Sathyadarsanam

“ഗര്‍ഭസ്ഥ ശിശുക്കള്‍ മുതലുള്ള സ്ത്രീകളുടെ അന്തസ് മാനിക്കണം”

സ്ത്രീ സമത്വത്തിനായി ഐക്യരാഷ്ട്ര സഭയില്‍ ശബ്ദമുയര്‍ത്തി വത്തിക്കാന്‍


സ്ത്രീ സമത്വത്തിനായി ഐക്യരാഷ്ട്ര സഭയില്‍ ശബ്ദമുയര്‍ത്തി വത്തിക്കാന്‍. ഗര്‍ഭസ്ഥ ശിശുക്കള്‍ മുതല്‍ പ്രായമായവര്‍ വരെയുള്ളവരുടെ അന്തസ് മാനിക്കാതെ സ്ത്രീ സമത്വം കൈവരിക്കാന്‍ കഴിയില്ലെന്ന് വത്തിക്കാന്റെ വിദേശകാര്യ വകുപ്പ് സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് പോള്‍ ഗാലഗര്‍ പറഞ്ഞു.

ഗര്‍ഭിണികള്‍ക്ക് സമഗ്രവും ഗുണമേന്മയുള്ളതുമായ ആരോഗ്യ സംരക്ഷണം നല്‍കണമെന്നും ഗര്‍ഭഛിദ്രം പോലുള്ള തെറ്റായ പരിഹാര മാര്‍ഗങ്ങള്‍ നിരാകരിച്ചുകൊണ്ട് പ്രസവ പൂര്‍വ പരിചരണത്തിലേക്കും വിദഗ്ധ പ്രസവ പരിചരണത്തിലേക്കും ആരോഗ്യ സംരക്ഷണ സംവിധാനങ്ങളിലേക്കും ശ്രദ്ധിക്കുവാന്‍ ആര്‍ച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു.

സ്ത്രീകള്‍ക്ക് പ്രയോജനകരമല്ലാത്ത ഭിന്നിപ്പിക്കുന്ന വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം സ്ത്രീകള്‍ക്ക് തുല്യതയും സ്ത്രീത്വത്തോടുള്ള ആദരവും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത രാജ്യങ്ങള്‍ നിറവേറ്റുമെന്നാണ് വത്തിക്കാൻ പ്രതീക്ഷിക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി.

പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അക്രമത്തിന്റെ ഭയാനകമായ തോത് ആശങ്കാജനകമാണ്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ ഒരു തരത്തിലുള്ള അക്രമവും അംഗീകരിക്കാനാവില്ലെന്നും അതിനെ ചെറുക്കണമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *