യേശു ആരെന്നുള്ള യാഥാർഥ്യം അപ്പോസ്തോലന്മാരെപ്പോലെതന്നെ വിശ്വാസി സമൂഹത്തെ പഠിപ്പിക്കുകയും പ്രഘോഷിക്കുകയും ചെയ്തവരാണ് അപ്പോസ്തോലിക പിതാക്കന്മാർ. അപ്പോസ്തോലന്മാർ പഠിപ്പിച്ചത് അവർ അണുവിട തെറ്റാതെ പിൻ തലമുറകൾക്കു പകർന്നു കൊടുത്തു :
വിശുദ്ധ ക്ലമന്റ് (എ. ഡി. 35-101)
സഭയിലെ ആദ്യത്തെ അപ്പസ്തോലിക പിതാവും നാലാമത്തെ മാര്പാപ്പായുമായ റോമിലെ വി. ക്ലമന്റ് പാപ്പാ കോറിന്തോസിലെ സഭക്കുള്ള രണ്ടു ലേഖനങ്ങളിലൂടെ യേശു ക്രിസ്തുവിന്റെ ദൈവത്വവും മനുഷ്യത്വവും വ്യക്തമായി അവതരിപ്പിച്ചു. ജീവിക്കുന്നവരുടെയും മരിച്ചവരുടെയും വിധി കർത്താവാണ് ദൈവമായ യേശു ക്രിസ്തു എന്നു അനുസ്മരിപ്പിച്ചുകൊണ്ടാണ് അദേഹത്തിന്റെ രണ്ടാമത്തെ ലേഖനം ആരംഭിക്കുന്നത് തന്നെ. ആ കത്തിൽ തുടർന്നു അദ്ദേഹം കുറിച്ചിരിക്കുന്നു : ” സഹോദരരെ, നാം ക്രിസ്തുവിനെ കുറിച്ച് ദൈവത്തെ എന്നപോലെ ചിന്തിക്കണം ” (2 ക്ലമന്റ് 1, 1)
അന്ത്യോക്യയിലെ വിശുദ്ധ ഇഗ്‌നേഷ്യസ് എ(എ ഡി 50-117)
യേശുവിന്റെ ദൈവത്വത്തെ കുറിച്ചും മനുഷ്യത്വത്തെ കുറിച്ചും അപ്പോസ്തോലനായ യോഹന്നാന്റെ ശിഷ്യനും അന്തോക്യായിലെ മെത്രാനുമായിരുന്ന വിശുദ്ധ ഇഗ്‌നേഷ്യസ് സഭാ സമൂഹത്തെ കൃത്യമായി പഠിപ്പിച്ചു. രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ക്രിസ്തുവിന്റെ ദൈവീകതയെ ചോദ്യം ചെയ്തതിനെതിരെ പ്രതികരിച്ച അദ്ദേഹം എഴുതി: ” യേശുക്രിസ്തുവിന്റെ ദൈവീകതയെ നിഷേധിക്കാൻവേണ്ടി മാത്രം ഒരു ദൈവമേയുള്ളു എന്നു വാദിക്കുന്നവൻ പിശാചാണ് “. തുടർന്നു അദ്ദേഹം പറയുന്നു : ” യേശു വെറുമൊരു മനുഷ്യനാണെന്ന് വാദിക്കുന്നവർ പ്രവാചകന്മാരുടെ വീക്ഷണ പ്രകാരം ശപിക്ക പെട്ടവനാകട്ടെ !” (അന്തോക്യാകാർക്കുള്ള കത്ത്, 5)എഫേസൂസ് കാർക്കുള്ള കത്തിൽ അദ്ദേഹം ഇപ്രകാരം എഴുതിയിരിക്കുന്നു : ” ശരീരികനും ആത്മീയനും ജനിച്ചവനും സൃഷ്ഠിയല്ലാത്തവനും ദൈവം മനുഷ്യ നായവനും മൃത്യു വിന്റെ മധ്യത്തിലുള്ള യഥാർത്ഥ ജീവനും… ആയ യേശു ക്രിസ്തുവാണ് ഒരേയൊരു വൈദ്യൻ “(7, 2).
ദൈവം മനുഷ്യനായതാണ് യേശു ക്രിസ്തുവെന്നു വ്യക്തമായ ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ” എന്റെ ദൈവത്തിന്റെ പീഡാനുഭവം ഞാൻ അനുകരിക്കട്ടെ ” എന്നു റോമയിലെ സഭയ്ക്കും (റോമക്കാർക്കുള്ള കത്ത് 6, 3), ” കാലാതീതനും കാലരഹിതനും അദൃശ്യനുമായ ഏകനെപ്പറ്റി ചിന്തിക്കുക ; അവൻ നമുക്കു വേണ്ടി ദൃശ്യനായി ; സ്പര്ശനത്തിനും സഹനത്തിനും അതീതനായ അവൻ നമുക്കുവേണ്ടി സഹനത്തിനധീനനാകുകയും നമുക്കു വേണ്ടി എല്ലാം സഹിക്കുകയും ചെയ്തു ” എന്ന് പോളികാർപ്പിനും (3, 2)ഇഗ്‌നേഷ്യസ് എഴുതുമ്പോൾ ദൈവത്തിന്റെ മനുഷ്യാവതാരവും പീഡാസഹനവും അദ്ദേഹം പ്രതെയ്കമാംവിധം അനുസ്മരിക്കുകയായിരുന്നു.
രക്ത സാക്ഷിയായ വി. ജസ്റ്റിൻ (എ ഡി 100-165)
രണ്ടാം നൂറ്റാണ്ടിലെ പ്രശസ്തനായ ഒരു വിശ്വാസസംരക്ഷകനായിരുന്ന ജസ്റ്റിൻ, കർത്താവും ദൈവവുമായ യേശു ക്രിസ്തു സത്തയിൽ സൈന്യങ്ങളുടെ കർത്താവും ദൈവവുമായവൻ തന്നെയാണെന്ന് സാക്ഷ്യ പ്പെടുത്തുന്നു (ട്രിഫൊയുമായുള്ള സംവാദം, 36). കൂടാതെ, പ്രവാചകൻ മാരുടെ സാക്ഷ്യങ്ങൾ ഗ്രഹിക്കാത്തവരാണ് യേശുവിന്റെ ദൈവത്വത്തെ നിരാകരിക്കുന്നവരെന്നും ജസ്റ്റിൻ ഓർമപ്പെടുത്തുന്നു (ട്രിഫൊയുമായുള്ള സംവാദം, 128-129).
സാർദിസിലെ മെലിറ്റോ (എ. ഡി. + 180)
മാംസം ധരിച്ച ദൈവമാണ് യേശു ക്രിസ്‌തുവെന്നു സാർദിസിലെ മെത്രാനായിരുന്ന മെലിറ്റോ തന്റെ വിഖ്യാതമായ പെസഹാ രഹസ്യ വിവരണത്തിൽ വ്യക്തമായി പഠിപ്പിച്ചു. ദൈവമായ യേശുവിനെ പീഡകളേൽപിച്ചതിനാലാണ് കാൽവരിയിൽ യേശുവിന്റെ മരണ നേരത്തു ഭൂമി അന്ധകാരപൂർണമായതെന്നു അദ്ദേഹം വിശദികരിക്കുന്നു. (പെരിപാസ്‌ക, 70-71).
ലിയോൺസിലെ ഇരണേവൂസ്(എ ഡി 130-202)
അപ്പോസ്തോലനായ യോഹന്നാന്റെ ശിഷ്യനായിരുന്ന പൊളിക്കാർപ്പിന്റെ ശിഷ്യനായിരുന്നു ലിയോൺസിലെ മെത്രാനായിരുന്ന ഇരണേവൂസ്.ആദത്തിന്റ സന്താനങ്ങളിൽ ഒരാൾ മാത്രമാണ് നിത്യനായ രാജാവെന്നും കർത്താവും ദൈവവുമായവനെന്നും വിളിക്കപ്പെട്ടതെന്നും ആ യേശു തന്നെയാണ് കർത്താവും ദൈവവും രക്ഷകനും രാജാവുമെന്നും ഇരണേവൂസ് പ്രസ്താവിക്കുന്നു.
തെർത്തുല്യൻ (എ ഡി 150-225)
ആദിമ നൂറ്റാണ്ടിലെ പ്രശസ്തനായ വിശ്വാസ പ്രബോധകനായിരുന്നു തെർത്തുല്യൻ.പാപമില്ലാത്ത ഒരേ ഒരുവൻ ദൈവമാണെന്നും പാപമില്ലാത്ത ഒരേ ഒരാൾ യേശുവായതിനാൽ യേശു ദൈവം തന്നെയാണെന്നും (ആത്മാവിനെക്കുറിച്ചു, 41)യേശുവിന്റെ ജനനത്തിൽ ദൈവ -മനുഷ്യ സംഗമം ഉണ്ടായിയെന്നും അദ്ദേഹം ഉത്‌ബോധിപ്പിച്ചു (അപ്പോളജെറ്റിക്സ്, 17).
റോമിലെ ഹിപ്പോള്ളിറ്റസ് (എ ഡി 170-235)
അപോസ്തോലനായ യോഹന്നാന്റെ ശിഷ്യനായിരുന്ന പോളികാർപ്പിന്റെ ശിഷ്യൻ ഇരണേവൂസ്ന്റെ ശിഷ്യനായിരുന്നു റോമിലെ ഹിപ്പോള്ളിറ്റസ്.സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന വചനമായ ദൈവമാണ് യേശുവെന്നും അവിടന്ന് ഒരു ശരീരത്തിൽ ഇന്ദ്രിയഗോചരമാംവിധം വെളിപ്പെട്ടുവെന്നും ഹിപ്പോള്ളിറ്റസ് പഠിപ്പിക്കുന്നു. ” എല്ലാവരും, നീതിമാന്മാരും ദുഷ്ടരും ഒരുപോലെ, വചനമാകുന്ന ദൈവത്തിന്റെ മുന്പിൽ കൊണ്ടുവരപ്പെടും (പ്ലെറ്റോയ്ക്കെതിരെ, 3) എന്നും അദ്ദേഹം കുറിച്ചിരിക്കുന്നു. ഏവരുടെയും ദൈവമായ ക്രിസ്തു പഴയ മനുഷ്യനെ പുതുക്കി, മനുഷ്യ കുലത്തിൽ നിന്നും പാപം കഴുകി കളയുന്നു (പാഷണ്ഡതാഖന്ധനം, 10, 34).” നമ്മുടെ കർത്താവും ദൈവവുമായ യേശു ക്രിസ്തുവിൽ ” വിശ്വസിക്കുന്നവരെക്കുറിച്ചു അദ്ദേഹം ഫിലിപ്പിയകാർക്കുള്ള ലേഖനത്തിൽ പരാമർശിച്ചിരിക്കുന്നു (ഫിലി 12, 2).
ഒരിജെൻ (എ ഡി 185-254)
സഭാ പിതാവായ ഒരിജിന്റെ അഭിപ്രായത്തിൽ, യേശു മനുഷ്യരൂപമെടുത്തപ്പോഴും തന്റെ ദൈവത്വം യേശുവിനു ഇല്ലാതായില്ല. രക്ഷകനായ യേശുവിനെ വചനമായ ദൈവമെന്നും ജ്ഞാനമെന്നും നീതിയെന്നും സത്യമെന്നും ഗണിക്കുമ്പോൾ നമ്മൾ വിവക്ഷിക്കുന്നത്, സർവവും അവനു കീഴ്പെട്ടിരിക്കുന്നുവെന്നും സർവാധിപത്യം അവനിലാണെന്നുമാണ്. അവൻ തുടക്കമില്ലാത്തവനാണ്. അവന്റെ ഉൽഭവം നിത്യമാണ്. പിതാവിന്റെയും പുത്രന്റെയും സർവ്വശക്തിത്വം ഒന്ന് തന്നെയാണെന്ന കാര്യം എല്ലാവരും ഗ്രഹിക്കണമെന്നും ഒറിജിൻ പഠിപ്പിക്കുന്നു. ദൈവമെന്ന നിലയിൽ യേശുവിനോടുള്ള പ്രാർത്ഥനയെ കുറിച്ചും അദ്ദേഹം പരാമര്ശിക്കുന്നു (പ്രാർത്ഥനയെ , 10)










Leave a Reply