉദ്ദേശിച്ചുവന്നതിനും അപ്പുറം ക്രിസ്തുവിനുവേണ്ടി തനിക്ക് ചെയ്യാനുണ്ട് എന്ന് മദര്‍ തിരിച്ചറിഞ്ഞു. കൊല്‍ക്കത്ത നഗരത്തിലെ പാവങ്ങളില്‍ അമ്മ ക്രിസ്തുവിന്‍റെ മുഖം കണ്ടു. അവര്‍ക്കു നല്കാവുന്ന ശുശ്രൂഷയാണ് തന്‍റെ മിഷനറി പ്രവര്‍ത്തനം എന്ന് മദര്‍ ഉറപ്പിച്ചു. നവീന്‍ ചൗളയുടെ വാക്കുകള്‍ ഇങ്ങനെയാണ്, മദര്‍ തെരേസ സുവിശേഷപ്രവര്‍ത്തകയാണ്. എന്നാല്‍, അമ്മ ഒരിക്കലും താന്‍ ശുശ്രൂഷിക്കുന്നവരുടെ മരണക്കിടക്കയില്‍ വച്ച് മാമ്മോദീസാ മുങ്ങിയവരുടെയോ മാനസാന്തരപ്പെട്ടവരുടെയോ കണക്കെടുക്കാറില്ല. ക്രിസ്തുവിനോടൊപ്പം ജീവിക്കുക, പാവങ്ങളില്‍ അവനെ ശുശ്രൂഷിക്കുക, പാവങ്ങളെ ശുശ്രൂഷിക്കുന്നതിലൂടെ ക്രിസ്തുവിനോട് ഒന്നായിത്തീരുക – അതായിരുന്നു അമ്മ ചെയ്തിരുന്നത്.
മദര്‍ തെരേസ മതംമാറ്റുകയാണെന്ന ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ചിരിച്ചുകൊണ്ട് അമ്മ പറഞ്ഞത് ഇങ്ങനെയാണ്… ഞാന്‍ മാനസാന്തരപ്പെടുത്താറുണ്ട്. നിങ്ങളെ ഒരു നല്ല ഹിന്ദുവായി, ക്രിസ്ത്യാനിയെ ഒരു നല്ല ക്രൈസ്തവനായി, മുസ്ലിമിനെ നല്ല മുസ്ലിമായി, ജൈനനെയോ ബുദ്ധമതാനുയായിയേയോ കൂടുതല്‍ നല്ല മനുഷ്യരായി ഞാന്‍ മാനസാന്തരപ്പെടുത്താറുണ്ട്. ദൈവത്തെ കണ്ടെത്താന്‍ എനിക്ക് നിങ്ങളെ സഹായിക്കാന്‍ കഴിയും. എന്നാല്‍ കണ്ടെത്തിക്കഴിയുമ്പോള്‍ എന്തു ചെയ്യണമെന്നത് നിങ്ങള്‍ തന്നെയാണ് തീരുമാനിക്കേണ്ടത്.
2. ജീവനുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ – പ്രവര്‍ത്തനങ്ങള്‍
സ്വര്‍ഗ്ഗമുണ്ട് എന്ന് അനേകര്‍ക്ക് ഉറപ്പു നല്കിയ വിശുദ്ധ ജീവിതമായിരുന്നു മദര്‍ തെരേസയുടേത്. കരയുന്ന മിഴികളിലെ കണ്ണീരൊപ്പി അവിടെ ദിവ്യസ്പര്‍ശനം കൊണ്ട് സ്നേഹത്തിന്‍റെ തിളക്കങ്ങള്‍ സൃഷ്ടിക്കാന്‍ വിശുദ്ധ മദര്‍ തെരേസക്ക് സാധിച്ചു. വിങ്ങുന്ന മനസ്സുകളിലെ സങ്കടങ്ങള്‍ നീക്കി അവിടം ആനന്ദം കൊണ്ട് നിറക്കാനും കണ്ണീര്‍ തുടച്ച് മന്ദഹാസം വിരിയിക്കാനും ആകുലതകള്‍ അകറ്റി പ്രതീക്ഷ പകരാനും മദര്‍ തെരേസക്ക് സാധിച്ചു. സമൂഹത്തിലെ തിന്മകള്‍ക്കെതിരേ പോരാടുന്നവരും ആരോരുമില്ലാത്തവര്‍ക്ക് തുണയാകാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നവരും ധാരാളമുള്ള ലോകത്തിലും മദര്‍ തെരേസ വേറിട്ടു നില്ക്കുന്നുണ്ട്. നീലക്കരയുള്ള അമ്മയുടെ പരുക്കന്‍ വെള്ളസാരി ലോകം ശ്രദ്ധിച്ചത് ജീവനുവേണ്ടിയുള്ള അവളുടെ പ്രാർത്ഥനകളും പ്രവര്‍ത്തനങ്ങളും കണ്ടിട്ടായിരുന്നു. ക്രിസ്തുവിന്‍റെ പാതയിലൂടെ തന്നെ ചരിക്കാനായിരുന്നു മദറിനിഷ്ടം. ചുങ്കക്കാരും പാപികളും മുടന്തരും അന്ധരും ഉള്‍പ്പെട്ടതായിരുന്നു അവന്‍റെ രാജ്യം. കാണാതെ പോയ ഒരാടിനെപ്പോലും തേടിപ്പോകുന്ന ആ നല്ലിടയന്‍റെ കാലടിപ്പാടുകളിലൂടെയാണ് ഇടറിവീഴാതെ മദര്‍ നടന്നത്. ജീവന്‍റെ ഓരോ തുടിപ്പും വിലപ്പെട്ടതാണെന്ന് അവളോട് മന്ത്രിച്ചത് ക്രിസ്തു തന്നെയായിരുന്നു.
മദര്‍ തെരേസ ഒരിക്കല്‍ പറഞ്ഞു, ഈ ലോകത്ത് അപ്പത്തിനുവേണ്ടിയുള്ളതിനേക്കാള്‍ വിശപ്പ് സ്നേഹത്തിനും അംഗീകാരത്തിനും വേണ്ടിയാണ്. വിശക്കുന്നവര്‍ക്കും വസ്ത്രമില്ലാത്തവര്‍ക്കും ഭവനരഹിതര്‍ക്കും മാത്രമാണ് ദാരിദ്ര്യം എന്ന് നമ്മള്‍ കരുതും. എന്നാല്‍ സ്നേഹിക്കനും ശ്രദ്ധിക്കാനും ആരുമില്ലാത്തവരും ആര്‍ക്കും വേണ്ടാത്തവരുമാണ് ഏറ്റവും വലിയ ദാരിദ്ര്യത്തില്‍ കഴിയുന്നത്. ഈ ദാരിദ്ര്യത്തിന് പരിഹാരമുണ്ടാക്കാന്‍ നാം നമ്മുടെ വീടുകളില്‍ത്തന്നെ ആരംഭിക്കണം.
ജീവിതത്തിലെ 60 സംവത്സരങ്ങള്‍ കൊല്‍ക്കൊത്ത നഗരത്തിലെ പാവപ്പെട്ടവര്‍ക്കൊപ്പമാണ്, ആ തെരുവിലെ അഗതികള്‍ക്കൊപ്പമാണ് മദര്‍ തെരേസ കഴിച്ചുകൂട്ടിയത്. പാവപ്പെട്ടവരെ സാമ്പത്തികമായും ശാരീരികമായും സഹായിക്കുന്ന അനവധിയാളുകള്‍ ലോകത്തിലുള്ളപ്പോഴും അവര്‍ക്കിടയില്‍ മദറിന്‍റെ സാന്നിദ്ധ്യം വേറിട്ടതാകുന്നത് മദര്‍ തന്‍റെ പ്രിയപ്പെട്ടവര്‍ക്ക് നല്കിയ സ്നേഹത്തിന്‍റെ പ്രത്യേകതകൊണ്ടാണ്. സിസ്റ്റര്‍ തെരേസിനെ പാവങ്ങള്‍ അമ്മേയെന്ന് വിളിച്ചതിന്‍റെ കാരണവും അമ്മയ്ക്കു തുല്യമായ അവളുടെ സ്നേഹമനസ്സായിരുന്നു.
3. ആദരവുകളുടെ നിര
ബഹുമതികളുടെയും ആദരവുകളുടെയും വലിയ നിര തന്നെ മദര്‍ തെരേസായ്ക്ക് ലോകം സമ്മാനിച്ചിട്ടുണ്ട്. ആദരിക്കപ്പെടേണ്ട വ്യക്തിത്വമായിരുന്നു മദറിന്‍റേത് എന്ന് സര്‍വ്വലോകവും സംശയലേശമെന്യേ തിരിച്ചറിഞ്ഞിരുന്നു. ആരാലും എതിര്‍ക്കപ്പെടാത്ത അംഗീകാരങ്ങളായിരുന്നു മദറിന് സമ്മാനിക്കപ്പെട്ടിരുന്നത്. 1962-ല്‍ പദ്മശ്രീ ബഹുമതി നല്കി ഭാരതം മദറിനെ ആദരിച്ചു. 1979-ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം മദര്‍ തെരേസക്ക് നല്കിക്കൊണ്ട് അന്താരാഷ്ട്രസമൂഹം മദറിന്‍റെ സവിശേഷ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചു. 1980-ല്‍ ഭാരതത്തിന്‍റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന നല്കി രാഷ്ട്രം മദറിന്‍റെ എക്കാലത്തെയും മഹാസേവനങ്ങളെ ഔദ്യോഗികമായിത്തന്നെ ലോകത്തിന് മുന്നില്‍ ഉയര്‍ത്തിപ്പിടിച്ചു.
ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ തപാല്‍ മുദ്രയാല്‍ ഭാരതത്തില്‍ ആദരിക്കപ്പെടാനും മദര്‍ തെരേസക്ക് ഇടയായി. മദര്‍ തെരേസയുടെ 70-ാം ജന്മദിനമായിരുന്ന 1980 ഓഗസ്റ്റ് 27-നാണ് ആ സ്റ്റാമ്പിറങ്ങിയത്. ഇറ്റലി, സൈപ്രസ്, മംഗോളിയ, ടാന്‍സാനിയെ തുടങ്ങിയ പല വിദേശരാജ്യങ്ങളും മദര്‍ തെരേസയെ അനുസ്മരിച്ച് സ്റ്റാമ്പുകള്‍ ഇറക്കിയിട്ടുണ്ട്. അമേരിക്ക 2010 സെപ്തംബറിലാണ് സ്റ്റാമ്പുകള്‍ ഇറക്കിയത്. സ്റ്റാമ്പിനൊപ്പം പ്രഥമദിന കവറുകളും ഇറക്കിയിരുന്നു. വത്തിക്കാന്‍ 2003 ഒക്ടോബര്‍ 19-ന് വാഴ്തത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടാണ് സ്റ്റാമ്പ് പ്രകാശനം ചെയ്തത്.
4. അന്താരാഷ്ട്ര വ്യക്തിത്വം
സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് അര്‍ഹയായതോടെ മദര്‍ തെരേസ ലോകമെമ്പാടും പ്രശസ്തയായി. ആ പ്രശസ്തിയിലൂടെ മദറിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ എല്ലാ വസ്തുവകകളും മദറിലേക്ക് എത്തിച്ചേര്‍ന്നു. മാത്രവുമല്ല, അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വമായി മദര്‍ തെരേസ മാറിത്തീര്‍ന്നു. ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും മിഷണറീസ് ഓഫ് ചാരിറ്റിയിലേക്ക് സഹായങ്ങള്‍ പ്രവഹിച്ചു തുടങ്ങി. മദറിന്‍റെ സന്യാസസമൂഹത്തോട് സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ പല പ്രസ്ഥാനങ്ങളും മുന്നോട്ടു വന്നു. എവിടെ നിന്നെങ്കിലുമൊക്കെയായി എപ്പോഴും പണവും മരുന്നുകളും സ്ഥലങ്ങളും കെട്ടിടങ്ങളും വന്നുചേര്‍ന്നുകൊണ്ടേയിരുന്നു. വിശ്രമിക്കാന്‍ സമയം ലഭിക്കാതെ മദര്‍ യാത്രകള്‍ ചെയ്തുകൊണ്ടിരുന്നു. പല രാജ്യങ്ങളിലേക്കും പല ചടങ്ങുകളിലേക്കും ക്ഷണിക്കപ്പെട്ടു. പുതിയ ഭവനങ്ങള്‍ സ്ഥാപിക്കാന്‍ അവസരം കിട്ടാവുന്ന ഒരു യാത്രയും മദര്‍ ഒഴിവാക്കിയില്ല. ലോകത്തിന്‍റെ ഏതു ഭാഗത്തായാലും തന്‍റെ സന്യാസസമൂഹത്തിന് സഹായിക്കാന്‍ സാദ്ധ്യതയുണ്ട് എന്ന് കണ്ടെത്തിയാല്‍ മദര്‍ അവിടെ എത്തിച്ചേരുമായിരുന്നു. ഏത്യോപ്യായില്‍ കടുത്ത ക്ഷാമം ഉണ്ടായപ്പോള്‍ അവിടെ, ചെര്‍ണോബില്‍ ആണവദുരന്തം ഉണ്ടായപ്പോള്‍ സോവ്യറ്റ് യൂണിയനില്‍, ഭോപ്പാലില്‍ വാതകദുരന്തമുണ്ടായപ്പോള്‍ അവിടെ, ബെയ്റൂട്ടില്‍ യുദ്ധമുണ്ടായപ്പോള്‍ അവിടെ… സ്വന്തം ആരോഗ്യത്തെക്കുറിച്ച് ആലോചിക്കുക പോലും ചെയ്യാതെ മദര്‍ തെരേസ തന്‍റെ സാന്നിദ്ധ്യം കൊണ്ട് എല്ലായിടങ്ങളിലും അനുഗ്രഹമായിത്തീര്‍ന്നു.
നൊബേല്‍ സമ്മാനം ലഭിക്കുന്നതു വരെ മിഷനറീസ് ഓഫ് ചാരിറ്റിക്ക് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 158 ഭവനങ്ങളാണ് ഉണ്ടായിരുന്നത്. പിറ്റേ വര്‍ഷം ബംഗ്ലാദേശില്‍ മാത്രം 14 പുതിയ സദനങ്ങള്‍ തുറന്നു. ബെല്‍ജിയത്തിലും റോമിലും രണ്ടെണ്ണം വീതം, പാപ്പുവ ന്യൂഗിനി, നേപ്പാള്‍, എത്യോപ്യാ, ഫ്രാന്‍സ്, യുഗോസ്ലാവ്യ, അര്‍ജന്‍റീന, സ്പെയിന്‍, അമേരിക്ക, ചിലി എന്നിവിടങ്ങളില്‍ ഓരോന്നും. 1981-ല്‍ 18 പുതിയ ഭവനങ്ങള്‍ തുറന്നു. 1982-ല്‍ പന്ത്രണ്ട്, 83-ല്‍ പതിനാല്. മരണാസന്നരുടെ സദനങ്ങള്‍ മാത്രമെടുത്താല്‍ 1982 വരെ 81 എണ്ണമാണ് ഉണ്ടായിരുന്നത്. അതുവരെ അവിടെ പ്രവേശം ലഭിച്ചവരുടെ എണ്ണം 13,000. അറുപത് ലക്ഷം രോഗികളെ 670 മൊബൈല്‍ ക്ലിനിക്കുകളില്‍ ശുശ്രൂഷിച്ചു. 12,000 ദരിദ്രസ്ത്രീകളെ തൊഴിലഭ്യസിപ്പിച്ചു.
1986-ലെ ചെര്‍ണോബില്‍ ന്യൂക്ലിയര്‍ ദുരന്തം ആയിരങ്ങളുടെ ജീവന് ഭീഷണിയാവുകയും ലക്ഷക്കണക്കിന് ആളുകള്‍ക്ക് അവരുടെ വാസസ്ഥലം വിട്ടുപോവുകയും ചെയ്യേണ്ടിവന്നു. മദര്‍ തെരേസ ആ സമയത്ത് സോവ്യറ്റ് യൂണിയനിലെത്തി. രണ്ടു വര്‍ഷത്തിന് ശേഷം മിഷനറീസ് ഓഫ് ചാരിറ്റി മോസ്കോയില്‍ പ്രവര്‍ത്തിക്കാനായി ക്ഷണിക്കപ്പെട്ടു. റഷ്യയില്‍ കമ്യൂണിസ്റ്റ് ഭരണം വന്ന ശേഷം അവിടെയൊരു മിഷനറി സംഘത്തിന് പ്രവര്‍ത്തിക്കാന്‍ അനുമതി കിട്ടുന്നത് അത് ആദ്യമായിരുന്നു.
5. വിമര്‍ശനങ്ങള്‍
മദര്‍ തെരേസയുടെ ജീവിതത്തിന്‍റെ നന്മ മുഴുവന്‍ ഉള്‍ക്കൊണ്ട ഭാരതത്തില്‍ നിന്ന് തന്നെയാണ് ഏറ്റവുമതികം എതിര്‍പ്പുകളും വിമര്‍ശനങ്ങളും മദറിന് നേരിടേണ്ടി വന്നത്. മദര്‍ ഇന്ത്യയിലെത്തിയത് ഗൂഡാലോചനയുടെ ഭാഗമായിട്ടാണെന്നായിരുന്നു ഒളിഞ്ഞും തെളിഞ്ഞും രാഷ്ട്രീയനേതൃത്വത്തിലുള്ളവര്‍ പോലും പറഞ്ഞുകൊണ്ടിരുന്നത്. മതപരിവര്‍ത്തനത്തിനുവേണ്ടിയാണ് മദര്‍ ഇന്ത്യയിലെത്തിയതെന്നും മദറിന്‍റെ പരസ്നേഹപ്രവര്‍ത്തനങ്ങളെല്ലാം അത്തരം ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ടായിരുന്നുവെന്നും വാദിച്ചവര്‍ വിരളമല്ല. മരിച്ചുകൊണ്ടിരുന്നവരെ മദര്‍ മാമ്മോദീസാ മുക്കിയെന്നും രോഗികളുടെ മരണം കണ്ട് ആനന്ദിക്കാനാണ് മദര്‍ അവരെ തെരുവുകളില്‍ നിന്ന് എടുത്തുകൊണ്ടു പോയതെന്നും വരെ വാദിക്കുന്ന വികൃതമനസ്സുകളെയും നാം കണ്ടുമുട്ടുന്നുണ്ട്. എന്നാല്‍ വൃദ്ധസദനങ്ങളിലുള്ളവര്‍ മരിക്കുമ്പോള്‍ അവരുടെ മതാനുഷ്ഠാനപ്രകാരം അന്ത്യകര്‍മ്മങ്ങള്‍ നല്കുകയും അങ്ങനെ നല്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്ത മദറിനെ അവരാരും കണ്ടിട്ടുണ്ടായിരുന്നില്ല. മതപരിവര്‍ത്തനത്തിന് തികച്ചും സൗകര്യമുള്ള വിദ്യാഭ്യാസമേഖല ഉപേക്ഷിച്ചിട്ടാണ് മദര്‍ ആര്‍ക്കും വേണ്ടാത്തവരുടെ ഇടയിലേക്ക് ഇറങ്ങിപ്പോയതെന്ന് അവര്‍ ഓര്‍മ്മിക്കുന്നില്ല. ഒരു വ്യക്തിയുടെ അറിവും സമ്മതവുമില്ലാതെ അയാളെ മാമ്മോദീസാ മുക്കാനാവില്ലെന്നും അങ്ങനെ മുക്കിയാല്‍ത്തന്നെ അതൊന്നും സാധുവായിരിക്കില്ലെന്നും ആരും ചിന്തിക്കുന്നില്ല. മരിക്കാനുള്ളവരെ മാത്രമല്ല, ജീവിച്ചിരിക്കുന്നവരെയും ജീവിക്കാനുള്ളവരെയും മദര്‍ തെരേസയുടെ വിശുദ്ധജീവിതം സ്വീകരിക്കുകയും പരിപാലിക്കുകയും ചെയ്തിരുന്നുവെന്നതും പലരും സൗകര്യപൂര്‍വ്വം മറക്കുന്നു. യുക്തിബോധമില്ലാത്ത യുക്തിവാദികളും സൈദ്ധാന്തികഭദ്രതയില്ലാത്ത നിരീശ്വരവാദികളുമാണ് അവരില്‍ പലരും ജനിക്കുന്നതിന് മുമ്പേ ഈ ലോകത്തില്‍ നിന്ന് പിന്‍വാങ്ങിയ മദറിനെ വിമര്‍ശിക്കുന്നത് എന്നതാണ് രസകരം. മദര്‍ തെരേസയെപ്പോലുള്ള വിശുദ്ധജീവിതങ്ങളുടെ അയ്ല്പ്ക്കത്ത് പോലും എത്തിനോക്കാന്‍ അര്‍ഹതയില്ലാത്തവയാണ് ഇത്തരം പ്രസ്ഥാനങ്ങള്‍. നന്മയും കാരുണ്യവും സ്നേഹവും മാത്രം സഹജീവികള്‍ക്ക് നല്കി കടന്നുപോയ ഒരു കൃശഗാത്രയെപ്പോലും വിമര്‍ശിച്ചുകൊണ്ടു മാത്രമേ തങ്ങള്‍ക്ക് നിലനില്‍ക്കാന്‍ കഴിയൂ എന്നു ചിന്തിക്കുന്നവരുടെ പ്രസ്ഥാനങ്ങള്‍ എത്ര ദുര്‍ബലമാണ് എന്നു മാത്രം ഓര്‍മ്മിക്കാം. അവരുടെ വാദഗതികളില്‍ യാതൊരു കഴമ്പുമുണ്ടാവില്ല താനും.
ജീവിച്ചിരുന്ന കാലത്ത് നരകത്തിലെ മാലാഖയെന്നാണ് ചിലര്‍ മദര്‍ തെരേസയെ വിശേഷിപ്പിച്ചത്. എന്നാല്‍ മദറിന്‍റെ ജീവിതത്തിലും പ്രവര്‍ത്തനങ്ങളിലും ആകൃഷ്ടരായ യുവജനങ്ങള്‍ മദറിന്‍റെ അടുക്കലേക്ക് നിരന്തരം എത്തിച്ചേര്‍ന്നു. ആരും നിര്‍ബന്ധിക്കാതെ സന്നദ്ധസേവനത്തിനായി എത്തിച്ചേര്‍ന്ന അവര്‍ക്ക് ആരും യാതൊരു പ്രതിഫലവും നല്കിയുമില്ല. വിവിധ മതങ്ങളില്‍ നിന്നുള്ളവരായിരുന്നു അവര്‍. ആരെയും മദര്‍ മതംമാറ്റിയില്ല, ആര്‍ക്കും മദര്‍ ആനുകൂല്യങ്ങള്‍ നല്കിയുമില്ല. ആവശ്യക്കാരെ കാണാനുള്ള ശിക്ഷണമായിരുന്നു എല്ലാവര്‍ക്കും മദറില്‍ നിന്ന് ലഭിച്ചത്. ദാരിദ്ര്യം നിലനിര്‍ത്താനാണ് മദര്‍ ശ്രമിക്കുന്നത് എന്ന് വിമര്‍ശിച്ചവരും ഉണ്ടായിരുന്നു. എന്നാല്‍ തന്‍റെ ശുശ്രൂഷാജീവിതത്തിന് ഇത്തരം വിമര്‍ശനങ്ങളൊന്നും തന്നെ തടസ്സം സൃഷ്ടിക്കാതിരിക്കാന്‍ മദര്‍ തെരേസ ശ്രദ്ധിച്ചിരുന്നു.
6. മറക്കാനാവാത്ത മടക്കയാത്ര
1997 സെപ്തംബര്‍ 5-നാണ് മദര്‍ തെരേസ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. വളരെ ശാന്തവും സ്വര്‍ഗ്ഗീയവുമായ ഒരു മടക്കയാത്ര. ആരെയും അസ്വസ്ഥതപ്പെടുത്താതെ യാതൊരു വിധ പ്രതിസന്ധികളും സൃഷ്ടിക്കാതെ പാവങ്ങളുടെ അമ്മ വിടപറഞ്ഞു. അവസാനമില്ലെന്ന് തോന്നിച്ച മനുഷ്യനിര നിശബ്ദമായി തങ്ങളുടെ പ്രിയപ്പെട്ട അമ്മയെ കാണാന്‍ തിരക്കുകൂട്ടി. കല്‍ക്കട്ട നഗരം സെന്‍റ് തോമസ് ദേവാലയത്തില്‍ മദറിന്‍റെ ചേതനയറ്റ ശരീരത്തിന് മുന്നിലൂടെ ഒഴുകുമ്പോള്‍ രാജ്യം വിലപിക്കുകയായിരുന്നു. രാജ്യം ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക താഴ്ത്തിക്കെട്ടി രാജ്യം ലോകാദരണീയയെ വന്ദിച്ചു. ചുളിഞ്ഞുണങ്ങിയ കൈപ്പത്തിക്കുള്ളില്‍ ജപമാല തെരുപ്പിടിച്ച് മദര്‍ ജനകോടികള്‍ക്കായുള്ള പ്രാര്‍ത്ഥനയായി മയങ്ങി. സെപ്തംബര്‍ 13 ശനിയാഴ്ച രാഷ്ട്രത്തിന്‍റെ പരമോന്നത പദവിയില്‍ ഇരുന്നവര്‍ക്ക് മാത്രം നല്കാറുള്ള സമ്പൂര്‍ണ്ണ ദേശീയബഹുമതികളോടെ മദറിന്‍റെ സംസ്കാരശുശ്രൂഷകള്‍ നടത്തി. എട്ട് സൈനിക ഓഫീസര്‍മാര്‍ ചേര്‍ന്നാണ് മദറിന്‍റെ ഭൗതികശരീരം വഹിച്ചത്. മഹാത്മാഗാന്ധിയുടെ ഭൗതികദേഹം വഹിച്ച അതേ വാഹനം. ദേശീയപതാക പെട്ടിക്കുമേല്‍ വിരിച്ചിരുന്നു.
മാര്‍പാപ്പയുടെ പ്രതിനിധിയായ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദി. ആഞ്ചലോ സൊഡാനോ, മറ്റ് കര്‍ദ്ദിനാള്‍മാര്‍, മെത്രാന്മാര്‍, രാഷ്ട്രപതി കെ.ആര്‍ നാരായണന്‍, പ്രധാനമന്ത്രി, ഐ.കെ. ഗുജ്റാള്‍, സോണിയാ ഗാന്ധി, അമേരിക്കയുടെ പ്രഥമവനിത ഹിലരി ക്ലിന്‍റണ്‍, ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി ജോണ്‍ പ്രിസ്കോട്ടും കെന്‍റ് പ്രഭ്വിയും, ഇറ്റാലിയന്‍ പ്രസിഡന്‍റ് സ്കല്‍ഫാരോ, സ്പെയിനിലെ സോഫിയാ രാജ്ഞി, ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ പത്നി ബെര്‍ണദത്ത് ഷിറാക്, കനേഡിയന്‍ പ്രധാനമന്ത്രിയുടെ പത്നി അലൈന്‍ ക്രേറ്റ്യന്‍ തുടങ്ങിയ പ്രമുഖരുടെ നിര മദറിന് ആദരാജ്ഞലിയര്‍പ്പിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നും പ്രസ്ഥാനങ്ങളില്‍ നിന്നുമായി പതിനായിരത്തിലേറെപ്പേര്‍. അങ്ങനെ അനേകായിരങ്ങളുടെ ആദരാജ്ഞലികള്‍ സ്വീകരിച്ച് മദര്‍ തെരേസയുടെ ഭൗതികദേഹം കല്‍ക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ മദര്‍ ഹൗസില്‍ അന്ത്യവിശ്രമം കൊള്ളുന്നു.
7. വിശുദ്ധപദപ്രഖ്യാപനം
ജീവിച്ചിരുന്നപ്പോഴേ മദര്‍ വിശുദ്ധയായിരുന്നുവെന്ന് ലോകം അംഗീകരിച്ചതാണ്. എങ്കിലും ഔദ്യോഗികമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 2003 ഒക്ടോബര്‍ 19-ന് മദര്‍ തെരേസയെ വാഴ്ത്തപ്പെട്ടവളായും 2016 സെപ്തംബര്‍ 4-ന് വിശുദ്ധയായും കത്തോലിക്കാസഭ പ്രഖ്യാപിച്ചു. വിശ്വാസത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ചും അനിതരസാധാരണമായ വിശ്വാസജീവിതം നയിച്ചും വിശുദ്ധിയുടെ ഔന്നത്യത്തിലേക്ക് ഉയര്‍ത്തപ്പെടുന്നവര്‍ സഭയുടെ കരുത്താണ്. ഇവരുടെ മാതൃകാപരമായ ജീവിതം വിശ്വാസികള്‍ക്കും മറ്റെല്ലാവര്‍ക്കും പ്രചോദനമായിത്തീരുന്നു. എല്ലാ പൂര്‍ണതകളുടെയും ഉടമയായ ഈശോമിശിഹാ എല്ലാവരെയും തന്‍റെ പിതാവിന്‍റെ പൂര്‍ണതയിലേക്ക് ക്ഷണിക്കുകയാണ്. ദൈവത്തിന്‍റെ മഹാപരിശുദ്ധിയിലേക്കുള്ള ഈ ക്ഷണം സ്വീകരിക്കാന്‍ ഏവര്‍ക്കും മാതൃകയാണ് വിശുദ്ധര്‍. മദര്‍ തെരേസയും തന്‍റെ ധന്യജീവിതത്തിലൂടെ അനേകമനേകം മനുഷ്യര്‍ക്ക് പ്രചോദനവും മാതൃകയുമായിത്തീര്‍ന്നുകൊണ്ടാണ് ദൈവികപരിശുദ്ധിയുടെ പൂര്‍ണതയിലേക്ക് നമ്മെയും സ്വാഗതം ചെയ്യുന്നത്.
സമാപനം
ലോകം മുഴുവന്‍ മദര്‍ തെരേസയെ സ്നേഹിച്ചു. മദര്‍ തെരേസ ലോകത്തെ മുഴുവനായും പ്രത്യേകിച്ച് കൂടുതല്‍ അര്‍ഹതപ്പെട്ട പാവങ്ങളെയും സ്നേഹിച്ചു. എല്ലാ തലങ്ങളിലുമുള്ളവര്‍ മദറിന് സ്വീകാര്യരായിരുന്നു. മദറിനെയും ഏവരും നിറമനസ്സോടെ സ്വീകരിച്ചു. മാര്‍പാപ്പ, രാഷ്ട്രത്തലവന്മാര്‍, ബിസിനസ്സുകാര്‍, ഉദ്യോഗസ്ഥര്‍, മതനേതാക്കള്‍ എന്നിങ്ങനെ ഏവരും മദര്‍ തെരേസയോട് ആദരപൂര്‍വ്വം ഇടപെട്ടു. ഐക്യരാഷ്ട്രസഭയില്‍ മദറിന്‍റെ വാക്കുകള്‍ക്ക് കാതോര്‍ത്ത് രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ കാത്തിരുന്നു. രാഷ്ട്രത്തിന് നല്കാന്‍ കഴിയുന്ന പരമോന്ന ബഹുമതി നല്കി ഭാരതവും നല്കാന്‍ കഴിയുന്ന പരമോന്നത ബഹുമതി നല്കി അന്താരാഷ്ട്ര സമൂഹവും മദറിനെ ആദരിച്ചു. കത്തോലിക്കാസഭ മദറിനെ വിശുദ്ധരുടെ നിരയില്‍ വണങ്ങുന്നു. ഇങ്ങനെയൊക്കെയായിട്ടും ഹ്രസ്വദൃഷ്ടിയുള്ളവരും ചിന്തയില്‍ കുറിയവരുമായി കുറേപ്പേരുടെ എഴുത്തുകളിലും പറച്ചിലുകളിലും വിശുദ്ധ മദര്‍ തെരേസ വെറുക്കപ്പെടേണ്ടവളാണത്രേ. നിന്ദനം ശീലമാക്കിയവരുടെ ലോകത്തില്‍ മദര്‍ തെരേസ പോലും പരിഹസിക്കപ്പെടുന്നുവെങ്കില്‍ സാധാരണ മനുഷ്യരുടെ അവസ്ഥ എത്രയോ പരിതാപകരമായിരിക്കുമെന്ന് ഊഹിക്കുക പോലും വയ്യ.
✍️നോബിള്‍ തോമസ് പാറക്കല്‍










Leave a Reply