സോഷ്യല്‍ മീഡിയയ്ക്ക് ഇപ്പോള്‍ സാമൂഹ്യജീവിതത്തില്‍ നിര്‍ണായകമായ സ്വാധീനമുണ്ട്. പത്രങ്ങളോ ടെലിവിഷന്‍ ചാനലുകളിലെ വാര്‍ത്തകളോ ശ്രദ്ധിക്കാത്തവരും വാട്ട്‌സാപ്പ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നു. ഇത്തരം മാധ്യമങ്ങളില്‍ വരുന്നതെല്ലാം ശരിയാണെന്നു ചിന്തിക്കുന്നവരാണ് വലിയൊരു ശതമാനവും. നവ മാധ്യമങ്ങളെ ഉപയോഗിച്ച് വ്യക്തികളെയും പ്രസ്ഥാനങ്ങളെയും സ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവരുമുണ്ട്. വര്‍ഗീയ സംഘര്‍ഷങ്ങളോ രാഷ്ട്രീയ സംഘഷങ്ങളോ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് ദിവസങ്ങളോളം വിച്ഛേദിക്കുന്നത് പതിവാണ്. നവ മാധ്യമങ്ങളെ അസത്യപ്രചാരണത്തിന് ഉപയോഗിക്കുന്നത് തടയുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്.
സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷങ്ങള്‍ സംജാതമായാല്‍ സംശയങ്ങളോ തെറ്റിദ്ധാരണകളോ ജനിപ്പിക്കുന്നവിധത്തില്‍ വാര്‍ത്തകള്‍ വരാതിരിക്കാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍, ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ എതിരാളിയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ നവമാധ്യമങ്ങളെ ഉപയോഗിക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. എതിര്‍പക്ഷത്തുള്ളവരോട് വെറുപ്പ് ജനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടത്തും. നടക്കാത്ത കാര്യങ്ങള്‍ ഭാവനയിലൂടെ സൃഷ്ടിച്ചും ചെറിയ സംഭവങ്ങളെ പര്‍വ്വതീകരിച്ചുമാണ് ഇത്തരം വാര്‍ത്തകള്‍ ഇടം നേടുന്നത്. സംഘര്‍ഷസ്ഥലത്തുനിന്നുള്ള ചിത്രങ്ങള്‍ എന്ന പേരില്‍ പ്രചരിപ്പിക്കുന്നത് ആ രാജ്യത്ത് നടന്ന സംഭവംപോലും ആയിരിക്കില്ല. യാഥാര്‍ത്ഥ്യം തിരിച്ചറിയാതെയാണ് ജനങ്ങള്‍ പലപ്പോഴും വൈകാരികമായി പ്രതികരിക്കുന്നത്. ജനങ്ങളെ തമ്മിലടിപ്പിച്ച്, അവരുടെ ഇടയില്‍ ഭിന്നതയും വൈരാഗ്യവും സൃഷ്ടിച്ച് മുതലെടുപ്പ് നടത്തുകയെന്ന ഗൂഢലക്ഷ്യമാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്.
ക്രൈസ്തവ വിശ്വാസത്ത അവഹേളിക്കാനും അപകീര്‍ത്തിപ്പെടുത്താനും നവമാധ്യമങ്ങളെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുന്ന കാലമാണ് ഇത്. വിശ്വാസത്തെ ചോദ്യം ചെയ്യുന്നതിനൊപ്പം ക്രൈസ്തവ ബിംബങ്ങളെയും പുരോഹിതരെയും സന്യസ്തരെയും മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുന്നു. വിശ്വാസത്തെ ചോദ്യംചെയ്യുകയും മറ്റുചിലപ്പോള്‍ കൂദാശകളെ കളിയാക്കുകയും വിമര്‍ശിക്കുകയും ചെയ്യും. വിശ്വാസികളില്‍ ഇടര്‍ച്ച സൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ചില പോസ്റ്റുകള്‍ കാണുമ്പോള്‍ അതില്‍ ചില ശരികളില്ലേ എന്നുള്ള ചിന്ത പലരിലും ജനിപ്പിക്കുന്ന വിധത്തിലായിരിക്കും അവ തയാറാക്കുന്നത്. വളരെ ബുദ്ധിപൂര്‍വമാണ് ഇത്തരം പോസ്റ്റുകള്‍ സൃഷ്ടിക്കുന്നതെന്ന് ചുരുക്കം. സഭയെ അവഹേളിക്കുവാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇതിന്റെ പിന്നില്‍. ഇത്തരം പ്രചാരണങ്ങളിലൂടെ ക്രൈസ്തവ വിശ്വാസം തകര്‍ന്നുപോകുമെന്നല്ല. എങ്കിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.
തുടക്കകാലത്ത് സോഷ്യല്‍ മീഡിയയ്ക്ക് ഉണ്ടായിരുന്ന വിശ്വാസ്യത ഇപ്പോഴില്ല. ഈ മാധ്യമങ്ങള്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ വിസ്മരിച്ചുകൊണ്ടല്ല ഇതു പറയുന്നത്. മൂടിവയ്ക്കപ്പെട്ട വാര്‍ത്തകളും നീതിനിഷേധത്തിന്റെ കഥകളുമൊക്കെ നവമാധ്യമങ്ങളുടെ ഇടപെടലുകള്‍ വഴി പുറത്തുവരികയും അവയ്ക്ക് പരിഹാരം ഉണ്ടാകുകയും ചെയ്ത അനേകം സംഭവങ്ങളുണ്ട്. യഥാര്‍ത്ഥത്തില്‍ വലിയൊരു സാധ്യതയായിരുന്നു സമൂഹത്തിന് ഇതുവഴി ലഭിച്ചത്. എന്നാല്‍, ലക്ഷ്യം മാറി ഉപയോഗിച്ചതുവഴി അതിന്റെ സാധ്യതകളെ സമൂഹംതന്നെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. ലോകത്തില്‍ വിസ്മയകരമായ മാറ്റങ്ങള്‍ക്ക് കാരണമായ കണ്ടുപിടുത്തങ്ങള്‍ക്ക് സംഭവിച്ച അപകടം ഇവിടെയും ഉണ്ടായിരിക്കുന്നു. അവ മനുഷ്യന് എതിരെ പ്രയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ അവയുടെ പ്രസക്തി പതിയെ ഇല്ലാതായി.
വാര്‍ത്തകളും വിശകലനങ്ങളും അറിയാന്‍ സോഷ്യല്‍ മീഡിയയെ മാത്രം ആശ്രയിക്കുന്ന രീതി നല്ലതല്ല. സോഷ്യല്‍ മീഡിയയില്‍ വരുന്ന പോസ്റ്റുകള്‍ വായിച്ചു മനസിലാക്കിയതിനുശേഷം മാത്രമേ അതു ഷെയര്‍ ചെയ്യാവൂ. സത്യാവസ്ഥ അറിയാതെ ഷെയര്‍ ചെയ്യുന്ന രീതിയും ഒഴിവാക്കേണ്ടതാണ്. ആരാണ് അത് ഇട്ടിരിക്കുന്നതെന്ന കാര്യവും വളരെ പ്രധാനപ്പെട്ടതാണ്. ഐ.ടി ആക്ട് പ്രകാരം പോസ്റ്റ് ഇടുന്നവരും ഷെയര്‍ ചെയ്യുന്നവരും നിയമത്തിന്റെ മുമ്പില്‍ ഒരേ കുറ്റമാണ് ചെയ്യുന്നതെന്ന് ഓര്‍ക്കണം. നിയമത്തിന്റെ മുമ്പില്‍ തെറ്റുകാരാകുമെന്നുമാത്രമല്ല, മനഃപൂര്‍വമല്ലെങ്കിലും വ്യാജം പ്രചരിപ്പിക്കുന്നതില്‍ നമ്മളും പങ്കുചേരുകയാണ്. ചിന്തിക്കാതെ ചെയ്യുന്ന ഇങ്ങനെയുള്ള പ്രവൃത്തികള്‍ അനേകരുടെ സത്‌പേരും വിശ്വാസ്യതയും തകര്‍ക്കുന്നതിന് കാരണമായിട്ടുണ്ട്.
വിശ്വാസത്തെ അവഹേളിക്കുകയും വിശ്വാസികളെ പരിഹസിക്കുകയും ചെയ്യുന്ന പോസ്റ്റുകള്‍ വരുംകാലത്ത് വര്‍ധിച്ചുവരും. അതുകണ്ട് ഭയപ്പെടേണ്ടതില്ല. മാധ്യമങ്ങളില്‍ വരുന്ന പല വാര്‍ത്തകളും പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. സ്ഥാപനങ്ങളുടെ കാഴ്ചപ്പാടുകളനുസരിച്ച് വാര്‍ത്തകള്‍ പലവിധത്തില്‍ വളച്ചൊടിക്കപ്പെടുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ നവമാധ്യമങ്ങളില്‍ വരുന്നത് എന്തും കണ്ണടച്ച് വിശ്വസിക്കുന്നത് ഒഴിവാക്കണം. വിവേകത്തോടെ ഇത്തരം വാര്‍ത്തകളെ സമീപിക്കുകയും വേണം.
കടപ്പാട്- സണ്‍ഡേ ശാലോം










Leave a Reply