മാര്‍പാപ്പ അന്തിക്രിസ്തുവാണെന്നും മാര്‍പാപ്പ ഒന്നാം പ്രമാണം ലംഘിച്ചുവെന്നും മാര്‍പാപ്പ വിഗ്രഹാരാധന നടത്തിയെന്നുമൊക്കെയുള്ള വാദങ്ങള്‍ ഉന്നയിക്കാനാരംഭിച്ചത് മാര്‍പാപ്പയോട് വ്യക്തിപരമായും ആശയപരമായും വിരോധമുള്ളവരാണ്. ഇക്കൂട്ടരെ തിരിച്ചറിയാന്‍ സാധിക്കാത്ത നല്ല വിശ്വാസികളും അവരുടെ വ്യാജപ്രചരണങ്ങളില്‍ കുടുങ്ങിപ്പോയി. പല രീതിയിലാണ് തങ്ങളുടെ ആശയങ്ങളെ അവര്‍ വിശ്വസനീയമാക്കുന്നത്.
1. ബൈബിളില്‍ നിന്ന് ഉദ്ധരിക്കുന്നു – എന്നാല്‍ ബൈബിള്‍ എന്നത് ദൈവവചനത്തിന്റെ ഒരു ഭാഗം മാത്രമാണെന്നും പരിശുദ്ധമായ പാരമ്പര്യം ദൈവവചനത്തിന്റെ അവിഭാജ്യഘടകമാണെന്നും അവര്‍ മറക്കുന്നു. ദൈവികവെളിപാടിന് വളര്‍ച്ചാസ്വഭാവമുണ്ടെന്നും ഇക്കാരണങ്ങളാല്‍ ദൈവവചനം വ്യാഖ്യാനിക്കേണ്ടത് മുഴുവന്‍ പുസ്തകങ്ങളുടെയും സഭാപാരമ്പര്യത്തിന്റെയും വെളിച്ചത്തിലായിരിക്കണമെന്നുമുള്ള കത്തോലിക്കാപ്രബോധനത്തെ അവഗണിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്.
2. സഭാനിയമങ്ങളും പ്രബോധനങ്ങളും അവതരിപ്പിക്കുന്നു – ഒരു പ്രശ്നത്തെ വിശകലനം ചെയ്യാന്‍ സഭാപ്രബോധനങ്ങളില്‍ അവര്‍ക്കിഷ്ടപ്പെടുന്ന ഭാഗം മാത്രമായി എടുത്തുകൊണ്ടുവരും. മാര്‍പാപ്പയെ അന്തിക്രിസ്തുവാക്കാന്‍ മാര്‍പാപ്പയോട് ആശയപരമായി വിയോജിപ്പുള്ളവരുടെ അഭിപ്രായങ്ങള്‍ കൊണ്ടുവരുന്നതുപോലെ. അതേസമയം, മാര്‍പാപ്പയെ പിന്തുണക്കുന്നവരുടെ പ്രസ്താവനകള്‍ അവര്‍ മനപൂര്‍വ്വം അവഗണിക്കുകയും ചെയ്യും. ഇതുതന്നെയാണ് സഭാപ്രബോധനങ്ങളുടെയും നിയമങ്ങളുടെയും കാര്യത്തിലും. തങ്ങളുടെ ആശയപ്രചരണത്തെ സഹായിക്കുന്നവ മാത്രം സ്വീകരിക്കും, വളച്ചൊടിക്കും.
3. സഭാനേതൃത്വത്തിന്റെ വിശ്വസനീയത തകര്‍ക്കുക – മേല്‍പ്പറഞ്ഞ രീതിയില്‍ ആശയപ്രചരണങ്ങള്‍ നടത്തിയശേഷം സഭാനേതൃത്വം നല്കുന്ന വ്യാഖ്യാനങ്ങള്‍ സ്വാര്‍ത്ഥതാത്പര്യങ്ങളാല്‍ നിയന്ത്രിതമാണെന്ന് സ്ഥാപിക്കലാണ് ഇവരുടെ മറ്റൊരാശയം. അതിന് ഉദാഹരണമായി സഭയിലെ ഏതെങ്കിലും വ്യക്തികളുടെയോ മറ്റോ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടും.
സഭയെ എതിര്‍ക്കുന്നവര്‍ക്ക് സഭനേതൃത്വവും വിശ്വാസികളും തമ്മില്‍ ഭിന്നിപ്പുണ്ടാക്കേണ്ടത് അനിവാര്യമാണ്. അതിനായി ഇത്തരക്കാരെ കൂട്ടുപിടിക്കുന്നവരും അവരുടെ ശൈലികളെ അനുകരിക്കുന്നവരും ധാരാളമുണ്ട്. സഭാനേതൃത്വം ഔദ്യോഗികമായി പഠിപ്പിക്കാത്തതൊന്നും ഒരു യഥാര്‍ത്ഥ വിശ്വാസി സ്വീകരിക്കേണ്ടതില്ല. സഭാനേതൃത്വത്തെത്തന്നെ സംശയത്തോടെ വീക്ഷിക്കാനും അതിനെ അന്തിക്രിസ്തുവായി അവതരിപ്പിക്കാനും വെമ്പല്‍ കൊള്ളുന്നവരെ പടിക്കു പുറത്തു നിര്‍ത്താന്‍ സാധിക്കുന്നില്ലെങ്കില്‍ സത്യവിശ്വാസം കൈമോശം വരാന്‍ അധികകാലം വേണ്ടിവരില്ല എന്ന് ചുരുക്കം.
നോബിൾ തോമസ് പാറയ്ക്കൽ










Leave a Reply