Sathyadarsanam

കോംഗോയിലെ കത്തോലിക്ക ദേവാലയത്തില്‍ : തിരുവോസ്തി നശിപ്പിച്ചു

ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ ബുനിയയിലെ സെന്റ് ജോൺ ക്യാപിസ്ട്രാൻ ദേവാലയത്തില്‍ വിമതസേന നടത്തിയ ആക്രമണത്തില്‍ പരിപാവനമായ തിരുവോസ്തി നശിപ്പിച്ചു. കഴിഞ്ഞ ജൂലൈ 21നു ഇതുറി പ്രവിശ്യയിലെ ലോപ്പാ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ദേവാലയത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കോഡെകോ (CODECO) എന്ന സായുധ സംഘത്തിലെ അംഗങ്ങൾ ദേവാലയം അതിക്രമിച്ച് കയറി ആക്രമണം നടത്തുകയും തിരുവോസ്തി നശിപ്പിക്കുകയുമായിരിന്നു. സക്രാരി തകര്‍ത്ത അക്രമികള്‍ തിരുവോസ്തി നിലത്ത് ഇട്ടു നശിപ്പിക്കുവാനാണ് ശ്രമിച്ചത്.

ദേവാലയത്തിലെ വിവിധ വിശുദ്ധ വസ്തുക്കളും അക്രമികള്‍ നശിപ്പിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളായ ലോപ, നിസി എന്നിവിടങ്ങളിൽ നടന്ന വ്യാപകമായ ആക്രമണത്തില്‍ കുറഞ്ഞത് മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി വീടുകള്‍ കൊള്ളയടിക്കപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. പ്രദേശത്ത് 21 പേർ മരിച്ചതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആക്രമിക്കപ്പെട്ട ഇടവകയുമായി ബന്ധപ്പെട്ട മൂന്ന് മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണസമയത്ത് കോംഗോയുടെ സൈന്യവും (FARDC), യു.എൻ. സൈനിക വിഭാഗമായ മോനുസ്‌കോയും (MONUSCO) സമീപത്തുണ്ടായിരുന്നെങ്കിലും പ്രതിരോധിക്കാനായില്ല.

ബൂനിയ നഗരത്തിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ആക്രമണത്തില്‍ അന്വേഷണം നടത്തണമെന്നും കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാന്‍ അധികാരികള്‍ ഇടപെടല്‍ നടത്തണമെന്ന് സഭാനേതൃത്വം ആവശ്യപ്പെട്ടു. കത്തോലിക്കാ സഭ എതിരാളിയല്ല, മറിച്ച് സമാധാനത്തിന്റെയും ഐക്യത്തിന്റെയും പങ്കാളിയാണെന്നു സഭാനേതൃത്വം പ്രസ്താവിച്ചു. എല്ലാ സായുധ ഗ്രൂപ്പുകളും ഹിംസ അവസാനിപ്പിച്ച് സമാധാനപരമായ ചർച്ചകൾക്ക് തയ്യാറാകണമെന്നു സഭ അഭ്യര്‍ത്ഥിച്ചു. തിരുവോസ്തി നശിപ്പിക്കപ്പെട്ട നീചമായ ആക്രമണത്തിനെതിരെ നടപടി വേണമെന്നാണ് വിശ്വാസി സമൂഹത്തിന്റെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *