Sathyadarsanam

രക്തസാക്ഷിയും കന്യകയുമായിരുന്ന വിശുദ്ധ ക്രിസ്റ്റീന.

മൂന്നാം നൂറ്റാണ്ടില്‍ ഒരു ധനിക കുടുംബത്തിലായിരുന്നു ക്രിസ്റ്റീന ജനിച്ചത്. അവളുടെ പിതാവ് ടൈറിലെ ഗവര്‍ണര്‍ ആയിരുന്നു. ക്രിസ്റ്റീനക്ക് പതിനൊന്നു വയസ്സായപ്പോഴേക്കും അതീവ സുന്ദരിയായിരുന്ന അവളെ വിവാഹം കഴിക്കുവാന്‍ നിരവധി പേര്‍ ആഗ്രഹിച്ചു. എന്നാല്‍ അവളുടെ പിതാവ് വിഭാവനം ചെയ്തിരുന്നത് അവളെ വിഗ്രഹാരാധകരുടെ പുരോഹിതയാക്കുവാനായിരുന്നു. അതിനായി അവളുടെ പിതാവ് സ്വര്‍ണ്ണത്തിലും, വെള്ളിയിലും ഉണ്ടാക്കിയിട്ടുള്ള നിരവധി വിഗ്രഹങ്ങള്‍ സജ്ജീകരിച്ച പ്രത്യേക മുറി അവള്‍ക്കായി ഒരുക്കുകയും, അവളോടു ആ വിഗ്രഹങ്ങള്‍ക്ക് മുന്‍പില്‍ സുഗന്ധദ്രവ്യങ്ങള്‍ അര്‍പ്പിക്കുവാന്‍ ഉത്തരവിടുകയും ചെയ്തു. തന്റെ മകളെ പരിചരിക്കുവാന്‍ രണ്ട് ദാസികളെയും അദ്ദേഹം ഏര്‍പ്പാട് ചെയ്തിരുന്നു.

വിവരണങ്ങള്‍ അനുസരിച്ച്, ഒരിക്കല്‍ ഒരു മാലാഖ ക്രിസ്റ്റീനക്ക് പ്രത്യക്ഷപ്പെടുകയും യഥാര്‍ത്ഥ വിശ്വാസത്തേക്കുറിച്ച് അവളോടു പ്രഘോഷിച്ചു. കര്‍ത്താവിന്റെ മണവാട്ടി എന്നായിരുന്നു ആ മാലാഖ അവളെ വിളിച്ചത്. ഭാവിയില്‍ അവള്‍ അനുഭവിക്കേണ്ട സഹനങ്ങളെക്കുറിച്ച് ആ മാലാഖ അവള്‍ക്ക് വെളിപ്പെടുത്തികൊടുക്കുകയും ചെയ്തു. അതേതുടര്‍ന്ന്‍ ക്രിസ്റ്റീന തന്റെ മുറിയിലെ വിഗ്രഹങ്ങളെല്ലാം നശിപ്പിക്കുകയും അവയെല്ലാം ജനലിലൂടെ പുറത്തേക്കെറിയുകയും ചെയ്തു. അവളുടെ പിതാവായ ഉര്‍ബാനൂസ് അവളെ സന്ദര്‍ശിച്ചപ്പോള്‍ ആ വിഗ്രഹങ്ങളെല്ലാം എവിടെ പോയി എന്ന് അവളോടു ചോദിച്ചു. പക്ഷേ ക്രിസ്റ്റീന നിശബ്ദയായി നിന്നതേയുള്ളൂ. തുടര്‍ന്ന്‍ ഉര്‍ബാനൂസ് വേലക്കാരികള്‍ വഴി നടന്നതെല്ലാം അറിഞ്ഞു.

അവിശ്വാസിയായിരുന്ന ഉര്‍ബാനൂസ് തന്റെ മകളുടെ ക്രിസ്തുവിലുള്ള വിശ്വാസം നിമിത്തം അവളെ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയയാക്കി. പല അവസരങ്ങളിലും ദൈവം അവന്റെ ശ്രമങ്ങളെ വിഫലമാക്കി. പീഡനങ്ങളുടെ രീതി പല വിവരണങ്ങളിലും വ്യത്യസ്ഥമാണ്. എന്നിരിന്നാലും ഇരുമ്പ് കൊളുത്തുകള്‍ കൊണ്ടുള്ള പീഡനം, തീകൊണ്ട് പൊള്ളിക്കുക, ചൂളയില്‍ നിര്‍ത്തുക, ചക്രത്തില്‍ ബന്ധിച്ച് പീഡിപ്പിക്കുക, പാമ്പിനെകൊണ്ട് ആക്രമിപ്പിക്കുക, അമ്പുകള്‍ കൊണ്ട് മുറിവേല്‍പ്പിക്കുക തുടങ്ങി ക്രൂരമായ പല ശിക്ഷാരീതികളും അതിലുണ്ടായിരുന്നു. എന്നാല്‍ ഇവയേയെല്ലാം വിശുദ്ധ അതിജീവിച്ചു. അവളുടെ പിതാവിന്റെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമിയായിരുന്ന ഡിയോണും അവളെ മര്‍ദ്ദിക്കുന്നത് തുടര്‍ന്നു. ഒടുവില്‍ വിശുദ്ധയെ ശിരച്ചേദം ചെയ്ത് കൊലപ്പെടുത്തുകയാണുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *