
ഫാ.ജയിംസ് കൊക്കാവയലിൽ
ഈ കൊറോണ കാലഘട്ടം ലോകം മുഴുവനുമുള്ള സകലമനുഷ്യർക്കും ദുരിതങ്ങൾ സമ്മാനിച്ചു കൊണ്ടിരിക്കുന്ന ഒരു അവസരമാണ്. ദശലക്ഷക്കണക്കിന് ആളുകൾ ഇതുവരെ രോഗബാധിതരായി തീർന്നു. ലക്ഷക്കണക്കിന് ആളുകൾ മരണമടഞ്ഞു. ധാരാളം പേർക്ക് ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടു. പലരും തൊഴിൽരഹിതരായി കഴിഞ്ഞു. വരുമാനമില്ലാത്ത നിരാശയിൽ ചിലരൊക്കെ ആത്മഹത്യ ചെയ്തു. പൊതു സ്ഥലങ്ങളിലേക്ക് ഇറങ്ങാൻ ആവാതെ എല്ലാവർക്കും തന്നെ വീടുകളിൽ കഴിഞ്ഞു കൂടേണ്ടി വരുന്നു. ആരാധനാലയങ്ങൾ എല്ലാം തന്നെ അടച്ചിട്ടിരിക്കുന്നു. എന്നാൽ എല്ലാവർക്കും ദുരിതമായി മാറിയ ഈ കൊറോണ കാലഘട്ടം ചിലർക്ക് കൊയ്ത്തുകാലമാണ്. ഇത് ഏറ്റവുമധികം ആഘോഷമാക്കി മാറ്റിയത് ഇവിടുത്തെ യുക്തിവാദികൾ അഥവാ നിരീശ്വരവാദികളാണ്. മനുഷ്യൻ്റെ ദുഃഖങ്ങളെയും വേദനകളെയും മുതലെടുത്ത് ദുർവ്യാഖ്യാനം ചെയ്യുന്നതിനും അപഹസിക്കുന്നതിലും ഇവരെ കഴിഞ്ഞേ ആരെങ്കിലുമുള്ളൂ. ഇവർ സാമൂഹിക മാധ്യമങ്ങളിലൂടെ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ബോധപൂർവം നടത്തിയ ചില കുപ്രചരണങ്ങൾ ആണ് നമ്മൾ ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്. ഇവരുടെ ചില പ്രധാന ആരോപണങ്ങളും അവയ്ക്കുള്ള മറുപടികളും താഴെ വിവരിക്കുന്നു.
ദൈവത്തിനു ശക്തിയില്ല !
കൊറോണ രോഗബാധ മൂലം ആരാധനാലയങ്ങൾ അടയ്ക്കപ്പെട്ടു, ദൈവം (ദൈവങ്ങൾ) നിസ്സഹായരായി, ധ്യാന ഗുരുക്കന്മാർ മാളങ്ങളിൽ പോയി ഒളിച്ചു, ഇങ്ങനെ ഇവരുടെ ആരോപണങ്ങൾ നീങ്ങുകയാണ്. വിശ്വാസം എന്താണ് എന്ന് മനസ്സിലാക്കാത്തത് മൂലം സംഭവിക്കുന്ന അബദ്ധങ്ങളാണ് ഇവയെല്ലാം.
സഭ ഒരിക്കലും വിശ്വാസത്തിൻറെ ലക്ഷ്യം രോഗശാന്തിയോ അത്ഭുതങ്ങളോ ആണെണ് പറഞ്ഞിട്ടില്ല. അവയൊക്കെ വിശ്വാസികളുടെ ജീവിതത്തിൽ തങ്ങളുടെ ആഴമായ വിശ്വാസംമൂലം സംഭവിച്ചു എന്ന് വരാം. എന്നാൽ വിശ്വാസം ഒരു മാജിക് അല്ല.ദൈവം ഒരു മജീഷ്യൻ അല്ല. ഈ ലോകത്തിലെ താൽക്കാലിക ആശ്വാസങ്ങൾ പ്രാപിക്കുക എന്നതല്ല വിശ്വാസത്തിൻ്റെ ആത്യന്തികലക്ഷ്യം. അതു നിത്യതയിൽ എത്തിച്ചേരുക എന്നുള്ളതാണ് .സഭ ഒരിക്കലും വിശ്വാസം മാത്രം മതി രോഗങ്ങൾക്ക് ചികിത്സ വേണ്ട എന്ന് പറഞ്ഞിട്ടില്ല . നിരന്തരം ദൈവസന്നിധിയിൽ പ്രാർത്ഥിക്കുന്ന ഈ വിശ്വാസ സമൂഹം തന്നെയാണ് ലോകത്തിൽ ഏറ്റവും കൂടുതൽ ആശുപത്രികളും ചികിത്സാ കേന്ദ്രങ്ങളും നടത്തുന്നത് .കാരണം സകലതിനെയും സൃഷ്ടിച്ച് പരിപാലിക്കുന്ന ദൈവം തന്നെയാണ് രോഗങ്ങളെയും പകർച്ചവ്യാധികളെയാം മറ്റ് അപകടങ്ങളെയും ദൈവം മനുഷ്യന് നൽകിയ ബുദ്ധിയും പ്രായോഗിക ജ്ഞാനവും ഉപയോഗിച്ച് അതിജീവിക്കണം എന്ന് കൽപ്പിച്ചിരിക്കുന്നത്.
കാര്യങ്ങളെ വിവേകപൂർവം നോക്കിക്കാണാനും അപകടങ്ങളിൽ ഒഴിഞ്ഞുമാറാനും പകർച്ചവ്യാധികളിൽ പകരാതെ ശ്രദ്ധിക്കാനും
ദൈവം തന്നെയാണ് മനുഷ്യനോട് ആവശ്യപ്പെട്ടിരിക്കുന്നത് .
പഴയനിയമത്തിൽ ലേവ്യരുടെ പുസ്തകം പതിമൂന്നാം അധ്യായത്തിലും സമീപ അധ്യായങ്ങളിലും നമുക്ക് ഇതിൻ്റെ ഉദാഹരണങ്ങൾ കാണാൻ സാധിക്കും ഒരു ഉദാഹരണം മാത്രം
ഇവിടെ ചേർക്കുന്നു. “ഏഴാംദിവസം പുരോഹിതന്‍ അവനെ പരിശോധിക്കണം. രോഗം ത്വക്കില്‍ വ്യാപിക്കാതെ പൂര്‍വസ്‌ഥിതിയില്‍തന്നെ നില്‌ക്കുന്നെങ്കില്‍ ഏഴു ദിവസത്തേക്കുകൂടി മാറ്റിത്താമസിപ്പിക്കണം.”
(ലേവ്യര്‍ 13 : 5). യുക്തിവാദികൾ പറയുന്നതുപോലെ ഈ ദുരിതകാലഘട്ടത്തിൽ മനുഷ്യരുടെ ദൈവ വിശ്വാസം കുറയുകയല്ല കൂടുകയാണ് ചെയ്തിട്ടുള്ളത് എന്ന് പല സർവ്വേകളും തെളിയിക്കുന്നു. അമേരിക്കയിൽ ഏറ്റവും അധികം ബൈബിൾ ചെലവായ കാലഘട്ടമാണ് ഇത്. ഇറ്റലിയിൽ നിന്ന്, നിരീശ്വരവാദിയായിരുന്ന ഒരു ഡോക്ടറുടെ വിശ്വാസ സാക്ഷ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതു പോലെ പല ഉദാഹരണങ്ങളും ഉണ്ട്.
ശാസ്ത്രം ജയിച്ചു മതം തോറ്റു !
ശാസ്ത്രം ജയിച്ചു എന്ന് പറയുന്നത് കൊറോണ യുടെ കാര്യത്തിൽ ഒരു പരിധിവരെ ശരിയായിരിക്കും. കാരണം ഇത് ചില ശാസ്ത്രജ്ഞർ ലബോറട്ടറിയിൽ നിർമിച്ച വൈറസ് ആണെന്ന് വ്യാപകമായ ആരോപണമുണ്ട്. മറ്റ് രാജ്യങ്ങളെ തകർക്കുന്നതിനായി ഒരു രാജ്യം നിർമ്മിച്ച ജൈവായുധമാണെന്നും പറയപ്പെടുന്നു. ആ തരത്തിൽ ചിന്തിച്ചാൽ ഇത് ശാസ്ത്രത്തിൻ്റെ വിജയം തന്നെയാണ് .
എന്നാൽ ഇതിന് പ്രതിവിധി കണ്ടുപിടിക്കുന്നതിൽ ശാസ്ത്രം എത്രമാത്രം വിജയിച്ചിട്ടുണ്ട്. കോവിഡിനു മാത്രമല്ല മറ്റ് പല രോഗങ്ങൾക്കും ആധുനിക വൈദ്യശാസ്ത്രത്തിൽ മരുന്നില്ല എന്നു കൂടി അറിയണം. ഉദാഹരണത്തിന് ക്യാൻസർ, സാർസ്, എയ്ഡ്സ് തുടങ്ങിയ പല രോഗങ്ങൾക്കും ഇതുവരെ ഫലപ്രദമായ ചികിത്സ കണ്ടെത്തിയിട്ടില്ല. മനുഷ്യന് എല്ലാ കാര്യങ്ങളിലും പരിമിതി ഉള്ളതുപോലെ തന്നെ അവൻ്റെ ശാസ്ത്ര വിജ്ഞാനത്തിനും പരിമിതിയുണ്ട്. ഒരുകാലത്ത് അനിഷേധ്യ ങ്ങളായി കരുതപ്പെട്ടിരുന്ന പല ശാസ്ത്ര തത്വങ്ങളും പിന്നീട് മാറ്റി എഴുതപ്പെട്ടിട്ടുണ്ട് .
ഉദാഹരണത്തിന്
ടോളമിയുടെ സിദ്ധാന്തം ഭൂമി പരന്നതാണ് എന്നതായിരുന്നു. ഒരുകാലത്ത് ശാസ്ത്രലോകത്തിന് അതിനപ്പുറത്തേക്ക് ചിന്തിക്കാനേ സാധിക്കുമായിരുന്നില്ല. എന്നാൽ ഇന്ന് അവസ്ഥ എന്താണ് .
ശാസ്ത്രത്തിൻറെ അഭിപ്രായത്തിൽ സൂര്യനിലെ ഇന്ധനം കാലാകാലങ്ങളിൽ മാറിയിട്ടുണ്ട്. ആദ്യം കൽക്കരി ആയിരുന്നു പിന്നീട് ഹീലിയമായി തുടർന്ന് ന്യൂക്ലിയർ ഫ്യൂഷൻ ആയി ഇപ്പോൾ ന്യൂക്ലിയർ ഫിഷൻ ആണെന്ന് തോന്നുന്നു.
ഇങ്ങനെ മനുഷ്യൻ്റെ പരിമിതികൾ അവൻ നിർമ്മിക്കുന്ന ശാസ്ത്രത്തിനും ബാധകമാണ്. മനുഷ്യ ജീവിതത്തിൽ ധാരാളം ഗുണപരമായ പരിവർത്തനങ്ങൾ വരുത്തുവാൻ ശാസ്ത്രത്തിന് സാധിച്ചിട്ടുണ്ട് എന്നത് വാസ്തവമാണ് .എന്നാൽ ആ ശാസ്ത്രത്തെ അമാനുഷിക പരിവേഷം കെട്ടിച്ച് സർവ്വാതിശായിയായി ചിത്രീകരിക്കുന്നത് എന്തു മാനദണ്ഡത്തിൽ അടിസ്ഥാനത്തിലാണ്?
ശാസ്ത്രത്തിൽ മാത്രമേ രക്ഷയുള്ളൂ മതം നിരർത്ഥകമാണ് എന്ന് ഇവർ പറയുമ്പോൾ ശാസ്ത്രത്തിൻ്റെ പല ദുരന്തഫലങ്ങളും ലോകം അനുഭവിക്കുകയും എന്നാൽ പ്രതീക്ഷിക്കുന്ന രക്ഷ പലപ്പോഴും ശാസ്ത്രത്തിൽ നിന്ന് ലഭിക്കാതെ വരികയും ചെയ്യുന്നു. ശാസ്ത്രത്തിൻ്റെ ദൂഷ്യഫലമായ വ്യവസായ മലിനീകരണം ഒരു ഉദാഹരണമാണ്. ശാസ്ത്രത്തിൻ്റെ മാനദണ്ഡവും മതത്തിൻ്റെ മാനദണ്ഡവും വ്യത്യസ്തമാണ്. ശാസ്ത്രം പരീക്ഷണ നിരീക്ഷണങ്ങളിലൂടെ സത്യം മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ മതം വിശ്വാസത്തിലൂടെ സത്യത്തെ സമീപിക്കുന്നു. ഒന്നിൻ്റെ മാനദണ്ഡം വച്ച് മറ്റൊന്ന് അളക്കാൻ സാധിക്കുകയില്ല. ഉദാഹരണത്തിന് ലിറ്റർ എന്ന അളവ് ഉപയോഗിച്ച് വെള്ളം അളക്കാൻ സാധിക്കും എന്നാൽ ദൂരം അളക്കാൻ സാധിക്കുകയില്ല. അതിനാൽ ദൂരം എന്ന ഒരു മാനം നിലവിലില്ല എന്ന് പറയാൻ സാധിക്കുമോ?
ഇതുതന്നെയാണ് ശാസ്ത്രത്തിൻ്റെ അളവുകോൽവച്ച് മതത്തെ അളക്കാൻ ശ്രമിക്കുന്നവർക്ക് സംഭവിക്കുന്നത്. ഇവർക്ക് എന്ത് യുക്തിയാണുള്ളത്? ഇത്തരം യുക്തിയില്ലാത്ത വരെ യുക്തിവാദികൾ എന്ന് വിളിക്കുന്നതിലെ യുക്തിയും എന്താണ്?
ശാസ്ത്രവും മതവും ശത്രുക്കളാണ്!
ഇവരുടെ മറ്റൊരു വാദമാണ് ശാസ്ത്രവും മതവും ശത്രുക്കളാണ് എന്നത്. എന്ന ശാസ്ത്രവും മതവും ശത്രുക്കളല്ല എന്നു മാത്രമല്ല ഉറ്റ സുഹൃത്തുക്കളുമാണ്. പ്രത്യേകിച്ച് ക്രിസ്തു മതവും ശാസ്ത്രവും അടുത്ത് സഹകാരികളാണ്. യഹൂദമതവും അങ്ങനെ തന്നെ. ഏതാനും ചില ഉദാഹരണങ്ങൾ സൂചിപ്പിക്കാം. ശാസ്ത്രത്തിന് നോബൽ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞരിൽ 65.4% പേർ ക്രിസ്ത്യാനികളാണ് ബാക്കിയുള്ളവർ വിവിധ മതക്കാരും. യുക്തിവാദികൾ പ്രകടമായ രീതിയിലൊന്നും തന്നെ ഈ രംഗത്ത് എത്തിച്ചേർന്നിട്ടില്ല. (താഴെ ഗ്രാഫ് കൊടുത്തിരിക്കുന്നു)
…….ഗ്രാഫ് പിക്ചർ…’
എന്നാൽ യുക്തിവാദികൾക്ക് നോബൽ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട് ശാസ്ത്രത്തിനോ സമാധാനത്തിനോ അല്ല. സാഹിത്യത്തിന് ആണെന്ന് മാത്രം. മറ്റൊരു കാലികപ്രസക്തമായ ഉദാഹരണമാണ് ഹൈഡ്രോക്സി ക്ലോറോക്വിൻ (Hydroxychloroquine). ഇത് മലേറിയക്ക് ഉപയോഗിക്കുന്ന മരുന്നാണ്. ഇന്ത്യയിൽ ഇത് ധാരാളം ഉൽപ്പാദിപ്പിച്ച് ഉപയോഗിക്കുന്നുണ്ട്. കോവിഡിന് മറ്റു മരുന്നുകളൊന്നും ഫലപ്രദമാകാതെ വന്നപ്പോൾ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് നമ്മുടെ പ്രധാനമന്ത്രിയെ ഭീഷണിപ്പെടുത്തി ഈ മരുന്ന് വാങ്ങി എന്നൊക്കെയുള്ള വിവാദ വാർത്തകൾ പ്രചരിച്ചിരുന്നു. ഈ മരുന്ന് കണ്ടുപിടിച്ചത് ആരാണ്? ഇത് കണ്ടുപിടിച്ചത് ഒരു യുക്തിവാദിയും അല്ല. കത്തോലിക്കാസഭയിലെ ഈശോസഭ (ജസ്യൂട്ട് )എന്ന് സന്യാസ സമൂഹത്തിൽ പെട്ട വൈദികർ ആണ് ഇത് കണ്ടെത്തിയത്. പെറു എന്ന രാജ്യത്ത് മലേറിയ പടർന്നുപിടിച്ചപ്പോൾ അവർ മരുന്നിനായി ചി ഞ്ചോണ എന്ന ചെടിയുടെ തൊലി ഉപയോഗിച്ചു .
ഈ മരുന്ന് ഉപയോഗിച്ചത് മൂലം ആളുകൾ മലേറിയയിൽ നിന്ന് സുഖം പ്രാപിച്ചു. ആ തൊലിയിൽ ഹൈഡ്രോക്സി ക്ലോറോക്വിൻ (Hydroxychloroquine) എന്ന രാസപദാർത്ഥമാണ് അടങ്ങിയിരിക്കുന്നത്.
ജസ്യൂട്ട് മിഷണറിമാർ കണ്ടെത്തിയതു കൊണ്ട് ഈ മരുന്നിൻ്റെ പേര് തന്നെ ജസ്യൂട്ട് ബാർക്ക് (തൊലി) എന്നാണ്. ഇപ്രകാരം ക്രിസ്തുമതം ശാസ്ത്രത്തിന് വളരെയധികം സംഭാവനകൾ നൽകിയിട്ടുണ്ട്.
നിരീശ്വരവാദികൾ എടുത്തു തലയിൽ വച്ചു കൊണ്ട് നടക്കുന്നതും ബൈബിളിലെ ഉൽപത്തി പുസ്തകത്തിലെ വിവരണത്തിനു വിരുദ്ധമെന്നു വാദിക്കുന്നതുമായ പ്രപഞ്ചോൽപ്പത്തി യെക്കുറിച്ചുള്ള സിദ്ധാന്തമായ ബിഗ് ബാങ് തിയറിയുടെ ഉപജ്ഞാതാവ് പോലും ഒരു വൈദികനാണ്. അദ്ദേഹത്തിൻറെ പേര് ഫാ. ജോർജസ് ലെമയ്റ്റർ (Fr. Georges Lemaitre) എന്നാണ്.
സഭയുടെ സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ശാസ്ത്രത്തെ നിരന്തരം പരിപോഷിപ്പിക്കുകയും വളർത്തുകയും ചെയ്തു കൊണ്ടിരിക്കുന്നു
ഉപസംഹാരം
ന്യൂജൻ ഭാഷയിൽ പറഞ്ഞാൽ തള്ളുകളുടെ ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്. പരോപകാര പ്രദമായ ഒന്നും ചെയ്യാതെ തങ്ങളാണ് എല്ലാം ചെയ്തത് എന്ന് വരുത്തി തീർക്കുകയാണ് തള്ളു കാരുടെ പ്രധാന പരിപാടി.
ഇതിൽ പ്രമുഖർ ഇവിടുത്തെ യുക്തിവാദികൾ തന്നെയാണ്.
സമൂഹത്തിന് എന്തെങ്കിലും സംഭാവന ചെയ്യാൻ ഇവരെക്കൊണ്ട് സാധിച്ചിട്ടുണ്ടോ ?
ശാസ്ത്രത്തിൻ്റെ കുത്തക ഏറ്റെടുത്തിരിക്കുന്നു എന്ന് അവകാശപ്പെടുന്ന ഇവർ ശാസ്ത്രത്തിന് നൽകിയ സംഭാവനകൾ എന്തൊക്കെയാണ്? അവ അറിയാൻ താൽപര്യമുണ്ട്.
സമൂഹത്തിൽ ഏതെങ്കിലും തരത്തിൽ ഇവരെ കൊണ്ട് ഉപകാരം ഉണ്ടായിട്ടുണ്ടോ? ഇവരുടെ ഏതെങ്കിലും സ്ഥാപനങ്ങൾ കൊറോണ ക്വാറൻടൈൻനു വേണ്ടി സർക്കാരിന് വിട്ടു കൊടുത്തിട്ടുണ്ടോ? അതിനു പറ്റിയ എന്തെങ്കിലും സ്ഥാപനം ഇവർക്കുണ്ടോ?
സമൂഹത്തിനും കുടുംബത്തിനും തങ്ങൾക്ക് തന്നെയും യാതൊരു ഉപകാരവും ഇല്ലെങ്കിലും
ഇവർ തള്ളുകൾ മാത്രം നടത്തിക്കൊണ്ടിരിക്കുന്നു. തങ്ങളാണ് ഭൂമിയുടെ അച്ചുതണ്ട് എന്ന് ചിന്തിക്കുകയും
മറ്റുള്ളവരുടെ മുമ്പിൽ അത് പ്രകടിപ്പിച്ച് വിഡ്ഢികളാവുകയും ചെയ്യുക എന്നതാണ് ഇവരുടെ ഹോബി.
സാമാന്യ ബുദ്ധിയുള്ളവർ സത്യങ്ങൾ മനസ്സിലാക്കുകയും ഇവരുടെ കെണികളിൽ ചെന്ന് ചാടാതിരിക്കുകയും ചെയ്യട്ടെ.










Leave a Reply