നോമ്പുകാലം നീക്കങ്ങളുടെ കാലമാണ്. ഓരോ വ്യക്തിയിലേക്കും ഇടത്തിലേക്കും നിയോഗത്തിലേക്കുമുളള നിന്റെ ഓരോ നീക്കങ്ങളും നിര്‍ണായമാകുന്ന നാല്പത് ദിനരാത്രങ്ങള്‍. ചതുരംഗകളിയിലേതുപോലെ നിരോധിത മേഖലയിലേക്കുളള തെറ്റായൊരു നീക്കം മതി മറുകളിക്കാരന് നിന്നെ എളുപ്പത്തില്‍ തോല്പിക്കാന്‍. കാരണം ദൈവങ്ങളുടെ തേര്‍വാഴ്ചയുടെ കാലമാണിത്. സിനിമാദൈവങ്ങളും സ്‌പോര്‍ട്‌സ് ദൈവങ്ങളും സൗന്ദര്യദൈവങ്ങളും വാഴുന്ന കാലം.
ബാല്‍ദേവന്മാരും അഷേര ദേവതകളും വേഷപ്രച്ഛന്നരായി മടങ്ങിവരുന്ന കാലം. കറുത്ത ബലികളുടെ കാര്‍മേഘങ്ങള്‍ അടിഞ്ഞുകൂടുന്ന കാലം. അടുത്തിരിക്കുന്നവന്റെ ആത്മാവും അവകാശങ്ങളും ആഭിജാത്യങ്ങളും അതിര്‍ത്തിക്കല്ലുവരെ പിഴുതെടുക്കപ്പെടുന്ന കാലം. ഈ കാലത്തിന്റെ കാന്തികവലയത്തില്‍ കുടുങ്ങാതെ അപകടകരമായ കൗതുകങ്ങളില്‍ കുരുങ്ങാതെ കര്‍ത്താവിന്റെ ഉയിര്‍പ്പിലേക്ക് എന്റെ അകം നിങ്ങേണ്ട ജാഗ്രതയുടെ കാലം കൂടിയാണ് നോമ്പുകാലം.
നിന്റെ ഇഷ്ടങ്ങളിലേക്കു മാത്രമായുള്ള നോട്ടങ്ങളിലാണ് നീ അഭിരമിക്കുന്നതെങ്കില്‍ നിശ്ചയമായും അപാരമായ ആഘാതങ്ങള്‍ നിനക്ക് അഭിമുഖീഭവിക്കേണ്ടിവരും. 1982-ലെ നോബല്‍ സമ്മാനം നേടിയ നോവലും ഈ ശതാബ്ദത്തിന്റെ പുസ്തകമെന്ന വാഴ്ത്തുകിട്ടിയ നോവലുമായ ‘ഏകാന്തതയുടെ നൂറുവര്‍ഷങ്ങളില്‍’ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ് ചെറിയൊരു സംഭവം പറയുന്നുണ്ട്.
റെമെതിയോസ് അതിസുന്ദരിയാണ്. ഒരു ദിവസം അപരിചിതനായ ഒരുവന്‍ ഒരു ഓടിളക്കി താഴോട്ടുനോക്കി. റെമെതിയോസ് അയാളോടു പറഞ്ഞു: ‘സൂക്ഷിച്ചുകൊള്ളൂ. നിങ്ങള്‍ വീഴും.’ ഇതിനകം രണ്ട് ഓടുകള്‍ കൂടി അയാള്‍ ഇളക്കിക്കഴിഞ്ഞിരുന്നു. അവിടെനിന്ന് അയാള്‍ താഴേക്കു ചാടി. സിമന്റ് തറയില്‍ തലയിടിച്ച് അയാള്‍ മരിക്കുകയും ചെയ്തു. അനാവശ്യമായ ഓരോ ചുവടിലും അപകടത്തിന്റെ ഗന്ധം ഒളിച്ചിരിക്കുന്നുണ്ടെന്ന് ഓര്‍മപ്പെടുത്തുന്ന ആക്ഷേപ രംഗമാണിത്.
പത്തൊമ്പതാം നൂറ്റാണ്ടിലെ ജോണ്‍ ലിസ്റ്റണ്‍ ബ്യാമിന്റെ ഒരു പെയ്ന്റിങ്ങുണ്ട്. ഇസ്രായേല്‍ രാജ്ഞിയായ ജെസെബെല്‍ കൈയിലിരിക്കുന്ന കണ്ണാടിയില്‍ നോക്കി, കാര്‍കൂന്തലില്‍ ചുവന്ന പൂവ് ചൂടുന്ന ചിത്രം. അത് അവളുടെ ജീവിതം തന്നെയായിരുന്നുവെന്ന് അടിക്കുറിപ്പ്. അവളുടെ വ്യാപാരങ്ങള്‍ അവളിലേക്ക് മാത്രമായിരുന്നു.
ഇസ്രായേലിന്റെ വടക്കന്‍ സാമ്രാജ്യത്തെ ശക്തമാക്കി, സമറിയ തലസ്ഥാനമാക്കിയ ഓമ്രിയുടെ മകനായ ആഹാബിന്റെ ഭാര്യയായ ജെസബെല്‍ ബൈബിളിലെ ഭീതിപ്പെടുത്തുന്ന കഥാപാത്രമാണ്. ഹെബ്രായശീലങ്ങള്‍ക്കു വിപരീതമായി വിഗ്രഹാരാധനയുടെ വികാരങ്ങളെ ഏകദൈവവിചാരങ്ങളുടെ മണ്ണിലേക്ക് ആഭിചാരം നടത്തിയവള്‍. അന്യദേവന്‍മാര്‍ക്കും ദേവതകള്‍ക്കും ആരാധന പാടില്ലെന്ന ഓര്‍മപ്പെടുത്തലുകള്‍ ധിക്കരിച്ച് ബാലിന്റെ നാനൂറ് ദേവന്മാര്‍ക്കും അഷേരയുടെ നാനൂറ്റമ്പത് ദൈവങ്ങള്‍ക്കും പ്രതിഷ്ഠിയര്‍പ്പിച്ചവള്‍.
അര്‍ഹതയില്ലാത്ത ആഗ്രഹങ്ങള്‍ അരുതെന്ന നാട്ടുനടപ്പുകള്‍ മറന്ന് നാബോത്തിനെ വേട്ടയാടി മുന്തിരിത്തോട്ടങ്ങള്‍ കൈക്കലാക്കിയവള്‍. മുന്തിരി ചുവക്കുംമുമ്പേ നാബോത്തിന്റെ ചോരവീണ് മണ്ണ് കുതിര്‍ന്നപ്പോള്‍ അവളുടെ ക്രൂരതയുടെ ചുവപ്പുനാടകള്‍ അഴിയുകയായിരുന്നു. തെരുവുനായകള്‍ നിന്റെ ശരീരം കടിച്ചുപറിക്കുമെന്ന് ഏലിയാ പ്രവാചകന്‍ പറയുമ്പോള്‍, കാര്‍മല്‍മലയില്‍ ബലി ദഹിപ്പിക്കാന്‍ ബാലിന്റെ ദേവന്മാര്‍ക്കാവാതെ വരുമ്പോള്‍, ഒടുവില്‍ കൂട്ടക്കുരുതിയില്‍ ബാലിന്റെ ദേവന്മാര്‍ ഇല്ലാതെയാകുമ്പോള്‍ ജെസബെല്‍ ജ്വലിക്കുന്നുണ്ട്, ഏലിയാ പ്രവാചകനെ നിരന്തരം വേട്ടയാടുന്നുണ്ട്.
അപകടകരമായ ചുവടുകളാണ് അവളേറെയും വയ്ക്കുന്നത്. ഒടുവില്‍, പ്രവാചകവരികളുടെ പൂര്‍ണതയെന്നവണ്ണം യേഹുവിന്റെ നരവേട്ടയില്‍ ആഹാബിന്റെയും ജെസബെലിന്റെയും സാമ്രാജ്യങ്ങള്‍ താഴെ വീഴുന്നു. യേഹുവിന്റെ ജൈത്രയാത്ര ഒടുവില്‍ എത്തിനില്‍ക്കുന്നത് ജെസബെലിന്റെ കിളിവാതിലിനു മുമ്പിലാണ്.
ആ സമയത്തുപോലും അഭിശപ്തമായ ജീവിതത്തിന്റെ തുടര്‍ച്ചയെന്നണ്ണം അണിഞ്ഞൊരുങ്ങുകയാണവള്‍. കണ്ണെഴുതിയും മുടിയലങ്കരിച്ചും അവളിരിക്കുന്നത് ഒരു രാജ്ഞിയായിത്തന്നെ മരിക്കണമെന്ന അവളുടെ അടങ്ങാത്ത ആഗ്രഹത്തിന്റെ പ്രതീകമാണ്. അന്ത:പുര കാവല്ക്കാര്‍ താഴേക്കു വലിച്ചെറിഞ്ഞ അവളെ തെരുവുനായ്ക്കള്‍ വലിച്ചുകീറുമ്പോള്‍ രാജ്ഞികണക്കേ പരിലസിച്ചിരുന്നവള്‍ പരാജിതയാവുന്നതും പരിഹാസ്യയാകുന്നതും കാലം കാണുന്നു.
ജെസബെല്‍ എന്ന പേരിലൊരു ചിത്രശലഭമുണ്ട്. സൗത്ത് ഏഷ്യയിലും തായ്‌ലന്റിലും മ്യാന്‍മാറിലുമൊക്കെയാണ് ഇക്കൂട്ടര്‍ കാണപ്പെടുന്നത്. ആകര്‍ഷകമല്ലാത്ത വെള്ളയും കറുപ്പും കലര്‍ന്ന മുകള്‍ഭാഗവും അത്യാകര്‍ഷകമായ കടുംമഞ്ഞയും ഓറഞ്ചും ചുവപ്പും കൂടിക്കലര്‍ന്ന അടിഭാഗവുമാണ് ഇവയുടെ നിറക്കൂട്ട്. ആണ്‍ വിഭാഗം പൂക്കളില്‍നിന്ന് പൂക്കളിലേക്കു പറക്കുമ്പോള്‍, പെണ്‍വിഭാഗം വൃക്ഷത്തലപ്പുകളുടെ മീതേയാണ് സഞ്ചാരം.
ഉയരങ്ങളില്‍ പറക്കുമ്പോള്‍ ആകര്‍ഷകമായ കടുംനിറങ്ങള്‍ കണ്ട് താഴേപറക്കു പക്ഷിക്കൂട്ടം എളുപ്പത്തിലവയെ ഇരയാക്കുന്നു. ഭംഗിയുള്ള ചിറകുകള്‍ തന്നെ അവയ്ക്ക് വിനയാവുന്നു. ചിറകൊടിഞ്ഞ് ചിലതു താഴേ വീഴുന്നു. ആകസ്മികമായി അപകടത്തില്‍പ്പെടാന്‍ അനുവദിക്കുംവിധം ആകര്‍ഷണീയമായ ചിലതുണ്ടാവാം നിങ്ങളില്‍.
അതിരുകവിഞ്ഞ സൗന്ദര്യബോധമാകാം, അധികാരഭ്രമമാകാം, ആത്മവിശ്വാസമാകാം. ജെസബെലിന്റെ കഥാന്തം സ്വന്തം ഇഷ്ടങ്ങളുടെ സരണിയില്‍ സഞ്ചരിക്കുന്നവര്‍ക്ക് ഈ നോമ്പുകാലത്തിലെങ്കിലും കാണാപാഠമാവണം.
ഫാ. വിപിന്‍ ചൂതംപറമ്പില്‍










Leave a Reply