Sathyadarsanam

സന്യാസിനി കഥയെഴുതുമ്പോൾ….

കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ ഇന്റർനെറ്റിൽ നിന്നും തപ്പിയെടുത്തു കാണുകയും കൈവശം സൂക്ഷിക്കുകയും ചെയ്യുന്ന ആൾക്കാരെ ടാർഗ്ഗറ്റ്‌ ചെയ്ത്‌ സമീപ കാലത്ത്‌ കേരളത്തിലെ എ.ഡി.ജി.പി മനോജ്‌ എബ്രഹാമിന്റെ നേതൃത്വത്തിൽ ഒരു റെയ്ഡ്‌ തന്നെ നടത്തപ്പെട്ടു. ആദ്യ ദിനം തന്നെ 12 പേർ അറസ്റ്റിലായി. അറസ്റ്റ്‌ ചെയ്യപ്പെട്ടവരെ സംബന്ധിച്ച്‌ മാധ്യമങ്ങളിൽ വന്ന വാർത്തകൾ ശ്രദ്ധിക്കേണ്ടതാണ്‌. തികഞ്ഞ ‘ഫാമിലി മാൻ’ ആയി നാട്ടിൽ അറിയപ്പെടുന്നവരും, ഉദ്യോഗസ്ഥരും, വിദ്യാസമ്പന്നരുമൊക്കെയാണ്‌ പോലീസ്‌ പിടിയിലായത്‌. അന്വേഷണ ഉദ്യോഗസ്ഥർ കടന്നു ചെല്ലുമ്പോൾ വീട്ടുകാരും നാട്ടുകാരും അക്ഷരാർത്ഥത്തിൽ ഞെട്ടിയത്രേ. മാന്യതയുടെ അഴിഞ്ഞു വീഴുന്ന മുഖങ്ങൾ… എന്തായാലും രണ്ടോ മൂന്നോ ദിവസങ്ങൾക്കപ്പുറം ആ വാർത്ത പ്രസിദ്ധീകരിക്കപ്പെട്ടില്ല. ആരെങ്കിലും എഴുത്തു പേനകളിലെ മഷി മറിച്ചു കളഞ്ഞിട്ടുണ്ടാകും.

കേരളത്തിലെ ശ്രദ്ധേയമായ ലൈംഗിക പീഢനക്കേസുകളിൽ ഒന്നായിരുന്നു പന്തളം പീഢനക്കേസ്‌ (1997). “പ്രമുഖ” കോളജിലെ അധ്യാപകരായിരുന്നു പ്രതികൾ. ട്യൂഷനു വന്ന വിദ്യാർത്ഥിനിയെ പിച്ചി ചീന്തുകയായിരുന്നു. പല ദിവസങ്ങളിലായി വിദ്യാർത്ഥിനിയെ വിളിച്ചു വരുത്തി പല ‘പ്രൊഫസർമാർ ‘ക്കിടയിൽ പങ്കു വയ്ക്കുകയായിരുന്നു. കൂട്ടുകാരിയെയും സഹോദരിയെയും കൂടി ഇനി വരുമ്പോൾ കൊണ്ടു വരണം എന്നാവശ്യപ്പെട്ട നിവൃത്തി കേടിന്റെ ഘട്ടത്തിലാണ്‌ പെൺകുട്ടി കാര്യം വെളിപ്പെടുത്തിയതും കേസായതും. മൂന്നു പ്രൊഫസർമാർ ജയിൽ ശിക്ഷ അനുഭവിക്കുന്നു. ഒരാൾ ആത്മഹത്യ ചെയ്തു കളഞ്ഞു. കിളിരൂർ, കവിയൂർ, പറവൂർ, സൂര്യനെല്ലി തുടങ്ങിയവയൊന്നും കേവലം സ്ഥലനാമങ്ങൾ മാത്രമായിട്ടല്ല കേരളത്തിൽ അറിയപ്പെടുന്നത് എന്നു കേരളത്തിലെ കൊച്ചു കുട്ടികൾക്കു പോലുമറിയാം.

2017 ലെ ക്രൈം റെക്കോർഡ്സ്‌ ബ്യൂറോയുടെ കണക്കനുസരിച്ച്‌ ജോലി സ്ഥലത്ത്‌ വനിതകൾക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമ ശ്രമങ്ങളിൽ ഇന്ത്യയിലെ മൂന്നാം സ്ഥാനമാണ്‌ കേരളത്തിന്‌.

1998 ൽ കേരളത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട ബലാൽസംഗ കേസുകളിലെ ഇരകൾ 205 പേരാണ്‌. അതിൽ 43 പേർ പതിനഞ്ച്‌ വയസിൽ താഴെയുള്ള കുട്ടികളാണ്‌. രണ്ടായിരമാണ്ട്‌ ആയപ്പോഴേക്കും ബലാൽസംഗ കേസുകളിലെ ഇരകൾ 552 ആയി. 15 വയസിൽ താഴെയുള്ള ഇരകളുടെ എണ്ണം 114 ആയി ഉയർന്നു. ഇപ്പോൾ നാം 19 വർഷം കൂടി മുന്നോട്ട്‌ വന്നിരിക്കുന്നു. മാധ്യമ വാർത്തകളിലെ കണക്കുകൾ വച്ച്‌ വർദ്ധനയുടെ ആഴമൊന്ന് കണ്ടെത്താൻ ശ്രമിക്കുക.

21 വർഷം മുൻപ്‌ പിന്നോക്ക വിഭാഗക്കാർ തിങ്ങിപ്പാർക്കുന്ന കേരളത്തിലെ ഒരു താലൂക്കിൽ മാത്രം നടത്തിയ സർവ്വേയിൽ (1998) അവിവാഹിതരായ അമ്മമാരുടെ എണ്ണം 400 ഉം അവർക്കു പിറന്നിരിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം 100 ഉം ആണ്‌.

2001 മുതൽ 2011 വരെയുള്ള 10 വർഷ കാലഘട്ടത്തിനിടയിൽ കേരളത്തിൽ പതിനൊന്ന് വയസിനും 60 വയസിനുമിടയിൽ പ്രായമുള്ളവർ സ്വന്തം കുടുംബാംഗങ്ങളാൽ ലൈംഗികമായി പീഢിപ്പിക്കപ്പെട്ടതിന്റെ രജിസ്റ്റേഡ്‌ കേസുകളുടെ എണ്ണം 132 ആണ്‌. ഇക്കാര്യത്തിൽ ഇന്ത്യയിൽ കേരളത്തിന്റെ സ്ഥാനം അഞ്ചാമതാണ്‌.

ഇന്റർനെറ്റ്‌ വ്യാപകമാവുകയും ഡേറ്റ ഫ്രീ ആയി കിട്ടുകയും സ്മാർട്ട്‌ ഫോൺ വ്യാപകമായി എത്തുകയും ചെയ്യുന്നതിനു മുൻപുള്ള കാലത്ത് ഒളിഞ്ഞും തെളിഞ്ഞും മസാല ചിത്രങ്ങൾ കാണാൻ തീയറ്ററുകൾക്ക് മുമ്പിൽ രാത്രി തലയിൽ മുണ്ടിട്ടു നിന്ന് നിർമ്മാതാവിന്റെ പണപ്പെട്ടി നിറച്ച സിനിമാ അസ്വാദക വൃന്ദമാണ്‌ കേരളത്തിലേത്‌. സെക്കൻഡ് ഷോയ്ക്ക് പോയി എന്നതു പോലും വലിയ അപരാധവും അശ്ളീലവുമായിരുന്നു അക്കാലത്ത്. ആ മനസ്‌ ഇന്നും നഷടപ്പെടുത്തിയിട്ടില്ല എന്ന് 2017 ആഗ്സ്റ്റ്‌ മാസത്തിൽ പോൺ താരം സണ്ണി ലിയോൺ കൊച്ചിയിലെത്തിയപ്പോൾ ഒരു നോക്കു കാണാൻ നിന്ന ആസ്വാദക വൃന്ദം തെളിയിച്ചു. പ്രായഭേദമില്ലാതെയാണല്ലോ ലക്ഷങ്ങൾ തെരുവു നിറച്ചത്‌. മാധ്യമ ക്യാമറകൾ ലൈവായി സംപ്രേഷണം ചെയ്യുമെന്ന ആശങ്ക പോലുമില്ലാതെ. സണ്ണി ചേച്ചിയെപ്പറ്റി നിലവാരം കുറഞ്ഞ വാട്സാപ്‌ ഫലിതങ്ങൾ പടച്ചു വിടുന്നതിനും മടിയുണ്ടായില്ല.

2013 നും 2017 നുമിടയിൽ ഇന്ത്യയെന്ന മഹാരാജ്യം ലോകരാഷ്ട്രങ്ങൾക്കിടയിലെ മൂന്നാം സ്ഥാനത്തേക്ക്‌ കുതിച്ചുയർന്നത്‌ മൊബൈൽ ഫോണിൽ പോൺ ഫിലിം കാണുന്നവരുടെ എണ്ണത്തിലുണ്ടായ വർദ്ധനയിലാണ്‌. കേരള ജനതയുടെ പങ്ക്‌ മറ്റേതിലുമെന്ന പോലെ ഇവിടെയും നന്നായുണ്ട്‌. തീയറ്ററിൽ പോയി ക്യൂ നിൽക്കുന്നതിന്റെയും ഒളിച്ചും പാത്തും കാണാൻ പോകുന്നതിന്റെയും തിക്കുമുട്ടലുകൾ ഒഴിവാക്കി അവനവന്റെ സ്വകാര്യതയിൽ മാത്രം വിളമ്പിക്കിട്ടുന്നതിന്റെ സന്തോഷം ആസ്വദിക്കാത്ത എത്ര ശരാശരി മലയാളിയുണ്ട്‌?

കണക്കു പറഞ്ഞു നീട്ടുന്നില്ല. കേരളത്തിന്റെ ലൈംഗിക സംസ്കാരം അത്ര മഹത്തരമൊന്നുമായിരുന്നില്ല ഒരു കാലത്തും. ചരിത്രത്തിൽ അടയാളപ്പെടുത്തിയാൽ നാറി നാണം കെട്ടു നിൽക്കാൻ വേണ്ടത്രയുണ്ടു താനും. സൂര്യനെല്ലി, പന്തളം മുതൽ ഏറ്റവും അവസാനം നടന്ന വാളയാർ പീഢന കൊലപാതകമുൾപ്പെടെ. പള്ളിക്കൂടവും കോളജും ആശുപത്രിയും എയർ പോർട്ടും സാക്ഷരതയും ആളോഹരി വരുമാനവും പറഞ്ഞ്‌ വല്ലാതെയങ്ങ്‌ മേനി നടിക്കുമ്പോഴും മാനസികാരോഗ്യം കുറഞ്ഞ pervert കളുടെ എണ്ണം (ഡോക്ടറെന്നോ, പോലീസെന്നോ, അധ്യാപകനെന്നോ, ഉദ്യോഗസ്ഥനെന്നോ ഭേദമില്ലാതെ – പിന്നെയും ഭേദം നിരക്ഷരൻ തന്നെ) അപകടകരമായി വർദ്ധിച്ചു വരുന്നുണ്ട്‌. നാലാളറിയെ സദാചാര നായകൻ ചമയാനും ആരുമറിയില്ലെങ്കിൽ എവിടെയുമെത്തി നോക്കാനും മടിയില്ലാത്ത ഇരട്ടമുഖമുള്ളവർ ഉള്ള നാടാണിത്. ആ ഇരട്ടമുഖമാണല്ലോ ജി.ബി. കണക്കിന് ഡാറ്റ തിന്നു തീർത്ത് ടെലഫോൺ സേവന ദാതാക്കളെ വളർത്തുന്നതും.

രഹസ്യങ്ങൾ ചികഞ്ഞറിയാനും, പരദൂഷണം പറയാനും, മസാല ചേർത്ത് പറഞ്ഞ് രസിക്കാനും വഷളത്തം നിറഞ്ഞ കമന്റ് പറഞ്ഞ് ഊറിച്ചിരിക്കാനും ആസ്വദിക്കാനും ഡബിൾ മീനിങ്ങ് അടിക്കാനും മലയാളിയെപ്പോലെ മികവ് ആർക്കുണ്ട്? സംശയം തോന്നുന്ന ആർക്കും സോഷ്യൽ മീഡിയയിലെ പോസ്റ്റുകളും കമന്റുകളും ഗവേഷണ വിഷയമാക്കാം. പോരെങ്കിൽ വാർത്ത അവതാരകരും ചർച്ചാ വിദഗ്ധരും ചേർന്നൊരുക്കുന്ന പ്രൈം ടൈമുകൾ പഠന വിധേയമാക്കാം. അവയിൽ എത്രയെണ്ണം മാനസിക ആരോഗ്യമുള്ള ഒരു സമൂഹത്തെ സൂചിപ്പിക്കുന്നുണ്ട്. ?

ഈ ലൈംഗിക, സാംസ്കാരിക പാപ്പരത്തത്തിന്റെ അടയാളങ്ങൾ സമൂഹത്തിന്റെ തന്നെ ഭാഗമായ അധ്യാപകരെയും, ബിസിനസുകാരനെയും, എഞ്ചിനീയറെയും, ഉദ്യോഗസ്ഥനെയും , ജേർണലിസ്റ്റിനെയും വക്കീലിനെയും ബാധിക്കുമെങ്കിൽ അതിൽ നിന്നും മതസന്യാസമോ പൗരോഹിത്യമോ തിരഞ്ഞെടുത്തവർക്കും മാറ്റമുണ്ടാകാൻ വഴിയില്ല. കാരണം ഇതേ സമൂഹത്തിന്റെ തന്നെ പരിച്ഛേദത്തിൽ അവരുമുണ്ട്‌. അതു കൊണ്ടാണല്ലോ വിവിധ സ്വാമിമാരും മതപുരോഹിതരുമടക്കം സമാന കുറ്റങ്ങൾക്ക് ജയിലിൽ കഴിയുന്നത്‌. ഇന്ന മതവിഭാഗമെന്നില്ല , നല്ല മതനിരപേക്ഷതയുണ്ടതിൽ.

നമുക്ക്‌ അഭിമാനിക്കാൻ ഏറെയുള്ളവയെക്കുറിച്ചാണ്‌ നാമെപ്പോഴും പറയാൻ ആഗ്രഹിക്കുക. അതാണു പറയേണ്ടതും. കോടിക്കണക്കായ ജനലക്ഷങ്ങൾക്കിടയിലെ 100 pervert കളെക്കുറിച്ചല്ല, മേൽ പറഞ്ഞ സ്ഥിതി വിവരക്കണക്കുകളല്ല, ഈ ദേശത്തിനു വിളക്കുമരങ്ങളായിരുന്ന മനുഷ്യരെക്കുറിച്ചാണ്‌. അതിൽ രാഷ്ട്രീയ നേതാക്കളുണ്ട്‌. ചിന്തകരും എഴുത്തുകാരും കലാകാരന്മാരുമുണ്ട്‌. യോഗിവര്യന്മാരും സന്യാസിനികളും ആചാര്യന്മാരും പുരോഹിതരുമുണ്ട്‌. ആ വിളക്കുകളുടെ കഥയാണ്‌ നമ്മുടെ സമൂഹത്തിന്റെ വെള്ളിവെളിച്ചം . തലമുറകൾക്കും പരമ്പരകൾക്കും വേണ്ടി ചരിത്രമെഴുതുന്നവർ എഴുതുന്നത് ഈ കഥകളാണ്. ഡോ. കെ. ആർ നാരായണന്റെ , വയലാറിന്റെ, വൈലോപ്പിള്ളിയുടെ, ഒ.എൻ. വിയുടെ അങ്ങിനെ എണ്ണിപ്പറയാൻ തുടങ്ങിയാൽ ആയിരത്തിനും മുകളിൽ മഹാനുഭാവരെപ്പെറ്റ കേരളം.. മനീഷികളെ പെറ്റ കേരളം… മാതൃകയായ കേരളം.. മറിച്ച് അതിൽ മസാല കഥയും വ്യഭിചാര കഥയും ചേർക്കുന്നയാൾ, സമൂഹത്തിന്റെ ജീർണിച്ച് ക്യാൻസർ ബാധിച്ച ഞരമ്പു രോഗത്തിന് ആക്കം കൂട്ടുക മാത്രമാണ് ചെയ്യുന്നത്.

ഒരു ഡോക്ടർ പിഴച്ചെങ്കിൽ എല്ലാവരും അങ്ങനെയെന്നല്ല. ഒരു അധ്യാപകനു തെറ്റിയെങ്കിൽ എല്ലാവരും തെറ്റെന്നല്ല. ഷെഹല ഷെറിൻ മരിച്ചപ്പോൾ ആകമാന അധ്യാപകരെയും തെറിവിളിക്കുവാൻ കാട്ടിയ തിടുക്കം അപക്വമായിപ്പോയി. ഒരപ്പൻ മകളെ പിഴപ്പിച്ചു എന്നു കരുതി എല്ലാവരും അങ്ങനെയെന്നല്ല. അങ്ങനെ സാമാന്യവൽക്കരിക്കപ്പെട്ടാൽ ഇവിടെ നമുക്ക്‌ ആരെ വിശ്വസിക്കാൻ പറ്റും? പേടിച്ച്‌ മക്കളെ സ്കൂളിൽ വിടാതിരിക്കുമോ? അപ്പനുണ്ട്‌ വീട്ടിലെന്നു ഭയന്ന് അമ്മ മക്കൾക്ക്‌ കാവലിരിക്കുമോ? ഡോക്ടർ പീഡിപ്പിക്കുമെന്ന് ഭയന്ന് ആശുപത്രിയിൽ പോകാതിരിക്കുമോ? മാനഭംഗം ഭയന്ന് പൊതുസ്ഥലത്ത്‌ ഇറങ്ങാതെയിരിക്കുമോ? പിഴച്ച കഥ പറയാനേ നാവിൽ വരുന്നുള്ളുവെങ്കിൽ അത്‌ മാനസികാരോഗ്യത്തിന്റെ കുറവാണ്‌. അങ്ങനെയൊക്കെയങ്ങ്‌ പ്രചരിപ്പിക്കാൻ തുടങ്ങിയാൽ നാമൊരു ഭ്രാന്തൻ കൂട്ടമായിപ്പോകും. കൊലപാതക തൃഷ്ണ പൂണ്ട്‌ വന്യമായി ആർത്തു വിളിച്ചോടുന്ന ലിജോ ജോസ്‌ പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ടിലെ പുരുഷാരം പോലെ.

ഇപ്പോൾ ഒരു തെരുവു പന്തവും പിടിച്ച്‌ രതിക്കഥ കൊണ്ട്‌ ഇക്കിളിയിട്ട്‌ മുന്നേയോടുന്ന (മുൻ)സന്യാസിനി ചെയ്യുന്നത്‌ ആ ഭ്രാന്തോട്ടമാണ്‌. ഞരമ്പു രോഗികൾക്കും സദാചാര മതിഭ്രമം ബാധിച്ച ചർച്ചാ വിദഗ്ധർക്കും നൻമയുടെ ഇത്തിരി വെട്ടത്തിനു നേരെ തിമിരം ബാധിച്ചവർക്കും ഊറിച്ചിരിക്കാനും വഷളത്തം പറയാനും ഒരിത്തിരി മസാല സമ്മാനിക്കുന്ന ആത്മരതിയുടെ നിർവൃതി. ഇത് ധർമ്മ സമരമല്ല. നീതിക്കുള്ള പോരാട്ടവുമല്ല. ഒരു നില തെറ്റിയോട്ടം മാത്രമാണ്. നാടിനു തീയിടാനേ കൈയിലുണ്ടെന്നു വിചാരിക്കുന്ന ആ വെളിച്ചം ഉപകരിക്കൂ. സമൂഹത്തിലെ വെള്ളിവെളിച്ചങ്ങൾക്കു മേൽ അൽപ്പനേരം ചെളിയെറിഞ്ഞ് മദിക്കാമെന്നല്ലാതെ മറ്റെന്താണ്

Leave a Reply

Your email address will not be published. Required fields are marked *