Sathyadarsanam

അമേരിക്കന്‍ സ്കൂളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനിടെ വെടിവെയ്പ്പ്

2 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു, 18 പേര്‍ക്ക് പരിക്ക്

അമേരിക്കയിലെ മിന്നിപോളിസിലെ കത്തോലിക്ക സ്കൂളില്‍ പ്രഭാത വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനിടെ വെടിവയ്പ്പില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. ഇന്ന് ബുധനാഴ്ച രാവിലെ മിന്നിപോളിസിലെ അനൗൺസിയേഷൻ സ്കൂളിനോട് ചേര്‍ന്നുള്ള ദേവാലയത്തിലാണ് വെടിവെയ്പ്പ് ഉണ്ടായത്. എട്ടും പത്തും വയസ്സുള്ള വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ നിരവധി വിദ്യാര്‍ത്ഥികളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രാവിലെ എട്ടരയോടെ വിശുദ്ധ കുർബാനയ്ക്കായി ദേവാലയത്തില്‍ എത്തിച്ചേര്‍ന്നിരിന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പുറത്ത് നിന്ന് തോക്കുധാരി വെടിവെയ്ക്കുകയായിരിന്നുവെന്നാണ് റിപ്പോര്‍ട്ട്. പള്ളിയുടെ വശത്ത് ജനാലകളിലൂടെയായിരിന്നു വെടിവെയ്പ്പ്. 14 കുട്ടികളടക്കം 18 പേർക്ക് പരിക്കേറ്റതായി മിന്നിപോളിസ് പോലീസ് മേധാവി ബ്രയാൻ ഒ’ഹാര മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിരപരാധികളായ കുട്ടികൾക്കും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന മറ്റുള്ളവര്‍ക്കും നേരെ അക്രമി മനഃപൂർവം നടത്തിയ അക്രമമായിരുന്നു ഇതെന്ന് ബ്രയാൻ ഒ’ഹാര വ്യക്തമാക്കി.

മൂന്നു തോക്കുകള്‍ ഉപയോഗിച്ചായിരിന്നു ആക്രമണമെന്നും വെളിപ്പെടുത്തലുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. വെടിവെയ്പ്പിനു ശേഷം അക്രമി ജീവനൊടുക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ച് തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും ഭയാനകമായ സാഹചര്യം നിരീക്ഷിക്കുകയാണെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. മിന്നിപോളിസില്‍ 24 മണിക്കൂറിനുള്ളിൽ നടക്കുന്ന നാലാമത്തെ വെടിവയ്പ്പാണിത്. സംഭവത്തില്‍ അമേരിക്കന്‍ കത്തോലിക്ക സഭ നടുക്കം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *