Sathyadarsanam

സ്‌പെയിനിലെ_മുസ്‌ലിം_അധിനിവേശവും_ യാഥാർഥ്യങ്ങളും

സ്പെയിനിലെ മുസ്‌ലിം അധിനിവേശങ്ങളെ പറ്റി തീർത്തും തെറ്റായ ധാരണകൾ പ്രചരിപ്പിക്കുന്നത് കാണാൻ ഇടയായി. യഥാർത്ഥത്തിൽ സ്‌പെയിനിലെ മുസ്‌ലിം അധിനിവേശത്തെ അധിനിവേശം എന്നതിനേക്കാൾ “വിമോചനം” എന്ന രീതിയിലാണ് തദ്ദേശീയ ജനതയായ യഹൂദന്മാരും യഹൂദ ചരിത്രകാരന്മാരും കണ്ടിരുന്നത് എന്നാണ് മനസ്സിലാകുന്നത്. ചരിത്രത്തിലേക്ക് വരാം…

ഇന്ന് സ്പെയിൻ ഉൾകൊള്ളുന്ന ഐബീരിയൻ ഉപദ്വീപിന്റെ തീരങ്ങൾ, അഞ്ചാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ
വിസിഗോത്ത്കളുടെ (ഗോത്ത്സ്) അധികാരത്തിൽ ആയിരുന്നു. ആറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ King Reccared (586-601) ന്റെ കാലത്ത് വിസ്‌ഗോത്ത്കൾ ആര്യനിസത്തിൽ നിന്ന് കത്തോലിക്ക മതക്കാരായി ത്തീർന്നു. ഈ കാലയളവിൽ നിരവധി ചർച്ച് കൗൺസിലുകൾ നടന്നു. പ്രാദേശിക ക്രിസ്ത്യാനികളുടെ അടിയന്തിരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ തീരുമാനമെടുക്കാൻ സഭാ കൗൺസിലുകൾ സാധാരണയായി ഇടപെടലുകൾ നടത്താറുണ്ട്.
ഗോതിക് സ്പെയിനിന്റെ തലസ്ഥാനമായ
ടോളിഡോ നഗരത്തിൽ വെച്ച് നടത്തപ്പെട്ടിരുന്ന ഈ കൗൺസിലുകൾ ‘ടോളിഡോ കൗൺസിലുകൾ’
എന്നറിയപ്പെട്ടു. സെഫാർഡിക് ജൂതന്മാർ എന്നറിയപ്പെടുന്ന ഒരു കൂട്ടം ജൂതന്മാർ ഈ കാലത്ത് ഐബീരിയൻ ഉപദ്വീപിൽ താമസിച്ചിരുന്നു.

ആറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ടോളിഡോയിൽ നടന്ന കൗൺസിലുകളുടെ ഈ സീരീസ്, ഏഴാം നൂറ്റാണ്ടിൽ യഹൂദമതത്തെ പൂർണ്ണമായും പിഴുതെറിയാനുള്ള സമൂല ലക്ഷ്യങ്ങൾ സ്വീകരിച്ചു. തേർഡ് കൗൺസിൽ ഓഫ് ടോളിഡോയിൽ (CE 589), മിശ്ര വിവാഹത്തിൽ ജനിക്കുന്ന കുട്ടികൾ ക്രിസ്ത്യാനികളായി വളർത്തപ്പെടണമെന്നും ജൂതന്മാരെ അധികാര സ്ഥാനങ്ങളിലേക്ക് നിയമിക്കാൻ കഴിയില്ലെന്നും വിധിക്കപ്പെട്ടു [The Goths in Spain, Thompson, E. A]

CE 694 ലെ പതിനേഴാം കൗൺസിൽ വരെയുള്ള തുടർച്ചയായ കൗൺസിലുകളിൽ ശബ്ബത്ത്, ഭക്ഷണനിയമങ്ങൾ, വിവാഹ നിയമങ്ങൾ, ജൂത കുഞ്ഞുങ്ങളുടെ പരിച്ഛേദന എന്നിവയുമായി ബന്ധപ്പെട്ട് ജൂതന്മാർക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അവിടെ അവരുടെ സ്വത്തുക്കളെല്ലാം രാജാവിലേക്ക് കണ്ടുകെട്ടിയിരുന്നു. ഏഴ് വയസ്സിനു മുകളിലുള്ള ജൂത കുട്ടികളെ അവരിൽ നിന്ന് തട്ടിയെടുക്കുകയും ക്രിസ്ത്യാനികളായി വളർത്തപ്പെടുകയും ചെയ്തു.
[Jews of Spain: A History of the Sephardic Experience, Jane S Gerber]

എന്നാൽ CE 710 ൽ King Roderic അധികാരമേറ്റപ്പോൾ വിസിഗോത്തിക് സ്പെയിനിലെ ജീവിതം കൂടുതൽ അധർപതിച്ചു. അദ്ദേഹത്തിന്റെ കീഴിലുള്ള സ്വേച്ഛാധിപത്യപരവും അടിച്ചമർത്തുന്നതുമായ ഭരണം ജൂതന്മാരെയും ജൂതന്മാരല്ലാത്തവരെയും ഒരുപോലെ പീഡിപ്പിക്കുന്നതായിരുന്നു. ഈ സങ്കീർണമായ കാലഘട്ടത്തിലാണ് ക്യൂറ്റയിലെ (Cueta) ക്രിസ്ത്യൻ ഗവർണറായ ജൂലിയൻ, നോർത്ത് ആഫ്രിക്കയിലെ മുസ്‌ലിംകളെ വന്നു കാണുകയും തങ്ങളെ ഈ ദുരിതത്തിൽ നിന്നും സഹായിക്കണമെന്നും അഭ്യർത്ഥിക്കുന്നത്. ജൂലിയന്റെ മകളെ റോഡറിക് രാജാവ് അപമാനിച്ചതായി റിപ്പോർട്ടുകളുണ്ട്. [Ibn ‘Abd al-Hakam. Charles Cutler Torrey, ed. The History of the Conquests of Egypt, North Africa, and Spain]

ജൂലിയൻ, മുസ്ലിം ജനറലായ മൂസബ്നു നുസൈറുമായി സംസാരിച്ചു. അതിനെതുടർന്ന് അദ്ദേഹം സ്പെയിനിന്റെ തീരപ്രദേശങ്ങൾ പരിശോധിക്കുന്നതിന് ഒരു രഹസ്യാന്വേഷണ ദൗത്യവുമായി താരിഫ് ഇബ്ൻ മാലിക്കിനെ അയക്കുന്നു. . അദ്ദേഹം അന്ന് വന്നിറങ്ങിയ പട്ടണമായ “താരിഫ” ഇന്നും അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്നു. ‘വിജയകരമായ ഈ ദൗത്യത്തിനുശേഷം, ജൂലിയന് അദ്ദേഹം ആഗ്രഹിക്കുന്ന പിന്തുണ മുസ്‌ലിംകൾ നൽകേണ്ട സമയമാണിതെന്ന് മൂസബ്നു നുസൈർ തീരുമാനിക്കുന്നു. അതനുസരിച്ച്, തന്റെ നിർഭയനായ സൈന്യാധിപൻ താരീഖ് ഇബ്നു സിയാദിനെ 7,000 സൈനികരുടെ അധിപനായി (മറ്റ് കണക്കുകൾ പ്രകാരം 12,000) നിയമിക്കുന്നു. താരീഖിന് അന്ന് 17 ഇനും 20 നും ഇടയിലാണ് പ്രായം.

ചില ചരിത്രകാരന്മാർ പറയുന്നത് പ്രകാരം ജൂലിയൻ കപ്പലുകൾ വിതരണം ചെയ്തിരുന്നത് മുസ്ലിങ്ങളെ തീരങ്ങളിലേക്ക് കടത്തുന്നതിന് വേണ്ടിയാണ് എന്ന് ആണ്. എന്തുതന്നെയായാലും, താരീഖും സൈന്യവും ഇറങ്ങിയ ആദ്യത്തെ സ്ഥലത്തെ നമ്മൾ ഇന്ന് ജിബ്രാൾട്ടർ എന്നു വിളിക്കുന്നു. അവിടെ വെച്ച് താരീഖ്‌ ഇബ്ൻ സിയാദ് തങ്ങൾ വന്ന കപ്പലുകൾക്ക് തീ ഇടാൻ കല്പ്പന കൊടുത്തു. അത്‌ യോദ്ധാക്കളിൽ ഭയവും അതിജീവനവും നിറച്ചു. അവിടെ വെച്ച് അദ്ദേഹം ചരിത്രപ്രസിദ്ധമായ ഒരു സൈനിക പ്രസംഗം (Military speech) നടത്തിയതായും കാണുന്നുണ്ട്…

ഗ്വാഡലറ്റ് യുദ്ധം (BATTLE OF GUADALETE )

ക്യൂറ്റയിലെ ക്രിസ്ത്യൻ ഗവർണറായ ജൂലിയനും അദ്ദേഹത്തോട് കൂറുള്ള പുരുഷന്മാരും മുസ്‌ലിംകൾക്കായി നാടുകളിൽ വഴികാട്ടികളായി പ്രവർത്തിക്കുകയും വിസിഗോത്ത് സ്വേച്ഛാധിപത്യത്തിൽ നിന്ന് മോചിപ്പിക്കാൻ മുസ്‌ലിംകൾ വന്നിട്ടുണ്ടെന്ന് ജനങ്ങളെ അറിയിക്കുകയും ചെയ്തു. യഹൂദരുടെ സ്പാനിഷ് ജനസംഖ്യയെ സംബന്ധിച്ചിടത്തോളം, മുസ്ലിങ്ങളെ അവർ രക്ഷകരായി കാണുകയും യഹൂദന്മാർ അവരോടൊപ്പം യുദ്ധം ചെയ്യുകയും ചെയ്തിരുന്നു. യഹൂദരുടെ സംഭാവനകളെക്കുറിച്ച് ധാരാളം വിവരണങ്ങളുണ്ട്.

ചരിത്രകാരനായ Gabriel Jackson ഇപ്രകാരം പറയുന്നു :

ഭരണാധികാരികളായ പ്രഭുക്കന്മാരും വലിയൊരു വിഭാഗം ജൂതന്മാരും മുസ്‌ലിംകളെ സ്വാഗതം ചെയ്തു.”
[The Making of Medieval Spain, Gabriel Jackson]

ജൂത ചരിത്രകാരനായ Nahum Slouschz
ഇങ്ങനെ പ്രസ്താവിച്ചു:

“ 711 ലെ വിജയികളായ മുസ്‌ലിംകളെ എല്ലായിടത്തും യഹൂദന്മാർ പിന്തുണച്ചിരുന്നു, കീഴടക്കിയ എല്ലാ നഗരങ്ങളെയും പരിപാലിക്കാൻ മുസ്‌ലിംകൾ യഹൂദരെയും വിശ്വസിച്ചിരുന്നു.” [The Jews of North Africa, H. Z. Hirschberg]

വാസ്തവത്തിൽ, താരീഖ്‌ ജൂതൻമാരോട് കാണിച്ച പരിഗണനയോടുള്ള ബഹുമാനത്താൽ Nahum Slouschz നെ പോലുള്ളവർ താരീഖ് ഒരു യഹൂദനാണെന്ന് പറയുന്നിടത്തോളം എത്തി. യഹൂദന്മാർ താരീഖ് ഇബ്ൻ സിയാദിനെ അങ്ങേയറ്റം ബഹുമാനിച്ചിരുന്നു.

ഗ്വാഡലറ്റ് (Guadalete) എന്നറിയപ്പെടുന്ന സ്ഥലത്താണ് നിർണ്ണായക യുദ്ധം നടന്നത്. ഈ യുദ്ധം Battle of Guadalete എന്ന് അറിയപ്പെടുന്നു. അറബിക് സോഴ്സുകൾ King റോഡറിക്ക്ന്റെ സൈന്യം 30,000 – 100,000 വരെ കവിഞ്ഞതായി പറയുന്നു. എന്തുതന്നെയായാലും,
അവരുടെ സൈന്യം മുസ്ലിം സൈന്യത്തിന്റെ ഇരട്ടിയായിരുന്നു. ഈ യുദ്ധം മുസ്‌ലിംകളെ സംബന്ധിച്ച്റോഡെറിക് രാജാവിനെയും മർദ്ദകരായ ഗോഥുകളെയും ചരിത്രത്തിൽ നിന്ന് തന്നെ എഴുതിത്തള്ളിയ വിജയമായിരുന്നു, ഈ വിജയം സ്പെയിനിൽ എട്ട് നൂറ്റാണ്ടോളം നീണ്ട മുസ്‌ലിം ഭരണത്തിന്റെ തുടക്കം കുറിച്ചു. വിശാല കുരിശുയുദ്ധങ്ങളായ റീക്കോൺക്വിസ്റ്റയുടെ ഭാഗമായി ക്രിസ്ത്യാനികൾ CE: 1492 ൽ മുസ്‌ലിംകളുടെ അവസാന ശക്തികേന്ദ്രമായിരുന്ന ഗ്രാനഡ കീഴടക്കുന്നത് വരെ അവിടം അന്തലൂസ് എന്ന് അറിയപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *