Sathyadarsanam

അടിച്ചേൽപ്പിക്കുന്ന ഒന്നല്ല ക്രൈസ്തവ സന്യസ്തരുടെ ശിരോവസ്ത്രം…!

ഹിജാബ് വിവാദത്തില്‍ ഒരു സന്യാസിനിക്ക് പറയാനുള്ളത്

സി. സോണിയ തെരേസ് ഡി. എസ്. ജെ

ക്രൈസ്തവ സന്യസ്തരെ ആരും സ്കൂൾകുട്ടികളുമായി താരതമ്യം ചെയ്യാൻ ശ്രമിക്കരുത്. കാരണം പറക്കമുറ്റാത്ത പ്രായത്തിൽ മതമോ, മാതാപിതാക്കളോ, അടിച്ച് ഏല്പിക്കുന്ന ഒന്നല്ല ക്രൈസ്തവ സന്യസ്തരുടെ ശിരോവസ്ത്രം. ക്രൈസ്തവ സന്യസ്തർ 19 വയസ് പൂർത്തിയാകാതെ ആരും ഈ ശിരോവസ്ത്രമോ (വെയ്ലോ), സന്യാസ വസ്ത്രമോ ധരിക്കാറില്ല… പ്രായപൂർത്തി ആയ ഒരു ക്രൈസ്തവ യുവതി പൂർണ്ണ സ്വാതന്ത്ര്യത്തോടെയും വ്യക്തമായ അവബോധത്തോടെയും തിരഞ്ഞെടുത്ത ഒരു ജീവിതാന്തസിനെ നോക്കി പിറുപിറുക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നത് അവളുടെ മൗലിക സ്വാതന്ത്ര്യത്തിലേയ്ക്കുള്ള ഒരു കടന്നുകയറ്റമാണ്.

ഹിജാബ് വിവാദം മൂലം കൊച്ചി പളളുരുത്തി സെന്റ് റീത്താസ് സ്കൂളിന് രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചതും അതിനെ തുടർന്ന് സ്കൂൾ യൂണിഫോമും ക്രൈസ്തവ സന്യസ്തരുടെ ശിരോവസ്ത്രവും വിവാദ ചർച്ചകളിലേക്ക് കടന്നു പോകുന്നതും അറിവില്ലായ്മ മൂലം ആണ്. ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഡ്രസ്സ് കോഡ് എന്താണെന്ന് തീരുമാനിക്കുന്നത് അതതു സ്കൂൾ മാനേജ്മെന്റും പിടിഎയുമാണ്. ആ തീരുമാനത്തിൽ കൈകടത്താൻ ഗവൺമെന്റിന് പോലും അധികാരം ഇല്ല എന്ന് വിധിച്ചത് ഏതാനും വർഷങ്ങൾക്ക് മുമ്പ് കേരള ഹൈക്കോടതി തന്നെയാണ്.

അധ്യാപികമാർക്കില്ലാത്ത എന്ത് യൂണിഫോം നിബന്ധനയാണ് ഈ കുട്ടികൾക്ക് എന്ന് ചോദിക്കുന്നവരോട്: ‍

എന്തുകൊണ്ട് ക്രൈസ്തവ സന്യസ്തർക്ക് ശിരോവസ്ത്രം ധരിക്കാം പക്ഷെ മുസ്ലീം പെൺകുട്ടികൾക്ക് ധരിക്കാൻ അനുവാദം ഇല്ല എന്ന്, ചോദ്യശരം ഉയർത്തുന്നവർക്ക് നൽകാനുള്ള മറുപടി: സ്കൂളിൽ പഠിക്കുന്നത് 6 വയസ്സ് മുതൽ 17 വയസ്സ് വരെയുള്ള കുട്ടികളാണ്. ഈ ചെറുപ്രായത്തിൽ അവർ വിദ്യാർത്ഥിനികൾ ആണ്. സ്‌കൂളുകളിൽ യൂണിഫോം നിർബന്ധമാക്കുന്നത് എന്തിനാണെന്ന് ചോദിച്ചാൽ, ഉച്ചനീചത്വങ്ങളും ജാതിവേർതിരിവുകളും സാമ്പത്തികാവസ്ഥകളും കുട്ടികൾക്കിടയിൽ വിഭാഗീയതകൾ സൃഷ്ടിക്കാതിരിക്കാനാണ്. എല്ലാ സമൂഹങ്ങളും ഒരുപോലെ വളരുകയും സഹവർത്തിത്വവും സമത്വവും പുലരുകയും വേണം എന്ന് ഉറച്ചുവിശ്വസിച്ച ക്രൈസ്തവ സമൂഹമാണ് യൂണിഫോം സമ്പ്രദായത്തിന്റെ ആരംഭകർ. ഈ ഡിജിറ്റൽ യുഗത്തിലും യൂണിഫോമിന്റെ ലക്ഷ്യങ്ങളിൽ ഒന്ന് അതുതന്നെയാണ്.

ക്രൈസ്തവ സന്യസ്തരുടെ ശിരോവസ്ത്രം എന്തുകൊണ്ടാണ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാകുന്നത്: ‍

ഒരു ക്രൈസ്തവ യുവതി സന്യാസിനി ആകാൻ ആഗ്രഹിച്ച് ഏതെങ്കിലും ഒരു മഠത്തിന്റെ പടികൾ കടന്ന് ചെന്നാൽ, “ഇന്നാ പിടിച്ചോ. നീ ഈ വെയിലും വസ്ത്രവും ധരിച്ച് ഇനി മുതൽ ഇവിടെ ജീവിച്ചാൽ മതി” എന്ന് ഒരു സന്യാസ സഭയുടെ അധികാരികളും പറയില്ല. കാരണം അവൾ കടന്ന് പോകേണ്ട ചില കടമ്പകൾ ഉണ്ട്. അതായത് കുറഞ്ഞത് 5 വർഷം എന്താണ് സന്യാസം എന്ന് ആദ്യം തന്നെ ദൈവവചനത്തിന്റെ വെളിച്ചത്തിൽ വ്യക്തമായി പഠിക്കണം.

പിന്നെ അവരായിരിക്കുന്ന സന്യാസ സഭയുടെ നിയമാവലികളും അതാത് സന്യാസ സഭയുടെ ഡ്രസ്സ് കോഡും എന്താണ്, അത് എന്തിന് ധരിക്കുന്നു തുടങ്ങിയ കാര്യങ്ങൾ വ്യക്തമായി പഠിച്ച ശേഷം അവൾക്ക് ബോധ്യമായ കാര്യങ്ങൾ ജീവിതത്തിൽ പാലിക്കാൻ കഴിയും എന്ന ഉറച്ച ബോധ്യം ഉണ്ടെങ്കിൽ മാത്രം, (ആരുടെയും നിർബന്ധത്തിന് വഴങ്ങിയല്ല) പൂർണ്ണ സ്വാതന്ത്ര്യത്തോടെ മാത്രം തിരഞ്ഞെടുക്കുന്ന ഒരു ജീവിതാന്തസാണ് സന്യാസം.

കുട്ടികൾക്കിടയിൽ വേർതിരിവ് ഉണ്ടാകാതിരിക്കാൻ ഏകീകൃത വേഷവിധാനം തന്നെ വേണം: ‍

വിദ്യാർത്ഥികൾക്ക് മതപരമായ വസ്ത്രധാരണം വേണം എന്ന് വാശി പിടിച്ചാൽ, ഇന്ന് മുസ്ലീങ്ങൾക്ക് ഹിജാബ് ധരിക്കാൻ അനുവാദം വേണം. നാളെ ക്രൈസ്തവ വിദ്യാർത്ഥികൾ ചട്ടയും മുണ്ടും വേണം എന്ന് വാശി പിടിക്കും. പിന്നെ ഹൈന്ദവ വിദ്യാർത്ഥികൾ അതാത് ജാതിയനുസരിച്ച് അവരവരുടെ വേഷവിധാനം വേണം എന്ന് വാശി പിടിക്കും.

പിന്നെ ജൈനമതത്തിലെ ദിഗംബരൻ വിദ്യാർത്ഥികൾ എങ്ങാനും സ്കൂളിൽ വന്നാൽ പിന്നെ അവർക്ക് തുണി ഉടുക്കാൻ പറ്റില്ല എന്നാണ് നിയമം. അപ്പോൾ ഈ മതനിയമങ്ങൾ കൊണ്ട് ഒന്നെങ്കിൽ സ്കൂൾ മുന്നോട്ട് പോകാൻ പറ്റില്ല, അല്ലെങ്കിൽ വിവിധ മതങ്ങൾ നിർബന്ധിക്കുന്ന വസ്ത്രങ്ങൾ ധരിച്ച് വീണ്ടും തൊടീലും തീണ്ടലും ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലുമായി നൂറ്റാണ്ടുകൾക്ക് പിന്നോട്ട് സഞ്ചരിക്കാം..

അതായത് കേരളത്തിൻ്റെ പൂർവ്വിക ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാൽ ഏതാനും പതിറ്റാണ്ടുകൾക്കു മുമ്പ് കേരളത്തിൽ തൊടീലും തീണ്ടലും ഒക്കെ പറഞ്ഞ് നമ്മുടെ കാർന്നോന്മാർക്ക് സ്കൂളിൽ പോയി പഠിക്കാൻ പറ്റില്ലായിരുന്നു. നീ ആ ജാതിയാണ്, നീ ആ മതമാണ്, നീ പാവപ്പെട്ടവൻ, ഞാൻ പണക്കാരൻ എന്ന് ഒക്കെ പറഞ്ഞ് പരസ്പരം എപ്പോഴും കലഹിച്ചിരുന്ന ഒരു സമൂഹത്തെ അടക്കി ഒതുക്കി ഒരു ബഞ്ചിൽ ഇരുത്തി അക്ഷരങ്ങൾ കൂട്ടിവായിക്കാൻ പഠിപ്പിച്ചതിൽ കൈസ്തവ സന്യസ്തരും ക്രൈസ്തവ സഭയും വളരെ പ്രധാനപ്പെട്ട ഒരു പങ്ക് വഹിച്ചിട്ടുണ്ട്. ഞങ്ങളുടെ പൂർവികർ രാപകലില്ലാതെ കഷ്ടപ്പെട്ട് ജാതി-മത-സാമ്പത്തിക വ്യത്യാസങ്ങൾ ഇല്ലാതെ ഒരുമയോടെ പടുത്തുയർത്തിയ ദൈവത്തിന്റെ സ്വന്തം നാടിനെ വീണ്ടും ജാതി-മത-സാമ്പത്തിക വേർതിരിവിൽ എത്തിച്ച് മുന്നോട്ട് കൊണ്ടുപോകാൻ ഉള്ള ശ്രമങ്ങളോട് ഞങ്ങൾ സന്യസ്തർക്ക് തീരെ യോജിപ്പില്ല.

സ്കൂൾ മാനേജ്‌മെൻ്റ് നിയമമനുസരിച്ച് യൂണിഫോം ധരിക്കാൻ കഴിയാത്തവർ ടി.സി വാങ്ങി മറ്റു സ്കൂളുകളിലേക്ക് പോകാനുള്ള പൂർണ്ണ സ്വാതന്ത്ര്യം ഉണ്ട്:

തങ്ങളുടെ സ്കൂളിൽ യൂണിഫോം ഇതായിരിക്കും എന്നല്ലേ സ്ഥാപന മാനേജ്മെൻ്റ് പറയുന്നത്; അല്ലാതെ, ലോകത്തുള്ള എല്ലാ കുട്ടികളും ഇത് ധരിക്കണം എന്നല്ലല്ലോ? അതു താല്പര്യമില്ലെങ്കിൽ കുഞ്ഞുങ്ങൾക്ക് സ്വന്തം ഇഷ്ടമനുസരിച്ചുള്ള വസ്ത്രം ധരിക്കാവുന്ന സ്കൂളിൽ അവരെ മാതാപിതാക്കൾക്കു വിടാമല്ലോ..? ക്രിസ്ത്യൻ മാനേജുമെൻ്റുകൾ നടത്തുന്ന സ്കൂളുകളിൽ കുട്ടികളെ ചേർക്കുകയും വേണം, അവിടത്തെ നിയമങ്ങൾ പാലിക്കാൻ മനസ്സുമില്ല എന്നു വാദിക്കുന്നത് ശരിയാണോ..?

ഒരു സ്കൂളിൽ കുട്ടികളെ ചേർക്കാൻ ചെല്ലുമ്പോൾതന്നെ ആ സ്കൂളിലെ നിയമങ്ങളും ചട്ടങ്ങളും അടങ്ങിയ ഒരു പേപ്പർ വായിച്ച് അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം അനുസരിച്ചുകൊള്ളാം എന്ന് ഓരോ രക്ഷിതാവും ഒപ്പിട്ട് നൽകാറുണ്ട്. സ്കൂൾ മാനേജ്മെൻ്റ് നിശ്ചയിച്ചിട്ടുള്ള യൂണിഫോം അംഗീകരിച്ചുകൊണ്ട് സ്കൂളിലേക്കു തങ്ങളുടെ കുട്ടികളെ പറഞ്ഞുവിടുന്ന മാതാപിതാക്കൾക്ക് പിന്നീട് പിന്തിരിപ്പൻ ബുദ്ധി തോന്നുന്നത് (അത്തരത്തിൽ ഉപദേശിക്കപ്പെടുന്നത്) എന്തുകൊണ്ടാണ്..? പിന്തിരിപ്പൻ ബുദ്ധിയുടെ പിന്നിൽ പ്രവർത്തിക്കുന്നത് ഏത് ശക്തിയാണ് എന്ന് കേരളസമൂഹം ആഴമായി ചിന്തിക്കേണ്ടിയിരിക്കുന്നു..

* സ്നേഹപൂർവ്വം,

സി. സോണിയ തെരേസ് ഡി. എസ്. ജെ

Leave a Reply

Your email address will not be published. Required fields are marked *