Sathyadarsanam

പീഡനമേല്‍ക്കുന്ന നസ്രാണി സമൂഹം

ഭാരതത്തിലുടനീളം വ്യാപിച്ച മാര്‍ തോമ ശ്ലീഹായുടെ നസ്രാണി സഭാസമൂഹങ്ങളെക്കുറിച്ച് നാം കണ്ടു കഴിഞ്ഞല്ലോ. പോര്‍ച്ചുഗീസ് മിഷനറിമാരിലൂടെ പാശ്ചാത്യ സഭാസ്വാധീനം വരുന്നതിനു മുമ്പ് ഭാരത മണ്ണില്‍ മാര്‍ തോമ ക്രിസ്ത്യാനികള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന വസ്തുത എല്ലാവരുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്. നസ്രാണികള്‍ക്ക് തങ്ങളുടേതായ പാരമ്പര്യങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്നതിന് സഭാഭരണ സംവിധാനങ്ങളും രാജാക്കന്മാരുള്‍പ്പെടെ സാമൂഹിക മേഖലയിലും വലിയ സ്വാധീനം ഉണ്ടായിരുന്നു.

20, 21 നൂറ്റാണ്ടുകളിലായി ജീവിക്കുന്ന നമുക്ക് ആഗോള കത്തോലിക്കാ മിഷന്‍ പ്രവര്‍ത്തന രംഗത്ത് നമ്മുടെ സഭാമക്കള്‍ എത്രമാത്രം പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്നു എന്ന് വ്യക്തമായി അറിയാം. ഭാരതത്തിലും വിദേശ രാജ്യങ്ങളിലും മാര്‍തോമ മിഷനറിമാര്‍ ഇല്ലാത്ത രൂപതകളും സന്യാസ ഭവനങ്ങളും വിരളമാണ്.

ഭാരതത്തിനു പുറത്തുള്ള നസ്രാണി സമൂഹങ്ങള്‍

ഭാരതത്തില്‍ മാത്രമല്ല ചൈനയിലും മാര്‍ തോമായുടെ സഭാസമൂഹം നിലനിന്നിരുന്നു എന്ന് വ്യക്തം. അവിടെ 7-ാം നൂറ്റാണ്ടു മുതല്‍ നസ്രാണി മിഷനറിമാര്‍ സേവനം അനുഷ്ഠിച്ചിരുന്നു. ഇതേ നൂറ്റാണ്ടിലെ സ്മാരക ശിലകളില്‍ നിന്നുള്ള രേഖകള്‍ പരിശോധിക്കുമ്പോള്‍ അവിടെ ശക്തമായ ക്രൈസ്തവ സമൂഹം ഉണ്ടായിരുന്നതായി കാണാം.

തോമാ ശ്ലീഹായോ തോമാ ശിഷ്യരോ ചൈനയില്‍ ആദ്യനൂറ്റാണ്ടില്‍ തന്നെ സുവിശേഷം എത്തിച്ചു എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. കൂടാതെ എത്യോപ്യ, മാലിദ്വീപ്, ലക്ഷദ്വീപ്, ജാവ, സൊക്കോട്രോ എന്നിവിടങ്ങളിലും മാര്‍തോമാ ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നു. സൊക്കോട്രോ ദ്വീപില്‍ തോമ ശ്ലീഹാതന്നെ സുവിശേഷം പ്രസംഗിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടെ പള്ളികളും ആരാധനാക്രമവും മെത്രാനും പൗരസ്ത്യ സുറിയാനി പാരമ്പര്യമനുസരിച്ച് ഉണ്ടായിരുന്നു.

സഭാ സമൂഹങ്ങള്‍ ക്ഷയിക്കുന്നു

ഇത്രയേറെ വ്യാപ്തിയും സ്വാധീനവും ഉണ്ടായിരുന്ന നസ്രാണി സഭയ്ക്ക് എങ്ങനെ ഇവയെല്ലാം നഷ്ടപ്പെട്ടു. കേരളമെന്ന സംസ്ഥാനത്തിന്റെ നാലു അതിരുകള്‍ക്കുളളില്‍ നസ്രാണി മക്കള്‍ എങ്ങനെ ഒതുക്കപ്പെട്ടു. സഭാചരിത്രത്തിന്റെ ഈ കറുത്ത ഏടുകള്‍ പരിശോധിക്കുമ്പോള്‍ പല വിധത്തിലായി ഞെരുക്കപ്പെട്ട നസ്രാണി സഭാസമൂഹങ്ങളെ കണ്ടുമുട്ടും. സ്വന്തം ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഭാരതത്തിനകത്തുപോലും ഒരു ഇടവകയോ രൂപതയോ സ്ഥാപിക്കാന്‍ വേണ്ടി മറ്റുള്ളവരുടെ ഔദാര്യത്തിന് മുന്നില്‍ കൈ നീട്ടി നില്‍ക്കേണ്ട അവസ്ഥയിലേക്ക് നാം എത്തിച്ചേര്‍ന്നു. നസ്രാണി സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്കുളള കാരണങ്ങള്‍ രണ്ടു തരത്തിലുള്ളവയാണ്. ഒന്ന്, സഭയ്ക്കു പുറത്തു നിന്നുള്ള വെല്ലുവിളികളും അടിച്ചമര്‍ത്തലുകളും, രണ്ട്, സഭയ്ക്കു അകത്തു നിന്നുള്ള പ്രവര്‍ത്തനങ്ങള്‍.

പുറമെ നിന്നുള്ള വെല്ലുവിളികള്‍

ക്രൂരമായ പീഡനങ്ങളാണ് നസ്രാണി സഭാസമൂഹങ്ങള്‍ക്ക് പലയിടങ്ങളിലും നേരിടേണ്ടി വന്നിട്ടുള്ളത്. മതപീഡനങ്ങള്‍ നടക്കുമ്പോള്‍ തന്നെ നിര്‍ബന്ധിത മതം മാറ്റം പല സ്ഥലങ്ങളിലും നടന്നു. രാജാക്കന്മാരുടെ പിന്തുണ കൂടി ലഭിച്ചപ്പോള്‍ പീഡനങ്ങള്‍ക്ക് കാഠിന്യമേറി. മാര്‍തോമ ക്രിസ്ത്യാനികള്‍ക്ക് സമാധാനമായി ജീവിക്കുവാനും ആത്മീയ ശുശ്രൂഷകള്‍ നടത്തുന്നതിനും കഴിയാത്ത അവസ്ഥയായി. ഈ ആക്രമണങ്ങളില്‍ പ്രധാന പങ്കു വഹിച്ചത് മുഹമ്മദീയരാണ്. എഡി 712 ല്‍ സിന്ധു നദീതടത്തില്‍ വളരെ പ്രബലമായി ഉണ്ടായിരുന്ന ക്രിസ്തീയ സമൂഹത്തെ മുഹമ്മദ് ബിന്‍ കാസിമിന്റെ നേതൃത്വത്തില്‍ മുഹമ്മദീയര്‍ ആക്രമികള്‍ നശിപ്പിച്ചു. വിശ്വാസികളെ മാത്രമല്ല ആരാധനാലയങ്ങളും ഇവര്‍ തകര്‍ത്തതിനാല്‍ ശേഷിച്ചവര്‍ക്ക് ആത്മീയ ശുശ്രൂഷകളും അത് നല്‍കുന്നതിനുളള വൈദികരും ഇല്ലാതായി. സമാനമായ സംഭവങ്ങള്‍ പല സഭാസമൂഹങ്ങള്‍ക്കും നേരിടേണ്ടിവന്നു.
ഗുജറാത്തില്‍ ശക്തി പ്രാപിച്ചിരുന്ന നസ്രാണി സമൂഹത്തെ മതപീഡനങ്ങള്‍ വല്ലാതെ ഉലച്ചു. ഗോവനസ്രാണി ക്രിസ്ത്യാനികള്‍ തിങ്ങി നിറഞ്ഞ പ്രദേശമായിരുന്നു. ഗോവയെക്കുറിച്ച് വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ വിശുദ്ധ ഇഗ്നേഷ്യസ് ലയോളക്ക് അയച്ച കത്തില്‍ പറയുന്നത്, ‘ഈ ഗോവ മുഴുവനും ക്രിസ്ത്യാനികള്‍ നിവസിക്കുന്ന സ്ഥലമാണ്; ഗോവയിലുള്ള ക്രിസ്ത്യാനികള്‍ പ്രഗത്ഭനായ മാര്‍തോമ ശ്ലീഹായോട് വളരെ ഭക്തിയുളളവരാണ്.

എന്നാല്‍ ഇവിടെയും ഹൈന്ദവ സമുദായങ്ങളുടെ പീഡനങ്ങളും ആക്രമണങ്ങളും സഭാ മക്കള്‍ക്ക് നേരിടേണ്ടിവന്നു. പീഡനങ്ങള്‍മൂലം തെക്കുകിഴക്കന്‍ തീരദേശങ്ങളില്‍ നിന്നു ധാരാളം ആളുകള്‍ പലായനം ചെയ്തു. കുറെ പേരെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാക്കുകയും കുറെ പേരെ വധിക്കുകയും ചെയ്തു.

മൈലാപ്പൂരിലും കാവേരി പട്ടണത്തിലും മംഗലാപുരത്തും മൈസൂരിലുമെല്ലാം സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. എന്നാല്‍ എല്ലാ വെല്ലുവിളികളെയും പീഡനങ്ങളെയും അതിജീവിച്ച് നസ്രാണി ക്രൈസ്തവര്‍ ഇവിടെയെല്ലാം വിശ്വാസത്തില്‍ ഉറച്ചു നിന്നു. പിടിച്ചു നിന്നവര്‍ക്ക് ആത്മീയ ശുശ്രൂഷകള്‍ ലഭിക്കാന്‍ വൈദികരെയോ മെത്രാന്മാരെയോ അയയ്ക്കാന്‍ കല്‍ദായ സുറിയാനി സഭയ്ക്ക് സാധിക്കാത്തവിധം ഈ പ്രദേശങ്ങളിലേക്കുള്ള പ്രവേശന മാര്‍ഗങ്ങളെല്ലാം തന്നെ മുഹമ്മദീയര്‍ അടച്ചു. 12-ാം നൂറ്റാണ്ടിലാണ് മാലിദ്വീപ് ഇസ്ലാം മതവിശ്വാസികള്‍ കയ്യടക്കിയത്. ഇന്ന് മാലിദ്വീപ് ഒരു മുസ്ലിം രാജ്യമാണ്.
ലക്ഷദ്വീപാകട്ടെ 7-ാം നൂറ്റാണ്ടില്‍തന്നെ മുഹമ്മദീയര്‍ കടന്നുകയറി നസ്രാണി സമൂഹത്തെ ഇല്ലാതാക്കാന്‍ ശ്രമം തുടങ്ങി. ലക്ഷദ്വീപും ഇന്ന് മുസ്ലിം ഭൂരിപക്ഷമുള്ള ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമാണ്. പീഡനങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ നിന്നു വിശ്വാസികള്‍ പ്രധാനമായും കുടിയേറിയത് മലബാറിലേക്കായിരുന്നു.

കൊടുങ്ങല്ലൂര്‍ നഷ്ടപ്പെടുന്നു

ഭാരതത്തിലെ മാര്‍തോമ ക്രിസ്ത്യാനികളുടെ ഭരണസിരാകേന്ദ്രമായിരുന്ന കൊടുങ്ങല്ലൂര്‍ സഭയ്ക്ക് നഷ്ടപ്പെടുന്നത് 9-ാം നൂറ്റാണ്ടിലാണ്. ഇക്കാലത്ത് ഇവിടെ താമസിച്ചിരുന്നവര്‍ പാഴ്‌സികളും അറബികളും ഈജിപ്തുകാരും യൂദന്മാരും മുഹമ്മദീയരും ക്രിസ്ത്യാനികളും ഹിന്ദുക്കളുമൊക്കെയായിരുന്നു. 8-ാം നൂറ്റാണ്ടില്‍ കൊടുങ്ങല്ലൂരിലെത്തിയ മുഹമ്മദീയര്‍ 9-ാം നൂറ്റാണ്ടില്‍ യൂദന്മാരുമായി കലഹത്തിലേര്‍പ്പെട്ടു. കച്ചവടത്തില്‍ പങ്കാളികളായിരുന്നതിനാല്‍ ക്രിസ്ത്യാനികളും യൂദന്മാരുടെകൂടെ യുദ്ധത്തില്‍ പങ്കു ചേര്‍ന്നു. എന്നാല്‍ മുഹമ്മദീയര്‍ വിദേശത്തു നിന്നു സൈന്യത്തെ കൊണ്ടുവന്ന് യുദ്ധത്തില്‍ അവരെ തോല്‍പിച്ചു. അങ്ങനെ കീഴടക്കിയ കൊടുങ്ങല്ലൂര്‍ പ്രദേശം മുഹമ്മദീയര്‍ നശിപ്പിച്ചു. അതോടൊപ്പം അവിടെയുണ്ടായിരുന്ന ക്രൈസ്തവ യൂദകേന്ദ്രങ്ങളും അവര്‍ തകര്‍ത്തു. കുറച്ച് ക്രിസ്ത്യാനികള്‍ അവിടെ തന്നെ ഉറച്ചു നിന്നുവെങ്കിലും ഭൂരിപക്ഷം പേരും കൊടുങ്ങല്ലൂര്‍ വിട്ട് ആലങ്ങാട് രാജാവിന്റെ പക്കല്‍ അഭയം തേടി. രാജാവിന്റെ പിന്തുണയോടെ ക്രിസ്ത്യാനികള്‍ 9-ാം നൂറ്റാണ്ടില്‍തന്നെ അങ്കമാലിയില്‍ ചെന്ന് പള്ളിയും പട്ടണവും സ്ഥാപിക്കുകയും ചെയ്തു. ക്രമേണ നസ്രാണി സമൂഹത്തിന്റെ ഭാരതത്തിലെ മെത്രാന്മാരുടെ ആസ്ഥാന പട്ടണവും സഭയുടെ ഭരണസിരാ കേന്ദ്രവുമായി അങ്കമാലി മാറി.

സഭയ്ക്കുള്ളില്‍ നിന്നുള്ള വെല്ലുവിളികള്‍

സഭയ്ക്കുളളില്‍ നിന്നുള്ള വെല്ലുവിളികളെയും അടിച്ചമര്‍ത്തലുകളെയും വിശദമായി നാം കാണേണ്ടിയിരിക്കുന്നു. ബാഹ്യമായ ആക്രമണങ്ങള്‍ സഭാസമൂഹങ്ങളുടെ ശക്തി ക്ഷയിപ്പിക്കാന്‍ കാരണമായെങ്കില്‍ സഭയ്ക്കുളളില്‍ നിന്നുള്ളവ സഭയുടെ തനിമയെയും തദ്ദേശീയമായി സഭയ്ക്ക് അവകാശപ്പെടാന്‍ ഉണ്ടായിരുന്ന എല്ലാത്തിനെയും തച്ചുടച്ച് കളയാന്‍ പോന്നതായിരുന്നു. ഇവ ഇഞ്ചിഞ്ചായി നസ്രാണി സഭയെ ഇല്ലാതാക്കിക്കൊണ്ടിരുന്നു.
നെസ്‌തോറിയന്‍ പാഷണ്ഡതയും സഭയുടെ ബന്ധങ്ങളും റോമിനോടും മാര്‍പാപ്പയോടുമുളള വിധേയത്വത്തെപ്പറ്റി വിദേശികള്‍ക്കുണ്ടായ സംശയങ്ങളും സഭാപരവും വിശ്വാസ സംബന്ധവുമായ തെറ്റിദ്ധാരണകളും നസ്രാണി സമൂഹത്തെ വേട്ടയാടിക്കൊണ്ടിരുന്നു. ഇതിന്റെയെല്ലാം പൂര്‍ത്തീകരണം കുറിച്ചുനടന്ന പോര്‍ച്ചുഗീസ് മിഷനറിമാരുടെ രംഗപ്രവേശനവും പാശ്ചാത്യവല്‍ക്കരണവും നസ്രാണി സമൂഹത്തിന്റെ പ്രതാപകാലത്തിന് ചരമഗീതം കുറിച്ചു.
മേല്‍പ്പറഞ്ഞവയെല്ലാം മാര്‍ തോമ ക്രിസ്ത്യാനികളുടെ ചരിത്രത്തില്‍ നിര്‍ണായകമാണ്. ഈ സംഭവ വികാസങ്ങളെക്കുറിച്ച് വിശദമായി അടുത്ത ലക്കത്തില്‍.

കടപ്പാട് : കേരള സഭ

ഇരിഞ്ഞാലകുട രൂപത മുഖപത്രം

Leave a Reply

Your email address will not be published. Required fields are marked *