Sathyadarsanam

കോവിഡ് 19 – ക്വറന്‍റൈന്‍ – ആത്മീയത

നമുക്ക് പരിചിതമല്ലാത്ത വാക്കുകളായിരുന്നു കൊറോണയും ക്വറന്‍റൈനും. ശാസ്ത്രലോകത്തിന് തന്നെ അപരിചിതമായ വൈറസിന്‍റെ വ്യാപനവും അതിനെത്തുടര്‍ന്ന് അകത്ത് അടങ്ങിയിരിക്കേണ്ടി വരുന്ന അവസ്ഥയും പുതിയൊരനുഭവമാണ്. ആത്മീയജീവിതത്തിന്‍റെ സാധാരണശൈലിക്ക് പെട്ടെന്ന് നേരിട്ട തടസ്സവും ഇത്തരുണത്തില്‍ നടാടെയായിരുന്നു. ഈ അവസരത്തില്‍ ചില ചിന്തകള്‍ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു.

1. കണക്ടഡ് ആയിരിക്കേണ്ടതിന്‍റെ ആവശ്യകത

സാങ്കേതിവിദ്യ ഇത്രയും വളര്‍ന്നിരിക്കുന്ന 2020 ആണ്ടില്‍ കുടുംബങ്ങളില്‍ അടച്ചുപൂട്ടപ്പെട്ട ദൈവജനത്തോട് സംവദിക്കാനും അവരെ ആശ്വസിപ്പിക്കാനും പെട്ടെന്ന് അവരിലേക്ക് എത്തിച്ചേരാനും വൈദികരെയും സഭാനേതൃത്വത്തെയും സഹായിക്കുന്നത് ആധുനിക സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങളാണ്. നിരവധി വൈദികരും മുതിര്‍ന്ന തലമുറയിലെ ഒരു വിഭാഗവും ഇത്തരത്തിലുള്ള സാമൂഹ്യമാധ്യമങ്ങളുടെ ക്രിയാത്മകമായ ഉപയോഗത്തോട് വിമുഖത പ്രകടിപ്പിച്ചിരുന്നവരാണ്. ഡിജിറ്റല്‍ ലോകത്ത് പരസ്പരം കണക്ടട് ആയിരിക്കേണ്ടതിന്‍റെ അനിവാര്യത ഈ അപകടകാലം നമ്മെ വ്യക്തമായി ഓര്‍മ്മിപ്പിക്കുന്നുണ്ട്. സീറോ മലബാര്‍ സഭയുടെ ഇന്‍റര്‍നെറ്റ് മിഷന്‍ വികസിപ്പിച്ച പാരിഷ് ആപ്പ് വൈദികര്‍ അവഗണിച്ചുകളഞ്ഞ ഇത്തരമൊരു സംരഭമായിരുന്നെന്ന് ഓര്‍ക്കണം. കത്തോലിക്കാവിശ്വാസത്തിന്‍റെ ക്രിയാത്മകമായ ഒരു പ്രവര്‍ത്തനമേഖലയാക്കി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ നാം ഇന്നും പരാജയം തന്നെയാണെന്ന് സമ്മതിക്കാതെ വയ്യ. സ്വന്തം മുഖത്ത് ചെളിവാരിത്തേക്കുന്ന സഭാംഗങ്ങളെന്ന് അവകാശപ്പെടുന്ന ഗുണനിലവാരമില്ലാത്ത വിമര്‍ശകര്‍ക്കാണ് ഇന്നും ഓണ്‍ലൈനില്‍ പ്രചാരം കൂടുതല്‍. ഗുണനിലവാരമുള്ള കണക്ടിവിറ്റി ഇടവകാതലം മുതല്‍ സഭാതലം വരെ രൂപപ്പെടുത്തേണ്ടത് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം. സഭാകൂട്ടായ്മയുടെ വിര്‍ച്വല്‍ ലോകം ശാസ്ത്രത്തിലൂടെയുള്ള ദൈവികവെളിപാടിന്‍റെ ആവിഷ്കാരമായി തിരിച്ചറിയാന്‍ ശ്രമിക്കാം.

2. ഓണ്‍ലൈന്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണം സാധുവല്ല

വിശുദ്ധ കുര്‍ബാനയുടെ അര്‍പ്പണത്തില്‍ സാധാരണഗതിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തത് വലിയ ആത്മീയപ്രതിസന്ധിയായി കണക്കാക്കേണ്ടതില്ല. അതേസമയം, ഓണ്‍ലൈന്‍ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കാനുള്ള ആഹ്വാനങ്ങളും മാര്‍ഗ്ഗങ്ങളും സുലഭമാണ് താനും. പക്ഷേ, പ്രത്യേകം ഓര്‍മ്മിക്കേണ്ടത് ഓണ്‍ലൈന്‍ വഴിയുള്ള ബലിയര്‍പ്പണം സാധുവായ ഒന്നല്ല എന്ന കാര്യമാണ്. ആത്മനാ ബലിയര്‍പ്പണത്തില്‍ പങ്കുചേരാന്‍ സാധിക്കുന്നു എന്നത് മാത്രമാണ് അതിന്‍റെ ഗുണം. ദേവാലയത്തിലെ ബലിയര്‍പ്പണത്തിന് ഒരുരീതിയിലും പകരമാകാന്‍ ഓണ്‍ലൈന്‍ കുര്‍ബാനകള്‍ക്ക് കഴിയില്ല. അനുദിനമുള്ള ബലിയര്‍പ്പണത്തിന് അടുത്ത നൂറ്റാണ്ടുകളിലാണ് ആരംഭം കുറിച്ചത് എന്നതും മറക്കരുത്. ഞായറാഴ്ച ദൈവാലയത്തിലെത്തി ബലിയര്‍പ്പിക്കാന്‍ വിശ്വാസിക്കുള്ള കടമ നിറവേറ്റാന്‍ ഓണ്‍ലൈന്‍ ബലിയര്‍പ്പണങ്ങള്‍ സഹായിക്കില്ല.

ഞായറാഴ്ചക്കുര്‍ബാനയുടെ കടത്തില്‍ നിന്ന് അഭിവന്ദ്യ രൂപതാദ്ധ്യക്ഷന്മാര്‍ വിശ്വാസികള്‍ക്ക് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. അപ്പസ്തോലന്മാരുടെ പിന്ഗാമികളെന്ന നിലയില്‍ ദൈവജനത്തിന്‍റെ സാഹചര്യങ്ങള്‍ മനസ്സിലാക്കി അവരെ ആത്മീയമായി നയിക്കുന്നവരാണ് പിതാക്കന്മാര്‍. രൂപതാമെത്രാന്മാര്‍ നല്കുന്ന നിര്‍ദ്ദേശങ്ങളും ഇളവുകളും ഒരു കൂട്ടായ്മയെന്ന നിലയില്‍ സഭയുടെ ആത്മീയ അച്ചടക്കം കാത്തുസംരക്ഷിക്കപ്പെടുന്നതിന് അനിവാര്യമാണ്. ഞായറാഴ്ചക്കുര്‍ബാനയുടെ കടത്തില്‍ നിന്നും ഇളവ് നല്കുന്നത് സംബന്ധിച്ച എല്ലാ ദുര്‍വ്യാഖ്യാനങ്ങളും സഭാകൂട്ടായ്മയെ സംബന്ധിച്ചിടത്തോളം തികച്ചും അപ്രസക്തമാണ്.

3. പാപമോചനത്തിനുള്ള അസാധാരണമാര്‍ഗ്ഗങ്ങള്‍

അനുരഞ്ജനകൂദാശയുടെ സ്വീകരണത്തിനും തടസ്സം നേരിട്ടിട്ടുണ്ട്. അടച്ചുപൂട്ടിയിരിക്കുന്ന ഈ സമയത്ത് പാപമോചനം നേടുന്നതിന് എന്താണ് വഴിയെന്ന ചോദ്യത്തിന് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ നല്കിയിരിക്കുന്ന മറുപടി ഇതാണ്. ദൈവത്തോട് നേരിട്ട് പാപങ്ങള്‍ ഏറ്റു പറയുക. കാരുണ്യവാനായ ദൈവം ക്ഷമിക്കും.

ചിലപ്പോള്‍ ഈ ആശയം സംശയത്തിന് ഇടയാക്കിയേക്കാം. അനുരഞ്ജനകൂദാശ സ്വീകരിക്കാതിരിക്കാന്‍ ഞാന്‍ ദൈവത്തോട് നേരിട്ടാണ് പാപം ഏറ്റുപറയുന്നത് എന്ന് വാദിക്കുന്നവര്‍ പാപ്പായുടെ ഈ സന്ദേശത്തെ ദുരുപയോഗപ്പെടുത്തുന്നുമുണ്ട്. ഒരു ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ടുവെന്ന് വിചാരിക്കുക. അതിലുള്ളവര്‍ എമര്‍ജന്‍സി എക്സിറ്റ് ഉപയോഗപ്പെടുത്തും. അത് അഴികളിടാത്ത ബസിന്‍റെ ജനാലയായിരിക്കും. അപകടസമയത്ത് ജനാലയിലൂടെ ചാടി എന്നതുകൊണ്ട് സാധാരണസമയങ്ങളിലും ഞാന്‍ ജനാലവഴിയേ ബസില്‍ നിന്നിറങ്ങൂ എന്ന് വാശി പിടിക്കുന്നവരോട് തര്‍ക്കിക്കാനൊന്നും പോകേണ്ടതില്ല.

പക്ഷേ, ഇപ്രകാരം പാപമോചനം നേടുന്നതിന് നല്ല കുമ്പസാരത്തിന് വേണ്ടുന്ന കാര്യങ്ങള്‍ അനുവര്‍ത്തിച്ചിരിക്കണം:
a. പാപങ്ങള്‍ ക്രമമായി ഓര്‍മ്മിക്കുക
b. പാപങ്ങളെക്കുറിച്ച് അനുതപിക്കുക
c. മേലില്‍ പാപം ചെയ്യുകയില്ലെന്ന് പ്രതിജ്ഞ ചെയ്യുക
d. ഇതോടൊപ്പം അടുത്ത രണ്ടു കാര്യങ്ങള്‍ (ചെയ്തുപോയ പാപങ്ങള്‍ വൈദികനെ അറിയിക്കുന്നതും വൈദികന്‍ കല്പിക്കുന്ന പ്രായ്ശ്ചിത്തം നിറവേറ്റുന്നതും) അനുരഞ്ജനകൂദാശയുടെ ഏറ്റവുമടുത്ത സ്വീകരണസമയത്ത് ചെയ്തുകൊള്ളാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്യുക.

ഇതിനും പുറമേ, അത്യാവശ്യസമയത്ത് പൊതുവായ പാപമോചനം (General Absolution) നല്കുന്നതിന് സാഹചര്യങ്ങളനുസരിച്ച് വൈദികര്‍ക്ക് അനുവാദം നല്കാന്‍ രൂപതാമെത്രാന് അധികാരമുണ്ട്. വത്തിക്കാന്‍ പുറപ്പെടുവിച്ച രേഖ അതിനെക്കുറിച്ച് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്കുന്നുണ്ട്. ഇപ്രകാരം പാപമോചനം നല്കുമ്പോഴും മേല്‍പ്പറഞ്ഞതുപോലെ നല്ല കുമ്പസാരത്തിന് വേണ്ടുന്ന ഘടകങ്ങള്‍ അതില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്.

4. കോവിഡ് ബാധിതര്‍ക്കും രോഗീശുശ്രൂഷകര്‍ക്കുള്ള ദണ്ഡവിമോചനങ്ങള്‍

കോവിഡ് 19 വ്യാപനത്തിന്‍റെ പ്രത്യേകപശ്ചാത്തലത്തില്‍ കോവിഡ് ബാധിതര്‍ക്കും രോഗീശുശ്രൂഷകര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും സഭ പ്രത്യേക ദണ്ഡവിമോചനങ്ങള്‍ പ്രഖ്യാപിച്ചു. വൈറസ് ബാധിച്ചവര്‍, ക്വറന്‍റൈനിലുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരോടൊപ്പം നല്ല സമരായന്‍റെ മാതൃക അനുകരിച്ച് രോഗികളെ പരിചരിക്കുന്നവര്‍ക്കും ഈ ദണ്ഡവിമോചനം പ്രാപിക്കാവുന്നതാണ്. ഈ പ്രത്യേക ദണ്ഡവിമോചനം പ്രാപിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്.

a. മാധ്യമങ്ങളിലൂടെയുള്ള ആത്മീയശുശ്രൂഷയില്‍ ആത്മീയമായി ഐക്യപ്പെടുക, ജപമാല, കുരിശിന്‍റെ വഴി എന്നിവ എത്തിക്കുക, മറ്റ് ഭക്തകൃത്യങ്ങള്‍ അനുഷ്ഠിക്കുക, അല്ലെങ്കില്‍ വിശ്വാസപ്രമാണമോ, സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയോ, പരിശുദ്ധ ദൈവമാതാവിനോടുള്ള പ്രാര്‍ത്ഥനയോ എത്തിച്ചുകൊണ്ട് ദൈവത്തില്‍ ശരണപ്പെട്ട് രോഗപീഡയെ സഹോദരസ്നേഹത്തെപ്രതി കാഴ്ചവെക്കുക
b. ഏറ്റവുമടുത്ത സന്ദര്‍ഭത്തില്‍ അനരുഞ്ജനകൂദാശ കൈക്കൊണ്ട് വിശുദ്ധ കുര്‍ബാന സ്വീകരിച്ച് പരിശുദ്ധ പിതാവിന്‍റെ നിയോഗത്തിനായി പ്രാര്‍ത്ഥിക്കുകയെന്ന ദണ്ഡവിമോചനത്തിന്‍റെ സാധാരണവ്യവസ്ഥ പൂര്‍ത്തിയാക്കാമെന്ന് വാഗ്ദാനം ചെയ്യുക.

മേല്‍പ്പറഞ്ഞ ഭക്തകൃത്യങ്ങള്‍ കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ ശമനത്തിനായി അനുഷ്ഠിക്കുന്ന എല്ലാ വിശ്വാസികള്‍ക്കും പ്രസ്തുത ദണ്ഡവിമോചനം ലഭിക്കുമെന്നും അപ്പസ്തോലിക് പെനിറ്റ്യന്‍ഷ്യറിയില്‍ നിന്നുള്ള നിര്‍ദ്ദേശം വിശദമാക്കുന്നുണ്ട്.

5. രോഗീലേപനം ലഭിക്കാതെ മരിക്കുന്നവര്‍ക്ക് സാന്ത്വനം

കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ രോഗീലേപനവും വിശുദ്ധകുര്‍ബാനയും (viaticum/ തിരുപ്പാഥേയം) സ്വീകരിക്കാതെ മരിക്കുന്നവര്‍ക്ക് വേണ്ടി പുണ്യവാന്മാരുടെ ഐക്യത്തിന്‍റെ യോഗ്യതയാല്‍ അവരെ ദൈവകരുണക്ക് സമര്‍പ്പിച്ച് തിരുസ്സഭ നിരന്തരമായി പ്രാര്‍ത്ഥിക്കുന്നുണ്ട്. ഇപ്രകാരം രോഗം ബാധിച്ചവര്‍ക്ക് രോഗീലേപനവും തിരുപ്പാഥേയവും സ്വീകരിക്കാന്‍ സാധിച്ചില്ലായെങ്കിലും അവര്‍ക്ക് ജീവിതത്തില്‍ ദൈവോന്മുഖമായ ഒരു ശൈലിയുണ്ടായിരിക്കുകയും ചില പ്രാര്‍ത്ഥനകളെങ്കിലും ആത്മാര്‍ത്ഥതയോടെ ചൊല്ലുകയും ചെയ്തിട്ടുണ്ട് എങ്കില്‍, മരണസമയത്ത് അവര്‍ക്ക് പ്രത്യേക ദണ്ഡവിമോചനം ലഭിക്കുന്നതാണ്. എങ്കിലും, ദണ്ഡവിമോചനത്തിനുള്ള മേല്‍പ്പറഞ്ഞ‌ (4,b) മൂന്ന് സാധാരണവ്യവസ്ഥകളില്‍ നിന്ന് അവര്‍ക്കും ഒഴിവില്ല. മരണസമയത്ത് അവരെ കുരിശ് ചുംബിപ്പിക്കുകയാണ് വേണ്ടത്.

6. സഭയുടെ ഔദ്യോഗികപ്രാര്‍ത്ഥനയിലേക്ക് മടങ്ങുക

ദേവാലയകേന്ദ്രീകൃതമായ ആരാധനകള്‍ക്കും ആത്മീയജീവിതത്തിനും തത്കാലത്തേക്ക് നേരിടുന്ന തടസ്സം യഥാര്‍ത്ഥത്തില്‍ കുടുംബകേന്ദ്രീകൃതവും വ്യക്തിപരവുമായ നമ്മുടെ ആത്മീയത എത്രമാത്രം ശക്തമാണെന്ന് പരിശോധിക്കാനുള്ള അവസരമാണ്. അത് ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ നമുക്ക് സാധിക്കണം. പാരമ്പര്യവും പ്രബോധനവുമനുസരിച്ച് തിരുസഭയുടെ ഔദ്യോഗികവും സാര്‍വ്വത്രികവുമായ പരസ്യപ്രാര്‍ത്ഥനയാണ് യാമപ്രാര്‍ത്ഥനാ അഥവാ മണിക്കൂറുകളുടെ ലിറ്റര്‍ജി. വിശുദ്ധ കുര്‍ബാന അര്‍പ്പണം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും സഭാതനയര്‍ ഔദ്യോഗികമായി പ്രാര്‍ത്ഥിക്കേണ്ടത് യാമപ്രാര്‍ത്ഥനകളാണ്.

യാമപ്രാര്‍ത്ഥനകള്‍ വൈദികര്‍ക്കും സന്യസ്തര്‍ക്കും മാത്രമുള്ളതാണ് എന്നൊരു അബദ്ധധാരണ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ആരാധനാസമൂഹത്തില്‍ വൈദികരും സമര്‍പ്പിതസമൂഹങ്ങളില്‍ മേലധികാരികളും അവര്‍ നിശ്ചയിക്കുന്നവരും കുടുംബങ്ങളില്‍ കുടുംബനാഥന്മാരും യാമപ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്കണം. പ്രാര്‍ത്ഥിക്കുന്ന വ്യക്തികളെയും ലോകത്തെയും ക്രമേണ പരിവര്‍ത്തനം ചെയ്യിക്കാന്‍ ഓരോ മണിക്കൂറിലും ത്രിയേകദൈവത്തിന് ലോകമെങ്ങും ഈ പ്രാര്‍ത്ഥനകള്‍ സാധ്യത നല്കുന്നുണ്ട്.

പഴയനിയമത്തിലെ മാതൃകകളനുസരിച്ചും ഈശോയുടെ ജീവിതത്തില്‍ നിന്ന് ലഭിച്ച സൂചനകളനുസരിച്ചും ആദിമസഭ ദിവസത്തില്‍ പലപ്രാവശ്യം പ്രാര്‍ത്ഥിച്ചിരുന്നു. പ്രസ്തുത പാരമ്പര്യം ക്രമേണ ദിവസത്തില്‍ ഏഴു പ്രാവശ്യം എന്ന നിലയിലേക്ക് എത്തി. ദിവസത്തിന്‍റെ ഓരോ മണിക്കൂറിനെയും വിശുദ്ധീകരിക്കുന്നതും ദൈവത്തിന് സമര്‍പ്പിക്കുന്നതുമാണ് യാമപ്രാര്‍ത്ഥനകള്‍. എന്നാല്‍ ഏഴുനേരവും പ്രാര്‍ത്ഥിക്കാന്‍ സാധിക്കാത്തവര്‍ മൂന്നുനേരമെങ്കിലും യാമപ്രാര്‍ത്ഥനകള്‍ ചൊല്ലണമെന്നാണ് സഭ നിര്‍ദ്ദേശിക്കുന്നത്.
a. റംശാ അഥവാ സന്ധ്യാ പ്രാര്‍ത്ഥന
b. ലെലിയ അഥവാ രാത്രി പ്രാര്‍ത്ഥന
c. സപ്രാ അഥവാ പ്രഭാത പ്രാര്‍ത്ഥന

പ്രാര്‍ത്ഥനകളുടെ ക്രമം നോക്കിയാല്‍ സഭയുടെ ഔദ്യോഗിക പ്രാര്‍ത്ഥനയായ യാമപ്രാര്‍ത്ഥനക്ക് ശേഷമാണ് കൂദാശാനുകരണങ്ങളായ ജപമാല, കുരിശിന്‍റെ വഴി, മദ്ധ്യസ്ഥപ്രാര്‍ത്ഥനകള്‍ മറ്റ് ഭക്തകൃത്യങ്ങള്‍ എന്നിവ വരുന്നത്. ആയതിനാല്‍ കോവിഡ് 19-ന്‍റെ ക്വറന്‍റൈന്‍ കാലഘട്ടം സഭയുടെ ഔദ്യോഗിക പ്രാര്‍ത്ഥനകളെ പരിചയപ്പെടുന്നതിനും ചൊല്ലിത്തുടങ്ങുന്നതിനുമുള്ള അവസരമായിത്തീരട്ടെ.

(യാമപ്രാര്‍ത്ഥനകള്‍ പുസ്തകമായി ലഭ്യമാണ്. എങ്കിലും അവയുടെ ആന്‍ഡ്രോയ്ഡ്, iOS ആപ്ലിക്കേഷനുകള്‍ മൊബൈലില്‍ ലഭ്യമാണ്. ലിങ്ക് ഇതോടൊപ്പം നല്കുന്നു. ഏഴു നേരത്തെ യാമപ്രാര്‍ത്ഥനകളും ഈ ആപ്ലിക്കേഷനില്‍ ലഭ്യമാണ്. പുസ്തകത്തില്‍ മൂന്ന് നേരത്തേത് മാത്രമേ ലഭിക്കുകയുള്ളൂ. https://smliturgy.app.link )

സമാപനം

ക്വറന്‍റൈന്‍ തരുന്ന ഏകാന്തതകള്‍ ആത്മശോധനക്കും ആത്മീയവളര്‍ച്ചക്കും സഹായകമാകും വിധം ഉപയോഗപ്പെടുത്താന്‍ പരിശ്രമിക്കാം. പരിഭ്രമങ്ങളുടെ ആവശ്യമില്ല. കരുതലും ശ്രദ്ധയുമാണ് ആവശ്യം. ആത്മീയമേഖലയിലും ഇതുതന്നെയാണ് വേണ്ടത്. കരുതലോടും ശ്രദ്ധയോടും കൂടെ മുമ്പോട്ടു പോകാം. അമിതമായ വൈകാരികതയും ആനുപാതികമല്ലാത്ത ബൗദ്ധികവിശകലനങ്ങളും ഈയവസരത്തില്‍ ഗുണപ്രദമല്ല. ഭൗതികതലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളെ പൂര്‍ണ്ണമായും അനുസരിക്കുക. ആത്മീയമേഖലയില്‍ മെത്രാന്മാര്‍ നല്കുന്ന ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം പിന്തുടരുക.

Stay home and be safe!

✍️നോബിള്‍ തോമസ് പാറക്കൽ

Leave a Reply

Your email address will not be published. Required fields are marked *