ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷന്റെ ഭരണങ്ങാനം അൽഫോൻസാ ജ്യോതി പ്രൊവിൻസിൽപ്പെട്ട മണിയംകുന്ന് മഠത്തിൽ ജീവിച്ചിരുന്ന പുണ്യകന്യകയാണ് കൊളേത്താമ്മ. ജീവിതത്തിന്റെ നീറുന്ന അനുഭവങ്ങളിലും ദൈവഹിതം ദർശിച്ച് പരാതിയില്ലാതെ, പരിഭവം ഇല്ലാതെ, വിവിധങ്ങളായ രോഗപീഡകളുടെ, മാനസിക ക്ലേശങ്ങളുടെ തിക്തതയും വേദനയും മാധുര്യമാക്കി പകർത്തിയ ഒരു തപസ്വിനി.
ചേർപ്പുങ്കൽ ഇടവകയിൽപ്പെട്ട ആരംപുളിക്കൽ ജോസഫ്- അന്ന ദന്പതികളുടെ രണ്ടാമത്തെ സന്താനമായി 1904മാർച്ച് 13ന് മറിയം (കൊളേത്താമ്മ) ഭൂജാതയായി. അവൾക്കുശേഷം നാലു സഹോദരങ്ങൾ കൂടി ജനിച്ചു. അധികം താമസിയാതെ അമ്മ മരിച്ചതിനാൽ ബാലികയായിരുന്ന മറിയം, മാതൃസ്നേഹം പകർന്ന് കുഞ്ഞു സഹോദരങ്ങൾക്ക് ആയിയമ്മയായി മാറി. ഈ സാഹചര്യം മറിയത്തെ പഠനം തുടരാൻ അനുവദിച്ചില്ല. എന്നിരുന്നാലും തന്റെ ഉള്ളിൽ കാത്തുസൂക്ഷിച്ചിരുന്ന “ഈശോയുടെ മണവാട്ടിയാകുക” എന്ന തീവ്രമായ ആഗ്രഹം ഒരിക്കലും കെട്ടടങ്ങിയില്ല. തനിക്കായി വിവാഹാലോചന മൂർധന്യത്തിലെത്തിയപ്പോൾ, അവൾ തന്റെ ആഗ്രഹം അപ്പനെ അറിയിച്ചു.
സാമാന്യ വിദ്യാഭ്യാസം ഇല്ലാത്തതിനാൽ, തന്നെ മഠത്തിൽ സ്വീകരിക്കയില്ല എന്നറിഞ്ഞിരുന്ന മറിയാമ്മ, മുടങ്ങിപ്പോയ പഠനം പൂർത്തിയാക്കി 21 -ാം വയസിൽ വിഎസ്എൽസി പരീക്ഷ പാസായി, പ്രൈമറി സ്കൂളിൽ അധ്യാപികയാകാൻ യോഗ്യത നേടി, വാകമല സ്കൂളിൽ കുറഞ്ഞൊരു കാലം ജോലി ചെയ്തു. 1932ൽ മണിയംകുന്ന് സ്കൂളിൽ നിയമനം ലഭിച്ച മറിയാമ്മ ക്ലാരമഠത്തിലെ സഹോദരിമാരോടൊത്തു വസിച്ചു. അവരുടെ പരസ്പര സ്നേഹം, ത്യാഗജീവിതം, ദാരിദ്ര്യ ചൈതന്യം, പ്രാർഥന, ശുശ്രൂഷാമനോഭാവം ഇങ്ങനെ ഒരുപിടി കാര്യങ്ങൾ മറിയാമ്മയ്ക്ക് ആകർഷകമായി. ഭൗതിക വീക്ഷണത്തിൽ ക്ലേശകരമെങ്കിലും ആത്മീയാനന്ദം നിറഞ്ഞതാണ്,ഈ സഹോദരിമാരുടെ ജീവിതം എന്നു മനസിലാക്കിയ മറിയാമ്മ ടീച്ചർ, 1933സെപ്റ്റംബർ 11-ാം തീയതി ക്ലാരമഠത്തിൽ ചേർന്ന് സഭാവസ്ത്രം സ്വീകരിച്ച് ഉണ്ണിയീശോയുടെ കൊളേത്താമ്മയായി.
1942മുതൽ കൊളേത്താമ്മയെ നിരന്തരമായ തുമ്മൽ, ശ്വാസംമുട്ടൽ, വലിവ്, പനി, ചുമ തുടങ്ങിയ രോഗങ്ങൾ അലട്ടിത്തുടങ്ങി. പല ചികിത്സാവിധികളും സ്വീകരിച്ച്, അവസാനം രോഗം ടിബി ആണെന്നു നിർണയിച്ചു. ഡോക്ടർ നിർദേശിച്ചതനുസരിച്ച് മാറ്റി താമസിപ്പിക്കേണ്ടിവന്നു. മഠത്തിൽനിന്ന് രണ്ടു കിലോമീറ്റർ അകലെ കിഴക്കേത്തോട്ടംകാരുടെ വക ഒരു ചെറിയ വീട്ടിലേക്ക് 1942ൽ കൊളേത്താമ്മയെ മാറ്റി – താൻ സ്നേഹിച്ച ഭവനം, ഭവനാംഗങ്ങൾ, പ്രാർഥിച്ച ചാപ്പൽ എല്ലാത്തിൽനിന്നും അകന്ന് ഏകാന്തതയിൽ ജീവിക്കുക. ദിവ്യബലിയിൽ സംബന്ധിക്കാൻ സാധിക്കില്ല. പകരുന്ന രോഗമായതിനാൽ കാണാൻ പോലും ആരും വരുകയില്ലാത്ത അവസ്ഥ – കൊളേത്താമ്മയുടെ ഹൃദയം വേദനയോടെ ദൈവത്തിലേക്ക് സമർപ്പിച്ച്,അമ്മ പറഞ്ഞു ദൈവമേ,ഇതാ ഞാൻ നിന്റെ ഹിതം എന്നിൽ നിറവേറട്ടെ.
മകൾക്കു മാരകരോഗമാണെന്നും പകർച്ചവ്യാധിയായതിനാൽ മാറ്റി താമസിപ്പിച്ചിരിക്കുകയാണെന്നും അറിഞ്ഞ് പിതാവ് മകളെ വീട്ടിൽ കൊണ്ടുപോയി ചികിത്സിക്കാൻ മെത്രാന്റെ അനുവാദവുമായി മഠത്തിലെത്തിയെങ്കിലും കൊളേത്താമ്മ അതു നിരസിച്ചു. രോഗവും ക്ഷീണവും ഒറ്റപ്പെടലിന്റെ ഏകാന്തതയുംകൂടി തീർത്ത ആ തടവറയിലും അമ്മ ആരെയും കുറ്റപ്പെടുത്തിയില്ല, ആരോടും പരാതി പറഞ്ഞില്ല. യേശുവിന്റെ തിരുക്കുരിശിൽ നോക്കി അവൾ സന്തോഷിച്ചു. ഏകദേശം പത്തു വർഷം പല വീടുകളിൽ മാറി മാറി പാർക്കേണ്ടി വന്ന അമ്മ, ദുഃഖങ്ങൾക്കു പിന്നിലെ ദൈവകരം ദർശിച്ചു. “ഇതൊന്നും ആരുടെയും കുറ്റമല്ല. എന്നെ സംബന്ധിച്ചുള്ള ദൈവഹിതമാണ് ” എന്നു പറഞ്ഞ് സ്വയം ആശ്വസിക്കുകയും, മറ്റുള്ളവരെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. അന്നത്തെ രൂപതാധ്യക്ഷനായിരുന്ന മാർ ജയിംസ് കാളാശേരി പിതാവ്, അമ്മയുടെ ഈ അവസ്ഥയെ കുറിച്ച് അറിഞ്ഞ്, ഉടൻതന്നെ മഠത്തിനടുത്ത് ഒരു രോഗീകെട്ടിടം നിർമിക്കണമെന്ന് നിർദേശിച്ചതനുസരിച്ച്, പണി പൂർത്തിയാക്കി 1952ൽ അമ്മയെ അവിടെ താമസിപ്പിച്ചു. അന്നു മുതൽ മരണം വരെ (1984) കൊളേത്താമ്മ അവിടെ തന്നെയാണ് താമസിച്ചിരുന്നത്. 1984ഡിസംബർ 18. അന്നും പതിവുപോലെ അമ്മ സുകൃതജപം ചൊല്ലിയും, ജപമാല പ്രാർഥന നടത്തിയും, മുറിയിൽ കിടക്കുകയായിരുന്നു. ഉച്ചകഴിഞ്ഞപ്പോൾ ഒരു പാരവശ്യം ഉണ്ടായി. തുടർന്ന്് യാതൊരുവിധ വിഷമവും കാണിക്കാതെ, ശാന്തമായി കർത്താവിന്റെ മടിയിൽ തലചായ്ച്ചുറങ്ങി.
കൊളേത്താമ്മ തന്റെ സഹനജീവിതം പ്രധാനമായും മൂന്നു കാര്യങ്ങൾക്കായി നിയോഗിച്ചു. ശുദ്ധീകരാത്മാക്കുവേണ്ടി പ്രാർഥിക്കുക, മിഷനെ സഹായിക്കുക,ദിവ്യകാരുണ്യ ഭക്തി വളർത്തുക. തന്റെ സുഖവും ദുഃഖവും ആരോഗ്യവും അനാരോഗ്യവും തിക്തതയും ഏകാന്തതയും,ദൈവത്തിന് സമർപ്പിച്ച് ദൈവഹൃദയത്തിന് യോജിച്ചവളായി ജീവിച്ച കൊളേത്താമ്മ.










Leave a Reply