Sathyadarsanam

പേടിക്കാം! അസീദിയ എന്ന വൈറസിനെ

കൊറോണാ വൈറസ് ലോകത്തെ മുഴുവന്‍ അടച്ചുപൂട്ടി ഭീതിപ്പെടുത്തുന്ന നാളുകളാണിത്. രോഗഹേതുവായ കോറോണായേക്കാള്‍ അപകടകാരിയായ ഒരു വൈറസുണ്ട്, പേര് അസീദിയ (Acedia). ലോക് ഡൗണിന്റെ കൊറോണാക്കാലം തന്നെയാണ് അസീദിയായ്ക്കും മനുഷ്യനില്‍ പ്രവേശിച്ച് അവനെ രോഗഗ്രസ്തമാക്കാനുള്ള എളുപ്പകാലം.
എന്താണ് അസീദിയ? സങ്കീര്‍ത്തനം 91:6-ല്‍ ”നട്ടുച്ചയ്ക്ക് വരുന്ന വിനാശം” എന്ന് നാം മലയാളത്തില്‍ വായിക്കുന്നു. എന്നാല്‍ ബൈബിളിന്റെ ചില മൂല കൃതികളില്‍ ”നട്ടുച്ചക്ക് വരുന്ന പിശാച്”, ”നട്ടുച്ചക്ക് വരുന്ന മഹാമാരി” എന്നിങ്ങനെ കാണുന്നു.ഈ പകല്‍ പിശാചിനെ മരുഭൂമിയിലെ താപസരായിരുന്ന ക്രൈസ്തവ ആത്മീയ പിതാക്കന്മാര്‍ വിളിച്ച പേരാണ് അസീദിയ.
മടുപ്പായും മടിയായും നിരാശയായും ക്രമംതെറ്റിയ വിചാരമായും കലഹപ്രകൃതമായും പല രൂപത്തില്‍, അസീദിയ മനസ്സില്‍ പ്രവേശിച്ച് തുടങ്ങും. ആലസ്യമായും മന്ദതയായും ദേഷ്യമായും അശുദ്ധചിന്തകളായും പലവിധത്തില്‍ അസീദിയ ബാധിച്ച രോഗി ലക്ഷണങ്ങള്‍ കാണിക്കും.
അസ്ഥിത്വവാദത്തിന്റെ ആചാര്യനായ ഴോങ്ങ് പോള്‍ സാര്‍ത്ര് (Jean Paul Sartre), ”Nausea ” എന്ന തന്റെ നോവലില്‍ എകാന്തതയിലെ നിരാശയെക്കുറിച്ച് ഇങ്ങനെ എഴുതുന്നു- ”സമയം നീങ്ങുമ്പോള്‍ ശൂന്യത കൂടി വരുന്നു”. ഇങ്ങനെ നിഷേധാത്മകതയുടെ (Negativity) അലയടി പലരുടെയും മനസ്സില്‍ ഈ ലോക്ഡൗണില്‍ ഉയര്‍ന്നുപൊങ്ങുന്നുണ്ട്. നാസികളുടെ വംശഹത്യയെ അതിജീവിച്ച Viktor E Frankl തടവറ ജീവിതത്തിലെ ഇങ്ങനെയുള്ള നെഗറ്റീവ് ചിന്തകളെ അസ്ഥിത്വത്തിലെ ശൂന്യത എന്നാണ വിളിക്കുന്നത് (Man’s Search for Meaning – Viktor E Frankl). ഇതിന് പോംവഴിയായി അദ്ദേഹം പറയുന്നത് ഉത്തരവാദിത്തങ്ങളെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുക എന്നാണ്.
പുറത്തിറങ്ങാത്തതൂകൊണ്ട് കൊറോണാ പിടിപെട്ടില്ലെങ്കിലും വിളിക്കാത്ത അതിഥിയായി അസീദിയ ഉള്ളിന്റെയുള്ളില്‍ വന്നു കയറി കുടിയിരിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. തുടരെ തുടരെ പുതിയ മെസ്സേജുകള്‍വന്നോ എന്ന് നോക്കന്‍ തോന്നുന്നുണ്ടോ? ആത്മീയനാകാനുള്ള വഴികള്‍ ഓണ്‍ലൈനായിപ്പോലും ലഭിക്കുമ്പോള്‍ ഒഴിഞ്ഞുമാറാറുണ്ടോ? വെരുതെ ഇരിക്കുമ്പോള്‍ നിരാശയും മടിയും കൂടി വരുന്നുണ്ടോ? എങ്കില്‍ ആത്മീയതക്ക് കൊടുത്ത lock down അവസാനിപ്പിക്കണം.
ആനന്ദമില്ലായ്മ അസീദിയയുടെ ലക്ഷണമാണെന്ന് കണ്ടെത്തിയ പോന്തസിലെ എവാഗ്രിയൂസ് പകല്‍പിശാചിനെ മറികടക്കാന്‍ ചൊല്ലിത്തന്ന വചനമാണ് സങ്കീ 51:12 – ”അങ്ങയുടെ രക്ഷയുടെ സന്തോഷം എനിക്ക് വീണ്ടും തരണമെ.” ഇതൊരു സുകൃതജപംപോലെ ചൊല്ലിയാലോ? ഇതു മാത്രം പോരാ, ”സാത്താന്റെ കുടിലതന്ത്രങ്ങളെ ചെറുത്തുനില്ക്കുവാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍” (എഫേ 6:11).
‘പകല്‍’ എന്ന ഒരു ദിവസത്തിന്റെ നല്ല ഭാഗത്തെ മുഴുവന്‍ കാര്‍ന്നു തിന്നുന്ന പകല്‍പിശാചിനെ പിടിച്ചുകെട്ടാന്‍ നമുക്ക് നല്ല പ്രവൃത്തികളില്‍ വ്യാപൃതരാകാം, നന്മ ചെയ്യാം. ഉറക്കവും മൊബൈല്‍ ഫോണും മാത്രമല്ല സമയം നീക്കികളയാനുള്ള ഉപാധികള്‍. വചനപാരായണം, വായന, കൃഷി, എഴുത്ത്, കുടുംബാങ്ങങ്ങളുമായുള്ള തുറന്ന സംസാരം, പാചകം, സ്വന്തം മുറിയില്‍നിന്ന് തുടങ്ങുന്ന വീട്ടുജോലികള്‍, പുതിയ ഹോബികള്‍, എന്നിങ്ങനെ പുതിയ അഭിരുചികളെ വളര്‍ത്തുന്നതുപോലും പകല്‍ പിശാചിനെ പിടിച്ചുകെട്ടും. കൊറോണായെക്കാള്‍ വലിയ വില്ലനായ അസീദിയ എന്ന പകല്‍ പിശാചിനെ പിടിച്ചുകെട്ടുന്നതില്‍ മടി വിചാരിക്കരുത്, നാളത്തേക്ക് മാറ്റിവയ്ക്കരുത്. വി. കൊച്ചു ത്രേസ്യ പറയുന്നു: ”എന്റെ ശത്രു (പിശാച്) എന്നെ പ്രകോപിപ്പിക്കുമ്പോഴൊക്കെ ഞാന്‍ ഉത്സാഹിയായ ഒരു പോരാളിയായി മാറും.”
ഗലാ 6:9 – ”നന്മ ചെയ്യുന്നതില്‍ നമുക്ക് മടുപ്പ് തോന്നാതിരിക്കട്ടെ. എന്തെന്നാല്‍ മടുപ്പ് തോന്നാതിരുന്നാല്‍ നമുക്ക് യഥകാലം വിളവെടുക്കാം.”

ബ്രതർ നവീന്‍ പ്ലാക്കാലില്‍

Leave a Reply

Your email address will not be published. Required fields are marked *