Sathyadarsanam

ഹാഗിയ സോഫിയയെ മോസ്‌ക്കാക്കി മാറ്റുന്ന ചടങ്ങിലേക്ക് മാർപ്പാപ്പയെ ക്ഷണിച്ച് എർദുഗാൻ ആഗോള ക്രൈസ്തവ സമൂഹത്തെ അവഹേളിക്കുന്നു.

ലോകം മുഴുവൻ വലിയ നടുക്കത്തോടെ ശ്രവിച്ച ഒരു തീരുമാനമായിരുന്നു കഴിഞ്ഞയാഴ്ച തുർക്കി പ്രസിഡന്റ് റജപ്പ് തയ്യിപ്പ് എർദുഗാൻ ലോകത്തോട് പ്രഖ്യാപിച്ചത്. ഒന്നര സഹസ്രാബ്ദം പഴക്കമുള്ള ക്രിസ്ത്യൻ കത്തീഡ്രലും യുനെസ്‌കോയുടെ ലോക പൈതൃക പ്രദേശവുമായ ഹാഗിയ സോഫിയയെ മോസ്കാക്കി മാറ്റാനുള്ള തീരുമാനമായിരുന്നു അത്. വിവിധ ലോകരാജ്യങ്ങൾ കടുത്ത വിമർശനം പ്രകടിപ്പിച്ച ആ തീരുമാനത്തിന് പിന്നാലെ കൂടുതൽ പ്രകോപനവുമായി എർദുഗാൻ വീണ്ടും വാർത്തകളിൽ നിറയുന്നു.

ക്രൈസ്തവരുടെ ആത്മാഭിമാനത്തിലും, ആഗോള സമൂഹത്തിന്റെ മതേതരത്വനിലപാടിലും തുരങ്കം വച്ച എർദുഗാൻ, ജൂലായ് ഇരുപത്തിനാലാം തീയതി ഹാഗിയ സോഫിയ മോസ്‌ക്കാക്കി മാറ്റുന്ന ചടങ്ങിലേക്ക് കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷനായ പോപ്പ് ഫ്രാൻസിസിനെ ക്ഷണിച്ചിരിക്കുകയാണ്. ആഗോള ക്രൈസ്തവ സമൂഹത്തെ അപമാനിക്കുന്ന പ്രസ്തുത നടപടിയോട് വത്തിക്കാൻ ഇനിയും പ്രതികരിച്ചിട്ടില്ല. ഹാഗിയ സോഫിയയെ മോസ്കാക്കി മാറ്റാനുള്ള തീരുമാനം എർദുഗാൻ പ്രഖ്യാപിച്ചപ്പോഴും, താൻ “ഹാഗിയ സോഫിയയെക്കുറിച്ചോർത്ത് ഞാൻ അങ്ങേയറ്റം വേദനിക്കുന്നു” എന്ന് മാത്രമായിരുന്നു തികഞ്ഞ പക്വതയോടെയുള്ള പാപ്പയുടെ പ്രതികരണം. വരും ഭാവിയിൽ വർഗീയ സംഘർഷങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയുള്ള സംയമനമാണ് പാപ്പ അവിടെ പ്രകടിപ്പിച്ചത് എന്ന് വ്യക്തം.

വിവിധ ലോക നേതാക്കളെ ചടങ്ങിലേക്ക് വിളിച്ചതിനൊപ്പമാണ് ഫ്രാൻസിസ് പാപ്പയെയും ക്ഷണിച്ചിരിക്കുന്നത് എന്നാണ് തുർക്കി സർക്കാരിന്റെ പ്രതിനിധി ഇബ്രാഹിം കലിൻ മാധ്യമങ്ങളോട് വിശദീകരിച്ചിരിക്കുന്നത്. എന്നാൽ, ആ ക്ഷണം ആഗോള ക്രൈസ്തവ സമൂഹത്തോടുള്ള അവഹേളനമായും, മതേതര സമൂഹത്തോടുള്ള വെല്ലുവിളിയായുമാണ് അനേകർ വിലയിരുത്തുന്നത്.

പരിഷ്കൃത ലോകത്തിൻ്റെ മഹത്ത്വത്തിനും മാന്യതയ്ക്കും നിരക്കാത്ത പ്രാകൃത ഗോത്രശൈലികൾ സാമാന്യവത്കരിക്കാനും വെട്ടിപ്പിടുത്തത്തിൻ്റെ കാടൻ ശൈലി ലജ്ജയില്ലാതെ എല്ലാ മേഖലകളിലും പ്രയോഗിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്ന പൊളിറ്റിക്കൽ ഇസ്ളാമിന്റെ ഭാഗമായിത്തീരാനുള്ള തുർക്കി ഭരണകൂടത്തിൻ്റെ അവഹേളനാപരമായ തീരുമാനത്തിന് തക്കതായ മറുപടി നല്കാൻ ആഗോളസമൂഹം തയ്യാറാകണം.

ഹാഗിയ സോഫിയയിൽ ബാങ്കുവിളി മുഴങ്ങുന്ന ജൂലൈ 24 വിലാപ ദിനമായി ആചരിക്കുവാന്‍ ആഹ്വാനം ചെയ്ത ഗ്രീക്ക് സഭയ്ക്കും അമേരിക്കൻ കത്തോലിക്കാ മെത്രാൻ സമിതിക്കുമൊപ്പം പ്രതിഷേധങ്ങളിൽ നമുക്കും പങ്കുചേരാം.

ഈ 24-ാം തീയതി ലോകചരിത്രത്തിലെ ഒരു കറുത്ത വെള്ളിയാണ്.

Leave a Reply

Your email address will not be published. Required fields are marked *