Sathyadarsanam

7 നും 14 നും ഇടയില്‍ പ്രായമുള്ള 40 പെണ്‍കുട്ടികളെ മദ്രസയുടെ ശുചിമുറിക്കുള്ളില്‍ പൂട്ടിയിട്ടു

ഉത്തര്‍പ്രദേശിലെ അനധികൃത മദ്രസയുടെ ശുചിമുറിക്കുള്ളില്‍ 40 പെണ്‍കുട്ടികളെ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി


അനധികൃത മദ്രസയുടെ ശുചിമുറിക്കുള്ളില്‍ 40 പെണ്‍കുട്ടികളെ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബഹ്റൈച്ച് ജില്ലയിലെ പയാഗ്പൂര്‍ തഹ്സിലിലാണ് സംഭവം. പയഗ്പൂര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് (എസ്ഡിഎം) അശ്വിനി കുമാര്‍ പാണ്ഡെയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്.

കെട്ടിട ഉടമ ഖലീലാണ് മദ്രസയുടെ മാനേജര്‍. ഖലീലിന്റെ മകള്‍ തഖ്സീം ഫാത്തിമയാണ് ഇവിടത്തെ അധ്യാപിക. ജില്ലാ ന്യൂനപക്ഷ ഓഫീസറും പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. മദ്രസ അടച്ചുപൂട്ടിയതായി അധികൃതര്‍ അറിയിച്ചു.

ശുചിമുറിക്കുള്ളില്‍ കണ്ടെത്തിയ പെണ്‍കുട്ടികള്‍ ഏഴിനും 14 നും ഇടയില്‍ പ്രായമുള്ളവരാണ്. മൂന്നുനില കെട്ടിടത്തില്‍ രഹസ്യമായാണ് അനധികൃത മദ്രസയുടെ പ്രവര്‍ത്തനം നടന്നിരുന്നത്. അവര്‍ക്ക് വ്യക്തമായി സംസാരിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ലെന്ന് എസ്ഡിഎം അറിയിച്ചു. പ്രദേശവാസികള്‍ പോലും മദ്രസ ഇവിടെ പ്രവര്‍ത്തിക്കുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. മദ്രസയിലേക്ക് കടക്കാന്‍ പോലും ഖലീല്‍ ആദ്യം അനുവദിച്ചില്ലെന്ന് ജില്ലാ ന്യൂനപക്ഷ ഓഫീസര്‍ ഖാലിദ് പറഞ്ഞു. പിന്നീട് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരം കൂടുതല്‍ സംഘമെത്തിയാണ് അകത്ത് കടന്നത്.

കെട്ടിടം മുഴുവന്‍ പരിശോധിച്ചെങ്കിലും കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അതിനിടെയാണ് ടെറസിലെ ടോയ്‌ലറ്റില്‍ നിന്നും ബഹളം കേട്ടത്. വാതില്‍ തുറന്നപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. ചെറിയ ശുചിമുറിക്കുള്ളില്‍ 40 പെണ്‍കുട്ടികള്‍. പെണ്‍കുട്ടികളെ മറ്റെന്തെങ്കിലും ഉദ്ദേശത്തോടെയാണോ സൂക്ഷിച്ചിരുന്നതെന്ന് എന്നത് ഉള്‍പ്പെടെ അന്വേഷിക്കും.

നിയമവിരുദ്ധ മദ്രസകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി പരിശോധനയും ശക്തമാക്കും. മൂന്ന് വര്‍ഷമായി രജിസ്ട്രേഷനില്ലാതെയാണ് മദ്രസ പ്രവര്‍ത്തിച്ചിരുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *