Sathyadarsanam

ഈശോനാമ പ്രാര്‍ത്ഥന: Jesus Prayer

ഈശോനാമ പ്രാര്‍ത്ഥനകള്‍ ചെറിയ പ്രാര്‍ത്ഥനകളാണ്. പൗരസ്ത്യ സഭകള്‍ ആരംഭകാലംമുതല്‍ ഇത് ഉപയോഗിച്ചിരുന്നു. ഈ പ്രാര്‍ത്ഥനകള്‍ സഭയുടെ ഭരണഘടനപോലെയാണ്. ഈശോനാമ പ്രാര്‍ത്ഥന നമ്മുടെ പൊതു പ്രാര്‍ത്ഥനാരീതിയെതന്നെ ഏറെ സ്വാധീനിച്ചു. ഹൃദയത്തിന്‍റെ പ്രാര്‍ത്ഥനയാണത്. ഈ ഹൃദയ പ്രാര്‍ത്ഥന ഓരോ ക്രൈസ്തവന്‍റെയും ആത്മീയ ജീവിതത്തിന്‍റെ അടിത്തറയാണ്. ഈശോനാമ പ്രാര്‍ത്ഥന അല്ലെങ്കില്‍ Jesus Prayer മറ്റേതൊരു പ്രാര്‍ത്ഥനയേയുംകാള്‍ ദൈവത്തിന്‍റെ മുമ്പില്‍ (Coram Deo) നില്ക്കാന്‍ നമ്മെ പ്രാപ്തരാക്കും. മറ്റ് വിചാരങ്ങള്‍ ഒന്നും ഇല്ലാതെ ഈ പ്രാര്‍ത്ഥന മാത്രം ഉരുവിട്ടുകൊണ്ട് മനസ്സിന്‍റെ ഏകാന്തത കാത്തുസൂക്ഷിക്കുന്ന രീതിയാണിത്. ഈശോനാമ പ്രാര്‍ത്ഥനയില്‍ ആയിരിക്കുമ്പോള്‍ നമുക്ക് ദൈവത്തെക്കുറിച്ച് മാത്രമേ ചിന്തയുള്ളൂ. ഈ ഏകാഗ്രതയില്‍ നമുക്ക് ദൈവത്തോട് സംഭാഷണം നടത്താന്‍ പറ്റും. ഈശോനാമ പ്രാര്‍ത്ഥനയുടെ ശക്തി നമ്മുടെ കര്‍ത്താവായ ഈശോയുടെ പേര് പറയുന്നതിലാണ്. അതൊരു വിശ്വാസപ്രഖ്യാപനം തന്നെയാണ്. കുഞ്ഞുങ്ങളോട് നമ്മുടെ മാതാപിതാക്കന്മാര്‍ ആദ്യം പറഞ്ഞുകൊടുക്കുന്ന പേരും, ആദ്യം ഏഴുതിക്കുന്ന പേരും ഈശോ എന്നാണല്ലോ. ഇപ്പോഴും ധാരാളംപേര്‍ ഈ പതിവ് തുടരുന്നുണ്ട്. വിനയത്തോടും എളിമയോടുംകൂടി ആയിരിക്കണം ഈശോനാമ പ്രാര്‍ത്ഥന ഉരുവിടാന്‍. ഈശോനാമ പ്രാര്‍ത്ഥനയിലും മറ്റ് ഏതൊരു പ്രാര്‍ത്ഥനയിലും എന്ന പോലെ നമ്മള്‍ ദൈവത്തെ ആരാധിക്കുകയാണ്. ഈ പ്രാര്‍ത്ഥന ഉരുവിടുന്നതോടുകൂടി ശരിയായ ആധ്യാത്മിക ചിട്ടക്രമത്തിലേക്ക് നാം എത്തും.

ഈശോനാമ പ്രാര്‍ത്ഥനകള്‍

നടപടി 2:21 – “കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ രക്ഷപെടും”. ആദ്യകാലംമുതല്‍ ഈശോയുടെ പേര് വിളിച്ചപേക്ഷിക്കുന്ന രീതി നിലവില്‍ ഉണ്ടായിരുന്നു. ഈശോയുടെ പേര് ഇടമുറിയാതെ വിളിച്ച് പ്രാര്‍ത്ഥിക്കുക. 1 തെസ 5:17 – “ഇടവിടാതെ പ്രാര്‍ത്ഥിക്കുവിന്‍”. പൗലോസിന്‍റെ ഈ ആഹ്വാനം പാശ്ചാത്യ-പൗരസ്ത്യ ഭേദമന്യേ എല്ലാ സഭകളും ഇത്തരം ചെറിയ പ്രാര്‍ത്ഥനകള്‍ക്കായി ഉപയോഗിച്ചു. ഹൃദയവും അധരവുംകൊണ്ട് മനസ്സിന്‍റെ പൂര്‍ണ്ണമായ ജാഗ്രതയോടെ ഈശോയെ വിളിച്ചപേക്ഷിക്കുന്നതാണ് ഈ പ്രാര്‍ത്ഥന. ഉദാഹരണങ്ങള്‍: മര്‍ക്കോസ് 10:48 – “ഈശോമിശിഹായേ, ദൈവപുത്രാ, പാപിയായ എന്‍റെമേല്‍ കരുണയായിരിക്കണമേ” (ജറീക്കോയിലെ അന്ധന്‍റെ പ്രാര്‍ത്ഥന). ഈശോ അടുത്ത് വിളിച്ച് അവനെ കേള്‍ക്കുന്നതുവരെ അവന്‍ ഈ പ്രാര്‍ത്ഥന ഉരുവിട്ടുകൊണ്ടിരുന്നു. ജോലി സ്ഥലത്തും, വിശ്രമസ്ഥലത്തും, യാത്രാവേളകളിലും ഈ പ്രാര്‍ത്ഥന ഉരുവിടാം. മത്താ. 15:22 – “അപ്പോള്‍ ആ പ്രദേശത്തുനിന്ന് ഒരു കാനാന്‍കാരി വന്ന് കരഞ്ഞപേക്ഷിച്ചു: കര്‍ത്താവേ, ദാവിദിന്‍റെ പുത്രാ എന്നില്‍ കനിയണമേ”. ലൂക്കാ 17:13 – പത്ത് കുഷ്ഠരോഗികള്‍ വന്ന്, “ഈശോയേ, ഗുരോ ഞങ്ങളില്‍ കനിയണമേ”. മത്തായി 20:30 – “ഈശോ അതിലെ കടന്നുപോകുന്നുണ്ട് എന്ന് കേട്ട് രണ്ട് അന്ധന്മാര്‍ ഉച്ചത്തില്‍ നിലവിളിച്ചു: കര്‍ത്താവേ, ദാവീദിന്‍റെ പുത്രാ, ഞങ്ങളില്‍ കനിയണമേ”. ലൂക്കാ 18:13 – “ആ ചുങ്കക്കാരനാകട്ടെ ദൂരെനിന്ന് സ്വര്‍ഗ്ഗത്തിലേക്ക് കണ്ണുകള്‍ ഉയര്‍ത്താന്‍പോലും ധൈര്യപ്പെടാതെ, മാറത്തടിച്ചുകൊണ്ട്, ദൈവമേ പാപിയായ എന്നില്‍ കനിയണമേ എന്ന് പ്രാര്‍ത്ഥിച്ചു”. വാസ്തവത്തില്‍ ഈശോനാമ പ്രാര്‍ത്ഥന ചുങ്കക്കാരന്‍റെ പ്രാര്‍ത്ഥനയാണ്. ഏറ്റവും ശക്തമായ ഒരു തിരുവചനമാണത്.
ഈ പ്രാര്‍ത്ഥന താഴ്ന്ന സ്വരത്തില്‍ നാം ഉരുവിട്ടുകൊണ്ടിരുക്കുകയാണ്. ഇത് വാചിക പ്രാര്‍ത്ഥനയാണ്; സാവകാശം ഇത് ശബ്ദം കുറഞ്ഞ് മനസ്സിന്‍റെ ഉള്ളില്‍മാത്രം കേള്‍ക്കുന്ന പ്രാര്‍ത്ഥനയായിട്ട് മാറുന്നു. ഇതാണ് മെന്‍റല്‍ പ്രെയര്‍. സാവകാശം മനസ്സിന്‍റെ ഉള്ളിലെ നിശബ്ദതയിലുള്ള ഒരു ഒഴുക്കുപോലെ മാത്രം തുടരുന്നു.
ഈശോനാമ പ്രാര്‍ത്ഥന ഒരോ ദിവസവും നൂറുകണക്കിന് തവണ ഉരുവിടുന്ന പതിവാണ് പൗരസ്ത്യ ക്രൈസ്തവരുടെ ഇടയില്‍ കാണുന്നത്. പ്രഭാതത്തില്‍ മനസ്സ് ശാന്തമായിരിക്കുമ്പോള്‍ ഈ പ്രാര്‍ത്ഥന ഉരുവിടുന്നത് നല്ലതാണ്. അരമണിക്കൂര്‍ ഈ പ്രാര്‍ത്ഥന ഉരുവിടാന്‍ സാധിച്ചാല്‍ എല്ലാ ദുഷ്ടാത്മാക്കളും കീഴടങ്ങും. പിശാചുക്കള്‍ ഓടിപ്പോകും. വന്യ ചിന്തകള്‍ ഉണ്ടാവില്ല. ഈശോനാമ പ്രാര്‍ത്ഥന ഏറ്റം ലളിതമാണ്; തിരുവചനങ്ങളാണ്; ഏറ്റം ഫലപ്രദമാണ്. ഈ ലാളിത്യം നിസ്സാരമായിട്ട് കരുതരുത്; കൃപാവരത്തില്‍ എത്തി ദൈവവുമായിട്ട് കൂട്ടായ്മയില്‍ എത്തിച്ചേരുന്ന, സൂചിക്കുഴയിലൂടെ കടന്നുപോകുന്ന, അനുഭവമാണിത്. സ്വര്‍ഗ്ഗവുമായിട്ട് നമ്മെ കൂട്ടിക്കെട്ടുകയാണ്. ഈശോനാമ പ്രാര്‍ത്ഥന ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും എത്ര നേരം വേണമെങ്കിലും ചൊല്ലാവുന്നതാണ്. ഈശോ ഏകരക്ഷകനാണെന്ന അനുഭവം വിളിച്ചപേക്ഷിച്ച് ദൈവപിതാവിന്‍റെ പക്കല്‍ ആത്മാവിനെ എത്തിക്കുന്നു. സഭാ പിതാക്കന്മാരുടെ പഠനങ്ങളെ അടിസ്ഥാനമാക്കി വലിയൊരു പ്രാര്‍ത്ഥനാ സമുച്ചയം ഫിലോകാലിയ എന്ന പേരില്‍ Nicodemeus of the Holy Mountain and Macarius of Corinth എന്നിവര്‍ രൂപപ്പെടുത്തി. ഫിലോകാലിയ ആത്മീയതയും dogma യും തമ്മിലുള്ള ബന്ധം ദൃഢതരമാക്കി. ഫിലോകാലിയ എന്ന വാക്കിന്‍റെ അര്‍ത്ഥം Love of the Beautiful എന്നാണ്. 1 തെസ്സ 5:16-18: “എപ്പോഴും സന്തോഷത്തോടെ ഇരിക്കുവിന്‍; ഇടവിടാതെ പ്രാര്‍ത്ഥിക്കുവിന്‍; എല്ലാ കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍; ഇതാണ് ഈശോമിശിഹായില്‍ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം”. ഈശോനാമ പ്രാര്‍ത്ഥന പൗരസ്ത്യസഭകളുടെ ഹെസിക്കാസം (Hesychasm) എന്ന ആദ്ധ്യാത്മിക പാരമ്പര്യത്തോട് ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഹെസിക്കാസം എന്ന വാക്ക് Hesychia എന്ന ഗ്രീക്ക് വാക്കില്‍ നിന്നാണ്. ശാന്തം, പ്രശാന്തം എന്നൊക്കെ അര്‍ത്ഥം. സഭാ പിതാക്കന്മാരില്‍ ഇതിന്‍റെ ആരംഭം കാണാന്‍ കഴിയും. എങ്കിലും 5-ാം നൂറ്റാണ്ടിലെ Diadochus of Photice ആണ് ഇത് പ്രാര്‍ത്ഥനാരൂപമാക്കിയത്. 7-ാം നൂറ്റാണ്ടിലെ John Climacus ആണ് ആദ്യമായിട്ടിതിന് Jesus Prayer എന്ന പേരു നല്കിയത്. 13-ാം നൂറ്റാണ്ടില്‍ Mount Athos ലെ Nicephorus ഇതിനെ പ്രോത്സാഹിപ്പിച്ചു. നേരിട്ടുള്ള ദൈവാനുഭവം സാധ്യമാണ് എന്ന ഗ്രിഗറി പലാമസ്സിന്‍റെ (1296-1359) ചിന്തകള്‍ ഈ പ്രാര്‍ത്ഥനാരൂപത്തിന്‍റെ പിന്നിലുണ്ട്.
ധ്യാനാത്മകമായ ഈ പ്രാര്‍ത്ഥനാരീതിയിലൂടെ ശാരീരികതയെ കീഴടക്കാന്‍ പറ്റും. പിശാചുക്കള്‍ ഇപ്പോള്‍ രാത്രിയില്‍ മാത്രമല്ല വരുന്നത്. കറുത്ത വേഷത്തിലും വാലും കൊമ്പും ധരിച്ചുമായിരിക്കില്ല. നല്ല വേഷത്തിലും പെരുമാറ്റത്തിലുമാകാം. ആദ്ധ്യാത്മിക ദൈവശാസ്ത്രത്തില്‍ ഇതിനെ നട്ടുച്ചപിശാച് (Noon Day Devil) എന്നാണ് വിളിക്കാറ്. ക്രിസ്തീയ മൂല്യങ്ങളില്‍നിന്ന് വഴിമാറി നടക്കാനുള്ള സാധ്യതകള്‍ ഏറി വരുന്ന ഈ കാലഘട്ടത്തില്‍ ഈശോനാമ പ്രാര്‍ത്ഥനയ്ക്ക് വലിയ പ്രസക്തിയുണ്ട്. മത്താ. 6:6 “എന്നാല്‍ നീ പ്രാര്‍ത്ഥിക്കുമ്പോള്‍ കതകടച്ച് രഹസ്യമായി നിന്‍റെ പിതാവിനോട് പ്രാര്‍ത്ഥിക്കുക. രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്ക് പ്രതിഫലം നല്‍കും”. മുറിയുടെ ഉള്ളിലേക്ക് പോവുക എന്നാല്‍ തന്നിലേക്കുതന്നെ പോവുക എന്നര്‍ത്ഥം.
10 മിനിറ്റുവച്ച് ഒരുമാസത്തേയ്ക്ക് ഈ പ്രാര്‍ത്ഥന ഉരുവിട്ടാല്‍ ശത്രുതയും മ്ലാനതയും അലസതയും അശുദ്ധിയും മാനസിക തകര്‍ച്ചയും ഭയവും ഉത്കണ്ഠയും എല്ലാം കുറയും. St. Barsanuphius the great of Sixth Century says: the unceasing calling upon the name of God cures one not only of passions but also of actions.. ഒരു രോഗിയുടെ ശാരീരിക രോഗത്തിന് മരുന്ന് എന്ന പോലെ ആത്മാവിനുള്ള ഔഷധമാണ് ഈശോനാമ പ്രാര്‍ത്ഥന. ഹെബ്ര. 11:6 “വിശ്വസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല. ദൈവസന്നിധിയില്‍ ശരണം പ്രാപിക്കുന്നവര്‍ ദൈവമുണ്ടെന്നും തന്നെ അന്വേഷിക്കുന്നവര്‍ക്ക് അവിടുന്ന് പ്രതിഫലം നല്കുമെന്നും വിശ്വസിക്കുന്നു”. അദ്ദായി-മാറി അനാഫൊറയുടെ നാലാം ഗ്ഹാന്തയും: “അങ്ങയുടെ നാമത്തില്‍ ഒരുമിച്ചുകൂടി (ദഹ്നീശ്ശീനന്‍ ബശ്മാഹ്) തിരുസ്സന്നിധിയില്‍ നില്‍ക്കുന്നു” എന്ന് പ്രാര്‍ത്ഥിക്കുന്നു. ഈശോയുടെ നാമത്തില്‍ ഒന്നിച്ചു ചേരുന്നതാണ് സഭ. ഈശോയോട് പൂര്‍ണ്ണമായും നമ്മെ കൂട്ടിച്ചേര്‍ക്കുന്ന പ്രാര്‍ത്ഥനകളാണ് ഈശോനാമ പ്രാര്‍ത്ഥനകള്‍. അല്‍ഫോന്‍സാമ്മ പ്രാര്‍ത്ഥിച്ചിരുന്നല്ലോ: “നിന്നോടുള്ള സ്നേഹത്താല്‍ എരിയിച്ച് എന്നെ നിന്നോട് ഒന്നാക്കി തീര്‍ക്കണമേ”. ബോധവും ചിന്തയും വിചാരവും കടിഞ്ഞാണിട്ട് നിയന്ത്രിച്ച് ചിന്താശുദ്ധിയും സമനിലയും ഉറപ്പാക്കുന്ന പ്രാര്‍ത്ഥനയാണ് ഈശോനാമ പ്രാര്‍ത്ഥന. ജീസസ് പ്രെയര്‍ നമ്മള്‍ ഉരുവിടുമ്പോള്‍ നിരന്തരം ദൈവശബ്ദമാണ് കേള്‍പ്പിക്കുന്നത്. ഈ പ്രാര്‍ത്ഥന നമ്മെ ആധ്യാത്മിക വീര്യമുള്ളവരാക്കും – Spiritual intoxication.. നമ്മുടെ സാധാരണ ജീവിതത്തിലും പ്രതിസന്ധികളും പ്രയാസങ്ങളും ഞടുക്കങ്ങളും വിസ്മയങ്ങളുമൊക്കെ ഉണ്ടാകുമ്പോഴും നാം അറിഞ്ഞും അറിയാതെയും വിളിക്കുന്ന ഏക വാക്കാണല്ലോ “ഈശോയേ”. ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.

ബിഷപ് ജോസഫ് കല്ലറങ്ങാട്ട്
പാലാ രൂപത മെത്രാന്‍

Leave a Reply

Your email address will not be published. Required fields are marked *