Sathyadarsanam

എക്യൂമെനിക്കല്‍ വാരാഘോഷത്തിന് മാര്‍പാപ്പയുടെ സന്ദേശം

ക്രൈസ്തവ ഐക്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കി മാര്‍പാപ്പ


ക്രൈസ്തവര്‍ക്കിടയില്‍ ഉണ്ടാകേണ്ട ഐക്യത്തിന്റെ പ്രാധാന്യം എടുത്തു പറഞ്ഞ് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമില്‍ ഇന്നവസാനിച്ച എക്യൂമെനിക്കല്‍ വാരാഘോഷത്തിന് അയച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.

ഒന്നാം നിഖ്യ എക്യൂമെനിക്കല്‍ സൂനഹദോസിന്റെയും ഒരു നൂറ്റാണ്ട് മുന്‍പ് സ്വീഡനില്‍ നടന്ന ആഗോള ക്രൈസ്തവ കോണ്‍ഫറന്‍സിന്റെയും രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെയും വെളിച്ചത്തില്‍ ക്രൈസ്തവ വിശ്വാസത്തില്‍ കൂടുതല്‍ ഐക്യത്തോടെ വളരാനും ശുശ്രൂഷ ചെയ്യാനും തന്റെ സന്ദേശത്തില്‍ എല്ലാ ക്രൈസ്തവരോടും മാര്‍പാപ്പ ആഹ്വാനം ചെയ്തു. ഓഗസ്റ്റ് 18 മുതല്‍ 24 വരെയായിരുന്നു എക്യൂമെനിക്കല്‍ വാരാഘോഷം.

യേശു ക്രിസ്തു സത്യ ദൈവവും സത്യ മനുഷ്യനുമാണെന്നും പിതാവുമായി ഏകസത്ത പങ്കിടുന്നവനുമാണെന്നും പ്രഖ്യാപിച്ച ഒന്നാം നിഖ്യാ എക്യൂമെനിക്കല്‍ സൂനഹദോസിന്, വ്യത്യസ്തതകള്‍ക്കിടയിലും ഐക്യത്തിന്റെ ശക്തമായ അടയാളമായി മാറാന്‍ സാധിച്ചിരുന്നുവെന്ന് പാപ്പ ഓര്‍മിപ്പിച്ചു.

സഭകള്‍ക്കിടയിലെ ഭിന്നതകള്‍ അതിജീവിക്കാനും ഐക്യം ശക്തിപ്പെടുത്താനും ക്രൈസ്തവ വിശ്വാസ പ്രഖ്യാപനത്തിന് സാധിക്കുമെന്നാണ് കൗണ്‍സില്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നതെന്ന് പാപ്പ സന്ദേശത്തില്‍ കുറിച്ചു.

സമാധാനമെന്നത് മാനവികമായ ഒരു നേട്ടമല്ല. അത് നമുക്കിടയിലെ ദൈവത്തിന്റെ സാന്നിധ്യത്തിന്റെ അടയാളമാണെന്ന് നാം മനസിലാക്കണം. ക്രൈസ്തവര്‍ അനുരഞ്ജനത്തിന്റെ സൃഷ്ടാക്കളായി ഭിന്നതയെ ധൈര്യത്തോടെയും, നിസംഗതയെ സഹാനുഭൂതിയോടെയും അഭിമുഖീകരിക്കാനും മുറിവേറ്റയിടങ്ങളില്‍ സൗഖ്യം പകരാനും വിളിക്കപ്പെട്ടവരാണെന്ന് പാപ്പ വ്യക്തമാക്കി.

കര്‍ത്താവ് തീവ്രമായി ആഗ്രഹിച്ച ഐക്യം സാധ്യമാക്കാന്‍ വേണ്ടി പരിശുദ്ധാത്മാവ് നമ്മെ സഹായിക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെയും സമാധാനാശംസയോടെയുമാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

അറുനൂറോളം ഓര്‍ത്തഡോക്‌സ്, ആംഗ്ലിക്കന്‍, പ്രൊട്ടെസ്ന്റന്റ് നേതൃത്വങ്ങള്‍ പങ്കെടുത്ത 1925 ലെ സ്റ്റോക്ക്ഹോം കോണ്‍ഫറന്‍സും ഇത്തരമൊരു ആഗ്രഹത്താലാണ് പ്രേരിതമായിരുന്നതെന്ന് മാര്‍പാപ്പ അനുസ്മരിച്ചു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലോടെ എക്യൂമെനിക്കല്‍ മാര്‍ഗത്തിലേക്ക് കത്തോലിക്കാ സഭ കൂടുതലായി കടന്നു വന്നിട്ടുണ്ട്.

മാമ്മോദീസായിലും സഭയുടെ ശുശ്രൂഷാ നിയോഗത്തിലും അടിസ്ഥാനമിട്ട് എളിമയും സഹോദര്യ സ്‌നേഹവും ഒന്നു ചേര്‍ന്ന സംവാദങ്ങളിലൂടെ മുന്നോട്ട് പോകാനാണ് യൂണിത്താത്തിസ് റെദിന്തെ ഗ്രാസിയോ (Unitatis Redinte gratio) എന്ന കൗണ്‍സില്‍ രേഖ നമ്മെ ഉദ്‌ബോധിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *