Sathyadarsanam

സമാധാനം പ്രത്യാശയുടെ യാത്ര

സമാധാനം മഹത്തും അമൂല്യവുമാണ്. കീഴടക്കാനാവാത്തതെന്നുപോലും തോന്നുന്ന തടസങ്ങള്‍ ഉള്ളപ്പോഴും പ്രചോദിപ്പിക്കുകയും മുന്നോട്ടു നയിക്കുകയും ചെയ്യുന്ന സദ്ഗുണമാണ് പ്രത്യാശ.
ചൂഷണവും അഴിമതിയും വിദ്വേഷത്തെയും അക്രമത്തെയും ആളിക്കത്തിക്കുന്നു. ഇന്നും വലിയൊരു ജനവിഭാഗത്തിന് മഹത്ത്വം, ശാരീരിക പൂര്‍ണത, മതസ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യം, സമൂഹപരമായ ഐകദാര്‍ഢ്യം, ഭാവിയെപ്പറ്റിയുള്ള പ്രത്യാശ എന്നിവ നിഷേധിക്കപ്പെട്ടിരിക്കുന്നു. അനേകം നിഷ്‌കളങ്കര്‍ വേദനാജനകമായ തരംതാഴ്ത്തലിന്റെയും പുറത്താക്കപ്പെടലിന്റെയും ദുഃഖത്തിന്റെയും അനീതിയുടെയും ഇരകളാണ്. ഓരോ യുദ്ധവും സഹോദരഹത്യയുടെ ഒരു രൂപമാണ്. സാഹോദര്യത്തിലേക്കുള്ള മനുഷ്യകുടുംബത്തിന്റെ ജന്മസിദ്ധമായ വിളിയെ അതു തകര്‍ക്കുന്നു.
യുദ്ധം, നമുക്കറിയാവുന്നതുപോലെ, മിക്കപ്പോഴും തുടങ്ങുന്നത് മറ്റുള്ളവരുടെ വ്യത്യാസം അംഗീകരിക്കാന്‍ കഴിവില്ലാത്തതുകൊണ്ടാണ്. അത് കീഴടക്കലിന്റെ മനോഭാവത്തെ വളര്‍ത്തുന്നു. അതു സ്വാര്‍ത്ഥതയില്‍നിന്നും അഹങ്കാരത്തില്‍നിന്നും വിദ്വേഷത്തില്‍നിന്നും പരിഹസിക്കാനുള്ള ആഗ്രഹത്തില്‍നിന്നും മറ്റുള്ളവരെ മാറ്റി നിര്‍ത്താനും നശിപ്പിക്കാനുമുള്ള ആഗ്രഹത്തില്‍നിന്നും ഉണ്ടാകുന്നു.
ബന്ധങ്ങളുടെ തലതിരിച്ചില്‍, സ്വാധീനം ചെലുത്താനുള്ള അതിമോഹം, അധികാരത്തിന്റെ ദുര്‍വിനിയോഗം, മറ്റുള്ളവരെ സംബന്ധിച്ച ഭീതി, വൈവിധ്യം തടസമായി പരിഗണിക്കല്‍ എന്നിവ വഴി യുദ്ധം ഉണ്ടാകുന്നു. ഇവയെല്ലാം യുദ്ധത്തിന്റെ അനുഭവംകൊണ്ട് വര്‍ധിക്കുകയും ചെയ്യുന്നു.

ഭയവും സമാധാനവും

സമാധാനവും അന്താരാഷ്ട്രസ്ഥിരതയും പരസ്പരം പൂര്‍ണമായി നശിപ്പിക്കുമെന്ന ഭയത്തിന്‍മേലോ സമ്പൂര്‍ണ നശീകരണമെന്ന ഭീഷണിയിന്‍മേലോ പടുത്തുയര്‍ത്താന്‍ സാധിക്കുകയില്ല. ഐകദാര്‍ഢ്യത്തിന്റെയും സഹകരണത്തിന്റെയും ആഗോള സാന്മാര്‍ഗികതയുടെ അടിസ്ഥാനത്തില്‍ മാത്രമേ അത് നേടാനാവുകയുള്ളൂ. ഐകദാര്‍ഢ്യവും സേവനവും ഭാവിയുടെ സേവനത്തിലുള്ളതായിരിക്കണം.
ഭീഷണിപ്പെടുത്തുന്ന ഓരോ സാഹചര്യവും വിശ്വാസമില്ലായ്മയെ തീറ്റിപ്പോറ്റുന്നു. അത് ജനതകളെ തങ്ങളുടെ സ്വന്തം സുരക്ഷിതത്വ മേഖലയിലേക്ക് പിന്‍വലിക്കുന്നു. വിശ്വാസമില്ലായ്മയും ഭയവും ബന്ധങ്ങളെ ദുര്‍ബലപ്പെടുത്തുന്നു. അക്രമമുണ്ടാകാനുള്ള അപകടസാധ്യതയെ വര്‍ധിപ്പിക്കുന്നു. അതൊരു വിഷമവൃത്തമുണ്ടാക്കുന്നു. അത് ഒരിക്കലും സമാധാനപൂര്‍ണമായ ബന്ധത്തിലേക്കു നയിക്കുകയില്ല. സമ്പൂര്‍ണ നശീകരണത്തെക്കുറിച്ചുള്ള ഭയത്തിലൂടെ ലോകത്തില്‍ സ്ഥിരത സംരക്ഷിക്കാമെന്ന് നമുക്ക് ഒരിക്കലും അവകാശപ്പെടാനാവുകയില്ല. മനുഷ്യജീവികളും സൃഷ്ടിതന്നെയും സംരക്ഷിക്കപ്പെടുകയും സൂക്ഷിക്കപ്പെടുകയും ചെയ്യുന്നതിനുപകരം അവഗണിക്കപ്പെടുമ്പോള്‍ സമാധാനത്തിന്റെയും പരസ്പരബഹുമാനത്തിന്റെയും ഒരു യാത്ര എങ്ങനെ തുടങ്ങും?
ദൈവത്തില്‍ നിന്നുള്ള പൊതുവായ ഉല്‍പത്തിയില്‍ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതും സംവാദത്തിലും പരസ്പര വിശ്വാസത്തിലും അഭ്യസിക്കുന്നതുമായ യഥാര്‍ത്ഥ സാഹോദര്യത്തെ നാം പ്രോത്സാഹിപ്പിക്കണം. സമാധാനത്തിനുവേണ്ടിയുള്ള ആഗ്രഹം മനുഷ്യഹൃദയത്തിന്റെ അഗാധതയില്‍ കിടക്കുന്നു. അതിനെക്കാള്‍ ചെറുതായ ഒന്നിനെ അന്വേഷിക്കാന്‍ നാം പിന്മാറരുത്.

ഓര്‍മയുടെ പ്രാധാന്യം

ഹിരോഷിമയിലും നാഗസാക്കിയിലും ബോംബുവര്‍ഷത്തില്‍ നിന്നു രക്ഷപെട്ട ഹിബാക്കുഷകള്‍ സംഘാത്മക മനഃസാക്ഷിയുടെ ജ്വാല ഇന്ന് സൂക്ഷിക്കുന്നവരില്‍ പെടുന്നു. അവര്‍ 1945-ല്‍ സംഭവിച്ചതിന്റെ ഭയത്തിന്റെയും പിന്‍തലമുറകള്‍ക്ക് ഇന്നോളം തുടര്‍ന്നുണ്ടായ അവാച്യമായ സഹനങ്ങളുടെയും സാക്ഷികളാണ്. അവരുടെ സാക്ഷ്യം ഇരകളായവരുടെ ഓര്‍മ്മയെ ഉണര്‍ത്തുകയും സൂക്ഷിക്കുകയും ചെയ്യുന്നു. കഴിഞ്ഞകാല സംഭവങ്ങളുടെ ഓര്‍മ വരുംതലമുറകള്‍ സൂക്ഷിക്കുമെന്ന് ഉറപ്പുവരുത്താന്‍ ഹിബക്കുഷ ജനതയെപ്പോലെ ഇന്നത്തെ ലോകത്തിലെ പല ജനതകളും പരിശ്രമിക്കുന്നുണ്ട്.
ഓര്‍മ പ്രത്യാശയുടെ ചക്രവാളമാണ്. പലപ്പോഴും യുദ്ധങ്ങളുടെയും സംഘട്ടനങ്ങളുടെയും മധ്യേ സ്വീകരിക്കപ്പെട്ട ഐകദാര്‍ഢ്യത്തിന്റെ ചെറിയ പ്രകടനത്തെക്കുറിച്ചുള്ള ഓര്‍മയ്ക്കുപോലും ധീരതയാര്‍ന്ന തീരുമാനങ്ങളിലേക്കു നയിക്കാന്‍ കഴിയും. വ്യക്തികളിലും സമൂഹങ്ങളിലും പുതിയ ഊര്‍ജങ്ങള്‍ ഒഴുക്കാനും പുതിയ പ്രത്യാശയ്ക്കു തിരികൊളുത്താനും അതിനു സാധിക്കും.
സമാധാനം ഉത്ഭവിക്കുന്നത് മനുഷ്യഹൃദയത്തിന്റെ അഗാധതയില്‍ നിന്നാണ്. രാഷ്ട്രീയ ഇച്ഛാശക്തിയെ എപ്പോഴും നവീകരിക്കണം. വ്യക്തികളെയും സമൂഹങ്ങളെയും അനുരഞ്ജിപ്പിക്കാനും ഐക്യപ്പെടുത്താനുംവേണ്ടി പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്താനാണത്.
ലോകത്തിനു ശൂന്യമായ വാക്കുകളല്ല, ഉത്തമബോധ്യമുള്ള സാക്ഷ്യങ്ങളാണ് ആവശ്യം. യഥാര്‍ത്ഥത്തില്‍, പ്രത്യയശാസ്ത്രങ്ങള്‍ക്കും വിഭാഗീയതകള്‍ക്കും ഉപരിയായി സത്യം അന്വേഷിക്കുന്ന സ്ത്രീപുരുഷന്മാര്‍ തമ്മില്‍ നടത്തുന്ന ഉത്തമബോധ്യമുള്ള സംവാദം കൂടാതെ സമാധാനം നേടാന്‍ നമുക്കു കഴിയുകയില്ല. സമാധാനം നിരന്തരം പടുത്തുയര്‍ത്തപ്പെടണം. പൊതുനന്മ, സത്യസന്ധത, നിയമത്തോടുള്ള ബഹുമാനം എന്നിവയ്ക്കായുള്ള നിരന്തര പരിശ്രമത്തില്‍ ഒന്നിച്ചു നടത്തുന്ന യാത്രയാണത്. പരസ്പരം ശ്രവിക്കലിന് പരസ്പരധാരണയിലേക്കും ബഹുമാനത്തിലേക്കും നയിക്കാന്‍ കഴിയും. ശത്രുവില്‍ സഹോദരന്റെയോ സഹോദരിയുടെയോ മുഖം കാണാന്‍പോലും കഴിവു നല്‍കും.
സഭ നീതിപൂര്‍വകമായ സാമൂഹികക്രമത്തിനുവേണ്ടിയുള്ള നിരന്തര അന്വേഷണത്തില്‍ പങ്കുചേരുന്നു. പൊതുനന്മയ്ക്കായുള്ള തന്റെ സേവനം അവള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ക്രൈസ്തവമൂല്യങ്ങള്‍ പകര്‍ന്നു നല്‍കിക്കൊണ്ടും ധാര്‍മ്മിക പ്രബോധനം നടത്തിക്കൊണ്ടും സാമൂഹികവും വിദ്യാഭ്യാസപരമായ പ്രവര്‍ത്തനങ്ങള്‍കൊണ്ടും അങ്ങനെ ചെയ്യുന്നു.

ക്ഷമയുടെ സുവിശേഷം

സുവിശേഷത്തില്‍ പത്രോസും യേശുവും തമ്മില്‍ നടത്തിയ സംഭാഷണത്തില്‍ നാം ഇപ്രകാരം വായിക്കുന്നു. ”കര്‍ത്താവേ. എനിക്കെതിരേ പാപം ചെയ്യുന്ന എന്റെ സഹോദരനോട് ഞാന്‍ എത്ര പ്രാവശ്യം ക്ഷമിക്കണം? ഏഴു പ്രാവശ്യമോ? യേശു അവനോടു പറഞ്ഞു: ഏഴെന്നല്ല ഏഴ് എഴുപതു പ്രാവശ്യമെന്നു ഞാന്‍ നിന്നോടു പറയുന്നു” (മത്താ 18:21-22). അനുരഞ്ജനത്തിന്റെ ഈ പാത ഒരു ആഹ്വാനമാണ്. ക്ഷമിക്കാനുള്ള ശക്തിയും പരസ്പരം സഹോദരിസഹോദരന്മാരായി അംഗീകരിക്കാനുള്ള കഴിവും നമ്മുടെ ഹൃദയാന്തര്‍ഭാഗത്ത് കണ്ടെത്താനുള്ള ആഹ്വാനമാണത്. മാപ്പു നല്‍കി ജീവിക്കാന്‍ നാം പഠിക്കുമ്പോള്‍ സമാധാനത്തിന്റെ സ്ത്രീപുരുഷന്മാരായിത്തീരാനുള്ള നമ്മുടെ ശക്തിയില്‍ നാം വളരുന്നു.
സാമൂഹിക സാഹചര്യത്തില്‍ സമാധാനത്തെപ്പറ്റി സത്യമായിട്ടുള്ളത് രാഷ്ട്രീയത്തിന്റെയും സാമ്പത്തിക ശാസ്ത്രത്തിന്റെയും മണ്ഡലങ്ങളെ സംബന്ധിച്ചും സത്യമാണ്. കൂടുതല്‍ നീതിപൂര്‍വകമായ സാമ്പത്തിക ശാസ്ത്രം വികസിപ്പിക്കാനുള്ള കഴിവു നാം കാണിച്ചില്ലെങ്കില്‍ യഥാര്‍ത്ഥ സമാധാനമുണ്ടാവുകയില്ല. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പത്തുവര്‍ഷം മുമ്പ് ‘സത്യത്തില്‍ സ്‌നേഹം’ എന്ന ചാക്രികലേഖനത്തില്‍ പറഞ്ഞതുപോലെ, ”അവികസിതാവസ്ഥയെ കീഴടക്കുന്നതിന് വിനിമയത്തിന്റെ അടിസ്ഥാനത്തിലുള്ള ഇടപാടുകളെ മെച്ചപ്പെടുത്തുകയും പൊതുക്ഷേമസംവിധാനങ്ങള്‍ സ്ഥാപിക്കുകയും ചെയ്യാനുള്ള നടപടി മാത്രം പോരാ. സര്‍വോപരി, സൗജന്യത്തിന്റെയും കൂട്ടായ്മയുടെയും ഓഹരികളുള്ള സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ രൂപങ്ങളിലേക്ക് ആഗോളതലത്തിലുള്ള തുറവി ക്രമേണ ഉണ്ടാകുകയും വേണം” (നമ്പര്‍ 39).

പരിസ്ഥിതിപരമായ മാനസാന്തരം

പ്രകൃതി വിഭവങ്ങളും നമ്മുടെ പൊതുഭവനമായ ഭൂമിതന്നെയും സൂക്ഷിക്കാന്‍വേണ്ടി നമ്മെ ഏല്പിച്ചിട്ടുള്ളതാണ്. സ്രഷ്ടാവിന്റെ സൗന്ദര്യവും ജ്ഞാനവും പ്രതിഫലിക്കുന്ന സൃഷ്ടിയാകുന്ന ദാനം സ്വീകരിക്കുന്നതില്‍ നാം കൂടുതല്‍ തുറവിയുള്ളവരാകേണ്ടതുണ്ട്. നമ്മുടെ വ്യത്യാസങ്ങള്‍ അംഗീകരിക്കാനും നാം സ്വീകരിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന ജീവിതത്തെ ആദരിക്കാനും ആഘോഷിക്കാനുമുള്ള കടമയും നമുക്കുണ്ട്.
പരിസ്ഥിതിപരമായ മാനസാന്തരം ജീവനെ നോക്കിക്കാണുന്ന പുതിയൊരു രീതിയിലേക്ക് നമ്മെ നയിക്കും. സന്തോഷത്തോടും മിതത്വത്തോടുംകൂടി പങ്കിട്ട് അനുഭവിക്കാന്‍ നമുക്ക് ഭൂമി നല്‍കിയ സ്രഷ്ടാവിന്റെ ഉദാരത പരിഗണിക്കുമ്പോഴാണ് ഈ മാനസാന്തരം സമഗ്രമായ രീതിയില്‍ മനസിലാക്കാന്‍ സാധിക്കുന്നത്.
സമാധാനത്തിനായി പ്രത്യാശിച്ചില്ലെങ്കില്‍ സമാധാനം ലഭിക്കുകയില്ല. ഒന്നാമതായി, ഇതിന്റെ അര്‍ത്ഥം സമാധാനത്തിനുള്ള സാധ്യതയില്‍ വിശ്വസിക്കുകയെന്നതാണ്. നമുക്ക് ആവശ്യമായിരിക്കുന്നതുപോലെ മറ്റുള്ളവര്‍ക്കും സമാധാനം ആവശ്യമാണെന്ന് വിശ്വസിക്കണം. ദൈവത്തിന് നമ്മില്‍ ഓരോരുത്തരോടുമുള്ള സ്‌നേഹത്തില്‍ നമുക്ക് പ്രചോദനം കണ്ടെത്താനാവും. സ്വതന്ത്രമാക്കുന്നതും അതിരുകളില്ലാത്തതും വിശ്രമമില്ലാത്തതുമായ സ്‌നേഹമാണത്.
ഭയം മിക്കപ്പോഴും സംഘട്ടനത്തിന്റെ ഒരു ഉറവിടമാണ്. അതുകൊണ്ട് നാം മാനുഷികഭയങ്ങളെ കീഴടക്കുകയെന്നത് സുപ്രധാന കാര്യമാണ്. നമ്മെ സ്‌നേഹിക്കുകയും ധൂര്‍ത്തപുത്രനെ കാത്തിരുന്ന പിതാവിനെപ്പോലെ (ലൂക്കാ 15:11-24) നമ്മെ കാത്തിരിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ കണ്ണുകളില്‍ നാം ആവശ്യങ്ങളുള്ള മക്കളാണെന്ന് അംഗീകരിക്കുകയെന്നതും സുപ്രധാന കാര്യമാണ്. സഹോദരപരമായ കണ്ടുമുട്ടലിന്റെ സംസ്‌കാരം സംഘട്ടനത്തിന്റെ സംസ്‌കാരത്തെ തകര്‍ക്കുന്നു. അത് ഇടുങ്ങിയ ചക്രവാളങ്ങളുടെ അതിരുകള്‍ക്കപ്പുറത്തേക്കു നമ്മെ നയിക്കുന്നു. ഒരേ സ്വര്‍ഗീയപിതാവിന്റെ മക്കള്‍ എന്ന നിലയില്‍ സാര്‍വത്രിക സാഹോദര്യത്തിന്റെ ചൈതന്യത്തില്‍ ജീവിക്കാന്‍ നമ്മെ നിരന്തരം പ്രോത്സാഹിപ്പിക്കുന്നു.
ഈ യാത്ര, മാമ്മോദീസ സ്വീകരിച്ചവരുടെ പാപങ്ങളുടെ മോചനത്തിനായി കര്‍ത്താവു നല്‍കിയ അനുരഞ്ജനകൂദാശയാല്‍ താങ്ങിനിര്‍ത്തപ്പെടുന്നു. സഭയുടെ ഈ കൂദാശ വ്യക്തികളെയും സമൂഹങ്ങളെയും നവീകരിക്കുന്നു. നീതിയുടെയും സമാധാനത്തിന്റെയും സ്രഷ്ടാക്കളാക്കാന്‍ കഴിയുന്ന വിധത്തില്‍ ചിന്തിക്കാനും സംസാരിക്കാനുമുള്ള മാര്‍ഗങ്ങള്‍ പരിശുദ്ധാത്മാവ് അനുദിനം നമ്മില്‍ ഉത്തേജിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *