കാക്കടവ് സമരം ജ്വലിച്ചു നിൽക്കുന്ന കാലം. എഴുപതുകളുടെ അവസാന വർഷങ്ങൾ;എമ്പതുകളുടെ തുടക്കവും. കണ്ണൂർ -കാസർഗോഡ് ജില്ലകളുടെ അതിർത്തിയിലൂടൊഴുകുന്ന കാര്യങ്കോടുപുഴയിൽ (നിരഞ്ജനയുടെ “തേജസ്വിനി” പുഴതന്നെ) കാക്കടവിൽ അണകെട്ടി തീരദേശങ്ങളിലെ നെൽകൃഷി വികസിപ്പിക്കാനുള്ള കേരളാ ഗവൺമെൻ്റ് പദ്ധതി.എ.സുബ്ബറാവു ജലസേചന വകുപ്പുമന്ത്രി.
പുഴയുടെ തീരങ്ങളിൽ താമസിക്കുന്നആയിരക്കണക്കിന് കുടുംബങ്ങൾ കുടിയിറക്കപ്പെടുന്ന അവസ്ഥ. കൃഷിയിടങ്ങൾ വെള്ളത്തിനടിയിലാകും. കർഷകർ സംഘടിച്ചു. സമരം തുടങ്ങി.പക്ഷെ ഭരണകൂടം ചെവി കൊടുത്തില്ല.
ആയിടയിൽ കേരള നിയമസഭയ്ക്കകത്ത് നാലു ചെറുപ്പക്കാരേയും സംഘടിപ്പിച്ച് സന്ദർശക ഗാലറിയിൽ കയറിക്കൂടി.നിയമസഭ ആരംഭിച്ചു.ഒരു നിർണായക നിമിഷത്തിൽ “കാക്കടവ് ഡാം പദ്ധതിയുപേക്ഷിക്കുക” എന്ന് ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി സമരത്തിൻ്റെ ലഘുലേഖകൾ സാമാജികർക്കിടയിലേയ്ക്ക് വലിച്ചെറിഞ്ഞ് വെളുത്തജൂബാ ധരിച്ചു ആ മനുഷ്യൻ മുമ്പോട്ടു നീങ്ങി.കൂട്ടാളികളും ഒപ്പം.വാച്ച് ആൻഡ് വാർഡ് സംഘംപിടിമുറുക്കുമ്പോഴേയ്ക്കും സമരം കേരളമറിഞ്ഞു.ആ ജൂബാക്കാരനെ ഉത്തര മലബാറുകാർക്ക് മറക്കാനാവില്ല. പ്രത്യേകിച്ചും ചെറുപുഴ, ഈസ്റ്റ് എളേരി പഞ്ചായത്തുകാർ നന്ദിയോടെ ഓർക്കേണ്ട മഹാവ്യക്തിത്വം.
ജോസഫ് പൊടിമറ്റം.
മലബാറിലെ കുടിയേറ്റ ജനപദത്തിലെ അപൂർവ്വ വ്യക്തിത്വം , ജോസഫ് പൊടിമറ്റത്തിൽ (പൊടിമറ്റം കുഞ്ഞേപ്പുചേട്ടൻ)ഓർമ്മയായിട്ട് മൂന്നു പതിറ്റാണ്ടാകുന്നു.(1991 മെയ് 23) കൃത്യമായി പറഞ്ഞാൽ 29 വർഷം കഴിഞ്ഞിരിക്കുന്നു. കോട്ടയം ജില്ലയിലെ തുടങ്ങനാടു നിന്ന് 1953 ൽ മലബാറിലേയ്ക്ക് കുടിയേറി, പ്രതിസന്ധികളോട് പടവെട്ടി ,ജീവിതം പടുതുയർത്തിയ ഒരാൾക്ക് ഏതു പ്രതിസന്ധിയും നിഷ്പ്രയാസം അതിജീവിക്കുമെന്നതിനുദാഹരണമാണ് കുഞ്ഞേപ്പു ചേട്ടൻ.
എല്ലാ അർത്ഥത്തിലും
“റബൽ ” ആയിരുന്നു കുഞ്ഞേപ്പു ചേട്ടൻ.എല്ലാവരും പടിഞ്ഞാറോട്ടു പോകുകയാണെങ്കിൽ കിഴക്കോട്ട് പോയാലെന്തായെന്ന ചിന്ത ജീവിതത്തിലുsനീളം പുലർത്തി. ശരിയെന്നു തോന്നുന്ന കാര്യത്തിൽ ഏതറ്റം വരെ പോകാൻ തയ്യാർ.കറയറ്റ മനുഷ്യസ്നേഹി.തികഞ്ഞ കലാകാരൻ.അങ്ങിനെ പലതുമായിരുന്നു അദ്ദേഹം.
ഫാ. വടക്കൻ്റെ കടുത്ത അനുയായി.കോൺഗ്രസിലായിരുന്നപ്പോൾ മണ്ഡലം പ്രസിഡൻ്റ്.സെക്രട്ടരിയായിരുന്നതാകട്ടെ പിന്നീട് വനം വകുപ്പു മന്ത്രിയായിരുന്ന കെ.പി.നൂറുദ്ദീനും.
പിന്നീടെപ്പോഴോ ജയപ്രകാശ് നാരായണൻ്റെയും മൊറാർജിയുടേയും അനുയായിയായി മാറി. എല്ലാവരും കോൺഗ്രസും കമ്യൂണിസ്റ്റു പാർട്ടിയും കേരളാ കോൺഗ്രസുമായി നടക്കുമ്പോൾ ജനതാ പർട്ടിയിലെ ആദ്യകാല മെമ്പറായി.എന്നാൽ അധികാര രാഷ്ട്രീയത്തോടു സദാ വിമുഖനായിരുന്നു. അടിയന്തിരാവസ്ഥയെ നഖശിഖാന്തം എതിർത്തു. അടിയന്തിരാവസ്ഥയ്ക്കെതിരെ നീങ്ങിയതിനാൽ അറസ്റ്റുചെയ്യപ്പെട്ടു. സാക്ഷാൽ പുലിക്കോടൻ നാരായണൻ അടിയന്തിരാവസ്ഥയ്ക്കും ഇന്ദിരാന്ധിയ്ക്കും അനുകൂലമായി മുദ്രാവാക്യം വിളിക്കാൻ ആവശ്യപ്പെട്ട് ചെറുപുഴ ടൗണിലൂടെ നടത്തി.ഭീകരമായ മർദ്ദനമേറ്റു. കുഞ്ഞേപ്പു ചേട്ടൻ തളരുകയോ അനുകൂലവിളികളുയർത്തുകയോ ചെയ്തില്ല.കുഞ്ഞേപ്പ് ചേട്ടൻ്റെ പോരാട്ട വീര്യത്തിനു മുമ്പിൽ പോലീസ് കീഴടങ്ങി !
സോഷ്യലിസ്റ്റും ഹ്യൂമനിസ്റ്റുമായി നീങ്ങുമ്പോഴും കലാരസികനായി തുടർന്നു.
1978 ൽ തലശ്ശേരി ബിഷപ്പ് ഡോ.സെബാസ്റ്റ്യൻ വള്ളോപ്പിളളി മദ്യവർജ്ജനസമിതി രൂപീകരിച്ചപ്പോൾ കുഞ്ഞേപ്പുചേട്ടൻ അതിൻ്റെ മുഖ്യ പ്രവർത്തകനായി.പെരിങ്ങോം വയക്കര പഞ്ചായത്തിലെ മദ്യവർജ്ജനസമിതിയുടെ പ്രധാന പ്രവർത്തകരിലൊരാളായി ഞാനും ഒപ്പം കൂടി. ഒരു സംഭവം ഓർക്കുന്നു.ചെറുപുഴയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ചാരായ ഷാപ്പിനെതിരെ മദ്യവർജ്ജനസമിതിയുടെ ആഭിമുഖ്യത്തിൽ സമരം നടന്നുകൊണ്ടിരിക്കുന്നു. വൻ ഗുണ്ടാസംഘം സ്വന്തമായുള്ള ചാരായ ഷാപ്പുടമയ്ക്കെതിരെ നിൽക്കാൻ ജനം മടിച്ചു നിൽക്കുന്നു. കുറച്ചാർക്കാരുമായി സമരം മുന്നേറവേ ആൾക്കാരും കുറഞ്ഞുവന്നു. സമരം പൊളിയുമെന്ന ഘട്ടമായപ്പോൾ അന്നത്തെ ചെറുപുഴ പള്ളി വികാരി ഫാ.ജോർജ്ജ് നരിപ്പാറ സമരം ഏറ്റെടുക്കാൻ കുഞ്ഞേപ്പു ചേട്ടനോട് ആവശ്യപ്പെട്ടു.അങ്ങിനെ സമരനേതൃത്വം കുഞ്ഞേപ്പുചേട്ടനായി.മൂന്നാം ദിവസം ചാരായ ഷാപ്പ് (പട്ടക്കട) പൂട്ടി ഉടമ സ്ഥലംവിട്ടു.അതാണ് പൊടിമറ്റം കുഞ്ഞേപ്പുചേട്ടൻ.
ഗാന്ധിയുവ മണ്ഡലവുമായി ഞാൻ പൊതുരംഗത്ത് സജീവമായപ്പോൾ പ്രധാന പ്രോത്സാഹകൻ അദ്ദേഹമായിരുന്നു.
ജോസഫ് കൈമാപ്പറ മ്പൻ്റെയും വി.സാംബ ശിവൻ്റെയും കടുത്ത ആരാധകൻ.കൈമാപ്പറമ്പൻ്റെ കഥനശൈലിയോട് അൽപ്പം ചായ് വ് കൂടുതൽ. ചപ്ളാം കൊട്ടയുടേയും ഹർമോണിയത്തിൻ്റെയും അകമ്പടിയോടെ നിരവധി വേദികളിൽ ജോസഫ് പൊടിമറ്റം കഥാപ്രസംഗങ്ങൾ നടത്തി.കലാകാരന്മാരെ പ്രോത്സാഹിപ്പിച്ചു.കലാകാരന്മാരായ നാട്ടിലെ മുഴുവൻ കുട്ടികളുടേയും പ്രിയ തോഴനായി.
എൻ്റെ ഏറ്റവും അടുത്ത സൗഹൃദങ്ങളിൽ പ്രധാനി. 36 വർഷത്തെ ഞങ്ങളുടെ പ്രായ വ്യത്യാസം അതിനു തടസമായിരുന്നില്ലായെന്നതാണ് അതിലെ തമാശ. ജീവിച്ചിരുന്നുവെങ്കിൽ കുഞ്ഞേപ്പുചേട്ടന് 92 വയസ് (1928 സെപ്റ്റംബർ 18 ) ഇപ്പോൾ ഉണ്ടാകുമായിരുന്നു.
1977 മുതൽ മരിക്കുന്നതുവരെ പതിനാലുവർഷത്തിലേറെ നീണ്ട അടുപ്പം. നിരവധിയോർമ്മകൾ.
കാര്യങ്കോട്പുഴ നിറഞ്ഞൊഴുകുന്ന ഒരു രാത്രി. പയ്യന്നൂരിൽ നിന്ന് സമയത്ത് ബസുകിട്ടാതെ അവസാനത്തെ ബസിന്, രാത്രി 9 മണി കഴിഞ്ഞ് ഞാൻ നാട്ടിലിറങ്ങി. കനത്തമഴ. പുഴ തന്നെ കാണാനാവുന്നില്ല. പുഴ കടക്കാനുള്ള പാണ്ടി (ചങ്ങാടം) അക്കരെയാണ്. കൂകിയും വിസിലടിച്ചും കുറേ നേരം അക്കരെയുള്ള വീട്ടുകാരെ വിളിച്ചെങ്കിലും മഴയിരമ്പത്തിൽ ആരും കേട്ടില്ല. അപ്പോൾ ഞാൻ പുഴ നീന്തിക്കടക്കാൻ തീരുമാനിച്ചു.അതിന് തയ്യാറായിക്കൊണ്ടിരിക്കുമ്പോൾ പുറകിൽ നിന്നൊരു വിളി.”വേണ്ട.. മലവെള്ളമാണ്. നീ വാ.. ” സ്നേഹം നിറഞ്ഞ അധികാരത്തോടെ കൈയിലൊരു പിടുത്തം. വീട്ടിൽ ചെന്നേ ആ പിടി വിട്ടുള്ളു.. തണുത്തു മരച്ചിരുന്ന എനിക്കാദ്യം ഒരു ചൂടു കട്ടൻ കാപ്പി. പിന്നെ കുളി.. ഭക്ഷണം.. ഒന്നിനും ഒരു കുറവില്ലാതെ പിതൃസ്നേഹത്തോടെ തന്ന വാത്സല്യം… അന്നത്തെ കട്ടൻ കാപ്പിയുടെ മധുരം മരിക്കുവോളം എന്നിൽ നിന്നു പോകില്ല…
അങ്ങിനെയെന്തെല്ലാം ഓർമ്മകളാണ് ആ വലിയ മനുഷ്യനെക്കുറിച്ച്…
സ്വന്തം നാട് പോലും വേണ്ടത്ര തിരിച്ചറിയാതെ പോയ വ്യക്തിത്വം.. ഒരു സ്മാരകം പോലും നാട്ടിലുണ്ടായില്ല..
എങ്കിലും കുഞ്ഞേപ്പു ചേട്ടന് മരണമില്ല….🌹
സുനിൽ ഞാവള്ളി










Leave a Reply