വിശപ്പു സഹിക്കാന്‍ കഴിയാതെ രണ്ട് കുട്ടികള്‍ തിരുവനന്തപുരത്ത് മണ്ണു തിന്നു എന്ന വാര്‍ത്ത ഏതാനും ആഴ്ചകള്‍ക്കുമുമ്പ് വലിയ വിവാദമായിരുന്നു. മക്കളെ പോറ്റാന്‍ കഴിയാത്തതുകൊണ്ട് തന്റെ നാല് മക്കളെ അമ്മ ശിശുക്ഷേമ സമിതിക്ക് കൈമാറുകയും ചെയ്തിരുന്നു. പിന്നീട് ആ വിഷയത്തിന് രാഷ്ട്രീയ നിറം വരുകയും കുട്ടികള്‍ മണ്ണ് തിന്നിട്ടില്ല എന്ന വിധത്തില്‍ വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു. ഏതായാലും ആ അമ്മയ്ക്ക് കോര്‍പറേഷനില്‍ ജോലിയും താമസിക്കാന്‍ സൗകര്യവും ലഭിച്ചു. സംഭവം വലിയ വാര്‍ത്തയായി മാറിയതുകൊണ്ടാണ് അധികാരികള്‍ പെട്ടെന്ന് ഇടപെട്ടത്. റെയില്‍വേ പുറംമ്പോക്കില്‍ താമസിച്ചിരുന്ന കുടുംബത്തിന് യാതൊരുവിധ രേഖകളും ഇല്ലാത്തതിനാല്‍ ഗവണ്‍മെന്റിന്റെ മറ്റ് ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നില്ല. തികഞ്ഞ മദ്യപാനിയായ കുടുംബനാഥന്‍ വീട്ടിലെ കാര്യങ്ങള്‍ അന്വേഷിക്കില്ലെന്നുമാത്രമല്ല, ഭാര്യയും മക്കളെയും മര്‍ദിക്കുകയും ചെയ്തിരുന്നു. വളരെ പരിതാപകരമായ സാഹചര്യത്തിലായിരുന്നു ആ കുടുംബം കഴിഞ്ഞുകൂടിയിരുന്നത് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകുമെന്ന് തോന്നുന്നില്ല. പ്ലാസ്റ്റിക് വലിച്ചുകെട്ടി ഉണ്ടാക്കിയ കൂരയില്‍ ദാരിദ്ര്യത്തിന്റെ രുചി അറിഞ്ഞുതന്നെയായിരുന്നു കുഞ്ഞുങ്ങള്‍ കഴിഞ്ഞിരുന്നത്. ഇതിന്റെ പ്രധാന കാരണം കുടുംബനാഥന്റെ മദ്യപാനമായിരുന്നു.
നമ്മള്‍ വീണ്ടുമൊരു ക്രിസ്മസ് ആഘോഷിക്കുകയാണ്. എല്ലാ വര്‍ഷത്തെയുംപോലെ ഇപ്രാവശ്യത്തെ ക്രിസ്മസിലും യൗസേപ്പിതാവിന്റെ കഷ്ടപ്പാടും പ്രസവിക്കാന്‍ ഇടം കിട്ടാതെ വിഷമിച്ച മാതാവിന്റെ വേദനയും കൊടുംതണുപ്പില്‍ തണുത്തുവിറക്കുന്ന ഉണ്ണീശോയുമൊക്കെ നമ്മുടെ ധ്യാനവിഷയങ്ങളായി മാറും. സഹതാപത്തോടെ ചിലരെങ്കിലും തിരുക്കുടുംബത്തെ ഓര്‍ക്കുകയും ചെയ്യും. അങ്ങനെ നമ്മള്‍ ‘വിഷമിക്കുമ്പോഴും’ ചുറ്റുപാടുകളില്‍ വിശപ്പടക്കാന്‍ മാര്‍ഗമില്ലാതെ അലയുന്ന കുഞ്ഞുങ്ങളെയും ചോര്‍ന്നൊലിക്കുന്ന കൂരകളും കാണാതെപോകുന്നു. തിരുക്കുടുംബത്തിന് ആരുടെയും സഹതാപം ആവശ്യമില്ല. ക്രിസ്മസിന് ആയിരങ്ങള്‍ ചെലവഴിച്ച് പുല്‍ക്കൂടുകളും ആഘോഷങ്ങളും നടത്തുമ്പോള്‍ ചുറ്റുപാടുകളില്‍ സാമ്പത്തിക ഞെരുക്കങ്ങളില്‍പ്പെട്ട് ഉഴലുന്ന മനുഷ്യരുണ്ടെന്നത് വിസ്മരിക്കരുത്. പ്രത്യേകിച്ച് ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത്. ആഘോഷങ്ങള്‍ അനിവാര്യമാണ്. എന്നാല്‍, വിശന്നുനിലവിളിക്കുന്ന ഉണ്ണീശോമാരും കാലിത്തൊഴുത്തിന് സമാനമായ സാഹചര്യങ്ങളില്‍ കുട്ടികളുമായി ജീവിക്കേണ്ടിവരുന്ന സ്ത്രീകളുമൊക്കെ ഇപ്പോഴത്തെയും യാഥാര്‍ത്ഥ്യങ്ങളാണെന്നത് ഓര്‍മയില്‍ ഉണ്ടാകണം. വേദനിക്കുന്ന എല്ലാവര്‍ക്കും ക്രിസ്തുവിന്റെ മുഖഛായയാണ്. ആഘോഷങ്ങള്‍ പുതിയ തലമുറക്ക് വിശ്വാസം പകര്‍ന്നുകൊടുക്കുന്ന അവസരങ്ങള്‍ കൂടിയാണ്. പുല്‍ക്കൂടുകളില്‍ ഉണ്ണീശോയെയും മാതാവിനെയും കാണുമ്പോള്‍ കുട്ടികള്‍ അതിന്റെ കാരണങ്ങള്‍ അന്വേഷിക്കുകയും മുതിര്‍ന്നവര്‍ അതു വിശദീകരിക്കുകയും ചെയ്യും. പുല്‍ക്കൂടുകള്‍ക്കും നക്ഷത്രങ്ങള്‍ക്കും വിശ്വാസപ്രഘോഷണത്തിന്റെ തലംകൂടി ഉള്ളതിനാല്‍ ആഘോഷങ്ങള്‍ കൂടുതല്‍ മനോഹരമാക്കാന്‍ ആളുകള്‍ പരിശ്രമിക്കും.
പുല്‍ക്കൂടുകള്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നതു നല്ലതുതന്നെ. അതോടൊപ്പം ചുറ്റുപാടുകളിലേക്ക് തിരിയാനുള്ള അവസരംകൂടിയാകണം ആഘോഷവേളകള്‍. തണുത്തുവിറയ്ക്കുന്ന ഉണ്ണീശോയെക്കുറിച്ച് ധ്യാനിക്കുമ്പോള്‍ അതേ സാഹചര്യത്തില്‍ ജീവിക്കുന്ന കുട്ടികളെ കാണാതെപോകരുത്. മക്കളുടെ കരങ്ങള്‍ പിടിച്ച് അടുത്തുള്ള അനാഥാലയത്തിലേക്കോ ദുരിതങ്ങള്‍ അനുഭവിക്കുന്ന സഹോദരങ്ങളുടെ അടുത്തേക്കോ ഒക്കെ ക്രിസ്മസ് കാലങ്ങളില്‍ പോകാന്‍ സാധിച്ചാല്‍ ആഘോഷങ്ങള്‍ കൂടുതല്‍ അര്‍ത്ഥപൂര്‍ണമാകും. കാലംകഴിയുമ്പോള്‍ മക്കളുടെ മനസുകളില്‍ മാതാപിതാക്കള്‍ മനോഹരമാക്കിയ പുല്‍ക്കൂടുകളെക്കാള്‍ മായാതെ നില്ക്കുന്നത് മനുഷ്യത്വത്തിന്റെ സ്പര്‍ശനങ്ങള്‍ ഉള്ള ഇത്തരം സന്ദര്‍ശനങ്ങളായിരിക്കും. തിരുക്കുടുംബത്തിനും സന്തോഷം പകരുന്നത് ഇങ്ങനെ ആഘോഷങ്ങളായിരിക്കും.
തിരുവനന്തപുരത്തെ സംഭവം വലിയ വാര്‍ത്തയായപ്പോള്‍ ആ കുടുംബത്തിന് ഗവണ്‍മെന്റില്‍ നിന്നും ലഭിക്കേണ്ട രേഖകള്‍ ഒരു ദിവസംകൊണ്ട് നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയാറായി. ദൈവം നല്‍കിയ അധികാരങ്ങളും പദവികളും സമൂഹത്തിലെ സാധാരണക്കാര്‍ക്ക് പ്രയോജനകരമായി വിനിയോഗിക്കുമ്പോള്‍ പുല്‍ക്കൂട്ടിലെ ഉണ്ണീശോക്കതു സന്തോഷകരമായി മാറും. ആ കുടുംബത്തെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടത് പിതാവിന്റെ മദ്യപാനമായിരുന്നു. അതിനെ അപലപിക്കുമ്പോള്‍ വിസ്മരിക്കരുതാത്ത ഒരു കാര്യമുണ്ട്. പലരുടെയും ആഘോഷങ്ങളില്‍ ഇപ്പോഴും മദ്യമുണ്ട്. സുഹൃത്തുക്കള്‍, ബന്ധുക്കള്‍ തുടങ്ങിയവര്‍ ഒരുമിച്ചുകൂടുന്നതിന്റെ ആനന്ദം പങ്കുവയ്ക്കുന്നത് മദ്യത്തിലാണെന്നത് ഒരു നല്ല സൂചനയല്ല. കാരണം, ദൈവം അനുവദിക്കാത്ത രീതിയിലുള്ള ആഘോഷങ്ങള്‍ ആത്യന്തികമായി സന്തോഷം നല്‍കില്ല. പുതിയ തലമുറയില്‍ ലഹരിയുടെ ഉപയോഗം വര്‍ധിക്കുന്നതിനെപ്പറ്റി സമൂഹത്തിന് ആശങ്കകളുണ്ട്. ലഹരിയിലേക്ക് എങ്ങനെ അവര്‍ ആകര്‍ഷിക്കപ്പെട്ടുവെന്നും ഒത്തുചേരലുകളില്‍ ലഹരി ഉപയോഗിക്കാന്‍ അവര്‍ എവിടെനിന്നുമാണ് പഠിച്ചതെന്ന് പരിശോധിക്കുന്നതു നല്ലതാണ്. അങ്ങനെയുള്ള പാഠങ്ങള്‍ തന്നില്‍നിന്ന് മക്കള്‍ പഠിക്കുകയില്ലെന്ന് മാതാപിതാക്കന്മാര്‍ ദൃഢനിശ്ചയം ചെയ്യണം.
ദൈവം ആഗ്രഹിക്കാത്തതൊന്നും ക്രിസ്മസിന് എന്റെ ഭവനത്തില്‍ ഉണ്ടാകില്ലെന്ന് ഓരോരുത്തരും ഉറപ്പിക്കണം. അതായിരിക്കട്ടെ ഉണ്ണീശോയ്ക്ക് നല്‍കുന്ന ക്രിസ്മസ് സമ്മാനങ്ങള്‍.
കടപ്പാട്- സണ്‍ഡേ ശാലോം










Leave a Reply