Sathyadarsanam

സ്‌നേഹത്തിന്റെ പുതിയ പാഠങ്ങള്‍

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകളും പ്രവൃത്തികളും ലോകം അമ്പരപ്പോടെയാണ് വീക്ഷിക്കുന്നത്. ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റയും ആള്‍രൂപമായി മാര്‍പാപ്പ മാറിക്കഴിഞ്ഞിരിക്കുന്നു.

എന്റെ ആദ്യത്തെ വത്തിക്കാന്‍ യാത്രയ്ക്കിടയില്‍, ഞങ്ങള്‍ താമസിച്ചിരുന്നിടത്തുനിന്ന് നഗര വീഥികളിലൂടെ ചരിത്രത്തിന്റെ അടയാളങ്ങള്‍ കണ്ട് ഒരുതരം വിസ്മയത്തോടെ നടക്കുമ്പോള്‍, സുഹൃത്ത് നഗരത്തിന്റെ ഒരു ഭാഗത്തെ യഹൂദപ്പള്ളി ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു: നോക്ക്, വളരെ പഴയ യഹൂദപ്പള്ളിയാണിത്. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ചരിത്രത്തിന്റെ കലുഷമായ ഓര്‍മകള്‍ തിരസ്‌ക്കരിച്ചത് ആ പള്ളിയകത്തേക്ക് കയറിച്ചെന്നിട്ടാണ്. യഹൂദപ്പള്ളിയിലെ പുരോഹിതന്മാര്‍ മാര്‍പാപ്പയെ ആദരവോടെ സ്വീകരിച്ചു.

സുവര്‍ണ വാതായനം

യഹൂദര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഇടയ്ക്കുള്ള സമുദായത്തിന്റെ വൈരം നിലനില്‍ക്കുമ്പോഴായിരുന്നു മാര്‍പാപ്പയുടെ യഹൂദപ്പള്ളി സന്ദര്‍ശനം. ക്രിസ്തുശിഷ്യനായ പത്രോസിന്റെ അനന്തരാവകാശിയായ മാര്‍പാപ്പ സ്‌നേഹത്തിന്റെയും സാഹോദര്യത്തി ന്റെ ഒരു സുവര്‍ണ വാതായനം തുറക്കുകയായിരുന്നു അതിലൂടെ. യഹൂദ പ്പള്ളി സന്ദര്‍ശനത്തിനുശേഷം വിശു ദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, ലോകം കേള്‍ക്കെ മറ്റൊരു കാര്യംകൂടി പറഞ്ഞു; ”കത്തോലിക്കാ സഭ യഹൂദ സമൂഹത്തോട് എന്തെങ്കിലും തിന്മ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ പേരില്‍ ഞാന്‍ യഹൂദ സമൂഹത്തോട് മാപ്പുചോദിക്കുന്നു. ക്രിസ്തുമതത്തോട് യഹൂദ സമൂഹം എന്തെങ്കിലും തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ അതു മറന്നുകഴിഞ്ഞു.”കാലങ്ങള്‍ മാറിമാറി വരുകയാണ്. നാം ജീവിക്കുന്ന ആപത്ക്കരമായ കാലത്തിനിടയിലും ആ സുവര്‍ണ വാതായനത്തിന്റെ അപ്പുറത്തുനിന്നു വരുന്ന സുവര്‍ണമയൂഖങ്ങള്‍ നമുക്ക് കാണാന്‍ കഴിയും.ഫ്രാന്‍സിസ് മാര്‍പാപ്പ കുറച്ച് നാളുകള്‍ക്കുമുമ്പ് എവിടെയോ ഒരു പൊതുയോഗത്തില്‍ പ്രസംഗിച്ചത് പത്രത്തില്‍ വായിച്ചത് ഓര്‍ക്കുന്നു, ദൈവം ക്രിസ്ത്യാനിയല്ലെന്ന്.ഞാന്‍ അറിയാതെ ഞെട്ടിപ്പോയി. പിന്നെ സന്തോഷത്തോടും അഭിമാനത്തോടുംകൂടി ഓര്‍ത്തു, ക്രിസ്തുവിന്റെ അനന്തരാവകാശിക്കുമാത്രമേ അങ്ങനെ ചിന്തിക്കാന്‍ കഴിയൂ എന്ന്. ദൈവത്തിന് ജാതിയും മതവും ഉണ്ടാവുകയില്ല.

വിശുദ്ധിയുടെ നിറവുകള്‍

ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് അവരുടെ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും അനുസൃതമായി സ്വര്‍ഗീയമായ ദൈവസങ്കല്‍പങ്ങള്‍ ഉണ്ടാവാം. പക്ഷേ, ദൈവത്തിന് അത്തരം സങ്കല്‍പങ്ങള്‍ ഉണ്ടാവാന്‍ പ്രയാസമാണ്. ക്രിസ്തുവിനും ക്രിസ്തുവിന്റെ അനുയായികള്‍ക്കും ആ വിശ്വാസത്തിനും സങ്കല്പത്തിനും പുറത്തുള്ളവര്‍ അന്യരല്ല. ക്രിസ്തുമതത്തിന്റെ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പുറത്തുള്ളവര്‍ അന്യരല്ല എന്നാണ് അതിന്റെ വ്യാഖ്യാനം. അവര്‍ സഹോദരങ്ങള്‍തന്നെയാണ്. അത്ര മഹത്തരമായ ഒരു വിശ്വാസമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ആ പ്രസംഗത്തില്‍ പ്രകടിപ്പിച്ചത്.മാര്‍പാപ്പയുടെ ആ വാക്കുകളില്‍ വിശുദ്ധിയുടെ ഒരു നിറവ് ഞാന്‍ കണ്ടു. മനുഷ്യസാഹോദര്യത്തെക്കുറിച്ചുള്ള മഹത്തായ ആശയങ്ങള്‍ വച്ചുകൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അങ്ങനെ പറഞ്ഞതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ലോകസഞ്ചാരങ്ങള്‍ക്കിടയില്‍ സമൂഹങ്ങളോട് സംസാരിക്കുമ്പോഴും ഈ വിശ്വാസങ്ങളെക്കുറിച്ചുതന്നെയാണ് മാര്‍പാപ്പ വ്യാഖ്യാനിക്കുന്നത്. മനുഷ്യസാഹോദര്യത്തിനും ലോകസമാധാനത്തിനും ഉതകുന്ന ആ ദൈവിക ദര്‍ശനത്തിന്റെ പ്രകാശനമായിരുന്നില്ലേ അത്!
മനുഷ്യനെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകളും ലോകത്തെക്കുറിച്ചുള്ള ആകുലതകളുമുള്ള ഒരു മഹാത്മാവിന് മാത്രമേ അങ്ങനെയൊരു ദര്‍ശനം ഉണ്ടാവുകയുള്ളൂ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച്, അവിടുത്തെ മനുഷ്യരോട് ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ആധുനിക യുഗത്തിന്റെ പ്രവാചക സാന്നിധ്യമാണെന്ന് ഞാന്‍ സന്തോഷത്തോടുകൂടി ഓര്‍മിക്കുന്നു. ആയുധപ്പുരകളില്‍ ചാരിയിരുന്ന് ലോകസമാധാനത്തെക്കുറിച്ച് സംസാരിക്കുന്ന ലോകനേതാക്കന്മാര്‍ക്ക് ഈ ഭാഷ മനസിലാകുകയില്ല.

സ്‌നേഹത്തിന്റെ ദൂത്

രോഗികളെയും പാപികളെയും അനാഥരെയും പരദേശികളെയും സ്‌നേഹിക്കാന്‍ പഠിപ്പിച്ച ക്രിസ്തുവിന്റെ ഹൃദയം മാര്‍പാപ്പയുടെ വാക്കുകളില്‍ മുഴങ്ങുന്നത് നമുക്ക് കേള്‍ക്കാം. സ്‌നേഹവും സഹാനുഭൂതിയും കാരുണ്യവും ഇല്ലാത്ത ലോകം അതിര്‍ത്തികള്‍ ഇല്ലാത്ത ഒരു മരുപ്രദേശമാണ്. ക്രിസ്തുവിന്റെ സ്‌നേഹം ലോകത്തെ നവീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുമെന്നുള്ളതിന് ആരുടെയും സാക്ഷ്യം വേണ്ട. ദസ്തയേവ്‌സ്‌കി പറഞ്ഞ ഒരു വാക്ക് ഓര്‍മിക്കുന്നു: ക്രിസ്തുവും സത്യവും വേറെവേറെ ആണെന്നുവന്നാല്‍ ഞാന്‍ ക്രിസ്തുവിന്റെ ഭാഗം ചേരും.സ്‌നേഹത്തിന്റെയും സഹനത്തിന്റെയും കാരുണ്യത്തിന്റെയും ക്ഷമയുടെയും പൂങ്കാവനങ്ങള്‍ കാത്തുസൂക്ഷിക്കാനാണ് ക്രിസ്തു പഠിപ്പിച്ചത്. ക്രിസ്തുവിന് മതവും ജാതിയും ഒന്നുമില്ല. ലോകസഞ്ചാരങ്ങള്‍ക്കിടയില്‍ മാര്‍പാപ്പ ലോകത്തോട് മുഴുവന്‍ പറയുന്നത് ആ സ്‌നേഹത്തിന്റെ ദൂതാണ്. ആ യാഥാര്‍ത്ഥ്യത്തില്‍ ചെന്നെത്താതെ നമ്മുടെ ദൃഷ്ടി തിരശീലകള്‍ വകഞ്ഞുമാറ്റിയ അള്‍ത്താര കാണുകയില്ല. ഇത് എന്റെ വിശ്വാസം ഞാന്‍ ഏറ്റുപറയുന്നതാണ്.

പെരുമ്പടവം ശ്രീധരന്‍

Leave a Reply

Your email address will not be published. Required fields are marked *