1944 ഡിസംബര്‍ 10ന് എരുമേലിയിലെ അറയ്ക്കല്‍ കുടുംബത്തില്‍ മത്തായി-ഏലിയാമ്മ ദമ്പതികളുടെ മകനായി ജനിച്ച് സെന്റ് തോമസ് സ്‌കൂളില്‍ ബാല്യകാല വിദ്യാഭ്യാസം. തുര്‍ന്ന് ചങ്ങനാശേരി സെന്റ് തോമസ് മൈനര്‍ സെമിനാരിയിലും വടവാതൂര്‍ സെമിനാരിയിലും വൈദികപഠനം. 1971 മാര്‍ച്ച് 13ന് മാര്‍ ആന്റണി പടിയറയില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ചു. 1971-1974 കാലഘട്ടങ്ങളില്‍ അമ്പൂരി ഇടവകയില്‍ അസി.വികാരി. ആത്മീയ ഉണവ്വിന്റെയും ജനസേവനത്തിന്റെയും സാമൂഹ്യ മുന്നേറ്റത്തിന്റെയും വാതിലുകള്‍ മലര്‍ക്കെ തുറന്നുള്ള അറയ്ക്കലച്ചന്റെ ജീവിത യാത്രയുടെ മറ്റൊരു ഘട്ടം ഇവിടെയാരംഭിക്കുന്നു.
ചങ്ങനാശ്ശേരി അതിരൂപതയിലെ കുടിയേറ്റ മേഖലയായ അമ്പൂരിയില്‍ ആരംഭിച്ച പിതാവിന്റെ സാമൂഹ്യപ്രവര്‍ത്തനം, രൂപതവിഭജിച്ചപ്പോള്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ കൂടിയേറ്റ പ്രദേശമായ ഹൈറേഞ്ചിലേക്ക് മാറി. യാത്രാ സൗകര്യങ്ങളോ, മറ്റു വികസനമോ, എന്തിന് അടിസ്ഥാന ജീവിത സൗകര്യങ്ങളോ, പോലുമില്ലാതിരുന്ന ഹൈറേഞ്ച് മലമടക്കുകളില്‍, രാഷ്ട്രീയക്കാരേക്കാള്‍ മുമ്പായി വികസനത്തിന്റെ കാഹളമെത്തിച്ചതിന്റെ മുന്‍നിരയില്‍ പിതാവുണ്ടായിരുന്നു എന്നത് ചരിത്രപാഠമാണ്.ആത്മീയതയും അദ്ധ്വാനവും വിശ്വാസവും വികസനവും സമര്‍പ്പണവും സാക്ഷ്യവും ഒരുമിച്ചുപോകേണ്ടതാണ് എന്നു ജീവിതം കൊണ്ടു തെളിയിച്ച വ്യക്തിയാണ് മാര്‍ മാത്യു അറയ്ക്കല്‍. സമഗ്രസത്വത്തിന്റെ പ്രാധാന്യം വാക്കിലും പ്രവൃത്തിയിലും അദ്ദേഹം വെളിവാക്കുന്നു. വ്യക്തികളെ അവരുടെ സമഗ്രതയില്‍ ദര്‍ശിക്കുവാനും അവരിലെ സാധ്യത കണ്ടെത്തുവാനും ഈ ഇടശ്രേഷ്ഠനുള്ള കഴിവ് അപാരമാണ്.
കഠിനാധ്വാനം കൊണ്ടും കര്‍മ്മശേഷി കൊണ്ടും സംഘടനാപാടവം കൊണ്ടും കൊയ്‌തെടുത്ത നേട്ടങ്ങള്‍ അനവധിയാണെങ്കിലും ഒന്നിനെക്കുറിച്ചും മേനി പറയാന്‍ പിതാവില്ല. ‘എല്ലാം എന്നിലൂടെ സാധ്യമാകേണ്ട നിയോഗങ്ങളാണ്, നിയോഗങ്ങള്‍ മാത്രം’ എന്ന ഒറ്റ വരിയില്‍ നേട്ടങ്ങള്‍ അദ്ദേഹം ഒതുക്കുന്നു.
വിമര്‍ശനങ്ങള്‍ എല്‍ക്കുമ്പോഴും പ്രശംസ കേള്‍ക്കുമ്പോഴും പിതാവിന്റെ മുഖഭാവത്തിനു മാറ്റമില്ല. അതൊക്കെ പ്രവര്‍ത്തിക്കുന്നതുകൊണ്ടുള്ള പ്രതികരണങ്ങള്‍ മാത്രം എന്നതാണ് പിതാവിന്റെ മതം. അല്ലെങ്കില്‍ കുരിശെടുത്തവന്റെ പിന്നാലെ പോയവര്‍ക്കുള്ള സമ്മാനമാണ് കുരിശുകള്‍ എന്ന തത്ത്വത്തില്‍ തന്റെ നൊമ്പരങ്ങള്‍ പിതാവ് ഒതുക്കും.
1971 ല്‍ വൈദികനായ പിതാവ്, 2001 ല്‍ മെത്രാന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു. വട്ടക്കുഴി പിതാവിന്റെ പിന്തുടര്‍ച്ചക്കാരനായി കാഞ്ഞിരപ്പള്ളി രൂപതയുടെ ഭരണസാരഥ്യം ഏറ്റെടുത്തു. ‘കാഞ്ഞിരപ്പള്ളി ക്രിസ്ത്യാനി’ ഒരു പ്രയോഗം മാത്രമല്ല, ഒരു യാഥാര്‍ഥ്യം കൂടിയാണ്. കര്‍ഷകന്റെ അധ്വാനവും കത്തോലിക്കന്റെ അഭിമാനവും ഒരുമിച്ചു ചേരുന്ന ഒരു സത്വബോധമാണവന്റേത്. ഈ സത്വബോധം ഉറപ്പിച്ചുകൊണ്ട് അവനെ കര്‍മ്മ നിരതനാക്കി എന്നതാണ് പിതാവിന്റെ ഏറ്റവും വലിയ നേട്ടം. രൂപതാംഗങ്ങളുടെ കുടുംബപശ്ചാത്തലം അറിഞ്ഞ് അവനെ പേരു ചൊല്ലി വിളിക്കുന്ന പിതാവ് അവര്‍ക്കെല്ലാം പ്രിയങ്കരനായി മാറുന്നതിന്റെ കാരണവും മറ്റൊന്നല്ല.
പാവപ്പെട്ടവനും പാര്‍ശ്വവത്കരിക്കപ്പെട്ടവനും കര്‍ഷകനും ഗ്രാമീണസ്ത്രീകളും പിതാവിന്റെ സ്ഥായിയായ വികസന സങ്കല്പത്തിലെ മുഖ്യ ഗുണഭോക്താക്കളാണ്. അത് ആദിവാസിയായാലും അവിശ്വാസിയായാലും പിതാവിന് പ്രശ്‌നമില്ല. ഇല്ലാത്തവന്റെ വേദനയും രോദനവും പിതാവിന്റെ വേദനകള്‍കൂടിയാണ്. ഉള്ളവനോട് പക്ഷം ചേരുന്നു എന്ന പരാതി ഉയരുമ്പോഴും ഉള്ളവനെ ഇല്ലാത്തവന് പ്രയോജനപ്പെടുത്തുക എന്നതാണ് താന്‍ ചെയ്യുന്നതെന്ന് പറയുവാനും പിതാവിന് മടിയില്ല. ഇതൊരു പാലം പണിയലാണ്. ഉള്ളവനില്‍നിന്ന് ഇല്ലാത്തവനിലേക്കുള്ള പാലം പണിയല്‍. അതിന്റെ പ്രയോജനം ഉദ്ദേശിച്ചവര്‍ക്ക് ലഭിക്കുമ്പോള്‍ തനിക്ക് ലഭിക്കുന്നത് സംതൃപ്തി മാത്രമെന്ന് പിതാവ് സാക്ഷ്യപ്പെടുത്തുന്നത് അവിശ്വസിക്കേണ്ട കാര്യം നമുക്കില്ല.
തിരുവനന്തപുരം ജില്ലയിലെ അമ്പൂരി പ്രദേശത്തെ തൊഴിലാളികളെ ഉള്‍പ്പെടുത്തി 1972-ലെ കേരളത്തിലെ പ്രഥമ തൊഴിലാളി സഹകരണ സംഘത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് പിതാവ് തന്റെ സാമൂഹ്യ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഗ്രാമവികസനത്തിന് പശു വളര്‍ത്തലും കോഴി വളര്‍ത്തലും ഫലപ്രദമായ മാര്‍ഗമെന്ന് തിരിച്ചറിഞ്ഞു അദ്ദേഹം നെയ്യാറ്റിന്‍കര താലൂക്കിലെ പെരിങ്ങാടിവിള ബ്ലോക്കില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു. 1978-ല്‍ പീരുമേട്ടില്‍, പീരുമേട് വികസന സമിതി രൂപീകരിച്ച് തന്റെ കര്‍മ്മമണ്ഡലം ഹൈറേഞ്ചാക്കി സ്ഥിരീകരിച്ചു. ഇന്ന് ‘നബാര്‍ഡി’ന്റെയും ‘കപാര്‍ട്ടി’ന്റെയും ‘രാഷ്ട്രീയ മഹിളാകോശി’ന്റെയും ദക്ഷിണേന്ത്യയിലെ നോഡല്‍ ഏജന്‍സിയും റീജിയണല്‍ റിസോഴ്‌സ് സെന്ററുമായി വളര്‍ന്നിരിക്കുന്നുയ കേന്ദ്ര ശാസ്ത്രസാങ്കേതികവകുപ്പിന്റെ ഇലിൃേല ീള ഋഃരലഹഹലിരല ആയി ജഉട അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. ജൈവകൃഷി മേഖലയില്‍ കേരളത്തില്‍ ആദ്യമായി കാലുകുത്തിയ ഒരു പ്രവര്‍ത്തകനാണ് പിതാവ്. യൂറോപ്യന്‍ യൂണിയന്റെ ഭാഗിക സഹായത്തോടെ പീരുമേട്ടില്‍ ഓര്‍ഗാനിക് തേയില ഫാക്ടറിയും ഓര്‍ഗാനിക് സ്‌പൈസസ് ഫാക്ടറിയും ഈ രംഗത്തെ ഒരു വലിയ കാല്‍വയ്പാണ്. സഹ്യാദ്രി ആയുര്‍വേദ ആശുപത്രിയും സഹ്യാദ്രി ആയുര്‍വേദ ഫാര്‍മസ്യൂട്ടിക്കല്‍സും പിതാവിന്റെ വികസന പന്ഥാവിലെ രജരേഖകളാണ്. 235 ഓളം ആയുര്‍വേദ മരുന്നുകളും കൂട്ടുകളും ഉത്പാദിപ്പിക്കുന്ന ഏങജ സര്‍ട്ടിഫിക്കേഷനുള്ള ഒരു വലിയ സ്ഥാപനമായി സഹ്യാദ്രി ഇന്ന് ഉയര്‍ന്നു നില്ക്കുന്നു.
രൂപതയിലെ തന്നെ സാമൂഹ്യപ്രവര്‍ത്തനമേഖലയായ മലനാട് ഡവലപ്പ്‌മെന്റ് സൊസൈറ്റി ഇന്ന് ഇന്ത്യയിലെ കര്‍ഷകജനകീയ പങ്കാളിത്തമുള്ളതും ഏറ്റം ഉന്നതനിലവാരം പുലര്‍ത്തുന്നതുമായ സാമൂഹ്യ സംരംഭമാണ്. കര്‍ഷകരുള്‍പ്പെടെ ജനവിഭാഗങ്ങളെ കോര്‍ത്തിണക്കി തമിഴ്‌നാട്ടിലും കേരള ത്തിലുമായി തുടരുന്ന എംഡിഎസിന്റെ മികവുറ്റ സംരംഭങ്ങളില്‍ നേരിട്ടുള്ള ഗുണഭോക്താക്കള്‍ അരലക്ഷത്തിലേറെയാണ്. കര്‍ഷകപ്രസ്ഥാനമായ ഇന്‍ഫാമിന്റെ ചിട്ടയായ പ്രവര്‍ത്ത നങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും എംഡിഎസാണ്.
സാമൂഹ്യപ്രവര്‍ത്തനത്തില്‍ ഊന്നി നില്ക്കുമ്പോഴും വികസനവും വിദ്യാഭ്യാസവും തമ്മിലുള്ള ജൈവബന്ധത്തെക്കുറിച്ച് പിതാവ് ബോധവാനായിരുന്നു. വിദ്യാഭ്യാസം മോചന മാര്‍ഗമാണെന്നും സര്‍വധനത്തിലും പ്രധാനപ്പെട്ട ധനമാണെന്നും സമൂഹത്തിലും കുടുംബങ്ങളിലും വ്യക്തികളിലും മാറ്റങ്ങളെത്തിക്കുന്ന ചാലാണെന്നും പിതാവ് തിരിച്ചറിഞ്ഞു. ഭുപ്രകൃതികൊണ്ടും കാലാവസ്ഥകൊണ്ടും പല കാരണങ്ങളാലുള്ള പിന്നോക്കവസ്ഥകൊണ്ടും മറ്റൊരാള്‍ ഹൈറേഞ്ചില്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ കൊണ്ടുവരുമെന്ന് ധരിക്കുവാന്‍ പിതാവിന്റെ പ്രായോഗിക ബുദ്ധി അദ്ദേഹത്തെ അനുവദിച്ചില്ല, നേതാക്കള്‍ അങ്ങനെയാണല്ലോ? മറ്റുള്ളവര്‍ കാണാത്തത് അവര്‍ കാണുകയും ചെയ്യാത്തത് അവര്‍ ചെയ്യുകയും ചെയ്യും. അവരുടെ മുമ്പിലുള്ളത് കുറെ ഇനങ്ങളല്ല. തലമുറകളാണ്. താനും ആ ഗണത്തില്‍പ്പെടുന്ന ഒരാളാണ് എന്നു പ്രവൃത്തികൊണ്ടു തെളിയിച്ചു 1995 ല്‍ പിതാവ് കൂട്ടിക്കാനമെന്ന കുന്നിന്‍ മുകളില്‍ മരിയന്‍ കോളജിന് ആരംഭം കുറിച്ചു.
‘സ്വപ്നങ്ങളില്‍ പണിത സ്ഥാപന’മെന്നാണ് പിതാവ് മരിയന്‍ കോളജിനെ വിശേഷിപ്പിക്കുന്നത്. കാരണം കോളജ് പണിയുവാന്‍ സ്വന്തമായി സ്ഥലമില്ല. പണമില്ല തുടങ്ങി ധാരാളം വൈതരണികള്‍ അതുകൊണ്ട് പിതാവ് ചെലവില്ലാതെ കോളജ് മനസ്സില്‍ പണിതു. പിന്നീട് അതു മണ്ണിലെടുത്തുവച്ചു. സഹായിക്കുവാനുണ്ടായിരുന്ന കരങ്ങളില്‍ മുറുകെപ്പിടിച്ച് പിതാവ് സ്വപ്നം യാഥാര്‍ത്ഥ്യമാക്കി.
അടഞ്ഞുകിടന്ന പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖല തുറന്നുകിട്ടിയപ്പോള്‍ മടിക്കാതെ പിതാവ് അവിടെയും തുടക്കക്കാരനായതിന്റെ ദൃഷ്ടാന്തമാണ് കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിങ് കോളജ്. ഇന്നു കേരളത്തിലേയെന്നല്ല, ഇന്ത്യയിലെ തന്നെ സ്വകാര്യ എന്‍ജിനീയറിങ് കോളജുകളില്‍ ഉന്നത സ്ഥാനമാണ് അമല്‍ ജ്യോതിയുടേത്. ഗുണനിലവാരത്തിലും മികവിലും സാങ്കേതികവിദ്യാ മേന്മയിലും അമല്‍ജ്യോതി മാതൃകാ സ്ഥാപനമാണ്. വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ അമല്‍ജ്യോതി കേരളത്തിലെ ‘ഫസ്റ്റ് ചോയ്‌സ് എഞ്ചിനീയറിങ് കോളജാ’യി പരിണമിച്ചിരിക്കുന്നു.
കൂടെ നിര്‍ത്തി കുട്ടികളെ വളര്‍ത്തിയെടുക്കുന്നതുപോലെയാണ് പിതാവ് ഓരോ പ്രസ്ഥാനങ്ങളെയും സ്‌നേഹിച്ചും താലോലിച്ചും വളര്‍ത്തുന്നത്. അര്‍ഹരായവരെ കണ്ടെത്തി സ്ഥാപനങ്ങള്‍ ഏല്പ്പിക്കുന്നതിലും അവരെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് കൂടെ നില്ക്കുകയും ചെയ്യുന്ന ശൈലിയാണ് പിതാവിന്റേത്.
ഉന്നത വിദ്യാഭ്യാസരംഗത്തു മാത്രമല്ല പിതാവിന്റെ കൈയൊപ്പം പതിഞ്ഞിരിക്കുന്നത് സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്തും അദ്ദേഹത്തിന്റെ ഇഷ്ടമേഖലയാണ്. കേരളത്തിലെ ഏറ്റവും മികച്ച സി.ബി.എസ്.ഇ സ്‌കൂളുകളായ ആനക്കല്ല് സെന്റ് ആന്റണീസ് സ്‌കൂള്‍, റാന്നി സിറ്റഡല്‍ സ്‌കൂള്‍ ഇവയെല്ലാം ആ മേഖലയിലെ പൊന്‍ താരങ്ങളാണ്.കേരള കത്തോലിക്കാ സഭയില്‍ അല്മായ പ്രേഷിതത്വം ഒരു സെമിനാര്‍ വിഷയം മാത്രമായിരുന്നു. അല്മായര്‍ കൂടെ വേണം എന്ന ചിന്തയെക്കാള്‍ കൂടെയുണ്ടാവും എന്ന ചിന്തയാണ് സഭാധികാരികളെ നയിച്ചിരുന്നത്. സീറോ-മലബാര്‍ സഭയില്‍ ആ ചിന്ത തിരുത്തപ്പെട്ടത് അല്മായകമ്മീഷന്റെ രൂപീകരണത്തോടെയാണ്. അല്മായകമ്മീഷന്റെ ചുമതല ഏല്പ്പിച്ചതോ അറയ്ക്കല്‍ പിതാവിനെയും. ആരംഭം മുതല്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍, വൈവിധ്യമേറിയതായിരുന്നു. പ്രവാസികളുടെ കാര്യത്തില്‍ കാണിക്കുന്ന ജാഗ്രത, വിദേശത്തുപോയി വിശ്വാസികളെ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ശൈലി, അല്മായരെ അംഗീകരിക്കുന്ന മനസ്സ്, അവര്‍ക്കുവേണ്ടി വാദിക്കുവാനുള്ള തീക്ഷ്ണത, അല്മായരാണ് സഭയെന്ന തിരിച്ചറിവ് ഇവയെല്ലാം പിതാവിന്റെ അല്മായ ബന്ധത്തിലെ സുവര്‍ണ്ണനൂലുകളാണ്. ഭാരതകത്തോലിക്കാ മെത്രാന്‍സമതിയുടെ അല്മായ കൗണ്‍സില്‍ ചെയര്‍മാനായും ഈ ദൗത്യം തുടരുന്നു.
തന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം എന്ന നിലയില്‍ വിവിധ സംസ്ഥാനദേശീയ അന്തര്‍ദേശീയ സ്ഥാനങ്ങള്‍ വഹിക്കുവാന്‍ പിതാവിന് അവസരം ലഭിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ ഗുഡ്‌വില്‍ അംബാസിഡര്‍ (2006) മിസ്സോറി പ്രതിനിധി സഭയുടെ അംഗീകാരം സര്‍ട്ടിഫിക്കറ്റ് (2007) കേന്ദ്ര സര്‍ക്കാര്‍ ശാസ്ത്ര സാങ്കേതികവകുപ്പിന്റെ കണ്‍സള്‍ട്ടന്റ് (95-98) കേന്ദ്ര ആസൂത്രണ വകുപ്പിന്റെ എന്‍.ജി.ഓ വിഭാഗം ഉപദേശകസമിതി അംഗം (98-03), സംസ്ഥാന ഫാമിങ് കോര്‍പറേഷന്‍ അംഗം (85-90), കേരള സോഷ്യല്‍ സര്‍വീസ് ഫോറം ചെയര്‍മാന്‍ (1995-), ജീവന്‍ ടി.വി ചെയര്‍മാന്‍ (2002-2007) രാഷ്ട്ര ദീപിക ചെയര്‍മാന്‍ (2003-2007) എന്നിവ ഇവയില്‍ ചിലതു മാത്രം.
പിതാവിന്റെ ആത്മീയനേതൃത്വവും സാമൂഹികരംഗത്തെ സുസ്ഥിരവികസന കാഴ്ചപ്പാടുകളും ജനകീയശൈലിയിലൂന്നിയ പുത്തന്‍ കര്‍മ്മവഴികളും സഭയ്ക്കും സമൂഹത്തിനും എന്നും മുതല്‍ക്കൂട്ടാണ്. സഭാ-സമൂഹത്തെ ആത്മീയ – ഭൗതീക മേഖലകളിലൂടെ നയിച്ചുകൊണ്ടിരിക്കുന്ന അറയ്ക്കല്‍ പിതാവ് ദൈവപരിപാലനയുടെ വഴികളെപ്പറ്റി മനസ്സു തുറന്നപ്പോള്‍.
മെത്രാന്‍ശുശ്രൂഷ
നന്ദി ചൊല്ലി തീര്‍ക്കാനാവാത്ത വര്‍ഷങ്ങളാണ് കടന്നുപോകുന്നത്. ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനും എന്നതായിരുന്നല്ലോ മെത്രാഭിഷേകവേളയില്‍ ഞാന്‍ സ്വീകരിച്ച ആപ്തവാക്യം. ജീവന്റെ സമൃദ്ധിക്കായുള്ള എന്റെ എല്ലാ യത്‌നങ്ങളിലും ദൈവം പച്ചയായ പുല്ത്തകിടികള്‍ കാണിച്ചു തരുകയായിരുന്നു. ഒന്നിനും അവിടുന്നു കുറവുവരുത്തിയില്ല. ഒരുപാടു പ്രതിസന്ധികളും സങ്കടനിമിഷങ്ങളും ഉണ്ടായെങ്കിലും അപ്പോഴെല്ലാം ദൈവംതമ്പുരാന്‍ എന്നെ കൈപിടിച്ചു താങ്ങിനടത്തി. ഒന്നിനും ‘നോ’ എന്ന വാക്ക് എന്റെ നാവില്‍ ഒരിക്കലുമുണ്ടായിട്ടില്ല. അധികാരികളോടുള്ള അനുസരണയിലും കര്‍ത്താവില്‍ ആശ്രയിച്ചും നീങ്ങുമ്പോള്‍ ഏതു കാര്യവും നമുക്കു സാധ്യമാണ്.
അല്മായ ശാക്തീകരണം
സീറോ മലബാര്‍ സഭയുടെയും സിബിസിഐയുടെയും അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ അല്മായ സഹോദരങ്ങളെ നേരില്‍ കണ്ടു സംസാരിച്ച് അവരെ മനസ്സിലാക്കാന്‍ ശ്രമിച്ചു. അല്മായര്‍ എല്ലാ അര്‍ത്ഥത്തിലും അതീവ സമ്പന്നമായ വിഭവശേഷിയുള്ളവരാണ്. സ്വന്തം താല്‍പര്യത്താല്‍ ഒട്ടനവധി സംരംഭങ്ങളില്‍ അവര്‍ മുഴുകുന്നുണ്ട്. അണക്കെട്ടുപോലെ അവരെ ഒന്നിപ്പിച്ചു നിര്‍ത്തിയാല്‍ സഭയില്‍ അത്ഭുതകരമായ മാറ്റങ്ങളുണ്ടാകും. സഭയോടു ചേര്‍ന്നു നിന്നുകൊണ്ടുള്ള സംഘടിതമുന്നേറ്റത്തിന് ശക്തിപകരാനാണ് ഞാന്‍ ശ്രമിച്ചത്. അതിനാല്‍ അവരെ സഭയുടെ മുഖ്യധാരയിലേക്കുകൊണ്ടുവന്ന് അവരുടെ അറിവും കഴിവും ചാനലൈസ് ചെയ്ത് ക്രിയാത്മകസംരംഭകത്വത്തിന്റെയും ആത്മീയ-ഭൗതികവളര്‍ച്ചയുടെയും ഉപകരണങ്ങളാക്കാനാണ് ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
സഭാചരിത്രം സമ്പന്നമാണ്. വര്‍ത്തമാനകാലം പ്രൗഢമാണ്. ഭാവി ഐശ്വര്യപൂര്‍ണവും. എന്നാല്‍, സഭയോടു ഉള്‍ചേര്‍ന്നു നിന്നുകൊണ്ടു മുന്നേറിയാലേ ഈ മാനവവിഭവശേഷിയെ ജ്വലിപ്പിക്കാനാവൂ എന്ന് ഞാനവരോടു പറയാറുണ്ട്. ‘ആരും ഇതേവരെ ഞങ്ങളോട് ഇതൊന്നും ചോദിച്ചിരുന്നില്ലെന്നും ആവശ്യങ്ങള്‍ ധരിപ്പിച്ചിരുന്നില്ലെന്നുമാണ് പലരുടെയും മറുപടി സഭയുടെ ആവശ്യങ്ങള്‍ വിവരിച്ചു കൊടുത്തപ്പോള്‍ ഒരു കുടക്കീഴില്‍ ഒന്നിച്ചുനിന്ന് ഒട്ടനവധി പദ്ധതികളില്‍ സഹകാരികളാകാന്‍ അവര്‍ ആഗ്രഹം പ്രകടിപ്പിച്ചത് എന്നെ അത്ഭുതപ്പെടുത്തി. പ്രാര്‍ത്ഥനാചൈതന്യം നിറഞ്ഞ ഒട്ടേറെപ്പേര്‍ അല്മായ കൗണ്‍സിലിനു കീഴിലുള്ള വിവിധ ഫോറങ്ങളുടെ നേതൃത്വത്തിലേയ്ക്ക് കടന്നുവന്നിരിക്കുന്നത് ഏറെ പ്രതീക്ഷയേകുന്നു.
സാമൂഹ്യവികസനരംഗം
ജൈവകൃഷിയിലൂടെ മാത്രമേ സുസ്ഥിരവികസനവും സമഗ്രവളര്‍ച്ചയും സാദ്ധ്യമാകൂ. കൊച്ചച്ചനായിരുന്ന കാലത്ത് തിരുവനന്തപുരത്ത് അമ്പൂരിയില്‍ കാണിക്കാരുടെ കൂടെയും പിന്നീട് പീരുമേട്ടിലും വഞ്ചിവയലും, കുമളിയും, കണ്ണമ്പടിയും ആദിവാസിസമൂഹങ്ങള്‍ക്കൊപ്പം ഞാന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇവരെയൊന്നും വലിയ രോഗങ്ങള്‍ പിടികൂടാറില്ല എന്ന വസ്തുത എനിക്കു ചില നവീനബോധ്യങ്ങള്‍ നല്കി. നമുക്കിന്നു രോഗങ്ങളുണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട കാരണം പ്രകൃതിയില്‍നിന്ന് അകന്നുപോകുന്നതാണ്. അതിനാല്‍ ഒരു പാരിസ്ഥിതിക ആദ്ധ്യാത്മികത (ഋരീ ടുശൃശൗേമഹശ്യേ) സഭാമക്കള്‍ക്കിടയില്‍ ആഴപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.അതുപോലെ ആയൂര്‍വേദത്തിന്റെ അനന്തസാധ്യതകള്‍ നാം ഇതേവരെ കാര്യക്ഷമമായി പ്രയോജനപ്പെടുത്തിയിട്ടില്ല. നമ്മുടെ സസ്യലതാദികളും പ്രകൃതിസമ്പത്തുമൊക്കെ അനവധി സാധ്യതകള്‍ നിറഞ്ഞവയാണ്. അവയെ ക്രമാതീതമായ ചൂഷണത്തിനു വിധേയമാക്കാതെ നന്മയ്ക്കായി ഉപയോഗപ്പെടുത്തണം. നമ്മുടെ വിവിധ രൂപതകളിലെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റികളും വികസനഏജന്‍സികളും പ്രകൃതിയോടു ബന്ധപ്പെട്ട സുസ്ഥിരവികസനത്തിനാണ് വരുംകാലത്ത് മുന്‍തൂക്കം കൊടുക്കേണ്ടത്.
കാര്‍ഷിക കാഴ്ചപ്പാടുകള്‍
കാര്‍ഷികമേഖലയെ വന്‍വ്യവസായമായി മാത്രം കണ്ട് വലിയ ഉത്പാദനവും ലാഭവും കണക്കുകൂട്ടുന്നതിനോടൊപ്പം പ്രകൃതികൃഷിയിലൂടെ ഓരോ വീടിനും ആവശ്യമുള്ള വിഭവങ്ങള്‍ നട്ടുവളര്‍ത്താനും അങ്ങനെ സ്വയംപര്യാപ്തതയിലെത്താനും സാധിക്കണം. അല്ലെങ്കില്‍ വലിയ ഭക്ഷ്യക്ഷാമം വരുംകാലത്ത് നേരിടേണ്ടിവരും.പ്രകൃതിക്ക് ഒരു സംരക്ഷണസ്വഭാവമുണ്ട്. ഇവലരസ മിറ രീിൃേീഹ ാലമൗെൃല എന്നു പറയാം. ഒരുതരം ബാലന്‍സ്. മണ്ണിന്റെ ഘടനയെ മാറ്റിമറിക്കാതെ വേണം കൃഷി നടത്താന്‍. കീടനാശിനികളുടെയും രാസവളങ്ങളുടെയും അമിതപ്രയോഗം മണ്ണിന്റെ സ്വാഭാവികഘടനയെ തകര്‍ക്കും. സീറോ ബഡ്ജറ്റിംഗ് ഏറെ ശ്രദ്ധേയമാണെങ്കിലും കര്‍ഷകര്‍ക്കിടയില്‍ അതിനു പ്രചാരം ലഭിച്ചിട്ടില്ല. കീടനാശിനിപ്രയോഗത്തിലൂടെ മണ്ണിന്റെ സ്വാഭാവികഗുണത്തെ തകര്‍ക്കാതെ പ്രകൃതിയിലേക്കു മടങ്ങുകയാണ് കരണീയം. കൂടാതെ കാര്‍ഷികവൃത്തിയുടെ നന്മയും ഗുണങ്ങളും പുതുതലമുറക്കു മനസിലാക്കിക്കൊടുക്കാനും നമുക്ക് കഴിയണം.
സര്‍ക്കാര്‍ രാഷ്ട്രീയ ബന്ധങ്ങള്‍
സഭയുടെ ആവശ്യങ്ങള്‍ ശാന്തമായി അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ സംവിധാനങ്ങളോടും രാഷ്ട്രീയ നേതൃത്വങ്ങ ളോടുമുള്ള ചര്‍ച്ചകളിലുടനീളം ഞാന്‍ ശ്രമിച്ചിട്ടുള്ളത്. കേരളത്തില്‍ ഇടതുപക്ഷം ഭരിച്ചാലും വലതുപക്ഷം ഭരിച്ചാലും കേന്ദ്രത്തില്‍ കോണ്‍ഗ്രസും ബിജെപിയും മാറിമാറി ഭരിച്ചാലും എല്ലാവരോടും ബഹുമാനിച്ചും സഹകരിച്ചും നീങ്ങുക എന്നതാണ് പ്രധാനം. എന്നാല്‍ സഭയുടെ മൂല്യങ്ങളിലും അവകാശങ്ങളിലും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ഈശ്വരാവബോധം തല്ലിക്കെടുത്തുന്ന പ്രവണതകളെ അംഗീകരിക്കാനാവില്ലന്നു മാത്രമല്ല ശക്തമായി എതിര്‍ക്കുകയും ചെയ്യും. സഭാതാല്‍പ്പര്യങ്ങളും ദൈവജനത്തിന്റെ ന്യായമായ ആവശ്യങ്ങളും സംരക്ഷിക്കപ്പെടുകതന്നെ വേണം. പ്രകോപനമുണര്‍ത്താതെ സംവേദനം സാധ്യമാക്കുന്ന സമവായത്തിനാണ് നാം ശ്രമിക്കേണ്ടത്. വിശുദ്ധ ഗ്രന്ഥത്തില്‍ പറയുമ്പോലെ സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന തത്വമാണ് ഇവിടെയും പ്രസക്തമാകുന്നതെന്ന് എനിക്കു തോന്നുന്നു. എതിര്‍ത്തു തോല്പിക്കുകയല്ല, സ്‌നേഹിച്ചു കീഴടക്കുകയെന്നതാണ് എന്റെ പ്രവര്‍ത്തന ശൈലി. നമുക്ക് ദൈവം തന്നിരിക്കുന്ന ചുരുങ്ങിയ ജീവിതത്തില്‍ സ്‌നേഹം പങ്കുവെച്ച് സന്തോഷം കണ്ടെത്താനാകണം.
വിദ്യാഭ്യാസരംഗം
വിദ്യാഭ്യാസമേഖലയില്‍ സഭയുടെ സമഗ്രസംഭാവനകള്‍ വാക്കുകളിലൊതുങ്ങന്നതല്ല. നവോത്ഥാനമുറ്റേങ്ങള്‍ക്ക് ബലമേകിയത് വിദ്യാഭ്യാസവളര്‍ച്ചയാണ്. ഈ മേഖലയില്‍ ഇനിയുള്ള നാളുകളിലും സഭ കുറേക്കൂടി വിപുലമായി പ്രവര്‍ത്തിക്കണമെന്നു തോന്നുന്നു. നമ്മുടെ നാടിന്റെ വികസനത്തിന് ഊന്നലുകളേകുന്ന പദ്ധതികളാണ് വേണ്ടത്. ഉദാഹരണത്തിന് ആയൂര്‍വേദം, കള്‍ച്ചറല്‍ ടൂറിസം എന്നിങ്ങനെയുള്ള കോഴ്‌സുകള്‍ ആരംഭിക്കണം. എന്തുകൊണ്ട് കേരളസഭയ്ക്ക് ഒരു യൂണിവേഴ്‌സിറ്റിതന്നെ തുടങ്ങിക്കൂടാ? ഈ ചിന്തയിന്മേലുള്ള എന്റെ ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. നമുക്ക് അടഞ്ഞ വാതിലുകളേക്കാള്‍ തുറന്നിട്ട വാതായനങ്ങളാണ് വേണ്ടത്. കാര്‍ഷികരംഗം കഴിഞ്ഞാല്‍ ഏറ്റവുമധികം പ്രാമുഖ്യം നല്‍കേണ്ടത് മാനവവിഭവശേഷി വികസനത്തിലാണ്. ഇതിന് ഉന്നതനിലവാരം പുലര്‍ത്തുന്ന സ്‌കൂളുകളും കോളജുകളും വേണം. എല്ലാവിധസൗകര്യവുമുള്ള ഒന്നാംകിട കലാലയങ്ങള്‍ സൃഷ്ടിക്കാനാണ് ഞാന്‍ പരിശ്രമിച്ചിട്ടുള്ളത്. വരുംതലമുറയ്ക്കുള്ള ഈടുവയ്പ്പുകളാണ് അവയെല്ലാം. മാറിയ കാലഘട്ടത്തില്‍ വിദ്യാഭ്യാസരംഗം കേരളമെന്ന കൊച്ചുലോകത്തില്‍ ഒതുക്കരുത്. ആഗോള കാഴ്ചപ്പാടും മത്സരക്ഷമതയും ഉണ്ടാകണം.
കുടിയേറ്റരംഗത്തെ പ്രതിസന്ധികള്‍
ഹൈറേഞ്ചിലെ കര്‍ഷകര്‍ വലിയ പ്രതിസന്ധി നേരിട്ട ഘട്ടത്തില്‍ കാഞ്ഞിരപ്പള്ളി – ഇടുക്കി രൂപതയും ചേര്‍ന്ന് ഹൈറേഞ്ച് സംരക്ഷണസമിതിക്കു രൂപം കൊടുത്തു. കര്‍ഷകരെ സംഘടിപ്പിച്ച് ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ നടത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി നിലനില്ക്കുമ്പോള്‍ ജനകീയ സമരങ്ങളിലൂടെ ഈ പ്രശ്‌നങ്ങള്‍ സര്‍ക്കാരിനു മുമ്പില്‍ ഫലപ്രദമായി അവതരിപ്പിക്കാന്‍ നമുക്കു കഴിയണം. കര്‍ഷകപ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഇന്‍ഫാം ഇപ്പോള്‍ വളരെ സജീവമാണ്. സമരങ്ങളോടും പ്രക്ഷോഭങ്ങളോടുമൊപ്പം കര്‍ഷകസംരംഭങ്ങളും ഈ മേഖലയിലുണ്ടാകണം. സ്വതന്ത്രവ്യാപാരക്കരാറുകളുടെ ഇക്കാലത്ത് ആഗോളവിപണിയുമായി മത്സരിക്കുവാന്‍ നമ്മുടെ കര്‍ഷകരെ സജ്ജരാക്കാതെ വരും നാളുകളില്‍ കാര്‍ഷികമേഖലയില്‍ നമുക്കു പിടിച്ചുനില്‍ക്കാനാവില്ല.
മാറിയ സാഹചര്യത്തില്‍ രാജ്യാന്തര കുടിയേറ്റങ്ങള്‍ വീണ്ടും സജീവമാകുന്നു. ജോലിതേടിയുള്ള കുടിയേറ്റത്തില്‍ നിന്നും കാര്‍ഷിക കുടിയേറ്റമാണ് ഇനി വേണ്ടത്. കൃഷിചെയ്യാന്‍ കേരളത്തിലിനി ഇടമില്ലാത്ത അവസ്ഥയുണ്ടാകും. കൃഷി നമുക്ക് ഉപേക്ഷിക്കാനുമാവില്ല. അതിനാല്‍ ആഫ്രിക്ക, എത്യോപ്യ, ബ്രസീല്‍ എന്നിവിടങ്ങളിലെല്ലാം നാം കുടിയേറ്റസാധ്യതകള്‍ തേടണം. ഈ രാജ്യത്തെ അംബാസിഡര്‍മാരുടെയും നമ്മുടെ കേന്ദ്രമന്ത്രിമാരുടെയും സഹകരണം ഇക്കാര്യത്തിലുണ്ട്. വിവിധ മേഖലകളില്‍നിന്ന് വളരെ നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കുടുംബാധിഷ്ഠിത വിശ്വാസം
സഭയുടെ ഇന്നത്തെ വലിയ പ്രശ്‌നം വിശ്വാസപ്രതിസന്ധിയാണെന്നു തോന്നുന്നു. അതിനാല്‍ കുടുംബങ്ങളെ കേന്ദ്രീകരിച്ച് കൗദാശികജീവിതം ആഴപ്പെടുത്താനുള്ള വചനാധിഷ്ഠിതപദ്ധതികള്‍ക്കു പ്രസക്തിയുണ്ട്. നമുക്കറിയാം ഗാര്‍ഹികസഭയുടെ ഭദ്രത തകര്‍ക്കാനാണ് സഭാവിരുദ്ധരും നിരീശ്വരപ്രസ്ഥാനങ്ങളും ഇന്നു ശ്രമിക്കുന്നത്. സഭാസംവിധാനങ്ങളിലേയ്ക്ക് നുഴഞ്ഞു കയറിയുള്ള ഭീകപ്രസ്ഥാനങ്ങളുടെ ആസൂത്രിതശ്രമങ്ങളെ നാം നിസാരവല്‍ക്കരിക്കരുത്. അതിനാല്‍ കുടുംബബന്ധത്തെ ഊട്ടിയുറപ്പിക്കുന്ന വിശ്വാസാധിഷ്ഠിക പദ്ധതികള്‍ക്ക് സഭ ഊന്നലുകളേകണം. ജീവന്റെയും സ്‌നേഹത്തിന്റെയും പങ്കുവയ്ക്കലുകള്‍ പ്രോജ്വലിപ്പിക്കണം. പണ്ടുകാലത്ത് എട്ടും പത്തും മക്കളുള്ള മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ, പട്ടിണികിടന്നും ഉടുതുണി വരിഞ്ഞുമുറുക്കിയുടുത്തും വളര്‍ത്തുകയും വിശ്വാസത്തില്‍ പോഷിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ന് ക്രൈസ്തവര്‍ക്ക് മക്കളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നുവെന്നു മാത്രമല്ല, അവരെ വിശ്വാസബോധ്യങ്ങളില്‍ വളര്‍ത്താന്‍ സാധിക്കാതെയും വന്നിരിക്കുന്നു. അതിനാല്‍, വിശ്വാസവളര്‍ച്ചയ്ക്കു സഹായിക്കുന്ന പദ്ധതികള്‍ക്കാണ് എന്നും ഞാന്‍ ഊന്നല്‍ കൊടുത്തത്.
ഒരേ സമയം ഒട്ടനവധി പദ്ധതികള്‍
ദൈവം ഓരോ ദൗത്യം മനസില്‍ തോന്നിപ്പിക്കുമ്പോള്‍ എന്നെ നയിക്കുന്ന ചിന്ത അവിടുന്നു തന്നെ അതിനുള്ള വഴിയും കാണിച്ചു തരുമെന്നാണ്. ‘ദേ, അവിടൊരു മതിലുണ്ടല്ലോ. എന്തു ചെയ്യും’ എന്ന് ഇവിടെ നിന്നുകൊണ്ടു ചിന്തിച്ചു വിഷമിക്കുന്ന പ്രവര്‍ത്തനശൈലിയല്ല എന്റേത്. ദൈവം പ്രചോദിപ്പിക്കുന്നവര്‍ക്ക് അവിടുന്നുതന്നെ വാതിലുകള്‍ തുറന്നുതരും. മുന്നോട്ടു നീങ്ങാന്‍ കൃപയേകും. ദൈവപരിപാലനയില്‍ ആശ്രയിച്ചു നീങ്ങുക എന്ന ശൈലിയാണ് ഞാന്‍ എന്നും പുലര്‍ത്തിപ്പോന്നത്. പുതിയ ആശയങ്ങളുമായി വരുന്ന അച്ചന്മാരെയും അത്മായരെയും ഞാനെന്നും പ്രോത്സാഹിപ്പിക്കുന്നതും അതുകൊണ്ടാണ്.
ഒരനുഭവം ഓര്‍ക്കുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഞാനന്ന് പീരുമേട് ഡവലപ്‌മെന്റ് സൊസൈറ്റി ഡയറക്ടറാണ്. ഹൈറേഞ്ചുകാര്‍ ഒരു കോളേജ് വേണമെന്ന ആവശ്യവുമായി എന്നെ സമീപിച്ചു. പക്ഷെ എന്തു ചെയ്യും? സ്ഥലമില്ല, പണമില്ല. അന്ന് രൂപതാധ്യക്ഷനായിരുന്നു അഭിവന്ദ്യ വട്ടക്കുഴി പിതാവിന്റെ അനുമതിയോടെ ഞാന്‍ മുന്നോട്ടു നീങ്ങി. സ്ഥലത്തെ പ്രമുഖനായ ഒരാളോടു ഞാന്‍ പറഞ്ഞു, ‘എനിക്കൊരു 25 ഏക്കര്‍ സ്ഥലം വേണം’. 1000 രൂപ അഡ്വാന്‍സ് കൈപ്പറ്റിക്കൊണ്ട് അദ്ദേഹം ട്രസ്റ്റിനു സ്ഥലമെഴുതിത്തന്നു. പിന്നെ, മുഖ്യമന്ത്രിയെ കാണാന്‍ തിരുവനന്തപുരത്തേക്കു പോയി. അങ്ങനെ കുട്ടിക്കാനത്ത് മരിയന്‍ കോളജ് ഉയര്‍ന്നുവന്നു. സാമ്പത്തികപ്രതിസന്ധിയും ഒട്ടനവധി ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നിട്ടും ദൈവജനത്തിനുവേണ്ടി മുന്നിട്ടിറങ്ങിയപ്പോള്‍ അതൊക്കെ ലഭിച്ചിട്ടുണ്ട് എന്നതാണ് എന്റെ അനുഭവം.
രൂപതാധ്യക്ഷനായശേഷമുള്ള മറ്റൊരു സംഭവം. കൂവപ്പള്ളിയില്‍ ഒരു എഞ്ചിനീയറിങ് കോളേജു വേണമെന്ന് പലയിടത്തുനിന്നും ചിന്തയുണ്ടായി. മിക്കവരും നിരുത്സാഹപ്പെടുത്തി. സാമ്പത്തികപ്രതിസന്ധിതന്നെ മുഖ്യകാരണം. പക്ഷേ, ഞാന്‍ പറഞ്ഞു: ”നമുക്കു തുടങ്ങാം. തമ്പുരാന്‍ വഴികാണിച്ചു തരും.” ബാങ്കില്‍നിന്നു ലോണെടുത്ത് പദ്ധതികളിലേക്കു വന്നു. ഇന്ന് ഇന്ത്യയിലെ മികവുറ്റ കലാലയങ്ങളിലൊന്നാണ് അമല്‍ജ്യോതി കോളജ് ഓഫ് എഞ്ചിനീയറിങ്. ഒരു എഡ്യൂക്കേഷണല്‍ ഹബ്ബായി ഇത് മാറിയിരിക്കുന്നു. മൂവായിരം പേര്‍ക്ക് ഒരേസമയം ഭക്ഷണം കൊടുക്കാന്‍ കഴിയുന്ന ആധുനിക കിച്ചണ്‍ സംവിധാനം ഇവിടുത്തെ ഹോസ്റ്റലിന്റെ പ്രത്യേകതയാണ്.
ആയുര്‍വേദ ഫാക്ടറിയും മില്‍ക്ക് പ്ലാന്റുകളും സ്‌പൈസസ് ഫാക്ടറിയും ടീ ഫാക്ടറിയും സഹ്യാദ്രി ബാങ്കും പുത്തന്‍ പള്ളികളും കമ്യൂണിറ്റി കോളജുകളുമൊക്കെ തുടങ്ങുമ്പോഴും എന്നെ നയിച്ച ചിന്ത ഇതാണ് – ദൈവഹിതമെന്താണോ അതനുസരിച്ചുള്ള പാതകള്‍ തമ്പുരാന്‍തന്നെ തെളിയിച്ചു തരും. ഇന്ന് ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പതിനായിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ടീ-സ്‌പൈസസ് ഫാക്ടറിയും മില്‍ക്ക് പ്രൊജക്ടുംകൊണ്ട് തൊഴിലവസരമുള്‍പ്പെടെയുള്ള വളരെയധികം നന്മകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പിതാവിന്റെ പ്രാര്‍ത്ഥന
ദൈവാശ്രയബോധത്തോടെ അവിടുത്തെ അനന്തപരിപാലനയുടെ കരംപിടിച്ചു നീങ്ങുക എന്നതു തന്നെ. ദൈവത്തിനു പ്രീതികരമായ പ്രാദേശികസഭാസമൂഹത്തെ ആത്മീയതയില്‍ കെട്ടിപ്പടുക്കാനും മാറുന്ന കാലഘട്ടത്തിനനുസരിച്ചുള്ള വികസനത്തിനു നേതൃത്വമേകാനും എന്നെ ഒരു ഉപകരണമാക്കണമേയെന്നാണ് പ്രാര്‍ഥന. ഇങ്ങനെയൊക്കെ പ്രവര്‍ത്തിക്കാന്‍ എനിക്ക് പ്രചോദനമേകുന്ന ദൈവജനത്തോടും വൈദികരോടും സിസ്റ്റേഴ്‌സിനോടും അല്മായരോടും എനിക്കേറെ നന്ദിയുണ്ട്. അടിസ്ഥാന സൗകര്യങ്ങളൊക്കെ ഒരുക്കി രൂപതയെ കെട്ടിപ്പടുത്ത മുന്‍ഗാമികളായ പവ്വത്തില്‍ പിതാവിനോടും വട്ടക്കുഴി പിതാവിനോടും എനിക്കേറെ നന്ദിയുണ്ട്. മദര്‍തെരേസ പ്രാര്‍ത്ഥിച്ചതുപോലെ ദൈവകരങ്ങളിലെ പെന്‍സിലുപോലെ എന്നെയും എളിയൊരു ഉപകരണമാക്കണമേയെന്നാണ് ദൈവത്തോടുള്ള പ്രാര്‍ഥന.
ഓരോ സൃഷ്ടിയുടെയും പിറകിലുള്ളപദ്ധതിയെക്കുറിച്ച് നമ്മുടെ വിശ്വാസം നമ്മെ പഠിപ്പിക്കുന്നുണ്ട്. നന്മ ചെയ്യുക, നന്മയ്ക്ക് കാരണഭൂതനാകുക എന്നൊക്കെയാവും അറയ്ക്കല്‍ പിതാവിനെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതികള്‍. മനുഷ്യന്‍ പദ്ധതികള്‍ വിഭാവനം ചെയ്യുന്നുവെങ്കിലും പ്രതിഫലം നല്കുന്നത് കര്‍ത്താവാണല്ലോ. പിതാവിന്റെ പദ്ധതികള്‍ എല്ലാം സഫലമാവട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. അങ്ങനെ ജീവിതവും.
ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍










Leave a Reply