Sathyadarsanam

ഇരുട്ട് തിന്ന വിളക്കുമരങ്ങൾ

വഴിയരികിൽ ബസ് കാത്തുനിന്നപ്പോഴാണ് ഞാൻ ആ കാഴ്ച കണ്ടത്. എതിരേ നിൽക്കുന്ന മരത്തിലുണ്ടായിരുന്ന ഒരു കിളിക്കൂട് താഴേക്ക് പതിയ്ക്കുന്നു. ഒന്നിലധികം മുട്ടകളുണ്ടായിരുന്നു അതിൽ ‘ കിളിയാകട്ടെ ആർത്തലച്ചു കൊണ്ട് വട്ടമിട്ടു പറക്കുന്നു. തകർന്ന കിളിക്കൂട്ടിൽ ഉടയാത്ത മുട്ടകളില്ല എന്ന പഴമൊഴി ഒരു പാട്ടിൻ്റെ കോറസ്സുപോലെ എൻ്റെ മനസ്സിൻ്റെ താളം തെറ്റിയ്ക്കുന്നു, എവിടെ നിന്നോ എത്തിയതെരുവ് നായ ചിതറിത്തെറിച്ച മുട്ടകൾ ആർത്തിയോടെ നക്കിയെടുത്തു. പ്രതീക്ഷകളുടെ ‘മുട്ടകൾ താഴെ വീണ് ഉടയുമ്പോൾ നിസ്സഹായനായി നിന്ന് നിലവിളിക്കാനല്ലാതെ ഒരു വന് എന്തു ചെയ്യാനാകും. മാത്രവുമല്ല, തനിക്ക് വേണ്ടപ്പെട്ടതിനെ അപരൻ അപഹരിക്കുന്ന ഒരു സാഹചര്യം കൂടി ഉണ്ടായാലോ.

അപരൻ്റെ വേദനകൾക്കു നേരെ കണ്ണു തുറക്കാത്തവർ കാലത്തിൻ്റെ ശാപമാണ്. സമകാലിക സമൂഹം ചുമക്കുന്ന ദുരിതപർവ്വം നമ്മുടെ വിചാരങ്ങളെ വിചാരണ ചെയ്യേണ്ടതാണ്.അധികാരം വിഴുങ്ങിയ രാഷ്ട്രീയ വൈരം ജന്മം കൊടുത്ത വൈറസാണോ ലോകത്തെ തിന്നുകൊണ്ടിരിക്കുന്നത്, മനുഷ്യൻ ഇത്ര വലിയ സംഭവമാണെങ്കിൽ എന്തുകൊണ്ട് മരിച്ചവർക്ക് ജീവൻ നൽകുന്നില്ല. എല്ലാറ്റിനും മീതേ ആ പരമ ചൈതന്യത്തിൻ്റെ സാന്നിധ്യമുണ്ടെന്ന് മറന്നു കൂടാ. മനുഷ്യത്വം മരിച്ചാൽ പിന്നെ മനുഷ്യനില്ല. ഉള്ളത് ചലിക്കുന്ന വെറും മാംസപിണ്ഡം മാത്രം. അപരൻ്റെ സങ്കടങ്ങളിലേയ്ക്ക് പെയ്തിറങ്ങാൻ കഴിയുമ്പോൾ മാത്രമാണ് ഒരുവൻ മനുഷ്യനാകുന്നത്എന്ന കാര്യം വിസ്മരിച്ചു കൂടാ.
വ്യഥകളുടെ രാത്രികളിലെ ഒറ്റപ്പെട്ട മനുഷ്യരെ ക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ? സൂര്യൻ ഉറങ്ങിയ പകലുകളിൽ ഇനി അയാൾ എന്തു ചെയ്യും. ഒരു ഭാഷയിലേയ്ക്കും വിവർത്തനം ചെയ്യാൻ പറ്റാത്ത കരച്ചിലുകൾ അടക്കിപ്പിടിച്ച് അയാൾ മാലാഖയുടെ വരവിനായി കാത്തിരിക്കയാവാം. ക്രിസ്തുവിനെ ഗദ്സമെനിയിൽ ശക്തിപ്പെടുത്താൻ എത്തിയ മാലാഖയെപ്പോലെ ഒരാൾ …. ഒറ്റയ്ക്കു ചുമക്കുന്ന നുകം ഒരാളെ വല്ലാതെ ഭാരപ്പെടുത്തും. വാക്ക് കൊണ്ടെങ്കിലും ആ ഭാരത്തെ ഒന്ന് ലഘൂകരിക്കാൻ കഴിയുമായിരുന്നു എന്ന് തോന്നിയിട്ടില്ലേ പലപ്പോഴും തടിച്ചുകൂടിയ ജനക്കൂട്ടത്തിൽ ആർക്കും തോന്നിയില്ലല്ലൊ ക്രിസ് തുവിൻ്റെ കുരിശൊന്ന് താങ്ങിക്കൊടുക്കാൻ, ആശിമയോനല്ലാതെ അയാളാകട്ടെ വയലിൽ നിന്നു വരികയായിരുന്ന എന്ന് ബൈബിളിൻ്റെ സാക്ഷ്യവും .മണ്ണുമായുള്ള ബന്ധമായിരിക്കാം അയാളുടെ മനസ്സിനെ നനവുള്ളതാക്കിയത്.

കേട്ടു പഴകിയ ഒരു കഥയുണ്ട് അവധിക്കാല വസതിയിൽ കുറച്ചു നാൾ താമസിച്ച ശേഷം എഴുത്തുകാരൻ മടങ്ങാനൊരുങ്ങി. സമീപത്തു വസിക്കുന്ന സ്ത്രിയോട് അയാൾ യാ ത്ര പറഞ്ഞു. അവളുടെ കണ്ണുകൾ ഈറനണിഞ്ഞു. പിന്നെ ഒറ്റ ശ്വാസത്തിൽ അവൾ പറഞ്ഞു “കുറെക്കാലമായി ആ ഉമ്മറത്ത് കത്തി നിന്നിരുന്ന റാന്തൽ വിളക്ക് ഞാൻ ഒറ്റക്കല്ല എന്ന തോന്നൽ എനിക്ക് നൽകിയിരുന്നു.” അയാളുടെ കണ്ണുകളും നിറഞ്ഞു. എല്ലാ രാവിലും ആ ഉമ്മറത്ത് ഒരു റാന്തൽ കത്തിച്ചു വയ്ക്കാൻ ചങ്ങാതിയെ ചുമതലപ്പെടുത്തിയിട്ടാണ് അയാൾ മടങ്ങിയത്. ‘മാലാഖ ‘എന്നല്ലാതെ എന്തു പേര് വിളിക്കും? അയാള അരൂപിയുടെ കരങ്ങൾക്ക് തുടച്ചു നീക്കാൻ കഴിയാത്ത ഒരു കണ്ണീരും ഈ ഭൂമിയിൽ അവശേഷിക്കുന്നില്ല എന്നറിയുക. പേരറിയാത്ത പൂവിൻ്റെ സുഗന്ധം ഉള്ളിൽ സൂക്ഷിച്ചു കൊണ്ട് ദുർഗന്ധങ്ങൾക്കു മീതേ നടക്കാൻ മനസ്സിനെ പഠിപ്പിക്കണം.

‘ഒന്നും അവസാനത്തേതു് അല്ല. ഇനി ഒരു പൂവ് കൂടി വിരിയാനുണ്ട്. ഒരു വാക്ക് കൂടി പറയാനുണ്ട്.ഒരു പാട്ടുകൂടി പാടാനുണ്ട് ഒന്നും അവസാനത്തേതല്ല…’ ഇതുവരെയുള്ള ജീവിതത്തിൽ നാം എത്ര വിളക്കുകൾ കത്തിച്ചു.?ഒപ്പം എത്രയോ വിളക്കുകളാണ് അണച്ചതെന്നും ഓർമ്മിക്കുക, ഈ നോമ്പുകാലം വീണ്ടുവിചാരങ്ങളുടെ വൈറസ് പീഡകൾ കൊണ്ട് അനുഗ്രഹിക്കപ്പെടട്ടെ!

സിസ്റ്റർ തെരേസ് ആലഞ്ചേരി

Leave a Reply

Your email address will not be published. Required fields are marked *