Sathyadarsanam

മലബാർ സുറിയാനി കത്തോലിക്കാ സഭ (സിറോ മലബാർ സഭ) യുടെ പിതാവും തലവനുമായ കർദിനാൾ മാർ ആലഞ്ചേരിൽ ഗീവർഗീസ് ശ്രേഷ്ഠ മെത്രാപ്പോലീത്ത.

മാർ ജോർജ് ആലഞ്ചേരി പിതാവ് 1945 ഏപ്രിൽ 19ന് കോട്ടയം ജില്ലയിലെ തുരുത്തി എന്ന ഗ്രാമത്തിലാണ് ജനിച്ചത്. ഹൈ സ്കൂൾ വിദ്യാഭാസത്തിനു ശേഷം സെമിനാരിയിൽ ചേർന്ന അദ്ദേഹം 1972 ഡിസംബർ 18ന് വൈദിക പട്ടം സ്വീകരിച്ചു. പഠനത്തിൽ വളരെയേറെ മികവ് പുലർത്തിയ വന്ദ്യ പിതാവ് 1965ൽ കേരള സർവകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ രണ്ടാം റാങ്കോടെ ബിരുദം നേടി. വൈദിക പട്ടത്തിനു ശേഷം ആലുവാ പൊന്തിഫിക്കൽ തിയോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ദൈവശാസ്ത്രത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും അദ്ദേഹം കരസ്ഥമാക്കി. 1986 ൽ ഫ്രാൻസിലെ Sorbonne University യില്നിന്നും Institute Caholique de Paris ൽ നിന്നുമായി DSEB യും D. Th ഉം(രണ്ടു ഡോക്ടറേറ്റുകൾ) ഒന്നിച്ചെടുത്തു.

ചങ്ങനാശ്ശേരി അതിരൂപതയിലെ സെന്റ് മേരീസ് മെത്രാപ്പൊലീത്തൻ പള്ളിയിൽ തന്റെ പൗരോഹിത്യ ശുശ്രൂഷ ആരംഭിച്ച അദ്ദേഹം അതിരൂപതയിലെ വിവിധ ഇടവകകളിൽ സേവനം അനുഷ്ടിച്ചു. 1976 മുതൽ 78 വരെ ചങ്ങനാശ്ശേരി അതിരൂപത മതബോധന ഡയറക്ടർ, 1986 മുതൽ 93 വരെ കെ സി ബി സി ഡെപ്യൂട്ടി സെക്രട്ടറി, 1986 മുതൽ 91 വരെ പാസ്റ്ററൽ ഒറിയന്റെഷൻ സെന്ററിന്റെ (POC പാലാരിവട്ടം) ഡയറക്ടർ, 1986 മുതൽ 97 വരെ പൗരസ്ത്യ വിദ്യാപീഠത്തിൽ പ്രൊഫസർ, 1994 – 97 കാലഘട്ടത്തിൽ ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസ് എന്നീ വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ചു അദ്ദേഹം 1997 ഫെബ്രുവരി 2ന് തക്കല രൂപതയുടെ മെത്രാനായി പൗവത്തിൽ മാർ യൗസേപ്പ് മെത്രാപ്പൊലീത്തയാൽ അഭിഷേകം ചെയ്യപ്പെട്ടു. മാർ വർക്കി വിതയത്തിൽ പിതാവിന്റെ നിര്യാണത്തെ തുടർന്ന് 2011 മേയ് 23നു മലബാർ സുറിയാനി സഭയുടെ പരിശുദ്ധ സൂനഹദോസ് സഭയുടെ പിതാവും തലവനുമായി ആലഞ്ചേരി മാർ ഗീവർഗീസ് മെത്രാപ്പൊലീത്തയെ തെരഞ്ഞെടുത്തു.

സിറോ മലബാർ സഭയുടെ പരിശുദ്ധ സൂനഹദോസ് തിരഞ്ഞെടുത്ത ആദ്യത്തെ ശ്രേഷ്ഠ മെത്രാപ്പോലീത്തയാണ് ആലഞ്ചേരി മാർ ഗീവർഗീസ് മെത്രാപ്പോലീത്ത. അതുവഴി അദ്ദേഹം ഭാരതം മുഴുവന്റെയും മെത്രാപ്പൊലീത്തായും കവാടവും മാർത്തോമാ ശ്ലീഹായുടെ ശ്ലൈഹിക പിന്ഗാമിയുമായി മാറുകയായിരുന്നു. കേരളത്തിൽ മാത്രം മുഖ്യമായി ഉണ്ടായിരുന്ന സിറോ മലബാർ സഭ ആലഞ്ചേരി പിതാവിന്റെ നേതൃത്വത്തിലും പരിശ്രമം വഴിയായും ആഗോള സഭയായി വളർന്നു. ഇന്ന് ഈ സഭക്ക് നാലു ഭൂഖണ്ഡങ്ങളിൽ രൂപതകളും മറ്റു ഭൂഖണ്ഡങ്ങളിൽ മിഷനുകളും ഉണ്ട്. സിറോ മലബാർ സഭയുടെ വിശ്വാസ ചൈതന്യവും പ്രേഷിത തീക്ഷ്ണതയും ക്രൈസ്തവ ലോകത്തുനിന്നും മുഴുവൻ പ്രശംസ ഏറ്റുവാങ്ങി. ഇതര സഭകൾക്ക് പ്രചോദനവും മാതൃകയുമായി ഇന്ന് സിറോ മലബാർ സഭ നിലകൊള്ളുന്നു. 2018 ജനുവരി 7 നു ഷംഷാബാദ് രൂപത രൂപീകരണത്തോടെ ഇന്ത്യ മുഴുവൻ മേലുള്ള അജപലനാധികാരം മലബാർ സുറിയാനി സഭയ്ക്ക് തിരികെ ലഭിച്ചതും ആലഞ്ചേരി പിതാവിന്റെ കാലത്താണ്
മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ നേതൃത്വത്തിലുള്ള പരിശ്രമഫലമായി ലഭിച്ച രൂപതകളും അജപാലന സംവിധാനങ്ങളും ഇവയാണ്:

രൂപതകൾ
A. ഫരീദാബാദ്
B. മെൽബൺ (ആസ്‌ട്രേലിയ)
C. ഗ്രേറ്റ് ബ്രിട്ടൻ
D. മിസ്സിസാഗാ (കാനഡ)
E. ഷംഷാബാദ്
F. ഹൊസൂർ

അജപാലന സംവിധാങ്ങൾ
G. യൂറോപ്പ് അപ്പോസ്തോലിക വിസിറ്റേഷൻ
H. ന്യൂസിലാൻഡ് അപ്പോസ്തോലിക വിസിറ്റേഷൻ.

റോമിൽ സിറോ മലബാർ സഭക്ക് പ്രൊക്യൂറ (റോമിലുള്ള സിറോ മലബാർ സഭയുടെ ആസ്ഥാനം), മാർ തിയോഡോറിന്റെയും മാർ നെസ്തോറിയസിന്റെയും കൂദാശകളുടെ (മലബാർ സുറിയാനി സഭയുടെ പുരാതന അനാഫൊറകൾ) പുനരുദ്ധാരണം തുടങ്ങി ഒട്ടനവധി നേട്ടങ്ങൾ ആലഞ്ചേരി വലിയ മെത്രാപ്പോലീത്തായുടെ കാലത്ത് നടക്കുകയുണ്ടായി.
ആരാധനാ അനൈക്യം പിടിച്ചുലച്ചിരുന്ന സിറോ മലബാർ സഭ, മാർ ആലഞ്ചേരി പിതാവിന്റെ നേതൃത്വത്തിൽ ഐക്യത്തിന്റെ പാതയിൽ ബഹുദൂരം മുന്നോട്ട് പോവുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *