Sathyadarsanam

മലമുകളിലെ വീട്‌

മാര്‍ത്തോമാശ്ലീഹായില്‍നിന്നും വിശ്വാസ പൈതൃകം സ്വീകരിച്ച കേരള കത്തോലിക്കാ സമൂഹത്തെ 19-ാം നൂറ്റാണ്ടില്‍ ശാക്തീകരിക്കുകയും പരിപോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്ത വളര്‍ത്തു പിതാവാണ് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ്. ഈ പുണ്യപിതാവിന്റെ 150-ാം മരണ വാര്‍ഷിക അനുസ്മരണം സഭാമക്കള്‍ക്കും സന്യാസ സമൂഹങ്ങള്‍ക്കും സഭാജീവിതത്തിന്റെ അടിസ്ഥാന ആത്മീയ ആന്തരിക പൈതൃകങ്ങളുടെ ഒരു ഓര്‍മപ്പെടുത്തലാണ്. മരണവിനാഴികയില്‍ ആത്മാഭിഷേകത്തോടെ വിശുദ്ധ ചാവറ പിതാവ് പറഞ്ഞു: മാമ്മോദീസായില്‍ ലഭിച്ച ദൈവേഷ്ടപ്രസാദം തിരുക്കുടുംബത്തിന്റെ അനുഗ്രഹത്താല്‍ നഷ്ടപ്പെടുത്തുവാന്‍ ഇടയായിട്ടില്ല. ദൈവത്തിന്റെ മനുഷ്യന്‍, പരിശുദ്ധാത്മാവ് നിറഞ്ഞ മനുഷ്യന്‍ എന്ന് ജനം വിളിച്ച ചാവറപിതാവിന്റെ ശ്രേഷ്ഠത ജീവിത വിശുദ്ധിതന്നെയായിരുന്നു.
ചാവറ പിതാവിന്റെ മൃതമഞ്ചത്തില്‍ ഈയത്തകിടില്‍ എഴുതിയത് ഇപ്രകരമായിരുന്നു: ”തന്റെ അഴകുള്ള ആത്മാവിനെ, തന്റെ ജീവിതകാലം മുഴുവന്‍ സ്‌നേഹിച്ച നാഥന്റെ തൃകൈകളില്‍ കയ്യാളിച്ചു.” എല്‍ത്തുരുത് കൊവേന്തയുടെ നാളാഗമത്തില്‍ എഴുതിയിരിക്കുന്നു: ”കീര്‍ത്തിക്കപെട്ടവനും വന്ദിക്കപ്പെടുന്നവനുമായ ബഹുമാനപ്പെട്ട ചാവറ കുര്യാക്കോസ് എലിയാസ് എന്ന നമ്മുടെ പ്രിയോരച്ചന്‍, തന്റെ മാണിക്യമായ ആത്മാവിനെ തമ്പുരാന് കയ്യാളിച്ചു.” വിശുദ്ധ ചാവറ പിതാവിന്റെ വിശുദ്ധിയുടെ മാറ്റ് തെളിയിക്കുന്ന വിശേഷണങ്ങളാണ്, അഴകുള്ള ആത്മാവിനെ, മാണിക്യമായ ആത്മാവിനെ എന്ന പ്രയോഗങ്ങള്‍. മരിച്ചിട്ടു 150 തികയുമ്പോഴും ചാവറ പിതാവ് നമ്മെ ഓര്‍മിപ്പിക്കുന്നത് ഫ്രാന്‍സിസ് പാപ്പ ഇന്നത്തെ കാലഘട്ടത്തില്‍ നമ്മോടു സംവദിക്കുന്ന യാഥാര്‍ത്ഥ്യമാണ്- വിശുദ്ധിയാണ് സഭയുടെ ഏറ്റവും ആകര്‍ഷകമായ മുഖം.

നാലാം വ്രതം

ചാവറ ശൈലിയില്‍ ആത്മാവിന്റെ രക്ഷയെക്കുറിച്ചുള്ള അന്വേഷണത്തിലും ആത്മാക്കളെക്കുറിച്ചുള്ള ദാഹത്തിലുമാണ് സി.എം.ഐ. സന്യാസ സഭയുടെ ജനനം. ആത്മരക്ഷാര്‍ത്ഥം വനവാസത്തിനു പോകാനനുവാദം ചോദിച്ച സി.എം.ഐ സഭാ സ്ഥാപകരോട് മൗറീലിയൂസ് സ്തമ്പിലിനി മെത്രാപ്പോലീത്ത ചോദിച്ചു: ”അല്‍പം വല്ലതും തിരിയുന്ന നിങ്ങള്‍ ഒന്നുരണ്ടുപേരുള്ളത് മിണ്ടടക്കമായി വല്ലയിടത്തും ഒതുങ്ങിപാര്‍ത്താല്‍ പിന്നെ ലോകരെ പഠിപ്പിക്കാന്‍ ആര്? അങ്ങനെ നിങ്ങള്‍ക്ക് മനസുണ്ടെങ്കില്‍ ഒരു കോവേന്ത വെപ്പിന്‍. എന്നാല്‍ എല്ലാവര്‍ക്കും ഉപകാരമുണ്ടല്ലോ.” അങ്ങനെ ആരംഭിച്ച കൊവേന്തകളെ കുറിച്ച് ചാവറയച്ചന്‍ തന്റെ കത്തുകളിലെഴുതി: ദൈവത്തിന് ഇഷ്ടമുള്ളതും ആത്മാവുകള്‍ക്ക് എത്രയും ഉപകാരമുള്ളതുമാണ് ഈ കൊവേന്തകളുടെ കൂട്ടം.
”ദൈവ തിരുമനസ് നടക്കും, നടത്തും” എന്ന മന്ത്രം ജീവിതത്തില്‍ സ്വാംശീകരിച്ചു ചാവറ പിതാവ് ഏറിയ നന്മകള്‍ ഏറെപേര്‍ക്ക് ചെയ്യാനുള്ള മനസോടെ തുടക്കംകുറിച്ചതാണ് സിഎംെഎ സന്യാസ കൂട്ടായ്മ. കൂടപ്പിറപ്പുകളായ ക്രിസ്ത്യാനികളുടെ ആത്മരക്ഷക്കായി സര്‍വേശ്വരന്‍ ഈ സഭയെ സ്ഥാപിക്കാന്‍ തിരുമനസായിരിക്കുന്നു. സന്യാസത്തെക്കുറിച്ചുള്ള ചാവറ പിതാവിന്റെ വാക്കുകള്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു.
”പ്രിയമുള്ള കുഞ്ഞുങ്ങളെ ഞാനും നിങ്ങളും ഇതുവരെ യഥാര്‍ത്ഥ സന്യാസികള്‍ ആയിട്ടില്ല. സന്യാസിയുടെ ഏകമായ അടയാളം സ്വന്തമനസിനെ മുഴുവനായി ഉപേക്ഷിച്ചു കണ്ണും ചെവിയുമില്ലാത്ത അനുസരണമത്രേ. ഇതുള്ളവനാണു യഥാര്‍ത്ഥ സന്യാസി.”
സന്യാസ ഭവനത്തിനു ചാവറ പിതാവ് നല്‍കിയ പേരുകള്‍ അര്‍ത്ഥസമ്പുഷ്ടമാണ്: ബേ സ്‌റൗമ (മലമുകളിലെ വീട്), ദര്‍ശനവീട്, പുണ്യസങ്കേതം, തപസുഭവനം, ചെറിയ ആകാശമോക്ഷം തുടങ്ങിയ വേറിട്ട പദങ്ങളാണ്.
സന്യാസവ്രതങ്ങളെ ചാവറയച്ചന്‍ വിളിച്ചത് ചൊല്‍വിളി (അനുസരണം), അഗതിത്തം (ദാരിദ്ര്യം) മണവാട്ടിത്തം (കന്യാവ്രതം) എന്നാണ്. സാധാരണ ഈ മൂന്ന് വ്രതങ്ങള്‍ക്ക് പുറമേ എളിമ എന്ന നാലാം വ്രതവും ചാവറയച്ചനും ആദ്യ പിതാക്കന്മാരും എടുത്തിരുന്നു. മാമ്മോദീസായുടെ പുഷ്പിതരൂപമാണല്ലോ സന്യാസ വ്രതങ്ങള്‍. മാമ്മോദീസയില്‍ ലഭിച്ച വരപ്രസാദം നഷ്ടപെടുത്താതെ വളര്‍ത്തിയെടുത്തതിന്റെ തെളിവാണല്ലോ സന്യാസത്തിന്റെ വിശ്വസ്ത.

സാക്ഷ്യം സമൂഹജീവിതം

ഇവരേക്കാള്‍ അധികയുമായി നീ എന്നെ സ്‌നേഹിക്കുന്നുവോ എന്ന യേശുവിന്റെ ചോദ്യത്തിന് ആമേന്‍ പറഞ്ഞാണോല്ലോ സന്യാസം ആരംഭിക്കുക. സ്‌നേഹത്തിന്റെ പൂര്‍ണതയാണ് സന്യാസം എന്ന് വത്തിക്കാന്‍ സൂനഹദോസ് നിര്‍വ്വചിക്കുന്നതിനുമുമ്പേ അതിന്റെ അന്തഃസത്ത മനസിലാക്കിയ ചാവറ പിതാവ് സഭാംഗങ്ങളോട് പറഞ്ഞു: ഈശോ മിശിഹായുടെ സ്‌നേഹത്തില്‍ പാര്‍പ്പിന്‍; എപ്പോഴും തന്റെ കണ്‍മുമ്പില്‍ ഇരിപ്പിന്‍; തന്റെ അരികെ നടപ്പിന്‍; തന്നോടുകൂടെ എപ്പോഴും സംസാരിപ്പിന്‍.”ഇതുതന്നെ ആത്മാനുതാപമെന്ന കവിതയില്‍ അദ്ദേഹം കുറിക്കുന്നു: എത്രയും ചിത്രമാം നിന്‍ മുഖപദ്മത്തെ ഏകാന്തപ്രേമത്താല്‍ പാര്‍ക്കുന്നഹം.”
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ അപ്പസ്‌തോലിക പ്രബോധനമായ സമര്‍പ്പിത ജീവിതത്തില്‍ പ്രതിപാദിച്ചിരിക്കുന്നതുപോലെ ചാവറ പിതാവ് ദൈവാനുഭവത്തിന്റെ താബോര്‍ മല കയറുകയും ആ പ്രചോദനത്താല്‍ മലയിറങ്ങി മനുഷ്യസേവനത്തിലേര്‍പ്പെടുകയും സഭയെയും സമൂഹത്തെയും വളര്‍ത്തുകയും ചെയ്തു. ദൈവ സ്‌നേഹവും മനുഷ്യസ്‌നേഹവും പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും സമ്യക്കായി സമ്മേളിച്ച പക്വമായ സന്യാസശൈലി ചാവറപിതാവിന്റെ ജീവിതമാതൃകയും പ്രത്യയശാസ്ത്രവും ആയിരുന്നു. ഫ്രാന്‍സിസ് പാപ്പ പറയുന്നതുപോലെ നമ്മുടെ ഏറ്റവും വലിയ അപ്പസ്‌തോലിക പ്രവര്‍ത്തനം പ്രാര്‍ത്ഥനയാണെന്നും സമൂഹജീവിതംതന്നെ ഏറ്റവും വലിയ സാക്ഷ്യമെന്നും ചാവറപിതാവ് നമ്മെ പഠിപ്പിക്കുന്നു.
കുടുംബങ്ങളുടെ പ്രേഷിതനായ തിരുക്കുടുംബത്തിന്റെ നാമം സ്വീകരിച്ച ചാവറയച്ചന്‍ സന്യാസ സമൂഹത്തെ കുടുംബമായിട്ടാണ് കണ്ടത്. അതുകൊണ്ട് അദ്ദേഹം എഴുതി: പ്രിയമുള്ള കൂടപ്പിറപ്പുകളെ എത്ര കൊവേന്തകളുണ്ടായാലും ഒരു വീട്, ഒരമ്മയുടെ ഉദരത്തില്‍നിന്നും പിറന്നു, ഒരമ്മയുടെ തന്നെ പാല്‍ കുടിച്ചു വളര്‍ന്നവര്‍ എന്നതുപോലെ പരസ്പരം ആത്മാര്‍ത്ഥ സ്‌നേഹവും ഉള്ളവരായിരിക്കണം നിങ്ങള്‍. ഈ സ്‌നേഹത്തിന് ഒരിക്കലും കുറവുണ്ടാകരുത്. പോരാ അനുദിനം വര്‍ധിപ്പിക്കുകയും വേണം.”

ആത്മീയ വിപ്ലവം

സന്യാസ സമൂഹത്തിന്റെ അപ്പസ്‌തോലിക പ്രവര്‍ത്തനങ്ങള്‍ തിരുസഭയെ നവീകരിക്കുന്നതിനും പടുത്തുയര്‍ത്തുന്നതിനും രാജ്യത്തിന്റെയും ലോകത്തിന്റെയും ഐശ്വര്യത്തിനുമായിരുന്നു. തിരുസഭയെ അമ്മയായി കണ്ട് സഭയോടൊത്ത് ചിന്തിച്ച ചാവറ പിതാവ് വിശ്വാസ സംരക്ഷണത്തിനും വളര്‍ച്ചയ്ക്കും ഉതകുന്ന നവീന പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഞായറാഴ്ച്ച പ്രസംഗം, വാര്‍ഷിക ധ്യാനം, നാല്‍പത് മണി ആരാധന, കുര്‍ബാനക്രമം, കാനോന നമസ്‌കാരം തുടങ്ങിയവ ആത്മീയ വരള്‍ച്ചയനുഭവിച്ച കേരളസഭയില്‍ ഒരു ആത്മീയ വിപ്ലവത്തിനു തിരികൊളുത്തി. സംസ്‌കൃത സ്‌കൂളും പള്ളിയോടൊത്തുള്ള പള്ളിക്കൂടവും ഉപവിശാലയും നല്‍മരണസഖ്യവും സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങളും നവോത്ഥാന കേരളത്തിന് ഒരു മോഡല്‍ പരീക്ഷണ ശാലയായി.
ദൈവത്തെ പിതാവായി കണ്ട് ആരും അന്യരല്ലെന്നും ഏവരും സ്വന്തമാണെന്നും സഹോദരങ്ങളാണെന്നും പഠിപ്പിച്ച ചാവറ പിതാവ് ഇക്കാലത്തും നമ്മോട് വീണ്ടും ഇതാവര്‍ത്തിക്കുന്നു. കത്തോലിക്കാ സമൂഹം ലോകത്തിന്റെ വെളിച്ചവും ഭൂമിയുടെ ഉപ്പുമാകണമെങ്കില്‍ പൊതുസമൂഹത്തില്‍ ഇക്കാലത്ത് ഉയര്‍ന്നുവരുന്ന വര്‍ഗീയ ചിന്തകളുടെ വിഭജിത കാഴ്ചപ്പാടുകളില്‍ നിന്ന് മോചിതരായി സമുദായത്തിനപ്പുറം സഭയെ പ്രതിഷ്ഠിക്കണം. മാന്നാനത്ത് ആശ്രമം സ്ഥാപിച്ചത് ക്രൈസ്തവനെയും ഹൈന്ദവനെയും മുസല്‍മാനെയും ചേര്‍ത്തുപിടിച്ചാണ്.
കുടുംബപ്രേഷിതനായ ചാവറപിതാവ് നമ്മെ പഠിപ്പിക്കുന്നു കുടുംബം ഭൂമിയിലെ സ്വര്‍ഗമാണെന്ന്. ഭൂമിയെ സ്വര്‍ഗമാക്കുവാനുള്ള ചാവറ മന്ത്രം സ്വര്‍ഗസ്ഥനായ പിതാവിന്റെ യാഥാര്‍ത്ഥ മക്കളാകുക, സ്‌നേഹകൂട്ടായ്മയുടെ മാനവ കുടുംബം സൃഷ്ടിക്കുക എന്നുള്ളതാണ്. കാലത്തിനും ദേശത്തിനും അതീതമായി മലമുകളിലെ നഗരംപോലെ, പീഠത്തില്‍ വച്ച ദീപംപോലെ ജ്വലിക്കുന്ന വിശുദ്ധ ചാവറ, ഇന്ന് ഒരു വ്യക്തിയുടെ മാത്രം നാമമല്ല, ആത്മീയശൈലിയുടെയും ദൈവ മനുഷ്യ വിചാരങ്ങളുടെയും ദര്‍ശനമാണ്.

ഫാ. പോള്‍ ആച്ചാണ്ടി CMI
(സിഎംഐ പ്രിയോര്‍ ജനറാള്‍)

Leave a Reply

Your email address will not be published. Required fields are marked *