വിശുദ്ധ വിന്‍സെന്റ് ഫെറര്‍ (1357-1419)
പ്രൊഫ. തോമസ് കണയംപ്ലാവന്‍
വിശുദ്ധ പാട്രിക്കിനെയും വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെയും പോലെ പ്രേഷിത തീക്ഷ്ണതകൊണ്ടു ജ്വലിച്ചിരുന്ന ഒരു മഹാ മിഷനറിയായിരുന്നു ഡൊമിനിക്കന്‍ സഭാംഗമായ വിശുദ്ധ വിന്‍സെന്റ് ഫെറര്‍ (St. Vincent Ferrer). പതിനായിരത്തിലധികം യഹൂദരെയും ആയിരക്കണക്കിനു മുസ്ലിങ്ങളെയും അദ്ദേഹം മാനസാന്തരപ്പെടുത്തി. ഭാഷാവരവും അത്ഭുതപ്രവര്‍ത്തനവരവും കൊണ്ട് അനുഗൃഹീതനായിരുന്ന അദ്ദേഹം ”വിധിയുടെ മാലാഖ” (Angel of Judgement) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
ജനനം, വിദ്യാഭ്യാസം, ദൈവവിളി
അത്ഭുതസിദ്ധികള്‍ കൊണ്ട് പില്‍ക്കാലത്ത് പ്രശസ്തനായിത്തീര്‍ന്ന ഈ അപ്പസ്‌തോലന്‍ സ്‌പെയിനിലെ വലെന്‍സിയ (Valencia) എന്ന പ്രദേശത്ത് 1357-ല്‍ ജനിച്ചു. സുകൃതാഭ്യാസത്തിനും ദാനധര്‍മ്മത്തിനും പുകള്‍പെറ്റവരായിരുന്നു മാതാപിതാക്കള്‍. വിന്‍സെന്റിന്റെ ഒരു സഹോദരനായ ബോനിഫസ് കാര്‍ത്തൂസിയന്‍ സഭയുടെ ജനറലായിരുന്നു. വിന്‍സെന്റ് ബാല്യം മുതലേ പ്രാര്‍ത്ഥനാശീലത്തില്‍ വളര്‍ന്നുവന്നു. എല്ലാ ബുധനാഴ്ചയും വെള്ളിയാഴിചയും അവന്‍ ഉപവസിച്ചു പോന്നു. ഈശോയുടെ പീഡാനുഭവത്തോട് അവന് ആര്‍ദ്രമായ ഭക്തിയുണ്ടായിരുന്നു.
പഠനത്തില്‍ അതിസമര്‍ത്ഥനായിരുന്ന വിന്‍സെന്റ് 12 വയസ്സുമുതല്‍ തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചുതുടങ്ങി. 18-ാമത്തെ വയസ്സില്‍ അവന്‍ ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്നു. 3 വര്‍ഷത്തേക്ക് ആ യുവാവ് വിശുദ്ധഗ്രന്ഥം മാത്രമാണു പഠിച്ചത്. ബൈബിള്‍ അവനു മനഃപാഠമായിരുന്നു. 28-ാമത്തെ വയസ്സില്‍ വിന്‍സെന്റ് ഡോക്ടറേറ്റ് നേടി.
ഇതിനോടകം അദ്ദേഹം പ്രേഷിതപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. വലെന്‍സിയായിലെ യഹൂരെയെല്ലാം അദ്ദേഹം മാനസാന്തരപ്പെടുത്തി. അവരുടെ സിനഗോഗ് ഒരു പള്ളിയായി മാറി. പതിനായിരത്തോളം യഹൂദരെ നയിച്ചുകൊണ്ടാണത്രെ അദ്ദേഹം സിനഗോഗില്‍ പ്രവേശിച്ചത്.
അന്ന് സഭയെ പീഡിപ്പിച്ചിരുന്ന വലിയ ശീശ്മ (Schism) ഫാദര്‍ വിന്‍സെന്റിന്റെ ഹൃദയത്തെ അങ്ങേയറ്റം വേദനിപ്പിച്ചു, ദുഃഖാധിക്യത്താല്‍ അദ്ദേഹം മരണത്തിന്റെ വക്കോളമെത്തി. എന്നാല്‍ നമ്മുടെ കര്‍ത്താവ് മഹത്ത്വത്തോടെ അദ്ദേഹത്തിനു പ്രത്യക്ഷപ്പെട്ട് പാപികളുടെ മാനസാന്തരത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
പ്രസംഗത്തിലൂടെയുള്ള പ്രേഷിതത്വം
ഫാദര്‍ വിന്‍സെന്റിന്റെ പ്രധാന പ്രേഷിതവേല പ്രസംഗമായിരുന്നു. ഈശോയുടെ ക്രൂശിതരൂപത്തിന്റെ മുമ്പിലിരുന്ന് ധ്യാനിച്ചും പ്രാര്‍ത്ഥിച്ചുമാണ് അദ്ദേഹം പ്രസംഗങ്ങള്‍ തയ്യാറാക്കിയിരുന്നത്. അതിനാല്‍ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ശ്രോതാക്കളുടെ ഹൃദയങ്ങളെ സ്പര്‍ശിക്കുകയും നയനങ്ങളെ അശ്രുപൂര്‍ണ്ണങ്ങളാക്കുകയും ചെയ്തിരുന്നു. പാപം, മരണം, വിധി, നരകം, നിത്യത്വം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണവിഷയങ്ങള്‍. അന്ത്യവിധി ആസന്നമെന്ന് അദ്ദേഹം പ്രസംഗിച്ചിരുന്നു. എന്നാല്‍ അതു പാപികളെ മാനസാന്തരപ്പെടുത്താന്‍ വേണ്ടിയായിരുന്നു. അതുകൊണ്ടാണ് ”വിധിയുടെ മാലാഖ” എന്ന പേര് അദ്ദേഹത്തിനു സിദ്ധിച്ചത്. ആ പ്രവചനം ശരിയായില്ലല്ലോ എന്നു പറയുന്നവരുണ്ട്. മാനസാന്തരവും പ്രാര്‍ത്ഥനയും പ്രായശ്ചിത്തവുമുണ്ടെങ്കില്‍ ദൈവശിക്ഷ അകന്നുപോകാം. യൗനാന്‍ ദീര്‍ഘദര്‍ശിയുടെ വാക്കുകള്‍ കേട്ട് അനുതപിച്ച നിനിവേനഗരത്തില്‍ നിന്ന് ദൈവശിക്ഷ മാറിപ്പോയി. മാനസാന്തരവും പാര്‍ത്ഥനയുമുണ്ടെങ്കില്‍ ലോകാവസാനത്തിന്റെ സമയം തന്നെയും ദൈവം നീട്ടിവച്ചെന്നുവരാം.
ഫാദര്‍ വിന്‍സെന്റിന്റെ അത്ഭുതകരമായ പ്രേഷിതവേല 21 വര്‍ഷം നീണ്ടുനിന്നു. യൂറോപ്പു മുഴുവനിലും – സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, സ്വിറ്റ്‌സ്വര്‍ലണ്ട്, ഇംഗ്ലണ്ട്, അയര്‍ലണ്ട്, സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും – അദ്ദേഹം ചുറ്റി സഞ്ചരിച്ച് പ്രസംഗിച്ചു. ശ്രോതാക്കളെ അനുതാപത്തിലേക്കും സുവിശേഷത്തിലേക്കും അദ്ദേഹം ക്ഷണിച്ചു. ദിവസം രണ്ടു പ്രാവശ്യം ‘അത്ഭുതമണി’ (miracle bell) മുഴങ്ങും – രോഗികളെയും, അന്ധരെയും, മുടന്തരെയും സൗഖ്യലബ്ദിക്കായി ക്ഷണിക്കാന്‍ ദൈവമഹത്ത്വത്തിനും സുവിശേഷപ്രചാരണത്തിനുമായിട്ടാണ് അദ്ദേഹം നൂറുകണക്കിന് അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചത്.
ഭാഷാവരം
അത്ഭുതപ്രവര്‍ത്തനവരത്തോടൊപ്പം ഫാദര്‍ വിന്‍സെന്റിന് ഭാഷാവരവും ലഭിച്ചിരുന്നു. സ്പാനീഷ് ഭാഷയിലാണ് അദ്ദേഹം പ്രസംഗിച്ചിരുന്നത്. എന്നാല്‍ ശ്രോതാക്കള്‍ സ്വന്തം ഭാഷകളില്‍ ആ പ്രസംഗങ്ങള്‍ കേട്ടിരുന്നുവത്രെ! മറ്റുള്ളവരോടുള്ള സംഭാഷണത്തില്‍ അദ്ദേഹം ഇതരഭാഷകള്‍ – ഇംഗ്ലീഷും ഫ്രഞ്ചും ഇറ്റാലിയനുമൊക്കെ – അനായാസം സംസാരിക്കുമായിരുന്നു.
പ്രസംഗവും പ്രാര്‍ത്ഥനയും
ഒരിക്കല്‍ ഒരു മാന്യന്‍ തന്റെ പ്രസംഗം കേള്‍ക്കാന്‍ വരുന്നുണ്ടെന്നു കേട്ട ഫാദര്‍ വിന്‍സെന്റ് നല്ലവണ്ണം പഠിച്ചൊരുങ്ങിയാണു പുറപ്പെട്ടത്. പക്ഷേ, സമയക്കുറവുമൂലം പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞില്ല. അന്നത്തെ പ്രലംഗം അയാള്‍ക്ക് ഹൃദയസ്പര്‍ശിയായി തോന്നിയില്ല. മറ്റൊരുദിവസം അതേ മനുഷ്യനു വിന്‍സെന്റച്ചന്റെ പ്രഭാഷണം ഹൃദയസ്പര്‍ശിയായി അനുഭവപ്പെട്ടു. കാരണം ആരാഞ്ഞപ്പോള്‍ അച്ചന്‍ പറഞ്ഞു:
”ആദ്യദിവസം വിന്‍സെന്റാണു പ്രസംഗിച്ചത്; രണ്ടാമത്തെ ദിവസം വിന്‍സെന്റിലൂടെ ഈശോമിശിഹായാണു സംസാരിച്ചത്.” ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്: പ്രാര്‍ത്ഥനയുടെ പിന്‍ബലമില്ലാത്ത ആത്മീയപ്രഭാഷണങ്ങള്‍ക്ക് മനുഷ്യഹൃദയങ്ങളെ സ്പര്‍ശിക്കാനാവുകയില്ല.
അത്ഭുതങ്ങളുടെ ബാഹുല്യം
വിശുദ്ധ പാട്രിക്കിന്റെ കാര്യത്തിലെന്നപോലെ അത്ഭുതങ്ങളുടെ ബാഹുല്യം കൊണ്ട് അനുഗൃഹീതമായിരുന്നു വിശുദ്ധ വിന്‍സെന്റിന്റെ പ്രവര്‍ത്തനങ്ങള്‍. അന്ധരും, മുടന്തരും, രോഗികളും, പിശാചുബാധിതരുമൊക്കെ വിശുദ്ധ വിന്‍സെന്റിന്റെ പ്രാര്‍ത്ഥന കൊണ്ട് സുഖം പ്രാപിച്ചിരുന്നു. ബാര്‍സെലോണിയിലെ ബിഷപ്പായിരുന്ന ജോണ്‍ സോളെറിനുണ്ടായിരുന്ന മുടന്ത് അത്ഭുതകരമായി മാറ്റിയത് ഫാദര്‍ വിന്‍സെന്റാണ്.
അനേകം പിശാചുബാധിതരെ സ്പര്‍ശനം കൊണ്ട് അദ്ദേഹം സുഖപ്പെടുത്തിയിട്ടുണ്ട്. പിശാചുക്കള്‍ക്ക് ഈ ദൈവദാസനെ ഭയമായിരുന്നു. ചിലപ്പോള്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുള്ള സ്ഥലത്തെത്തിയാല്‍ പിശാചുബാധിതരില്‍ നിന്ന് ദുഷ്ടാരൂപികള്‍ ഒഴിഞ്ഞു പോകുമായിരുന്നത്രെ!
ഫാദര്‍ വിന്‍സെന്റ് തന്റെ ജീവിതകാലത്ത് മരിച്ച 28 പേരെ ഉയിര്‍പ്പിക്കുകയുണ്ടായി. ഇവരിലധികം പേരും തുടര്‍ന്ന് ജീവിച്ച ശേഷമാണു മരിച്ചത്. ചിലര്‍ പുനരുജ്ജീവനത്തിനു ശേഷം സ്വാഭീഷ്ടമനുസരിച്ച് വീണ്ടും മരണത്തെ ആശ്ലേഷിച്ചിട്ടുമുണ്ട്. വിശുദ്ധന്റെ മരണശേഷം അദ്ദേഹത്തിന്റെ മാദ്ധ്യസ്ഥ്യം വഴിയായി പുനരുജ്ജീവനം പ്രാപിച്ചവരുമുണ്ട്.
ഈ അത്ഭുതങ്ങളൊക്കെയും നടന്നത് ദൈവത്തിന്റെ ശക്തികൊണ്ടാണ്; ദൈവമഹത്ത്വത്തിനും സുവിശേഷപ്രചാരണത്തിനും വേണ്ടിയാണ്. വിശുദ്ധര്‍ അവിടുത്തെ ശക്തിയുടെയും കരുണയുടെയും പ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങളാണെന്നു മാത്രം.
കൃതികള്‍
ആദ്ധ്യാത്മികജീവിതം, ആന്തരിക മനുഷ്യന്‍, കര്‍തൃജപം, പ്രലോഭനങ്ങളിലുള്ള ആശ്വാസം, വിശ്വാസത്തിനെതിരായി, ഏഴു കത്തുകള്‍ എന്നിവയാണ് ഫാദര്‍ വിന്‍സെന്റിന്റെ കൃതികള്‍. സംഭവബഹുലവും അത്ഭുതബഹുലവുമായ ജീവിതത്തിനിടയിലും അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനാജീവിതവും അഗാധമായ എളിമയും മാറ്റമില്ലാതെ നിലകൊണ്ടു. ‘ആദ്ധ്യാത്മികജീവിതം’ എന്ന ഗ്രന്ഥത്തില്‍ അദ്ദേഹം എഴുതി: ”എന്റെ ജീവിതം മുഴുവന്‍ ദുര്‍ഗന്ധമല്ലാതെ മറ്റൊന്നുമല്ല. എന്റെ ആത്മാവും ശരീരവും വ്രണിതമാണ്. എന്റെ പാപങ്ങളും അനീതികളും നിമിത്തം എന്റെ ജീവിതം ചീഞ്ഞുനാറുന്നു.” എത്ര അഗാധവും വിനീതവുമായ പാപബോധമാണ് ഈ വാക്കുകളില്‍ പ്രതിഫലിക്കുന്നത്. ഒരു വിശുദ്ധനു മാത്രം എഴുതാന്‍ കഴിയുന്ന വാക്കുകള്‍! അതുപോലെ തന്ന ഇതേ ഗ്രന്ഥത്തില്‍ അദ്ദേഹം ഒരു വലിയ ആത്മീയസത്യം എടുത്തുപറയുന്നു: ”വിനയത്തിന്റെ ഗുരുവായ മിശിഹാ എളിമയുള്ളവര്‍ക്കു സത്യം വെളിപ്പെടുത്തുന്നു; അഹങ്കാരികളില്‍ നിന്ന് അവിടുന്ന് അകന്നുമാറുന്നു.” വീണ്ടും അദ്ദേഹം നമ്മോടു പറയുന്നു: ”എന്തു ചെയ്യുകയാണെങ്കിലും സ്വന്തം കാര്യം ചിന്തിക്കാതെ ദൈവത്തെപ്പറ്റി ചിന്തിക്കുക.” ഈ സമ്പൂര്‍ണ്ണ സമര്‍പ്പണത്തിലും ദൈവൈക്യത്തിലുമാണ് വിശുദ്ധിയുടെ രഹസ്യം.
ഉപസംഹാരം
62 വയസ്സുവരെ ജീവിച്ച വിശുദ്ധ വിന്‍സെന്റ് വിശ്രമമില്ലാതെ അദ്ധ്വാനിച്ചു. അനുതാപത്തിന്റെ ആവശ്യവും ദൈവസ്‌നേഹത്തിന്റെ മാധുര്യവും അദ്ദേഹം പ്രസംഗിച്ചു നടന്നു. ജ്വലിക്കുന്ന ഒരു പന്തം പോലെയായിരുന്നു തീക്ഷ്ണമതിയായ അദ്ദേഹത്തിന്റെ ജീവിതം. അനേകരെ പ്രകാശിപ്പിച്ച ആ ദീപം അണയാറായി. പരിക്ഷീണനായ അദ്ദേഹം ഒടുവില്‍ വലെന്‍സിയായിലേക്കു മടങ്ങി. പത്തുദിവസം സുഖമില്ലാതെ കിടന്നു. പത്താം ദിവസം നമ്മുടെ കര്‍ത്താവിന്റെ പീഡാനുഭവം തന്നെ വായിച്ചുകേള്‍പ്പിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. 1419 ഏപ്രില്‍ 5-ാം തീയതി പെസഹാത്തിരുനാളിന്റെ തലേദിവസം അദ്ദേഹം സ്വര്‍ഗ്ഗീയവിരുന്നിനു ക്ഷണിക്കപ്പെട്ടു.










Leave a Reply