Sathyadarsanam

അശ്ലീലസാഹിത്യശാഖയിലെ മൂന്നാം (മുന്‍)കന്യാസ്ത്രീ

നോബിള്‍ തോമസ് പാറയ്ക്കല്‍

ക്രൈസ്തവസഭാംഗങ്ങള്‍ക്ക് ധാര്‍മ്മികജീവിതത്തില്‍ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട് എന്നത് ഒരു ചരിത്രസത്യമാണ്. സഭ അതൊന്നും മൂടിവെക്കാനോ നിഷേധിക്കാനോ ശ്രമിച്ചിട്ടില്ല. കാലാകാലങ്ങളില്‍ ആവശ്യാനുസൃതമായ മാറ്റങ്ങള്‍ വരുത്തി നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് ജീവിതനിലവാരത്തെ മെച്ചപ്പെടുത്തുന്ന നടപടികളാണ് സഭ എക്കാലവും സ്വീകരിച്ചിരിക്കുന്നത്. മാത്രവുമല്ല, സഭയുടെ നേതൃത്വവും സഭയുടെ അംഗങ്ങളും തങ്ങള്‍ വിശുദ്ധിയുടെ പാരമ്യത്തില്‍ നില്‍ക്കുന്നവരാണ് എന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടുമില്ല. സ്വയം നവീകരിക്കുകയും കുറവുകളെ പരിഹരിച്ചുകൊണ്ട് മുമ്പോട്ടുപോവുകയും ചെയ്യുന്ന ജീവിതശൈലിയാണ് സഭാംഗങ്ങള്‍ക്കുള്ളത്. എന്നാല്‍ സഭയുടെ ശത്രുക്കള്‍ എക്കാലവും സഭാംഗങ്ങളുടെ ജീവിതപരാജയങ്ങളെ ആനുപാതികമല്ലാത്തവിധം വലുതാക്കിയും നിറംചേര്‍ത്തും വളച്ചൊടിച്ചും അവതരിപ്പിക്കുക പതിവാണ്. സാഹിത്യം, സിനിമ, അശ്ലീലചിത്രങ്ങള്‍ എന്നിവയിലെല്ലാം ഈ ക്രൈസ്തവവിരുദ്ധശൈലി നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നതുമാണ്. സ്ത്രീലമ്പടനായ പുരോഹിതന്‍, ക്രൂരയായ മഠാധിപ, അകപ്പെട്ടുപോയ കന്യാസ്ത്രീകള്‍, സാഡിസ്റ്റായ മതദ്രോഹവിചാരകന്‍ എന്നിവയൊക്കെ മാറിമാറി വിഷയങ്ങളായിത്തീരാറുമുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിന്റെ ചരിത്രം പഠിക്കുമ്പോള്‍ ഇത്തരത്തിലുള്ള നിരവധി രചനകള്‍ കണ്ടുമുട്ടുകയും ചെയ്യും.

മലയാളത്തില്‍ ഇത്തരം സാഹിത്യരചനകള്‍ കണ്ടുതുടങ്ങിയിട്ട് അധികകാലമായിട്ടില്ല. പൊന്‍കുന്നം വര്‍ക്കിയുടെ കഥകളിലാണ് ക്രൈസ്തവപൗരോഹിത്യം വിമര്‍ശിക്കപ്പെട്ടുതുടങ്ങിയത്. തുടര്‍ന്ന് നോവലുകളിലും സിനിമകളിലും പലയളവുകളില്‍ നാം ക്രൈസ്തവപൗരോഹിത്യ-സന്യസ്തജീവിത്തിന്റെ നിറംചാലിച്ചതും ഭാവനാകല്പിതങ്ങളുമായ കഥകള്‍ ആവിഷ്കരിക്കപ്പെടുന്നത് കേരളസമൂഹം കണ്ടുകൊണ്ടിരുന്നു.

കേരളത്തിന്റെ അശ്ലീലസാഹിത്യശാഖക്ക് അതുല്യസംഭാവനകള്‍ നല്കിയത് കേരളകത്തോലിക്കാസഭയിലെ ഒരു മുന്‍കന്യാസ്ത്രീയും ഒരു കപടകന്യാസ്ത്രീയുമായിരുന്നു. ‘ആമ്മേന്‍’ എന്നു പറഞ്ഞുകൊണ്ട് ആദ്യപുസ്തകവും ‘നന്മ നിറഞ്ഞവളെ സ്വസ്തി’ എന്നു പറഞ്ഞുകൊണ്ട് രണ്ടാമത്തെ പുസ്തകവും പലരും ഒളിച്ച് വെച്ച് വായിക്കുകയും വായിച്ചശേഷം തങ്ങളുടെ മക്കളും സുഹൃത്തുക്കളും കാണാതിരിക്കാന്‍ അവ കത്തിച്ചും കക്കൂസിലിട്ടും നശിപ്പിച്ചുകളഞ്ഞു. നന്മ നിറഞ്ഞവളെ സ്വസ്തി എന്ന അശ്ലീലഗ്രന്ഥമെഴുതിയ കന്യാസ്ത്രീയെക്കുറിച്ച് മാനന്തവാടി രൂപത കമ്മീഷന്‍ വെച്ച് അന്വേഷിച്ചപ്പോള്‍ മഠവുമായുള്ള ആകെയുള്ള അവരുടെ ബന്ധം ആകെ മൂന്നുമാസം ഒരു മഠത്തിന്റെ അടുക്കളയില്‍ ജോലി ചെയ്തത് മാത്രമാണെന്ന് തെളിഞ്ഞു. അതോടെ വൈദികരെയും കന്യാസ്ത്രീകളെയും അശ്ലീലത്തിന്റെ നീലച്ചിത്രത്തില്‍ അവതരിപ്പിച്ചുകൊണ്ട് അവര്‍ പറഞ്ഞതെല്ലാം പുസ്തകമാക്കിയെഴുതിയ ഗ്രന്ഥകാരന്‍ അവര്‍ക്കെതിരെയും പുസ്തകം പ്രസിദ്ധീകരിച്ച പ്രസാധകനെതിരേയും കേസുകൊടുക്കുകയുമുണ്ടായി. കത്തോലിക്കാസഭയുടെ അനാഥാലയങ്ങളിലെല്ലാം വൈദികരുടെ മക്കളാണെന്ന നെറികെട്ട പ്രസ്താവനയിറക്കിയത് ഈ വ്യാജകന്യാസ്ത്രീയായിരുന്നുവെന്നത് കേരളസമൂഹം ഇനിയും മറക്കാനിടയില്ല.

ഈ അശ്ലീലഗ്രന്ഥങ്ങളുടെ നിരയിലേക്ക് ഈയിടെ സന്യാസസമൂഹത്തില്‍ നിന്ന് പലവിധകാരണങ്ങളുടെ പേരില്‍ പുറത്താക്കപ്പെട്ട മറ്റൊരു കന്യാസ്ത്രീയുടെ രചനകൂടി ഇടംപിടിക്കുന്നുവെന്നാണ് അറിയാന്‍ കഴിയുന്നത്. കര്‍ത്താവിന്റെ നാമത്തില്‍ ഇറങ്ങുന്ന പുതിയ അശ്ലീലപ്പുസ്തകം എത്രമാത്രം ഇക്കിളിപ്പെടുത്തുന്നതായിരിക്കുമെന്ന് അനുവാചകരെ അറിയിക്കാന്‍ അതിന്റെ ഒരു ഭാഗം മാതൃഭാഷയെ അപമാനിക്കാനുണ്ടായ ഒരു മാധ്യമം ഈ ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അതുവായിച്ചാല്‍, എന്തുകൊണ്ടാണ് ആ സന്യാസസമൂഹം അവരെ പുറത്താക്കിയതെന്ന് കേരളത്തിലെ പ്രബുദ്ധസമൂഹത്തോട് പിന്നീട് ആരും പറഞ്ഞുതരേണ്ടതില്ല. ഒരു കന്യാസ്ത്രീയുടെ ഇക്കിളിപ്പെടുത്തുന്ന ഭാവനാകല്പിതമായ ലൈംഗികവര്‍ണനകള്‍ കേള്‍ക്കാന്‍ കേരളസമൂഹത്തോട് കാത്തിരിക്കാന്‍ പറയുന്ന വിസര്‍ജ്യം പ്രസിദ്ധീകരിക്കുന്ന പ്രസ്തുത പ്രസാധകരും അതിന് തയ്യാറാകുന്ന മുന്‍കന്യാസ്ത്രീയും മരവിച്ചും അധപതിച്ചും പോകുന്ന മലയാളിധാര്‍മ്മികതക്ക് ഉത്തമഉദാഹരണങ്ങളാണ്.

താന്‍ ഒരിക്കലും ആയിരിക്കരുതാത്തിടത്ത് അനര്‍ഹമായി എത്തിപ്പെട്ടതിന്റെ ഫ്രസ്ട്രേഷനോടൊപ്പം വായിച്ചുകേട്ടതും പറ‍ഞ്ഞുകേട്ടതും ചിന്തിച്ചുണ്ടാക്കിയതുമെല്ലാം കെട്ടുംപൊട്ടിച്ച് മലവെള്ളം പോലെ ഒഴുകിവരുമ്പോള്‍ സഹതാപത്തോടെ നോക്കിയിരിക്കാനല്ലാതെ എന്താണ് സാധിക്കുക.

മൂന്നാലു പേജുകള്‍ പ്രസിദ്ധീകരിക്കപ്പെട്ട ആ അശ്ലീലകഥാപുസ്തകത്തില്‍ ലൈംഗികതയല്ലാതെ മറ്റൊരു വിഷയം പോലും ഒരു വരിയില്‍പ്പോലും പരാമര്‍ശിക്കപ്പെട്ടിട്ടില്ലായെന്നത് നമ്മെ അത്ഭുതപ്പെടുത്തണം. ഇത്രമാത്രം അധ:പതിച്ച ചിന്തയോടും കെട്ടിനിര്‍ത്തപ്പെട്ട വികാരങ്ങളോടും കൂടെ ചിലരെങ്കിലും സന്യാസസമൂഹങ്ങളില്‍ എത്തിപ്പെടുന്നുണ്ട് എന്നത് ക്രൈസ്തവസന്യാസലോകം വിമര്‍ശനബുദ്ധ്യാ തിരിച്ചറിയേണ്ട കാര്യവുമാണ്. പരിശീലനത്തിന്റെ നാളുകളില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത കള്ളനാണയങ്ങള്‍ കാലാന്തരത്തില്‍ സയനൈഡുകളുല്പാദിപ്പിക്കുന്ന ഫാക്ടറികളായിപ്പരിണമിക്കുകയാണ്.

എന്റെ രൂപതയിലെ വിശ്രമജീവിതം നയിക്കുന്ന അഭിവന്ദ്യ വൈദികരില്‍ പലരോടും പ്രസ്തുത കന്യാസ്ത്രീ അംഗമായിരുന്ന സമൂഹത്തിലെ തലമുതിര്‍ന്ന കന്യാസ്ത്രീകളോടും ഈ വിഷയം ഇന്നേദിവസം ചര്‍ച്ച ചെയ്യുകയുണ്ടായി. മുന്‍കന്യാസ്ത്രീയുടെ ലൈംഗികവര്‍ണനകളിലുള്ളത്ര കഥകളെക്കുറിച്ച് അറിവുള്ളവരോ അവയൊന്നും തന്നെ കേട്ടിട്ടുള്ളവരോ അല്ല അവരാരും തന്നെ. ഒരു കന്യാസ്ത്രീയമ്മ പറഞ്ഞിതങ്ങനെയാണ്: അടക്കമില്ലാത്ത ജീവിതത്തിനും നിയന്ത്രണമില്ലാത്ത കണ്ണിനും പിടിച്ചുകെട്ടാത്ത ചിന്തക്കും മാത്രമേ ഇത്രയും അശ്ലീലം ചിന്തിക്കാനും പറയാനും കഴിയുവത്രേ…

ക്രൈസ്തവസന്യാസമെന്ന പവിത്രമായ മുത്ത് പന്നികള്‍ക്ക് മുമ്പില്‍ എറിഞ്ഞിട്ടുകൊടുക്കുന്നവര്‍ ഓര്‍മ്മിക്കുന്നത് നല്ലതാണ്, ആ മുത്ത് ചവിട്ടി നശിപ്പിച്ചശേഷം അവര്‍ നിങ്ങളെ തിരിഞ്ഞ് ആക്രമിക്കും. ഇത് കര്‍ത്താവിന്റെ വചനമാണ്. നിങ്ങളെഴുതിയ ഓരോ വാക്കിലെയും അശ്ലീലം മൂലം താണമുഖത്തോടെ പ്രാര്‍ത്ഥിക്കുന്ന ഓരോ കന്യാസ്ത്രീയുടെയും കണ്ണീര് കര്‍ത്താവിന്റെ നാമത്തില്‍ത്തന്നെ നിങ്ങളെ മുക്കിക്കളയുകയും ചെയ്യും.

വിനാശത്തിന്റെ അശുദ്ധലക്ഷണം നില്ക്കരുതാത്തിടത്ത് നില്ക്കുന്നത് കാണുമ്പോള്‍ നമുക്കെന്താണ് ചെയ്യാനാവുക, പ്രാര്‍ത്ഥിക്കുകയല്ലാതെ…
ദൈവം അനുഗ്രഹിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *