സമൂഹത്തില്‍ വിഭാഗീയ ചിന്തകള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണ് ഇത്. അത്തരത്തിലുള്ള ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ വേര്‍തിരിവുകള്‍ സൃഷ്ടിക്കാനും ചിലര്‍ ശ്രമിക്കുന്നു. മനുഷ്യരെ മനുഷ്യനായി കാണാന്‍ ശ്രമിക്കാതെ മറ്റു പലതിന്റെയും പേരില്‍ അവര്‍ക്ക് ചില ലേബലുകള്‍ നല്‍കുന്നു. സമൂഹത്തില്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍തിരിവുകള്‍ ഉണ്ടാകുന്നതിന്റെ പ്രധാന കാരണമായി വിലയിരുത്തപ്പെട്ടിരുന്നത് വിദ്യാഭ്യാസത്തിന്റെ കുറവാണ്. എന്നാല്‍, കഴിഞ്ഞ 50 വര്‍ഷവുമായി താരതമ്യപ്പെടുത്തിയാല്‍ വിദ്യാഭ്യാസ മേഖലയില്‍ വലിയ മുന്നേറ്റം രാജ്യത്ത് ഉണ്ടായിട്ടുണ്ട്. ഒരു ഭാഗത്ത് അറിവു വര്‍ധിക്കുന്നു എന്ന് അഭിമാനിക്കുമ്പോഴാണ് മറുഭാഗത്ത് മനസുകള്‍ ഇടുങ്ങുന്നവരായി നമ്മള്‍ മാറുന്നത്. മനുഷ്യരെ തമ്മില്‍ അകറ്റുന്നതിന്റെയും ശത്രുത പരത്തുന്നതിന്റെയും പിന്നില്‍ കൃത്യമായ അജണ്ടകളുണ്ട്. ആര് എന്തു പറഞ്ഞാലും ഇന്നലെവരെ ഉണ്ടായിരുന്ന എന്റെ അയല്‍ക്കാരെ തിരിച്ചറിയാന്‍ ഓരോരുത്തര്‍ക്കും കഴിയണം. ആശയങ്ങളുടെ പേരില്‍ വിവിധ തട്ടുകളിലായി അയല്‍ക്കാരും മറ്റു വിഭാഗങ്ങളില്‍ ഉള്ളവരുമായി ശത്രുതയില്‍ കഴിയുന്നവര്‍ ചിന്തിക്കേണ്ട കാര്യമുണ്ട്. നമ്മുടെ ആവശ്യങ്ങളില്‍ ഇന്നലെവരെ ഓടിയെത്തിയിരുന്നവര്‍ ഇന്നു ഞാന്‍ ശത്രുപക്ഷത്ത് നിര്‍ത്തിയിരിക്കുന്നവരാണ്. വിശ്വാസം ഓരോരുത്തരുടെയും വ്യക്തിപരമായ താല്പര്യമാണ്. അതോടൊപ്പം ഇഷ്ടമുള്ള ആശയങ്ങള്‍ പ്രചരിപ്പിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്. എന്തുതന്നെയാണെങ്കിലും എല്ലാവരും മനുഷ്യരാണെന്ന ബോധ്യം നമുക്ക് കൈമോശം വരാന്‍ പാടില്ല.
മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ മാനിക്കാന്‍ കഴിയാത്തതാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. എന്റെ ആശയങ്ങള്‍ മാത്രമാണ് ശരിയെന്ന് ധരിക്കാനും പാടില്ല. ഭിന്നിപ്പിന്റെ ആശയങ്ങള്‍ അവതരിപ്പിക്കുന്നവരെ ശ്രദ്ധിക്കണം. അവരുടെ ലക്ഷ്യങ്ങള്‍ സ്വാര്‍ത്ഥത നിറഞ്ഞവയായിരിക്കും. മനുഷ്യരെ തട്ടുകളായി തിരിച്ചാല്‍ ചിലര്‍ക്ക് അതുകൊണ്ട് താല്ക്കാലികമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. ബ്രിട്ടീഷുകാര്‍ ഇന്ത്യയെ കീഴടക്കാന്‍ ഉപയോഗിച്ച ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ് ഇപ്പോള്‍ പുറത്തെടുക്കുന്നത്. ബ്രിട്ടീഷുകാരുടെ തന്ത്രത്തില്‍ ചില രാജാക്കന്മാര്‍ വീണതിന്റെ നഷ്ടം അനുഭവിക്കേണ്ടിവന്നത് രാജ്യവും ജനങ്ങളുമായിരുന്നു എന്നത് വിസ്മരിക്കരുത്. തന്ത്രപരമായ വിഭജനങ്ങളിലൂടെ സംഭവിക്കാന്‍ പോകുന്നത് അതുതന്നെയാണ്. രാജ്യത്തിന്റെ വളര്‍ച്ചയും പുരോഗതിയും തടയപ്പെടും. സാധാരണക്കാരില്‍നിന്ന് ആയിരിക്കില്ല ഇങ്ങനെയുള്ള ചിന്തകള്‍ രൂപപ്പെടുന്നത്. അവരിലേക്ക് ഈ ആശയങ്ങള്‍ എത്തിക്കുകയാണ്.
ഓരോ വിഭാഗങ്ങളും സംഘടിക്കണമെന്നുള്ള ചിന്ത സമൂഹത്തില്‍ വ്യാപകമാകുന്നുണ്ട്. സംഘടിതസ്വഭാവം വളര്‍ച്ചയ്ക്ക് നല്ലതാണ്. എല്ലാവര്‍ക്കും അങ്ങനെ ചെയ്യാനുള്ള അവകാശമുണ്ട്. എന്നാല്‍, വിഭാഗീയമായ താല്പര്യങ്ങളെ മുന്‍നിര്‍ത്തി എതിര്‍സ്വരങ്ങളെ അടിച്ചമര്‍ത്താനും കായികമായി നേരിടാനുമുള്ള പ്രവണതകളെ പ്രോത്സാഹിപ്പിക്കരുത്. സംഘടിത ശക്തി മറ്റുള്ളവര്‍ക്ക് എതിരെയുള്ള നീക്കമായി മാറാനും പാടില്ല. ഇപ്പോള്‍ രാജ്യത്ത് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന വിഭാഗമായി ക്രൈസ്തവര്‍ മാറിയിരിക്കുന്നു. സമാധാനപരമായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന സമൂഹമാണ് ക്രൈസ്തവര്‍. എന്നിട്ടും പലവിധത്തിലുള്ള അടിച്ചമര്‍ത്തലുകള്‍ക്കും കയ്യേറ്റങ്ങള്‍ക്കും വിധേയമാകുന്നു. കായികമായും ആശയപരവുമായ രീതികളിലും ഇതു സംഭവിക്കുന്നുണ്ട്. മറ്റു വിഭാഗങ്ങള്‍ നിലപാടുകള്‍ സ്വീകരിക്കുന്നതുപോലെ ശക്തമായ വിധത്തില്‍ പ്രതികരിക്കാത്തതിനാലാണ് വീണ്ടും ആവര്‍ത്തിക്കപ്പെടുന്നതെന്ന ചിന്ത ചിലരിലെങ്കിലും പ്രബലമാകുന്നുണ്ട്. മാനുഷികമായി ചിന്തിച്ചാല്‍ അതു ശരിയാണെന്നു തോന്നാം. പ്രതികരിക്കുകയും പ്രതിഷേധിക്കുകയുമൊക്കെ വേണം. എന്നാല്‍ ക്രൈസ്തവ അരൂപിക്ക് യോജിക്കാത്ത രീതിയിലുള്ള പ്രതികരണങ്ങള്‍ നമ്മെ വളര്‍ത്തില്ല. ദൈവം അനുവദിക്കാത്ത മാര്‍ഗങ്ങള്‍ അവലംബിച്ചാല്‍ അവിടുന്ന് നമ്മോടൊപ്പം ഉണ്ടാകുകയില്ല. മാനുഷികമായ ബലത്തിലലല്ല നാം അഭയംപ്രാപിക്കേണ്ടത്. മറിച്ച്, ദൈവത്തിന്റെ ശക്തമായ കരങ്ങളുടെ കീഴിലായിരിക്കണം. എല്ലാം മാറ്റിമറിക്കാന്‍ അവിടുത്തേക്ക് ഒരു നിമിഷംമതി.
സമൂഹത്തില്‍ തെറ്റായ പ്രവണതകള്‍ വളര്‍ന്നുവരുമ്പോള്‍ നേരിന്റെ വഴികള്‍ പറഞ്ഞുകൊടുക്കാന്‍ ഉത്തരവാദിത്വപ്പെട്ടവരാണ് ക്രൈസ്തവര്‍. അതൊന്നും കേള്‍ക്കാന്‍ ആരും ഇല്ലെന്ന തോന്നലുകള്‍ ഉണ്ടാകാം. പക്ഷേ, സ്ഥായിയായി നിലനില്ക്കുന്നത് ശരിയുടെ മാര്‍ഗങ്ങള്‍ ആണെന്നതിന് എത്രയോ ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. മറ്റുള്ളവര്‍ നടത്തുന്ന വിധത്തിലുള്ള പ്രതിഷേധങ്ങളും പ്രതികരണങ്ങളും അനുകരിക്കേണ്ടവരല്ല ക്രൈസ്തവര്‍. ദൈവം അംഗീകരിക്കുന്ന വഴികളിലൂടെ മുന്നേറുമ്പോള്‍ നമുക്ക് വേണ്ടി ദൈവം പടപൊരുതിക്കൊള്ളുമെന്ന് തിരിച്ചറിയണം. ”ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ ആരു നമുക്ക് എതിരുനില്ക്കും” (റോമാ 8:31).
കടപ്പാട്- സണ്‍ഡേ ശാലോം










Leave a Reply