സുപ്രീംകോടതിയില്‍നിന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് വിരമിച്ചപ്പോള്‍ ഇന്ത്യയിലെ ഒരു ദേശീയ ദിനപത്രം എഴുതിയത് ‘എ ജന്റില്‍മാന്‍ ജഡ്ജ് റിട്ടയേര്‍ഡ്’ എന്നായിരുന്നു. അദ്ദേഹത്തെ രാജ്യം എങ്ങനെയാണ് കണ്ടിരുന്നതെന്നതാണ് ആ വാക്കുകള്‍ വിളിച്ചുപറയുന്നത്. അഞ്ചു വര്‍ഷവും എട്ട് മാസവുംകൊണ്ട് സുപ്രീംകോടതിയില്‍ 8612 കേസുകള്‍ തീര്‍പ്പാക്കുകയും 1,000-ലധികം ബൃഹത്തായ വിധികള്‍ പുറപ്പെടുവിക്കുകയും ചെയ്ത ന്യായാധിപനാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ്. മുത്തലാക് നിയമത്തിന്റെ സാധ്യതകള്‍ പരിശോധിച്ച ബഞ്ചിലെ അംഗം, ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് മത്സരിക്കാമോ മന്ത്രിമാരാകാമോ എന്ന കേസ്, ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് നാഷണല്‍ ജുഡീഷ്യല്‍ അപ്പോയിന്റ്‌മെന്റ് കമ്മീഷന്റെ ഭരണഘടന സാധ്യതയെ ചോദ്യം ചെയ്തുള്ള കേസ് പരിഗണിച്ച ഭരണഘടനാ ബഞ്ചിലെ അംഗം… എന്നിങ്ങനെ ചരിത്ര പ്രാധാന്യമുള്ള ഒട്ടേറെ കേസുകളില്‍ തീര്‍പ്പുകല്പിക്കുന്നതില്‍ ഭാഗമായ ന്യായാധിപനാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ്.
ഏഴാം ക്ലാസുവരെ ചെരിപ്പില്ലാതെ സ്‌കൂളില്‍പോയ പരിമിതമായ സാഹചര്യങ്ങളില്‍ വളര്‍ന്ന ബാല്യമായിരുന്നു അദ്ദേഹത്തിന്റേത്. അത്തരം അനുഭവങ്ങളുടെ പച്ചപിടിച്ച ഓര്‍മകള്‍ മനസില്‍ നില്ക്കുന്നതുകൊണ്ട് വേദനിക്കുന്ന മനുഷ്യരുടെ സങ്കടങ്ങള്‍ എന്നും അദ്ദേഹത്തിന് വലുതായിരുന്നു. ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ പിതാവ് കേരള ഹൈക്കോടതിയിലെ ജീവനക്കാരനായിരുന്നു. പിതാവിന്റെ ഒപ്പം ബാല്യത്തില്‍ ഭയത്തോടും വിറയലോടും കൂടെ ഹൈക്കോടതിയില്‍ പോയിട്ടുള്ള ഓര്‍മകളും മനസിലുണ്ട്. അതേ കോടതിയില്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍, സീനിയര്‍ അഭിഭാഷകന്‍, ന്യായാധിപന്‍, ആക്ടിംഗ് ചീഫ് ജസ്റ്റീസ് എന്നീ പദവികള്‍ വഹിക്കാനുള്ള അപൂര്‍വ ഭാഗ്യവും ജസ്റ്റിസ് കുര്യന്‍ ജോസഫിന് ലഭിച്ചു.
ഡിബേറ്റ് മത്സരങ്ങളില്‍ ലഭിച്ച അംഗീകാരങ്ങളും ഇന്റര്‍ കോളജിയറ്റ് പ്രസംഗമത്സരങ്ങളില്‍ കിട്ടിയ സ്വര്‍ണമെഡലുകളുമാണ് കുര്യന്‍ ജോസഫ് എന്ന ചെറുപ്പക്കാരനെ നിയമരംഗത്തേക്ക് ആകര്‍ഷിച്ചത്. നീതിയെന്നത് പുസ്തകത്തില്‍ എഴുതിവയ്ക്കുന്ന അവ്യക്തവും അപ്രാപ്യവുമായ ഒന്നല്ല. അത് മനുഷ്യന് ദൃശ്യവും സ്പര്‍ശ്യവുമായ വസ്തുതയാകണമെന്നാണ് ഈ ന്യായാധിപന്‍ പറയുന്നത്. ദൈവത്തിന്റെ കൃപയാലാണ് വിധിന്യായങ്ങളില്‍ സത്യസന്ധവും നീതിപൂര്‍വകവുമായ കണ്ടെത്തലുകള്‍ നടത്തുവാന്‍ സാധിച്ചതെന്ന് പറയുവാന്‍ ഈ ന്യായാധിപന് മടിയില്ല. നീതിക്കുവേണ്ടി കരയുന്ന മനുഷ്യരുടെ മുഖങ്ങള്‍ കേസ് ഫയലുകളില്‍ കണ്ട ന്യായാധിപന്‍ എന്ന വിശേഷണമായിരിക്കും ജസ്റ്റിസ് കുര്യന്‍ ജോസഫിന് ഏറ്റവും ഇണങ്ങുക. ചരിത്രം അദ്ദേഹത്തിന്റെ പേരിനൊപ്പം നാളെ അടയാളപ്പെടുത്താന്‍ പോകുന്നതും അതുതന്നെയായിരിക്കും.
വിധി എഴുതുന്നതിന് മുമ്പ് അങ്ങ് പ്രാര്‍ത്ഥിക്കുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. തെളിവുകളുടെ അടിസ്ഥാനത്തിലല്ലേ കോടതികള്‍ വിധികള്‍ പുറപ്പെടുവിക്കുക. എന്നിട്ടും പ്രാര്‍ത്ഥിക്കുവാന്‍ അങ്ങയെ പ്രേരിപ്പിച്ച ഘടകം എന്തായിരുന്നു.
തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസിന് അന്തിമമായ രൂപമുണ്ടാകുന്നത്. തെളിവുകള്‍ എന്നത് വസ്തുതകളാണ്. വസ്തുതകളെ വിശകലനം ചെയ്യുമ്പോള്‍ മാനുഷികമായ തെറ്റുകള്‍ പറ്റാം. നിയമപ്രകാരം വിശകലനം ചെയ്യുമ്പോള്‍ മറ്റു സ്വാധീനങ്ങളൊന്നും കടന്നുവരാതിരിക്കട്ടെ എന്നുള്ളതായിരുന്നു എന്റെ ഒന്നാമത്തെ പ്രാര്‍ത്ഥന.
രണ്ടാമത്തേത്, ഈ തെളിവുകളില്‍നിന്നും ഉരിത്തിരിഞ്ഞുവരേണ്ടതായ സത്യം വെളിപ്പെടുത്തിത്തരണമേ എന്നതാണ്. വസ്തുതകളുടെ അടിസ്ഥാനത്തില്‍, അതില്‍ അടങ്ങിയിരിക്കുന്ന സത്യം കണ്ടെത്താനായിട്ടുള്ളൊരു യജ്ഞം താന്‍ പഠിച്ച നിയമത്തിന്റെ അടിസ്ഥാനത്തില്‍ നടത്തി അതില്‍നിന്ന് ഉരുത്തിയിരുന്ന തീരുമാനമാണ് വിധിയായിട്ട് വരേണ്ടത്. ആ പ്രക്രിയയില്‍ മാനുഷികമായ കാഴ്ചപ്പാടുകളോ വിശ്വാസമോ ബന്ധങ്ങളോ നിലപാടുകളോ കടന്നുവരരുത്. വസ്തുതകളെ സത്യസന്ധവും നീതിപൂര്‍വകവും നിഷ്പക്ഷവുമായി വ്യാഖ്യാനിക്കാനുള്ള കൃപ കിട്ടുന്നതിനും ദൈവത്തില്‍നിന്നുള്ള ജ്ഞാനം ലഭിച്ച് ശരിയായ സത്യം കണ്ടെത്താന്‍വേണ്ടിയുമായിരുന്നു പ്രാര്‍ത്ഥിച്ചിരുന്നത്.
വിധിതീര്‍പ്പുകളില്‍ മനുഷ്യന്റെ കണ്ണീര്‍ എപ്പോഴെങ്കിലും ഒരു ഘടകമായി മാറിയിട്ടുണ്ടോ.
കേസുകള്‍ കൈകാര്യം ചെയ്യുന്ന സമയത്ത് എന്റെ മുമ്പില്‍ നില്‍ക്കുന്ന അഭിഭാഷകനെയോ അല്ലെങ്കില്‍ അഭിഭാഷകന്റെ സാമര്‍ത്ഥ്യത്തെയോ ഒന്നുമല്ല കണ്ടിട്ടുള്ളത്;ആ കേസില്‍ കുടുങ്ങിക്കിടക്കുന്ന മനുഷ്യരുടെ മുഖങ്ങളാണ്. സാധാരണ കേസുകളില്‍ നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്ന മനുഷ്യരുണ്ട്. അര്‍ഹിക്കുന്ന നീതി ലഭിച്ചുവെന്ന് കാണുമ്പോള്‍ അനേകരുടെ കണ്ണില്‍നിന്ന് സന്തോഷാശ്രുക്കള്‍ പൊഴിയുന്നത് ജോലി ചെയ്തിട്ടുള്ള എല്ലാ കോടതികളിലും കണ്ടിട്ടുണ്ട്.
വിധി പ്രസ്താവിക്കുമ്പോള്‍ ദൈവികമായ ജ്ഞാനം ലഭിച്ചുവെന്ന് അങ്ങേക്ക് തോന്നിയ അവസരങ്ങളുണ്ടായിട്ടുണ്ടോ.
അങ്ങനെയുള്ള അവസരങ്ങളേ എനിക്കുണ്ടായിട്ടുള്ളൂ. കാരണം എന്റെ അറിവോ കഴിവോ മാത്രം ഉപയോഗിച്ച് ഒരു പ്രശ്‌നത്തിന്റെ പരിഹാരം കാണാനോ അതിലെ സത്യം കണ്ടെത്താനോ കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നില്ല. തീര്‍ച്ചയായും ഞാന്‍ അധ്വാനിക്കണം. എന്നാല്‍, ആ അധ്വാനത്തിന്റെമേല്‍ ദൈവകൃപ ചൊരിയപ്പെടുന്നില്ലെങ്കില്‍ ഒരിക്കലും അത് പൂര്‍ണമാകില്ല. അതില്‍ ദൈവത്തിന്റെ അനുഗ്രഹവും കയ്യൊപ്പും എനിക്കെപ്പോഴും ലഭിച്ചിരുന്നു.
പൂവ് വിരിച്ച പാതയിലൂടെ കടന്നുപോയ ഒരാള്‍ ആയിരുന്നില്ല അങ്ങ്. ഇല്ലായ്മകളുടെ അനുഭവങ്ങള്‍ അങ്ങിലെ ന്യായാധിപനെ എങ്ങനെയാണ് സ്വാധീനിച്ചിട്ടുള്ളത്.
അത്തരം അനുഭവങ്ങളുടെ പച്ചപിടിച്ച ഓര്‍മകള്‍ സാധാരണക്കാരുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ എന്നെ സഹായിച്ചിട്ടുണ്ട്. ഇന്ത്യയിലെ മൂന്നില്‍ രണ്ടുശതമാനത്തോളം ആളുകള്‍ സാധാരണക്കാരാണ്. അവര്‍ക്ക് കോടതിയെ സമീപിക്കാനോ നല്ല വക്കീലന്മാരെ വച്ച് വാദിപ്പിക്കാനോ കഴിഞ്ഞെന്നുവരില്ല. നടന്ന വഴികളും ചവിട്ടിയ പടികളും എനിക്കൊരിക്കലും മറക്കാന്‍ പറ്റുകയില്ല. അതെപ്പോഴും വേദനിക്കുന്ന മനുഷ്യരെ കാണാനും തിരിച്ചറിയാനും സഹായിച്ചു.
പിതാവ് ഹൈക്കോടതിയിലെ ക്ലാര്‍ക്കായിരുന്നുവല്ലോ. ആ സ്വാധീനത്തിലാണോ അഭിഭാഷകന്‍ എന്ന ആഗ്രഹത്തിലേക്ക് എത്തിപ്പെട്ടത്.
അപ്പച്ചനെ കാണുന്നതിനായി ഞാന്‍ കോടതിയില്‍ പോയ സമയത്ത് ഭയത്തോടും വിറയലോടുംകൂടി ആരും കാണാതെ എങ്ങും പോകാന്‍ സാധിക്കാതെ അപ്പച്ചനെമാത്രം കണ്ടുപോന്ന ചെറുപ്പത്തിലെ രണ്ടുമൂന്നു ഓര്‍മകളാണ് മനസിലുള്ളത്.
അഭിഭാഷകന്‍ ആകാനായിട്ടുള്ള ആഗ്രഹം ഉദിക്കുന്നത് ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരുന്ന സമയത്താണ്. പ്രസംഗിക്കാനും വാദിക്കാനുമുള്ള താല്‍പര്യമുണ്ടായിരുന്നു. വാദിക്കുന്നതിന്റെ സന്തോഷവും വാദിച്ച് ജയിക്കുന്നതിലുള്ള വലിയൊരു ആനന്ദവും ഒക്കെ കണ്ടുകഴിഞ്ഞപ്പോള്‍ സ്വഭാവികമായിട്ടും അതിന് പറ്റിയൊരു പ്രൊഫഷന്‍ അഭിഭാഷകവൃത്തിയാണെന്നു തോന്നി.
ഹൈക്കോടതി വരാന്തയില്‍ നില്‍ക്കാന്‍പോലും പറ്റാതെവണ്ണം ഒതുങ്ങി മാറിനിന്നിരുന്ന ഞാന്‍ ആ കോടതിയിലെ അഡീഷണല്‍ അഡ്വക്കറ്റ് ജനറലായി, അതുകഴിഞ്ഞ് സീനിയര്‍ അഭിഭാഷകനായി, ന്യായാധിപനായി, ആക്റ്റിങ്ങ് ചീഫ് ജസ്റ്റീസായി. എനിക്ക് ചിന്തിക്കാനോ സ്വപ്‌നം കാണാ നോപോലും പറ്റാത്ത അത്രയേറെ അനുഗ്രഹങ്ങള്‍ ദൈവം തന്നുവെന്ന് നന്ദിയോടെ ഓര്‍ക്കാറുണ്ട്.
അഞ്ചുവര്‍ഷവും എട്ടുമാസവും കൊണ്ട് സുപ്രീംകോടതിയില്‍ 8612 കേസുകള്‍ തീര്‍പ്പാക്കുകയും 1,000-ല്‍ അധികം ബൃഹത്തായ വിധികള്‍ എഴുതുകയും ചെയ്തിട്ടുണ്ടല്ലോ. ആ വേഗതയുടെ കാരണം.
ഒന്നോ രണ്ടോ മൂന്നോ തലമുറകള്‍ കടന്നുപോയ കേസുകള്‍ സുപ്രീം കോടതിയില്‍ എത്തിയത് ഞാന്‍ കണ്ടിട്ടുണ്ട്. എന്റെ ഏറ്റവും വലിയ സ്വപ്‌നവും പ്രയത്‌നവും എത്രയും വേഗം ആ കേസുകള്‍ക്ക് പരിഹാരം ഉണ്ടാക്കി, ഈ തലമുറയെങ്കിലും കേസിന്റെ അന്ത്യം കാണണമെന്നുള്ള താല്‍പര്യമായിരുന്നു. അതിനുവേണ്ടി കഠിനപ്രയത്‌നം ചെയ്ത് കേസുകള്‍ തീര്‍ക്കാന്‍ പരിശ്രമിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് വൈകി കിട്ടുന്ന നീതി നിഷേധിക്കപ്പെട്ട നീതിയാണ്.
പദവികള്‍ ഉയരുന്നതനുസരിച്ച് വിശ്വാസത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ അങ്ങ് ശ്രമിച്ചിരുന്നു. എവിടെനിന്നാണ് അതിനുള്ള ബലം ലഭിച്ചത്.
എന്റെ വിശ്വാസത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ ഞാന്‍ എത്രമാത്രം കൂടുതലായി പ്രയത്‌നിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ടോ അതിനനുസരിച്ചിട്ടുള്ള ദൈവാനുഗ്രഹം എനിക്ക് ഉണ്ടായിട്ടുണ്ട്. സ്ഥാനങ്ങള്‍ കിട്ടിയപ്പോള്‍ പ്രാര്‍ത്ഥന കൂടിയതിനെക്കാള്‍, പ്രാര്‍ത്ഥന കൂടിയപ്പോള്‍ സ്ഥാനങ്ങള്‍ വന്നുകൊണ്ടിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍, സ്ഥാനങ്ങള്‍ കൂടുന്നതനുസരിച്ച് പ്രാര്‍ത്ഥനയുടെ പ്രാധാന്യം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്റെ കഴിവുകള്‍ക്ക് അതീതമായിട്ടുള്ള സ്ഥാനത്ത് ദൈവം എന്നെ ഇരുത്തുകയായിരുന്നു. ആ സ്ഥാനം എന്നെ ഏല്‍പിച്ച ദൈവത്തിന് ഒരു നാണക്കേടും വരുത്താത്ത വിധത്തില്‍ ഉത്തരവാദിത്വം നിര്‍വഹിക്കാനായി പരിശുദ്ധാത്മാവിന്റെ അധികബലം തരണമേ എന്ന് നിരന്തരമായി പ്രാര്‍ത്ഥിച്ചിരുന്നു.
കുമ്പസാരത്തിനെതിരെ വലിയ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നപ്പോള്‍ സുപ്രീം കോടതി ജഡ്ജിയായിരിക്കേ അതിനെതിരെ സണ്‍ഡേ ശാലോമില്‍ അങ്ങ് ലേഖനമെഴുതിയിരുന്നു. കുമ്പസാരത്തിനുവേണ്ടി നിലനില്‍ക്കാന്‍ പ്രേരിപ്പിച്ച ഘടകം എന്തായിരുന്നു.
എന്റെ വിശ്വാസവും ബോധ്യങ്ങളും അനുഭവങ്ങളുംതന്നെയാണ് അതിന് പ്രേരിപ്പിച്ചത്. മാനുഷികമായ ബലഹീനതകളുടെ പേരില്‍ ദൈവത്തില്‍നിന്നും അകന്നുപോയപ്പോള്‍ അതു തിരിച്ചറിഞ്ഞ് കടങ്ങള്‍ക്ക് പൊറുതിയും പാപങ്ങള്‍ക്ക് മോചനവും നേടാന്‍ കുമ്പസാരം എന്ന കൂദാശയാണ് എന്നെ സഹായിച്ചത്. ദൈവത്തിന് പ്രവര്‍ത്തിക്കാന്‍ തക്കവണ്ണം എന്നെ പരിശുദ്ധമായി കാത്തുസൂക്ഷിക്കുവാന്‍ കഴിഞ്ഞത് കുമ്പസാരത്തിലൂടെയാണ്.
അഭിഭാഷകനായിരുന്ന കാലത്ത് അങ്ങയുടെ ഇടപെടലിലൂടെ നീതി നേടിക്കൊടുക്കാന്‍ കഴിഞ്ഞുവെന്ന് സംതൃപ്തിയോടെ ഓര്‍ക്കുന്ന കേസുകളുണ്ടോ.
ഇഷ്ടംപോലെ കേസുകളുണ്ട്. എത്രയോ കേസുകളില്‍ ഫീസുപോലും വാങ്ങിയിട്ടില്ല. കക്ഷികളോട് അഡ്വാന്‍സായി ഫീസ് ഫിക്‌സ് ചെയ്ത് വാങ്ങിക്കാത്ത ഒരാളായിരുന്നു ഞാന്‍. കേസിന് ആവശ്യമായിട്ടുള്ള ചെലവുമാത്രം വാങ്ങി കേസു നടത്തും. കേസ് തീരുമ്പോള്‍ കക്ഷികള്‍ക്ക് യുക്തമെന്ന് തോന്നുന്ന ഫീസ് വാങ്ങുകയായിരുന്നു പതിവ്. ഫീസ് അവസാനം ഫിക്‌സ് ചെയ്ത് വാങ്ങിച്ച വളരെ കുറച്ച് കേസുകളേയുള്ളൂ. സമ്പന്നനാകണം എന്നുള്ള മോഹം എന്നെ ഭരിച്ചിട്ടില്ല. ഞാന്‍ ജീവിതത്തിന്റെ രണ്ടു വശവും കണ്ടിട്ടുണ്ട്. സമ്പത്ത് ഇല്ലാത്തതുകൊണ്ട് എനിക്ക് ദൈവം ഒന്നും നഷ്ടപ്പെടുത്തിയിട്ടില്ല. സമ്പത്ത് ഉണ്ടായതുകൊണ്ട് എനിക്ക് പ്രത്യേകമായി ഒന്നും നേടാനും കഴിഞ്ഞിട്ടില്ല. അധ്വാനത്തിന്റെ ഭാഗമായി സമ്പത്ത് വന്നുകൊള്ളും.
കാമ്പസ് രാഷ്ട്രീയം കേരള ഹൈക്കോടതി നിരോധിച്ചുവല്ലോ. ഇപ്പോഴത്തെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് വഴിതെറ്റിയെന്ന് അങ്ങേക്ക് തോന്നുന്നുണ്ടോ. അവിഭക്ത കേരള യൂണിവേഴ്‌സിറ്റിയുടെ യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ അങ്ങേക്ക് വിദ്യാര്‍ത്ഥി രാഷ്ട്രീയം പരിചയമുള്ളതാണല്ലോ.
അന്നത്തെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ ആഭിമുഖ്യങ്ങളല്ല ഇന്ന് കാണുന്നത്. അതുകൊണ്ടാണ് കാമ്പസുകളില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനം നിരോധിക്കണമെന്ന് പറയാന്‍ ഇടയായത്. പക്ഷേ വിദ്യാര്‍ത്ഥികളുടെ നേതൃത്വവും സമൂഹത്തിന് അവര്‍ തിരിച്ചുകൊടുക്കേണ്ട കഴിവും നന്മകളും വളര്‍ത്തിക്കൊണ്ടുവരുവാന്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് വലിയ പങ്കുവഹിക്കാനുണ്ട്. പക്ഷേ ഇന്ന് കാണുന്ന രീതിയിലാവരുത് ആ പ്രവര്‍ത്തനം എന്നുമാത്രം.
ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്ന് കേള്‍ക്കുമ്പോള്‍ നീതിമാനായ ഒരു മനുഷ്യന്റെ മുഖമാണ് ഈ രാജ്യത്തെ സാധാരണക്കാരുടെ മനസുകളില്‍വരെ തെളിയുന്നത്. അങ്ങനെയൊരു നീതിബോധം അങ്ങേക്ക് എവിടെനിന്നാണ് ലഭിച്ചത്.
നീതി എന്നത് ഒരു സാധാരണക്കാരന് അര്‍ഹിക്കുന്ന തുല്യത, അന്തസ്, സ്വാതന്ത്ര്യം ഇതൊക്കെ കിട്ടിയെന്ന ബോധ്യം വരുമ്പോഴാണ്. അത് നഷ്ടപ്പെടുമ്പോഴാണ് കേസിലേക്ക് വരുന്നത്. സത്യസന്ധമായും നീതിപൂര്‍വമായും കേസ് കൈകാര്യം ചെയ്തതുകൊണ്ട് നഷ്ടപ്പെട്ട അന്തസും അവകാശവും സ്വാതന്ത്ര്യവും തുല്യതയും തിരിച്ചുകിട്ടി എന്ന് പറയുന്ന അനേകരെ ഞാന്‍ റിട്ടയര്‍ ചെയ്തശേഷവും യാത്രകളില്‍ പല സ്ഥലങ്ങളില്‍വച്ച് കണ്ടിട്ടുണ്ട്. സാര്‍ അന്ന് സത്യസന്ധമായി വിധിച്ചതുകൊണ്ട് എനിക്ക് ഇന്നപോലെ ആകാന്‍ സാധിച്ചു, കുടുംബത്തി ല്‍ സമാധാനമുണ്ടായി എന്നൊക്കെ പറയുന്നവരുമുണ്ട്. എനിക്ക് അപ്പനെയും അമ്മയെയും തിരിച്ചുകിട്ടിയത് അങ്കിളിന്റെ പ്രവര്‍ത്തനംകൊണ്ടാണെന്ന് പറയുന്ന അനേകം മക്കളെ കണ്ടിട്ടുണ്ട്. എല്ലാത്തിനും ദൈവത്തിന് നന്ദി പറയുന്നു.
സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ആദ്യമായി നാല് ന്യായാധിപന്മാര്‍ ചീഫ് ജസ്റ്റിസിനെതിരെ പത്രസമ്മേളനം നടത്തിയപ്പോള്‍ അങ്ങും അതില്‍ ഒരാളായിരുന്നു. എന്തായിരുന്നു അതിന് പ്രേരിപ്പിച്ച ഘടകം.
രാജ്യത്തിന്റെ പരമോന്നത നീതിപീഠം ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കുന്നില്ല എന്ന് തോന്നിക്കഴിഞ്ഞപ്പോള്‍ തിരുത്താനുള്ള ശ്രമങ്ങള്‍ ഉള്ളില്‍നിന്ന് നടത്തി. പരാജയപ്പെട്ടപ്പോള്‍ ഇനി അത് ജനങ്ങളുടെ മുമ്പാകെ പറയേണ്ട സമയമായി എന്ന് തോന്നിയതുകൊണ്ടും സുപ്രീംകോടതിയുടെ നിഷ്പക്ഷവും നീതിപൂര്‍ണവുമായിട്ടുള്ള നിലനില്‍പ്പിന് ബാഹ്യ ഇടപെടലുകള്‍ ഉണ്ടാകാതിരിക്കാനുംവേണ്ടി ജനങ്ങളെ അറിയിക്കുന്നതിനുമായിരുന്നു ആ പത്രസമ്മേളനം.
രാജ്യത്തെ ജനങ്ങളുടെ അവസാന ആശ്രയമാണ് നീതിപീഠങ്ങള്‍. എന്നിട്ടും സാധാരണക്കാര്‍ക്ക് കോടതികള്‍ പ്രാപ്യമാണെന്ന് പറയാന്‍ കഴിയില്ല. സാധാരണക്കാര്‍ക്കുവേണ്ടി ഏതു വിധത്തിലുള്ള മാറ്റങ്ങള്‍ ജുഡീഷ്യറിയില്‍ ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്.
ഒന്ന്, ജുഡീഷ്യറിയെ കൈകാര്യം ചെയ്യുന്ന ന്യായാധിപന്മാരുടെ മനോഭാവങ്ങളില്‍ ഉണ്ടാകേണ്ട മാറ്റമാണ്. ഇതാരും തുറന്നു പറയാത്ത കാര്യമാണ്. സാധാരണക്കാരന് കോടതികള്‍ അപ്രാപ്യമാകാന്‍ പാടില്ല. സാധാരണക്കാരന് പ്രാപ്യമായ രീതിയില്‍ സംവിധാനങ്ങള്‍ക്ക് തുറവിയും സുതാര്യതയും ഉണ്ടാകണമെന്ന് ന്യായാധിപന്മാര്‍ക്ക് തോന്നണം. അതുപോലെ നമ്മുടെ സംവിധാനങ്ങള്‍ അവര്‍ക്ക് കടന്നുവരാന്‍തക്കവിധം തുറന്നുകിടക്കുന്ന വാതിലുകളാണം. സാധാരണക്കാരുടെ മുമ്പില്‍ പലപ്പോഴും അടഞ്ഞ വാതിലുകളാണ് കോടതികള്‍. സത്യം പറഞ്ഞാല്‍ ഒരു കേസ് സുപ്രീം കോടതിയില്‍വരെ എത്തണമെന്നുണ്ടെങ്കില്‍ കുടുംബത്തിന്റെ അടിത്തറവരെ തകരും. ഇതെല്ലാം കാണാന്‍ നീതിനിര്‍വഹണത്തിന് കഴിയണം.
പാവപ്പെട്ടവര്‍ക്ക് സൗജന്യ നിയമസഹായം എന്ന് പറഞ്ഞ് തുടങ്ങിയതാണ് ലീഗല്‍ സര്‍വീസസ് അതോറിറ്റി. അതിലൂടെ ഒട്ടേറെ സൗജന്യ സഹായങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍പ്പോലും അത് കാര്യക്ഷമമല്ല. കാര്യക്ഷമമായ രീതിയില്‍ പാവപ്പെട്ടവര്‍ക്ക് നിയമസഹായം ലഭിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കണം. ഞാന്‍ സുപ്രീം കോടതിയില്‍ ആയിരുന്നപ്പോള്‍ ചെയ്തിട്ടുള്ള ഒരു കാര്യമുണ്ട്. പാവപ്പെട്ട കക്ഷികളെ സഹായിക്കാനായി അമിക്കസ്‌ക്യൂറി എന്ന സംവിധാനമുണ്ട്. പ്രഗത്ഭരായ വക്കീലന്മാരെ അവര്‍ക്കുവേണ്ടി നിയമിക്കും. അമിക്കസ്‌ക്യൂറി ആയിക്കഴിഞ്ഞാല്‍ കക്ഷിയില്‍നിന്ന് ഫീസ് വാങ്ങാന്‍ പാടില്ല. അത് കോടതിക്ക് സീനിയര്‍ അഭിഭാഷകര്‍ ചെയ്യുന്ന സേവനമാണ്. അങ്ങനെ ഗുണമേന്മയുള്ള നിയമസഹായം ആളുകള്‍ക്ക് ലഭിക്കുന്നതായി കണ്ടിട്ടുണ്ട്.
ജോസഫ് മൈക്കിള്‍










Anonymous
2.5