Sathyadarsanam

ലോകാവസാനം, അവസാനവിധി, ഈശോയുടെ രണ്ടാമത്തെ ആഗമനം

പലയിടത്തും മാതാവ് പ്രത്യക്ഷപ്പെടുമ്പോള്‍ കൊടുക്കുന്ന സന്ദേശം ലോകാവസനാം, യുഗാന്ത്യം, ആകാറായി. കാലത്തിന്റെ അടയാളങ്ങള്‍ കണ്ടു മനസ്സിലാക്കാനാണ് മാതാവിനെ ഉദ്ധരിച്ച് വെളിപാടുജീവികള്‍ പലരും സംസാരിക്കുന്നത്. ബഹുമാനപ്പെട്ട ജോഷി മയ്യാറ്റിലച്ചന്റെ വാക്കുകളില്‍ കാലന്റെ അടയാളക്കാരാണ് ഇത്തരം തെറ്റിദ്ധരിപ്പിക്കുന്നതും അബദ്ധജഡിലവുമായ പ്രബോധനങ്ങളുമായി രംഗപ്രവേശം ചെയ്തിരിക്കുന്നത്.

കഴിഞ്ഞദിവസം സ്വകാര്യവെളിപാടുകളെക്കുറിച്ച് സംസാരിച്ചിരുന്നുവല്ലോ. ഈശോയില്‍ പൂര്‍ത്തിയായ പരസ്യവെളിപാടിനോട് സ്വകാര്യവെളിപാടുകള്‍ക്ക് ഒന്നും കൂട്ടിച്ചേര്‍ക്കാനില്ലാത്തതിനാല്‍ സഭ വിവേചിച്ചറിഞ്ഞ് അംഗീകരിക്കുന്ന വെളിപാടുകള്‍ മാത്രമേ വിശ്വാസികള്‍ സ്വീകരിക്കേണ്ടതായിട്ടുള്ളൂ എന്നും അത്തരം വെളിപാടുകളേക്കാള്‍ വിശുദ്ധ കൂദാശകളുടെ സ്വീകരണത്തിലും ദൈവവചനത്തിന്റെ വായനയിലും മനനത്തിലുമാണ് കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടത് എന്നും പറഞ്ഞിരുന്നു. എന്നാല്‍ സ്വകാര്യവെളിപാടുകളുടെയും അവയെത്തുടര്‍ന്നുണ്ടാകുന്ന
അബദ്ധപ്രചരണങ്ങളുടെയും പേരില്‍ പലരും ആശയക്കുഴപ്പത്തിലും ഭയത്തിലും ജീവിക്കുന്നുണ്ട്. ഇത് പ്രചരിപ്പിക്കുന്ന ഒരാളോട് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞത്, അച്ചാ അങ്ങനെ ഭയപ്പെട്ട് ആളുകള്‍‍ പാപജീവിതത്തില്‍ നിന്ന് പിന്തിരിയുന്നത് നല്ലതല്ലേ. യുക്തമായ ചിന്തയാണെന്ന് തോന്നാമെങ്കിലും ഒരാള്‍ ഭയപ്പെട്ട് ചെയ്യുന്ന കാര്യം അയാള്‍ പൂര്‍ണ്ണസ്വാതന്ത്ര്യത്തോടെ ചെയ്യുന്ന കാര്യമല്ല. സ്വതന്ത്രമായ ചിന്തയെയും തീരുമാനത്തെയും കാള്‍ ഭയമാണ് അയാളെക്കൊണ്ട് ചിലത് ചെയ്യിക്കുകയോ ചെയ്യിക്കാതിരിക്കുകയോ ചെയ്യുന്നത്. അതുകൊണ്ട് തന്നെ പൂര്‍ണഹൃദയത്തോടെ ഞാന്‍ അനുതപിക്കുകയും പാപങ്ങളെ വെറുത്തുപേക്ഷിക്കുകയും ചെയ്യുന്നുവെന്ന് പ്രതിജ്ഞ ചെയ്യണമെങ്കില്‍ നാം ഭയത്തില്‍ നിന്ന് വിമുക്തരായിരിക്കണം. ദൈവഭയം എന്ന് മുതിര്‍ന്നവര്‍ പറയുന്നത് ദൈവത്തെ ഭയപ്പെട്ട് ജീവിക്കണം എന്ന അര്‍ത്ഥത്തിലല്ല, ദൈവത്തെയും ദൈവികനിയമങ്ങളെയും ആദരിച്ച് ജീവിക്കണം എന്ന അര്‍ത്ഥത്തിലാണ് എന്നു കൂടി മനസ്സിലാക്കണം.

സഭയുടെ വിശ്വാസനിക്ഷേപത്തെ മറികടക്കുന്നതോ തിരുത്തുന്നതോ ആയി നടിക്കുന്ന വെളിപാടുകളെ അംഗീകരിക്കാന്‍ ക്രൈസ്തവവിശ്വാസത്തിന് കഴിയില്ല എന്ന് മതബോധനഗ്രന്ഥം നമ്പര്‍ 67 അവസാനഭാഗത്ത് പറയുന്നുണ്ട്. അതുകൊണ്ട് ഈശോയുടെ രണ്ടാമത്തെ വരവിനെയും അന്ത്യവിധിയെയും കുറിച്ച് സഭാപ്രബോധനം എന്തു പറയുന്നുവെന്ന് ഒന്നു പരിശോധിക്കാം.

മനുഷ്യപുത്രനായ ഈശോ യുഗാന്ത്യത്തില്‍ വിജയശ്രീലാളിതനായി പ്രത്യക്ഷപ്പെടും എന്നത് പുതിയനിയമത്തില്‍ ഉടനീളം കാണുന്ന ഒരു സന്ദേശമാണ്. ഈശോയുടെ വാക്കുകള്‍ ഇതിന് സാക്ഷ്യമാണ്. “മനുഷ്യപുത്രന്‍ സ്വപിതാവിന്റെ മഹത്വത്തില്‍ തന്റെ ദൂതന്മാരോടൊത്ത് വരാനിരിക്കുന്നു” (മത്താ. 16,27). “നിങ്ങളും ഒരുങ്ങിയിരിക്കുവിന്‍. എന്തെന്നാല്‍ പ്രതീക്ഷിക്കാത്ത മണിക്കൂറിലാണ് മനുഷ്യപുത്രന്‍ വരുന്നത്” (ലൂക്ക 12,39-40).

പഴയനിയമജനതയും “കര്‍ത്താവിന്റെ ദിവസ”ത്തിനായി പ്രതീക്ഷയോടെ കാത്തിരുന്നിരുന്നു. ഇതേ “കര്‍ത്താവിന്റെ ദിവസ”ത്തെയാണ് ഈശോയുടെ ദ്വിതീയാഗമനദിവസമായി പുതിയനിയമം മനസ്സിലാക്കുന്നത്. ദൈവരാജ്യത്തിന്റെ സമ്പൂര്‍ണ്ണ സാക്ഷാത്കാരം, ചരിത്രത്തിന്റെ പൂര്‍ത്തീകരണം, മരിച്ചവരുടെ ഉയിര്‍പ്പ്, പൊതുവിധി തുടങ്ങിയവയെല്ലാം ദ്വിതീയാഗമനത്തില്‍ സംഭവിക്കുമെന്നാണ് ക്രൈസ്തവവിശ്വാസം.

എന്നാല്‍ എപ്പോഴാണ് ഈ ദ്വിതീയാഗമനം അഥവാ രണ്ടാമത്തെ വരവ് എന്ന് ചോദ്യത്തിന് വ്യക്തമായ ഉത്തരം പുതിയ നിയമത്തില്‍ നല്കുന്നില്ല (മത്താ24,36 മര്‍ക്കോ 13-32). എന്നാല്‍ അതിനു മുന്നോടിയായി ഉണ്ടാകാവുന്ന അടയാളങ്ങളെക്കുറിച്ച് വിശുദ്ധഗ്രന്ഥം സൂചന നല്കുന്നുണ്ട്. ആ ദിവസങ്ങള്‍ക്ക് ശേഷം പെട്ടെന്ന് സൂര്യന്‍ ഇരുണ്ടുപോകും. ചന്ദ്രന്‍ പ്രകാശം തരികയില്ല. നക്ഷത്രങ്ങള്‍ ആകാശത്തുനിന്നു നിപതിക്കും. ആകാശശക്തികള്‍ ഇളകും. കടലിന്റെയും തിരമാലകളുടെയും ഇരമ്പല്‍ ജനപദങ്ങളില്‍ സംഭ്രമമുളവാക്കും. സംഭവിക്കാന്‍ പോകുന്നവയെക്കുറിച്ചുള്ള ഭയവും ആകുലതയും കൊണ്ട് മനുഷ്യര്‍ പ്രജ്ഞയറ്റവരെപ്പോലെയാകും (മത്താ 24,29, മര്‍ക്കോ 13,24, ലൂക്കാ 21,25-27).

ഈശോയുടെ ദ്വിതീയാഗമനത്തെപ്പറ്റി ബൈബിള്‍ നല്കുന്ന വിവരണങ്ങളെ വിശകലനം ചെയ്യുമ്പോള്‍ രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

1. ഈ വിവരണങ്ങള്‍ നല്കുന്ന സനാതനസന്ദേശം എന്താണ്.
2. ഈ സന്ദേശം നല്കാന്‍ ബൈബിള്‍ ഉപയോഗിക്കുന്ന ഭാഷയും സാഹിത്യശൈലിയും എന്താണ്

സന്ദേശം എന്താണെന്ന് ചോദിച്ചാല്‍, അത് ദൈവം മനുഷ്യര്‍ക്കായി ഒരുക്കിയിരിക്കുന്ന രക്ഷാകരപദ്ധതിയുടെ വിജയവും പരിസമാപ്തിയുമാണ്. ഈശോയുടെ ജീവിതത്തിലൂടെയും മരണത്തിലൂടെയും ഉയിര്‍പ്പിലൂടെയും സംലഭ്യമാകുന്ന അനശ്വരത, ജീവിതത്തിന്റെ സാഫല്യം, മനുഷ്യനും ദൈവവും തമ്മിലുള്ള സ്നേഹത്തിന്റെ ഐക്യം, ലോകത്തിന്റെ രൂപാന്തരീകരണവും പൂര്‍ത്തീകരണവും, മനുഷ്യര്‍ തമ്മിലുള്ള സ്നേഹവും ഐക്യവും ഇവയെല്ലാം രക്ഷാകരചരിത്രത്തിന്റെ സമാപ്തിയില്‍ സാക്ഷാത്കരിക്കപ്പെടുമെന്ന് ദൈവവചനം ഉറപ്പ് നല്കുന്നുണ്ട്.

രണ്ടാമത്തേ കാര്യം, ഈ സന്ദേശം കൈമാറ്റം ചെയ്യാന്‍ തിരുലിഖിതം ഉപയോഗിക്കുന്ന ഭാഷയും ശൈലിയും എന്താണ് എന്നതാണ്. മൂന്ന് ശൈലികള്‍ പ്രധാനമായും നമുക്ക് കാണാന്‍ സാധിക്കും
1. യാഹ്വേയുടെ സ്വയം വെളിപ്പെടുത്തലിന് പഴയനിയമം ഉപയോഗിക്കുന്ന ഭാഷയും പ്രതീകങ്ങളും
2. അപ്പോക്കലിപ്റ്റിക് പ്രതീക്ഷയുടെ (യുഗാന്ത്യപ്രതീക്ഷയുടെ) ശൈലിയും അതിന്റെ സ്വാധീനങ്ങളും
3. ഗ്രീക്ക് സംസ്കാരത്തില്‍ പതിവായുണ്ടായിരുന്ന രാജകീയാഗമനമാണ് മൂന്നാമത്തെ ശൈലി. കാഹളധ്വനി മുഴക്കി, സേവകരുടെ അകമ്പടിയോടെ രാജാവ് എഴുന്നള്ളുന്നതിനെ സൂചിപ്പിക്കുവാന്‍ ഉപയോഗിച്ചിരുന്ന പദം പരൂസിയ എന്നതാണ്. ഇതുതന്നെയാണ് ഈശോയുടെ രണ്ടാംവരവിനെ സൂചിപ്പിക്കാന്‍ തിരുലിഖിതത്തിലും പ്രതീകാത്മകമായി ഉപയോഗിച്ചിരിക്കുന്നത്.

ഇവിടെ നാം തിരിച്ചറിയേണ്ടുന്ന സുപ്രധാനമായ സത്യം ഇതാണ്. പ്രതീകങ്ങളെ പ്രവചനമാക്കി മാറ്റുമ്പോള്‍ തെറ്റായ സിദ്ധാന്തങ്ങള്‍ രൂപംകൊള്ളുകയാണ്. തിരുലിഖിതത്തെ വ്യാഖ്യാനിക്കേണ്ടതോ മനസ്സിലാക്കേണ്ടതോ എങ്ങനെയെന്ന് ഒട്ടുമറിയാത്ത കുറേ മനുഷ്യര്‍ ചേര്‍ന്ന് പലരുടെയും സ്വകാര്യവെളിപാടുകളെയും ആധാരമാക്കി കത്തോലിക്കാപ്രബോധനങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ഈശോയുടെ രണ്ടാമത്തെ ആഗമനം സംബന്ധിച്ച കത്തോലിക്കാസഭയുടെ പ്രബോധനങ്ങളെ നമുക്ക് ഇപ്രകാരം സംഗ്രഹിക്കാം

1. ഈശോയുടെ രണ്ടാമത്തെ ആഗമനം അവിചാരിതമായ സമയത്ത് സംഭവിക്കും
2. ആദിമക്രൈസ്തവരില്‍ ചിലര്‍ ഈശോയുടെ രണ്ടാമത്തെ ആഗമനം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ അത് സംഭവിച്ചില്ല.
3. കര്‍ത്താവ് ഉടനെ വരാത്തത് അവിടുന്ന് ദീര്‍ഘക്ഷമ കാണിക്കുന്നതുകൊണ്ടാണ്. ആരും നശിച്ചുപോകാന്‍ അവിടുന്ന് ആഗ്രഹിക്കുന്നില്ല.
4. വിശ്വാസികള്‍ എപ്പോഴും ഒരുക്കമുള്ളവരായിരിക്കണം. പ്രകാശത്തിന്റെ മക്കളായി വര്‍ത്തിക്കണം. പ്രത്യാശയോടെയാണ്, ഭയത്തോടെയല്ല ഈശോയുടെ രണ്ടാമത്തെ ആഗമനത്തെ പ്രതീക്ഷിച്ചിരിക്കേണ്ടത്.
5. ലോകാവസാനത്തിന്റെ തിയതി നിശ്ചയിക്കേണ്ടത് മനുഷ്യനല്ല, അത് ദൈവവത്തിന്റെ രഹസ്യമാണ്.
6. എല്ലാ കാലങ്ങളിലും തിരുലിഖിതത്തിലെ പ്രതീകാത്മകഅടയാളങ്ങളായി വിവരിച്ചിട്ടുള്ള സംഭവിച്ചിട്ടുണ്ട്. അവയെല്ലാം യുഗാന്ത്യം ഉടനെ സംഭവിക്കുമെന്നതിന്റെ സൂചനയാണെന്ന് വ്യാഖ്യാനിക്കരുത്.
7. യുഗാന്ത്യവിവരണങ്ങളിലെ സന്ദേശം ഗ്രഹിക്കാന്‍ അതിലെ ഭാഷയും സാഹിത്യശൈലിയും തിരിച്ചറിയണം. വെറുതേ തോന്നിയതുപോലെ വ്യാഖ്യാനിക്കരുത് എന്നര്‍ത്ഥം.
8. പ്രപഞ്ചം രൂപാന്തരപ്പെടാനായി നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ്. അതിന്റെ രീതി നമുക്കറിഞ്ഞുകൂടാ.
9. പുതിയ ഭൂമിക്കുവേണ്ടിയുള്ള പ്രതീക്ഷ നമ്മെ നിഷ്ക്രിയരാക്കുകയല്ല, പ്രത്യുത കര്‍മ്മനിരതരും അദ്ധ്വാനിക്കാന്‍ താത്പര്യമുള്ളവരുമാക്കുകയാണ് വേണ്ടത്.

സമാപനം

ചുരുക്കത്തില്‍, കത്തോലിക്കാതിരുസഭയുടെ ആഹ്വാനമനുസരിച്ച് വിശ്വാസികള്‍ എല്ലാസമയവും ഈശോയുടെ രണ്ടാമത്തെ ആഗമനത്തെ പ്രതീക്ഷിച്ചാണ് ജീവിക്കേണ്ടത്. അടയാളങ്ങളെയും പ്രതീകങ്ങളെയും വ്യാഖ്യാനിച്ചും സ്വകാര്യവെളിപാടുകളെ ഉദ്ധരിച്ചും ലോകാവസാനമായി എന്ന് പഠിപ്പിക്കാന്‍ തിരുസ്സഭ ആരെയും നിയോഗിച്ചിട്ടില്ല. പിതാവായ ദൈവത്തിന് മാത്രം അറിയാവുന്ന കാര്യങ്ങള്‍ -സ്വര്‍ഗ്ഗത്തിനോ, മാലാഖമാര്‍ക്കോ പുത്രന് പോലുമോ അറിയില്ലാത്ത കാര്യങ്ങള്‍ – ആര്‍ക്കാണ് സ്വകാര്യമായി വെളിപ്പെടുത്താനാവുക. അതുകൊണ്ട് തെറ്റിദ്ധരിപ്പിക്കുന്നവരെക്കുറിച്ച് കരുതലുള്ളവരാകുക. അബദ്ധപ്രബോധനങ്ങളില്‍ പെടാതിരിക്കാന്‍ ജാഗ്രതയുള്ളവരാവുക. നന്മയുള്ളവരെ ദുഷിച്ചും സത്യപ്രബോധനത്തെ എതിര്‍ത്തും പ്രത്യക്ഷപ്പെടുന്നവര്‍ ആരുടെ ഏജന്റുമാരാണെന്ന് തിരിച്ചറിയുക. മാലാഖമാര്‍ കയറാന്‍ മടിക്കുന്നിടത്ത് പിശാചുക്കള്‍ ഓടിക്കയറും.

മാറാനാത്ത – കര്‍ത്താവേ, വേഗം വരണമേ.

Noble Thomas Parackal

Leave a Reply

Your email address will not be published. Required fields are marked *