ഏഷ്യാനെറ്റ് ന്യൂസും മീഡിയ വണ്ണും 48 മണിക്കൂര്‍ നേരത്തേക്ക് നിരോധിക്കപ്പെട്ടു എന്ന വാര്‍ത്തയില്‍ സന്തോഷിക്കുന്ന വലിയൊരു വിഭാഗം മനുഷ്യരെ സാമൂഹ്യമാധ്യമങ്ങളില്‍ കാണാം. അതിനിടയില്‍ ഇന്ത്യന്‍ ഭരണഘടനയും രാജ്യത്ത് ഉദയം ചെയ്യുന്ന ഫാസിസ്റ്റ് പ്രവണതകളും സത്യത്തെ നിശബ്ദമാക്കുന്ന സംഘപരിവാര്‍ അജണ്ടകളുമെല്ലാം ഉയര്‍ത്തിപ്പിടിക്കുന്ന വേറെയും കുറേപ്പേരുണ്ട്. പക്ഷേ, ഞാന്‍ ആദ്യം പറഞ്ഞ ഗണം മനുഷ്യരോടൊപ്പം ചേരുന്നു… സന്തോഷിക്കുന്നു… കളവുകളെ കച്ചവടം ചെയ്യുന്ന ഏഷ്യാനെറ്റ് ന്യൂസ് എന്ന മാധ്യമസ്ഥാപനത്തിന്റെ അഹങ്കാരത്തിന് ഏറ്റ കനത്ത ആഘാതം എന്ന് തന്നെ ഈ നടപടിയെ വിശേഷിപ്പിക്കാനും ഇഷ്ടപ്പെടുന്നു.
ഡല്‍ഹി സംഭവത്തിന്മേലുള്ള റിപ്പോര്‍ട്ടിന്റെ മാത്രം അനന്തരഫലമായി ഈ നടപടിയെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ലളിതമാണ് കാരണം. ഇതിന് മുന്പ് എനിക്ക് നേരിട്ടറിവുള്ള നിരവധി വിഷയങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയിരുന്നത് സത്യത്തിന് തെല്ലും വിലകല്പിക്കാത്തതും നിറം ചേര്‍ത്തതും വളച്ചൊടിച്ചതുമായ റിപ്പോര്‍ട്ടിംഗുകള്‍ മാത്രമായിരുന്നു. ആയതിനാല്‍ത്തന്നെ അത്തരം പല സംഭവങ്ങളിലൊന്നിന്റെ പേരില്‍ ഈ മാധ്യമസ്ഥാപനം ശിക്ഷിക്കപ്പെട്ടു എന്നറിയുന്പോള്‍ അതിന്റെ ഏറ്റവുമടുത്ത രാഷ്ട്രീയസാഹചര്യങ്ങള്‍ പരിഗണിക്കാതെ തന്നെ ആ യാഥാര്‍ത്ഥ്യത്തെ അഭിനന്ദനങ്ങളോടെ അംഗീകരിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകുന്നു.
രാജ്യത്ത് ഫാസിസം വളരുന്നില്ലെന്നോ ശക്തിപ്പെടുന്നില്ലെന്നോ ഒന്നും അഭിപ്രായമില്ല. അതിനെതിരായ ഫലപ്രദമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണ് വേണ്ടത്. പക്ഷം പിടിച്ച് നിലപാടുകള്‍ രൂപപ്പെടുത്തുകയും പണത്തിന് വേണ്ടി സെന്‍സേഷണലിസം തേടിപ്പോവുകയും ചെയ്യുന്ന ഏഷ്യാനെറ്റ് ന്യൂസ് പോലുള്ള മാധ്യമങ്ങള്‍ അത്തരമൊരു കുലീനസംരഭത്തിന് വഴിതെളിക്കുമെന്ന് വിശ്വസിക്കാന്‍ മാത്രം വിഡ്ഢിയാകാന്‍ എനിക്ക് താത്പര്യമില്ല.
അതുകൊണ്ട് തന്നെ ഫാസിസത്തിന്റെ പടപ്പുറപ്പാടിനേക്കാള്‍ ഈ മാധ്യമങ്ങളുടെ വ്യാജപ്രചരണങ്ങളെ ഞാന്‍ ഭയക്കുന്നു. കാരണം, വര്‍ത്തമാനകാല ഇന്ത്യയിലെ ഫാസിസം ഇനിയും ആവിഷ്കരണങ്ങള്‍ ആവശ്യമുള്ള ആരോപണമാണ്. അതിനേക്കാള്‍ അപകടകരമാണ് ഫാസിസം പോലെയുള്ള ആപത്തുകളെ തിരിച്ചറിയാനാകാത്ത വിധം മനുഷ്യബോധത്തെ വ്യാജവാര്‍ത്തകളില്‍ മുക്കിക്കൊല്ലുന്ന ധനാസക്തിയാല്‍ വികൃതമാക്കപ്പെട്ട സത്യാനന്തരകാലത്തെ മാധ്യമധര്‍മ്മം!
✍️Noble Thomas Parackal










Leave a Reply