Sathyadarsanam

പള്ളിസ്വത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥന്‍ ആരാണ്? മെത്രാനോ, വൈദികരോ, വിശ്വാസികളോ…

നോബിള്‍ തോമസ് പാറയ്ക്കല്‍

ചര്‍ച്ച് ആക്ട് വാദക്കാര്‍ ഉന്നയിക്കുന്ന ഒരു പ്രധാന വാദഗതി ചര്‍ച്ച് ആക്ട് വരുന്നതിലൂടെ പള്ളിയും പള്ളിയുടെ സ്വത്ത് വിശ്വാസികളുടേതാകും എന്നതാണ്. എന്നിട്ട് പറയുന്നു, അങ്ങനെ വിശ്വാസികളുടേതാകുന്നതിന്റെ അസ്വസ്ഥതത കൊണ്ടാണ് വൈദികരും മെത്രാന്മാരും ചര്‍ച്ച് ആക്ടിനെ എതിര്‍ക്കുന്നത് എന്ന്. എത്രയോ വലിയ തെറ്റിദ്ധാരണയാണ് ഇവര്‍ ജനങ്ങളില്‍ സൃഷ്ടിക്കുന്നത്. ലോകത്തെ ഏറ്റവും സുശക്തവും അഴിമതിരഹിതവും ജനാധിപത്യപരവുമായ ഒരു ശൈലിയിലൂടെയാണ് കത്തോലിക്കാസഭ അതിന്റെ സ്വത്ത് കൈകാര്യം ചെയ്യുന്നത്. കേരളത്തിലെ ഭൂരിപക്ഷം വരുന്ന കത്തോലിക്കാസഭയുടെ സ്വത്തിന്റെ യഥാര്‍ത്ഥ ഉടമ ആരാണെന്നും എപ്രകാരമാണ് അത് കൈകാര്യം ചെയ്യപ്പെടുന്നത് എന്നും മനസ്സിലാകുമ്പോള്‍ ചര്‍ച്ച് ആക്ട് എന്ന തട്ടിപ്പ് പ്രസ്ഥാനത്തിന്റെ വാദഗതികള്‍ വെറും പൊള്ളയാണെന്നും വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മനസ്സിലാകും.

ചര്‍ച്ച് ആക്ട് വാദക്കാരുടെ ഒരു പ്രധാനവാദം വൈദികര്‍ ആത്മീയനേതാക്കന്മാരാണ്, അവര്‍ ആത്മീയകാര്യങ്ങള്‍ നോക്കിയാല്‍ മതി – സ്വത്ത് ഭരിക്കാന്‍ അത്മായര്‍ക്കറിയാം – സ്വത്ത് അവരുടേതാണ് എന്നതൊക്കെയാണ്. കേള്‍ക്കുമ്പോള്‍ ന്യായമെന്നു തോന്നാമെങ്കിലും സഭാപാരമ്പര്യത്തിന്റെയും നിയമത്തിന്റെയും ആത്മീയതയുടെയും കണ്ണുകളിലൂടെ നോക്കുമ്പോള്‍ സഭയുടെ സ്വത്ത് തന്നെ എന്തിനുള്ളതാണെന്ന് നാം അറിയേണ്ടിയിരിക്കുന്നു. പരിശോധിക്കേണ്ടിയിരിക്കുന്നു. പൗരസ്ത്യസഭകള്‍ക്കുവേണ്ടിയുള്ള കാനന്‍ നിയമം 1007-ാം നമ്പര്‍ ഇങ്ങനെയാണ് പറയുന്നത്: നാലു കാര്യങ്ങള്‍ക്ക് വേണ്ടിയാണ് സഭയ്ക്ക് സ്വത്ത് ഉണ്ടായിരിക്കുന്നത്

1. ദൈവാരാധന നടത്താന്‍

2. സ്ഥലകാലങ്ങള്‍ക്കനുയോജ്യമായി കൂദാശകള്‍ പരികര്‍മ്മം ചെയ്യാന്‍

3. വിവിധങ്ങളായ അപ്പസ്തോലികപ്രവര്‍ത്തനങ്ങള്‍ക്കും പരസ്നേഹപ്രവര്‍ത്തനങ്ങള്‍ക്കും

4. സഭാശുശ്രൂഷകര്‍ക്ക് ന്യായമായ ജീവിതസൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍

അതുകൊണ്ട് സഭയുടെ സ്വത്ത് ആത്മീയകാര്യങ്ങള്‍ക്കുവേണ്ടിയുള്ളതാണ്. അതിനല്ലാതെയുള്ള സ്വത്ത് സഭക്കാവശ്യമില്ലതാനും. ഇക്കാര്യങ്ങള്‍ക്കുവേണ്ടിയാണ് സഭ സ്വത്ത് സമ്പാദിക്കുന്നതും… ഇന്ന് ചര്‍ച്ച് ആക്ട് വാദക്കാരുടെ വാദഗതികള്‍ പരിശോധിക്കുമ്പോള്‍ സ്വത്ത് സമ്പാദനവും സ്വത്ത് കൈകാര്യവുമാണ് അവരുടെ പരിഗണനയിലിരിക്കുന്ന പ്രഥമവിഷയം. ഇതൊരു വലിയ ആത്മീയപ്രതിസന്ധി കൂടിയാണ്. ആത്മീയകാര്യങ്ങള്‍ക്കുവേണ്ടി മാത്രം ഈ ലോകത്തില്‍ ഉപകാരപ്പെടുന്ന സ്വത്തിന്റെ പേരു പറഞ്ഞ് വിശ്വാസികളെ ആത്മീയനേതൃത്വത്തിനെതിരെ ഭിന്നിപ്പിക്കുകയും സഭയുടെ പരിശുദ്ധ പാരമ്പര്യത്തെ നിഷേധിക്കാന്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്യുന്ന പൈശാചികകൃത്യമാണ് ഇത്. സ്വത്ത് കൈകാര്യം ചെയ്യാനുള്ള സംവിധാനമല്ല സഭയെന്ന് നിര്‍ബന്ധബുദ്ധ്യാ ഇവരെ ബോദ്ധ്യപ്പെടുത്തേണ്ടിയിരിക്കുന്നു. മറിച്ച്, സഭയുടെ ആത്മീയശുശ്രൂഷക്ക് ഈ ലോകത്തിലുള്ള ഒരു പിന്തുണ മാത്രമാണ് സഭയുടെ സ്വത്ത്… ഇവയെ തമ്മില്‍ വേര്‍തിരിച്ചവതരിപ്പിച്ചും ജഡികകാഴ്ചപ്പാടിലൂടെ സഭാകൂട്ടായമയുടെ തകര്‍ച്ച ലക്ഷ്യം വെച്ചും നടത്തപ്പെടുന്ന മുന്നേറ്റങ്ങളെ തിരിച്ചറിയാന്‍ നാം ഒട്ടും വൈകിക്കൂടാ.

സഭയുടെ സ്വത്ത് ആത്മീയാവശ്യത്തിനുവേണ്ടി മാത്രമാണ് എന്നതുകൊണ്ടുതന്നെ ആത്മീയകാര്യങ്ങള്‍ നോക്കുന്ന വൈദികരും മെത്രാന്മാരും ആത്മീയാവശ്യങ്ങള്‍ക്കായി സഭാസ്വത്ത് ഉപയോഗപ്പെടുത്തുന്നു എന്നത് സത്യമാണ്. എന്നാല്‍, വൈദികനും മെത്രാനുമാണോ സഭാസ്വത്തിന്റെ ഉടമസ്ഥര്‍? ഒരിക്കലുമല്ല…. കാനന്‍ നിയമം നമ്പര്‍ 1008 പറയുന്നു, ഭൗതികവസ്തുക്കള്‍ ഏത് നൈയാമികവ്യക്തി നിയമപ്രകാരം സമ്പാദിച്ചിരിക്കുന്നുവോ ആ വ്യക്തിക്കായിരിക്കും അവയുടെ ഉടമസ്ഥാവകാശം. ഇനി ഇടവകയിലേക്ക് നോക്കൂ… ഇടവകയുടെ സ്വത്തിന്റെ ഉടമസ്ഥാവകാശം ആര്‍ക്കാണ് – ഇടവക എന്ന നൈയാമികവ്യക്തിക്കാണ്. വൈദികനോ, മെത്രാനോ അല്ല. ഇപ്പോഴും സഭാസ്വത്തിന്റെ ഉടമസ്ഥര്‍ വിശ്വാസികള്‍ തന്നെയാണ്… ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയട്ടെ, സഭാസ്വത്തിന്റെ ഒരു ഉടമസ്ഥാവകാശവും വൈദികര്‍ക്കോ മെത്രാന്മാര്‍ക്കോ മാര്‍പാപ്പക്കോ ഇല്ലാ, ഇല്ലാ, ഇല്ലാ….

എത്ര സുന്ദരമായാണ് കേരളത്തിലെ വിശ്വാസികളെ തത്പരകക്ഷികള്‍ തെറ്റിദ്ധരിപ്പിക്കുന്നത് എന്നു നോക്കൂ…. വിശ്വാസികളുടെ സ്വത്ത് വിശ്വാസികള്‍ക്ക് ലഭിക്കുമത്രേ… ഹേയ് വിശ്വാസികളേ, മണ്ടന്മാരാകരുത്…. വിവരദോഷികളും തത്പരകക്ഷികളും നടത്തുന്ന കുപ്രചരണങ്ങളെ വിശ്വസിക്കരുത്…. സഭാസ്വത്തിന്റെ ഉടമസ്ഥര്‍ നിങ്ങള്‍ തന്നെയാണ്. ചര്‍ച്ച് ആക്ടിലൂടെ അത് വീണ്ടും നിങ്ങള്‍ക്ക് തന്നെ തരുമെന്ന് പറയുന്നതിന്റെ പിന്നിലെ കുടിലതന്ത്രം തിരിച്ചറിയണം. സഭാസ്വത്ത് വിശ്വാസികളുടേത് തന്നെയാണെന്ന് മനസ്സിലാകാന്‍ വിശ്വാസികള്‍ ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്.

1. ഇടവകയുടെ സ്വത്തില്‍ നിന്ന് ഒരു സെന്റ് ഭൂമി സ്വന്തമായി വില്‍ക്കാന്‍ ഒരു വൈദികനോ മെത്രാനോ വിചാരിച്ചാല്‍ സാധിക്കുമോ?

2. ഇടവകയില്‍ എന്തെങ്കിലും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഒരു വൈദികന്‍ മാത്രമായി തീരുമാനിച്ചാല്‍ സാധിക്കുമോ?

3. വൈദികര്‍ മാറിമാറി വന്നിട്ടും ഇടവകകളുടെ സ്വത്ത് വകകള്‍ വര്‍ദ്ധിച്ചിട്ടുള്ളതല്ലാതെ അല്പമെങ്കിലും കുറഞ്ഞതായി ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ.?

4. കത്തോലിക്കാസഭയുടെ ദേവാലയങ്ങളും മറ്റ് സ്ഥാപനങ്ങളും മോടിയിലും വലിപ്പത്തിലും വര്‍ദ്ധിക്കുന്നതല്ലാതെ എവിടെയാണ് അന്യാധീനപ്പെടുന്നതായി ചൂണ്ടിക്കാണിക്കാന്‍ സാധിക്കുക.?

ചുറ്റുപാടുകളിലേക്ക് ശ്രദ്ധയോടെ നോക്കുമ്പോള്‍ ഒരു വൈദികനും തനിക്ക് കുടുംബപരമായുള്ള സാമ്പത്തികസ്ഥിതിയേക്കാള്‍ മെച്ചപ്പെട്ട ഒരവസ്ഥയിലേക്ക് എത്തിപ്പെട്ടുവെന്ന് കേരളത്തിലെവിടെയും ആര്‍ക്കും ചൂണ്ടിക്കാണിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ സഭാസ്വത്ത് വിശ്വാസികളുടെ കൈകളിലാണെത്തേണ്ടത് എന്ന് വാദിക്കുന്നതിലെ യുക്തി എന്താണ്.

സഭാസ്വത്ത് കൈകാര്യം ചെയ്യുന്നതില്‍ അശ്രദ്ധയും അനാസ്ഥയും ഉണ്ടാകാതിരിക്കുന്നതിനുള്ള മേല്‍നോട്ടാധികാരമാണ് മാര്‍പാപ്പയുടേതും മെത്രാന്മാരുടേതും വൈദികരുടേതും. ചര്‍ച്ച് ആക്ടിലൂടെ സംഭവിക്കാന്‍ പോകുന്നത് ഇപ്പോള്‍ത്തന്നെ ഇടവകയെന്ന നൈയാമികവ്യക്തിക്ക് ഉടമസ്ഥാവകാശമുള്ളതും ഇടവകയുടെ പ്രതിനിധിയോഗത്തിനും പൊതുയോഗത്തിനും സ്വതന്ത്രതീരുമാനങ്ങളോടെ കൈകാര്യം ചെയ്യാനാകുന്നതുമായ സ്വത്തിന്റെയും അതുവഴി ആത്മീയകാര്യങ്ങളുടെയും മേല്‍ സര്‍ക്കാര്‍സംവിധാനത്തിന്റെ ഒരു നിയന്ത്രണം കൂടി വരാന്‍ പോകുന്നുവെന്നതാണ് സത്യം. അതായത് വൈദികരുടെ കയിലാണ് സഭാസ്വത്ത് എന്ന് പറഞ്ഞ് പറ്റിച്ച് യഥാര്‍ത്ഥത്തില്‍ വിശ്വാസികളുടെ കൈവശമിരിക്കുന്ന സഭാസ്വത്തിന്റെ മേല്‍ സര്‍ക്കാര്‍നിയന്ത്രണം കൊണ്ടുവരാനുള്ള ദീര്‍ഘകാല അജണ്ട ഇവിടെ പ്രാവര്‍ത്തികമാകുന്നു എന്ന് ചുരുക്കം. സ്വത്ത് സര്‍ക്കാര്‍ കൊണ്ടുപോവുകയൊന്നുമില്ല… അതൊക്കെ സത്യമാണ്. എന്നാല്‍ സ്വത്തിന് മേല്‍ ഇടവകാസമൂഹത്തിനുള്ള നിയന്ത്രണാധികാരത്തിന് മേല്‍ ഇനിയുമൊരു സര്‍ക്കാര്‍സംവിധാനംകൂടി രൂപപ്പെടുകയും സംര്‍ക്കാര്‍സംവിധാനങ്ങളുടെ നൂലാമാലകളും നീക്കുപോക്കുശൈലികളും സഭാജീവിതത്തിലും കയറിപ്പറ്റുകയും ചെയ്യും. അതുവഴിയായി സഭയുടെ ആത്മീയജീവിതം അസ്വസ്ഥമാവുകയും പലവിധ നിയന്ത്രണങ്ങള്‍ വഴിയായി മനസ്സ് മടുക്കുന്ന വൈദികഗണം കേവലം കൂദാശകളുടെ പരികര്‍മ്മികള്‍ മാത്രമായിത്തീരുകയും ക്രൈസ്തവസമുദായം ഉറകെട്ടുപോയ ഉപ്പായിപ്പരിണമിക്കുകയും ചെയ്യും.

അതുകൊണ്ട്…
ചര്‍ച്ച് ആക്ട് വാദം വെറും തട്ടിപ്പാണെന്ന് വിശ്വാസസമൂഹം മനസ്സിലാക്കിയില്ലെങ്കില്‍ കേരളത്തിലെ ക്രൈസ്തവസഭകളുടെ ഭാവിസുരക്ഷിതത്വം അനിശ്ചിതത്വത്തിലേക്ക് വഴുതിവീഴുമെന്ന് തീര്‍ച്ച.

വിനാശത്തിന്റെ അശുദ്ധലക്ഷണം നില്ക്കരുതാത്തിടത്ത് നില്ക്കുന്നത് കാണുമ്പോള്‍ – നമുക്ക് പ്രാര്‍ത്ഥിക്കാം.

Leave a Reply

Your email address will not be published. Required fields are marked *