സൗമാ റമ്പാ – വലിയനോമ്പാചരണം
– ഫാ. ജോസ് കൊച്ചുപറമ്പിൽ
“സൗമാ റമ്പാ” എന്നാൽ “വലിയ ഉപവാസം” എന്നാണ് അർത്ഥം. ഇതിൽ നോമ്പും (abstinence- മത്സ്യ-മാംസവർജ്ജനം) ഉപവാസവും (fasting) ഉൾപ്പെടുന്നു. ക്രിസ്തീയജീവിതത്തിന്റെ അഭിഭാജ്യഘടകമാണ് ഉപവാസം. നമ്മുടെ കർത്താവീശോമിശിഹാതന്നെയാണ് ഇതിന്റെ പരമോന്നതമാതൃക. ഈശോ നാൽപതു രാപകലുകൾ മരുഭൂമിയിൽ ഉപവസിച്ചു, പിശാചിന്റെ പരീക്ഷകളെ വിജയിച്ചു (മത്താ 4:1-11; മർക്കോ 1:12-13; ലൂക്കാ 4:1-13). തിന്മയുടെ ശക്തികളെ ജയിക്കാൻ ഉപവാസവും പ്രാർത്ഥനയും ആവശ്യകമാണെന്ന് ഈശോ പഠിപ്പിച്ചു (മത്താ 17:21; മർക്കോ 9:29). നോമ്പിന്റെ ത്രിവിധ സ്തംഭങ്ങൾ (three pillars) – പ്രാർത്ഥനയും (മത്താ 6:5) ഉപവാസവും (6:16) ദാനധർമ്മവും (6:2) ചേർന്നുപോകേണ്ടതാണെന്ന അവിടത്തെ പ്രബോധനവും ക്രൈസ്തവർ പാലിച്ചുവന്നു. ശ്ലീഹന്മാരും ഉപവാസത്തിന്റെ മാതൃക പിന്തുടർന്നു (നട 13:3). യഹൂദർ തിങ്കളും വ്യാഴവും ഉപവസിച്ചിരുന്നപ്പോൾ ആദിമക്രൈസ്തവർ ബുധനും വെള്ളിയും ഉപവസിച്ചിരുന്നു എന്ന് സിറിയൻ പ്രബോധന രേഖയായ ഡിഡാക്കെ (AD 70) പ്രസ്താവിക്കുന്നുണ്ട്. യൂദാസ് ഈശോയെ ഒറ്റിക്കൊടുക്കാൻ ആലോചന നടത്തിയതിനെ അനുസ്മരിച്ചു ബുധനാഴ്ചയും [Spy Wednesday: പെസഹാ ബുധനാഴ്ച സായാഹ്നനമസ്കാരത്തോടുചേർന്ന് തിരികൾ ഒന്നൊന്നായി കെടുത്തിരുന്ന tenebrae എന്ന കർമ്മം ലത്തീൻസഭയിൽ മുമ്പ് നടന്നിരുന്നു!], കർത്താവിനെ ക്രൂശിച്ചതിനെയോർത്ത് വെള്ളിയാഴ്ചയും ഉപവസിക്കുന്നു എന്ന് സിറിയക് ഡിഡസ്കാലിയ (4th Cent) വിശദീകരിക്കുന്നുണ്ട്. എപ്പിഫനിയ്ക്കുശേഷം (ദനഹാ തിരുനാൾ) മാമോദീസാർത്ഥികളടെ ഒരുക്കത്തിന്റെ ഭാഗമായി ഈജിപ്തിൽ ആരംഭിച്ച നാൽപതുദിന ഉപവാസമാണ് ഈശോയുടെ ഉയിർപ്പുതിരുനാളിനൊരുക്കമായുള്ള ഉപവാസകാലഘട്ടമായി നിഖ്യാസൂനഹദാസ് (325) നിശ്ചയിച്ചത്.
ഈശോയുടെ ഉയിർപ്പുതിരുനാളിനൊ രുക്കമായി ഏഷ്യാമൈനറിലെ യഹൂദക്രൈസ്തവർ ജാഗരണമിരുന്ന രാത്രിയിൽനിന്നാണ് പീഡാനുഭവവാരം വികസിച്ചുവന്നത്. ഉയിർപ്പുജാഗരണ രാത്രിയെ Holy Night – “വിശുദ്ധ രാത്രി,” “സകല ജാഗരണങ്ങളുടെയും മാതാവ്” എന്നൊക്കെ സെന്റ് അഗസ്റ്റിൻ വിശേഷിപ്പിച്ചിരുന്നു. ഈ ജാഗരണം പിന്നീട് പെസഹാത്രിദിനങ്ങളായും പീഡാനുഭവവാരമായും ഉരുത്തിരിഞ്ഞുവന്നു. ഈശോയുടെ ഉയർപ്പിൽ പങ്കുചേരുന്ന മാമോദീസായുടെ നാൽപതുദിന ഒരുക്കത്തോടൊപ്പം പീഡാനുഭവാരമായി വികസിച്ച ഉയിർപ്പുജാഗരണം കൂടിച്ചേർന്നുണ്ടായ അൻപതു ദിവസങ്ങളാണ് അമ്പതുനോമ്പിലുള്ളത് . ഈശോമിശിഹായുടെ ഉയിർപ്പാണ് ഈ കാലഘട്ടത്തിന്റെ പ്രധാനപ്രമേയം. എന്നാൽ, പിൽക്കാലഭക്തികളുടെ സ്വാധീനത്താൽ ഇത് ഉയർപ്പിനേക്കാൾ ഈശോയുടെ പീഡാസഹനത്തിന് പ്രാധാന്യംകൊടുക്കുന്ന വിധത്തിലായി. അതുകൊണ്ടാണ് “കുരിശിന്റെ തണലിൽ” “കുരിശിന്റെ വഴിയേ” എന്നിങ്ങനെ ഈ കാലഘട്ടത്തിലെ ചിന്തകൾ പലപ്പോഴും അവതരിപ്പിക്കപ്പെടുന്നത്! ഈശോയുടെ ഉയർപ്പിന്റെ ജീവനിലും രക്ഷയിലും പങ്കുചേരാൻ ഒരുങ്ങുന്ന ഒരു കാലഘട്ടമായി ഈ അമ്പതുനോമ്പിനെ ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു.
1. നോമ്പാചരണം ഭാരതസുറിയാനി പാരമ്പര്യത്തിൽ
സുറിയാനിസഭയിൽ ബർ സൗമാ – ഉപവാസത്തിന്റെ പുത്രൻ – എന്ന പേരുള്ളവർതന്നെയുണ്ടായിരുന്നു. ആഴ്ചകളിൽ ബുധൻ, വെള്ളി എന്നിവയ്ക്കു പുറമേ അമ്പതുനോമ്പ്, ഇരുപത്തഞ്ചുനോമ്പ്, പതിനഞ്ചുനോമ്പ്, എട്ടുനോമ്പ്, മൂന്നുനോമ്പ്, ശ്ലീഹന്മാരുടെ നോമ്പ് എന്നിങ്ങനെ ആണ്ടുവട്ടത്തിൽ 225-ലേറെ ഉപവാസദിനങ്ങൾ നമ്മുടെ സുറിയാനിപാരമ്പര്യത്തിലുണ്ട്. സുറിയാനിക്രിസ്ത്യാനികളെ “ഉപവാസത്തിന്റെ സ്നേഹിതർ” എന്ന് ജെസ്സ്യൂട്ട് മിഷനറി വൈദികനായ ഫ്രാൻസിസ് ഡയനീഷ്യസ് വിശേഷിപ്പിക്കുന്നുണ്ട് (1578). “നാം ഉപവാസത്തെ സ്നേഹിക്കണം” എന്ന് സിറിയൻ മിസ്റ്റിക് ആയ ഐസക് (+700) പ്രസ്താവിക്കുന്നുണ്ട്. അങ്ങനെനോക്കുമ്പോൾ ഭാരതനസ്രാണികളെ “ബനൈയ് സൗമാ” – “ഉപവാസത്തിന്റെ മക്കൾ” എന്ന് വിളിക്കാവുന്നത്. ഉപവാസപാരമ്പര്യങ്ങൾ ലംഘിക്കപ്പെടുന്നു എന്നു കണ്ടപ്പോൾ അവർ കൊടുങ്ങല്ലൂർ വിട്ടുപോകുന്നതായി ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നുണ്ട്. പിൽക്കാലത്ത് ധാരാളം ഇളവുകൾ വന്നെങ്കിലും ബുധൻ, വെള്ളി, മറ്റ് നോമ്പുകൾ എല്ലാം നിഷ്ഠയോടെ പാലിക്കുന്ന ധാരാളം പേർ, പ്രത്യേകിച്ച് സ്ത്രീജനങ്ങൾ, ഇന്നുമുണ്ട്. നോമ്പുകളിൽ ഏറ്റവും തീക്ഷ്ണവും ദൈർഘ്യമുള്ളതുയതുകൊണ്ടാവാം ഈ നോമ്പിന് സൗമാ റമ്പാ – വലിയ ഉപവാസം (വലിയ നോമ്പ് – Great Lent) എന്ന പേരു ലഭിക്കാൻ കാരണം.
രുചികുറഞ്ഞ ഭക്ഷണം എന്നർത്ഥമുള്ള ഭക്ഷണം കഴിക്കുന്ന പേഫോർത്താ (പേത്തു ർത്താ) ഞായർ സന്ധ്യയോടെയാണ് നോമ്പ് ആരംഭിച്ചിരുന്നത് (ഇപ്പോൾ അർദ്ധരാത്രി മുതൽ).
‘നോമ്പു പിടിക്കുക,’ ‘നോമ്പു നോക്കുക, ‘നോമ്പു നിൽക്കുക,’ എന്നിങ്ങനെയുള്ള പ്രയോഗങ്ങളിലൂടെ ഒരു ഉടമ്പടിബന്ധം സൂചിപ്പിക്കുന്ന നിഷ്ഠയോടെയുള്ള ആചരണമാണ് ഇതെന്ന് വ്യക്തമാകുന്നു. നോമ്പ് ഇടമുറിയാത്തതായിരിക്കണം; ഇടയ്ക്കുവച്ചു ലംഘിച്ചാൽ അതു തുടരുവാൻ പണ്ടുകാലങ്ങളിൽ അനുവദിച്ചിരുന്നില്ലത്രെ! ശരീരശുദ്ധിയും മന:ശുദ്ധിയും പാലിക്കുന്ന ഒരു പുണ്യകർമ്മമായാണ് സുറിയാനി ക്രിസ്ത്യാനികൾ നോമ്പാച്ചരിച്ചിരുന്നത്. രാവിലെ എഴുന്നേറ്റ് പല്ലുതേച്ചു കുളിച്ചതിനുശേഷമാ യിരുന്നു നോമ്പാചരണം (കുന്നുകുഴിയിൽ കൊച്ചുതൊമ്മൻ അപ്പോത്തിക്കരിയുടെ നോവൽ, “പരിഷ്കാരപ്പാതി,” 1892). ഇവയൊക്കെ ഉദയംപേരൂർ സുനഹദോസ് വിലക്കിയിരുന്നെങ്കിലും വിശ്വാസികൾ ആചരിച്ചുപോന്നു എന്നതാണ് വാസ്തവം.
ഉച്ചനമസ്കാരംവരെ (കർത്താവിന്റെ ക്രൂശാരോഹണസമയം), മൂന്നുമണിവരെ (കുരിശുമരണം), സന്ധ്യവരെ (കർത്താവിന്റെ സംസ്കാരം), ഉപവസിച്ചശേഷം ഒരുനേരം മാത്രം ഭക്ഷിക്കുന്ന പതിവാണുണ്ടായിരുന്നത്. പാശ്ചാത്യസഭ ഉൾപ്പെടെ മറ്റെല്ലാ സഭകളിലും ഒന്നാം സഹസ്രാബ്ദം അവസാനിക്കുന്നതുവരെ ഉപവാസദിനങ്ങളിൽ വൈകിട്ട് ഒരു നേരം മാത്രം ഭക്ഷിക്കുന്ന പതിവാണുണ്ടായിരുന്നതും ഇപ്പോൾ ചില സഭകളിൽ നിലനിൽക്കുന്നതും. രണ്ടാം ലോകമഹായുദ്ധകാലത്തിനുശേഷമാണ് പാശ്ചാത്യസഭയിൽ ഇതിന് ഇളവുവരുത്തിത്തുടങ്ങിയത്.
ക്ഷീര-മത്സ്യ-മാംസ-മൈഥുന-മദ്യ (വെറ്റിലമുറുക്ക് ഉൾപ്പെടെ) വർജ്ജനമായിരുന്നു നോമ്പിന്റെ (abstinence) ഭാഗമായി ഭാരതക്രൈസ്തവപാമ്പര്യത്തിലുണ്ടായിരുന്നത്.
2. വലിയനോമ്പ് വിവിധ സഭാപാരമ്പര്യങ്ങളിൽ
ഉപവാസം (നോമ്പ്) ആരംഭിക്കുന്ന തിങ്കൾമുതൽ തുടർച്ചയായി നാല്പതാം വെള്ളിവരെയാണ് ഈ വലിയ നോമ്പുകാലം കണക്കാക്കിയിരുന്നത്.
Clean Monday (സംശുദ്ധ തിങ്കൾ), അനുരഞ്ജനതിങ്കൾ (ശുബക്കോനോ) എന്നൊക്കെ ഗ്രീക്ക്, അന്ത്യോക്യൻ പാരമ്പര്യങ്ങളിൽ ഈ ദിവസത്തിന് പേരുണ്ട്. അനുതാപത്തിന്റെ പ്രതീകമായി ശിരസ്സിൽ (നെറ്റിയിൽ) ചാരംപൂശുന്ന വേദപുസ്തകപാരമ്പര്യങ്ങളിൽനിന്നും സഭാപിതാക്കന്മാരുടെ പ്രബോധനങ്ങളിൽനിന്നും പിൽക്കാലങ്ങളിൽ (പതിനൊന്നാം നൂറ്റാണ്ട്) വികസിച്ചുവന്ന “വിഭൂതി ബുധൻ” അനുരൂപപ്പെടുത്തിയാണ് സീറോ മലബാർ സഭയിൽ ഇന്ന് “വിഭൂതി തിങ്കൾ” ആചരിക്കുന്നത്.
വലിയ നോമ്പിലെ ഞായറാഴ്ചകളിൽ നോമ്പ് (വർജ്ജനം) ഉണ്ടെങ്കിലും ഉപവാസം അനുഷ്ഠിച്ചിരുന്നില്ല. “ലാസറിന്റെ ശനി – “കോഴുക്കട്ട ശനി” നോമ്പുകാലത്തിന്റെയും പീഡാനുഭവആഴ്ചയുടെയും ഇടയ്ക്കുള്ള ഒരു വിജാഗിരിയായി വർത്തിച്ചിരുന്നു. പീഡാനുഭവാരം കൂടുതൽ തീക്ഷ്ണമായ നോമ്പാചരണകാലമാ യതുകൊണ്ട് അതുംകൂടെ കൂട്ടുമ്പോൾ അമ്പതുദിവസങ്ങളായി; അങ്ങനെയാണ്, “അമ്പതുനോമ്പ്” എന്ന് ഇതിനു പൊതുവെ പേരുവന്നത്.
എന്നാൽ പാശ്ചാത്യപാരമ്പര്യത്തിൽ വ്യത്യസ്തമായ കണക്കാണുള്ളത്. വിഭൂതിബുധൻ മുതൽ പെസഹാവ്യാഴം വൈകുന്നേരംവരെയുള്ള “ക്വാദ്രോജെസ്സിമ” നാൽപതുദിനനോമ്പാണ് (ഞായർ ഉൾപ്പെടെ 46) അത്. ഒരു വർഷത്തിന്റെ ദശാംശമെന്ന നിലയിൽ ആറ് ആഴ്ചകളിലെ 6 ദിവസം വീതം 36 ദിവസങ്ങൾ റോമിൽ ആചരിച്ചിരുന്ന നോമ്പ് വികസിച്ചുവന്നതാണ് ഇന്നത്തെ ക്വാദ്രോജെസ്സിമ.
3. താപസചൈതന്യവും ലാളിത്യവും
ഓരോരുത്തരുടെയും വ്യക്തിപരമായ അനുഷ്ഠാനങ്ങളേയും ഭക്തകൃത്യങ്ങളെയുംകാളുപരി, സഭയോടുചേർന്ന് ഉപവാസകാലത്തേക്ക് പ്രവേശിക്കുന്നു എന്നുള്ളതാണ് പൗരസ്ത്യവീക്ഷണം. ഒന്നുചേർന്നുള്ള യാമനമസ്കാരങ്ങൾ, കുമ്പിടീലുകൾ, കുർബാന അർപ്പണം, നോമ്പിന്റെ വെള്ളിയാഴ്ചകളിൽ, ഭാഗികമായും അഞ്ചാം വെള്ളിയാഴ്ചയും ശനിയും പൂർണ്ണമായുമുള്ള മരിയൻ പ്രകീർത്തനഗീതമായ ‘അകത്തിസ്തോസ്’ (വി. റോമുളസ് +556) ആലാപനവും പ്രധാനമാണ്.
വിവിധ സഭാപാരമ്പര്യങ്ങളിൽ വലിയനോമ്പുകാലത്ത് കൂടുതൽ ലാളിത്യത്തിനുവേണ്ടി , ആഘോഷഘടകങ്ങൾ കുറയ്ക്കുന്നതായി കാണാം. ലാറ്റിൻ പാരമ്പര്യത്തിൽ ഗ്ലോറിയ, ഹല്ലേലുയ്യ, മണിയടി, ആഘോഷമായ പ്രദക്ഷിണങ്ങൾ എന്നിവ ഒഴിവാക്കുന്നു. പൂക്കളും അൾത്താലാലങ്കാരങ്ങളും വളരെ പരിമിതമായിരിക്കും. ഓർഗൻ, ശബ്ദം കുറച്ചും ഗീതങ്ങൾക്ക് പശ്ചാത്തലവുമായി മാത്രം ഉപയോഗിക്കുന്നു.
ചില സ്ഥലങ്ങളിൽ ഓശാനഞായറിന്റെ തലേ ആഴ്ചമുതൽ അൾത്താര പൂർണ്ണമായും, പള്ളിയിലുള്ള തിരുസരൂപങ്ങളും മറച്ചിരുന്നു. ജർമനിയിൽ ഇത് Fastentuch – ഉപവാസത്തിന്റെ വിരി, Hungertuch – വിശപ്പിന്റെ വിരി – എന്നൊക്കെ അറിയപ്പെട്ടിരുന്നു! അർമേനിയൻ പാരമ്പര്യത്തിലാകട്ടെ, ഓശാനഞായർവരെ മദ്ബഹാ പൂർണ്ണമായും മറച്ചാണ് തിരുക്കർമ്മങ്ങൾ നടത്തുന്നത്! പാപംമൂലം പറുദീസായിൽനിന്നും ബഹിഷ്കൃതരായ മനുഷ്യൻ പാപമോചനം അർത്ഥിക്കുന്നതിന്റെ പ്രതീകമാണിത്. ഗ്രീക്കുപാരമ്പര്യങ്ങളിൽ കറുത്ത/വയലറ്റ് തിരുവസ്ത്രങ്ങൾ അണിയുന്നതായി കാണാം. ലാറ്റിൻ പാരമ്പര്യവും ഇത് അനുവർത്തിക്കുന്നു.
ഉപവാസകാലത്തിന്റെ പ്രധാനസ്തംഭങ്ങളിലൊന്നായ പ്രാർത്ഥനയെ സൂചിപ്പിക്കാൻ കൂടുതൽ പ്രാർത്ഥനകളും കുമ്പിടീലുകളും സാഷ്ടാംഗപ്രണാമങ്ങളും എല്ലാ സഭകളിലും (ലാറ്റിൻ പാരമ്പര്യത്തിൽനിന്നുള്ള സ്ലീവാപാതയിലുൾപ്പെടെ) കാണാം.
ഗ്രീക്കുസഭകളിൽ രക്ഷാരഹസ്യങ്ങൾ കൂടുതൽ വിശദമായി പ്രഘോഷിക്കുന്ന വി. ബേസിലിന്റെ അനാഫൊറയാണ് ഈ കാലഘട്ടത്തിലെ ഞായറാഴ്ചകളിൽ ചൊല്ലുന്നത്. ഇടദിവസങ്ങളിൽ ആഘോഷങ്ങളുപേക്ഷിക്കുന്നത്തിന്റെ ഭാഗമായി പരി. കുർബാനയും അർപ്പിക്കാറില്ല! പകരം, വെള്ളി, ശനി ദിവസങ്ങളിൽ ആവശ്യമെങ്കിൽ Presantified Liturgy – നേരത്തെ വാഴ്ത്തിയ പരിശുദ്ധ കുർബാന സ്വീകരിക്കുന്ന കർമ്മം – നടത്തിവരുന്നു. പൌരസ്ത്യസഭകളിൽ പൊതുവേ ഇത് കാണാവുന്നതാണ് (‘റാസാനായിത്ത്,’ ‘കൂദാശ്ത്താ’ എന്നീ പേരുകളിലുള്ള ഒരു ക്രമം പൗരസ്ത്യസുറിയാനി ഉറവിടങ്ങളിലുമുണ്ട്: cf. Fr. Dr. T. Parayady, Rome, 1980).
എന്നാൽ വിപുലമായ യാമപ്രാർത്ഥനകളും (Triodion) ലളിതസാന്ദ്രമായ സംഗീതടൂണുകളുംകൊ ണ്ട് സമൃദ്ധമാണ് ഈ കാലഘട്ടം.
4. നോമ്പുകാലവും ആരാധനക്രമവും: പ്രായോഗികതലത്തിൽ
1. കൂടുതൽ പ്രാർത്ഥനയുടെ ഒരു കാലഘട്ടമാണല്ലോ വലിയ നോമ്പ്. വ്യക്തിഗതപ്രാർത്ഥനകളോടൊപ്പം ആരാധനക്രമത്തിലും അത് നിഴലിക്കേണ്ടതുണ്ട്. മംഗളവാർത്ത-ദനഹാ -നോമ്പുകാലങ്ങൾ ഉൾപ്പെടുന്ന ഏറ്റവും തപോധനമായ കാലഘട്ടത്തിനുവേണ്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന മാർ തിയഡോറിന്റെ അനാഫൊറ പൂർണമായും (ബ്രാക്കറ്റുകളിൽ ചേർത്തിരിക്കുന്നതുൾപ്പെടെ) അർപ്പിക്കുന്നത് വലിയ നോമ്പിന് ചേർന്ന ഒന്നായിരിക്കും. കർത്താവിന്റെ പീഡാസഹനത്തെയും ബലിയയും സൂചിപ്പിക്കുന്ന ഒട്ടേറെ മനോഹരമായ പ്രതിപാദനങ്ങൾ ഇതിലുണ്ടല്ലോ:
“…അങ്ങയുടെ പ്രിയപുത്രന്റെ പീഡാനുഭവത്തിന്റെയും മരണത്തെയും സംസ്കാരത്തിന്റെയും ഉത്ഥാനത്തിന്റെയും ഓർമ്മയാചരണമായ സജീവവും പരിശുദ്ധവും സ്വീകാര്യവുമായ ഈ ബലി; “സജീവവും പരിശുദ്ധവും സ്വീകാര്യവും രക്തരഹിതവുമായ ഈ ബലിവഴി കൃപയും കാരുണ്യവും കണ്ടെത്താനും …;” “നിത്യനായ പരിശുദ്ധ റൂഹാവഴി അവിടുന്ന് തന്നെത്തന്നെ നിർമ്മലമായി ദൈവത്തിന് ബലിയർപ്പിക്കുകയും തന്റെ ശരീരത്തിന്റെ ഒരിക്കൽ മാത്രമുള്ള അർപ്പണത്താൽ ഞങ്ങളെ വിശുദ്ധീകരിക്കുകയുംചെയ്തു. കുരിശിലെ തന്റെ രക്തത്താൽ സ്വർഗ്ഗത്തെയും ഭൂമിയെ രമ്യതപ്പെടുത്തി, ഞങ്ങളുടെ പാപങ്ങൾനിമിത്തം അവിടുന്ന് ഏൽപ്പിച്ചുകൊടുക്കപ്പെടുകയും ഞങ്ങളെ നീതീകരിക്കാൻ ഉയർത്തെഴുന്നേൽക്കുകയും ചെയ്തു,..” etc.
2. ലാളിത്യത്തിന്റെ ഭാഗമായി വലിയനോമ്പിലെ ഞായറാഴ്ചകളിൽ ചൊല്ലുവാൻ നിശ്ചയിക്കപ്പെട്ടിരുന്ന ചെറിയ സ്ലോസാകൾ തിരഞ്ഞെടുക്കാം: “സർവ്വജ്ഞനായ ഭരണകർത്താവും…”; “… സാർവ്വത്രികവും ശ്ലൈഹികവുമായ സഭയുടെമേൽ അങ്ങയുടെ കരുണനിറഞ്ഞ വലംകൈ…” (പുതിയ ടെക്സ്റ്റിൽ “വലിയ നോമ്പ്”എന്ന പരാമർശം നഷ്ടപ്പെട്ടുപോയെങ്കിലും!)
3. ആഘോഷപൂർവ്വകമായ ട്യൂണുകൾ ഒഴിവാക്കി സുറിയാനി/ചാന്റു ട്യൂണുകളിൽ കുർബാന അർപ്പിക്കാവുന്നതാണ്.
4. ആഘോഷഘടകങ്ങളായ മണിയടി (മർവാസ), ഒഴിവാക്കാവുന്നതാണ്.
5. മാർച്ച് 6 ലെ പാതിനോമ്പ് ആചരണം: (ഈ വർഷംമുതൽ സീറോ മലബാർ കലണ്ടറിൽ ഇതു സ്ഥാനംപിടിച്ചിട്ടുണ്ട്. ജെറുസലേം ലിറ്റർജിയിൽനിന്നും സ്വീകരിച്ച “സ്ലീവാആഘോഷം” എല്ലാ പൗരസ്ത്യസഭകളും നടത്തുന്നുണ്ട്, ലത്തീൻ സഭയിലാകട്ടെ, അതിനുശേഷം വരുന്ന ഞായറാഴ്ച (March 10) Laetere Sunday – “ആനന്ദ ഞായർ” എന്നപേരിലും ആചരിക്കുന്നു).
6. മാമോദിസാർത്ഥികളുടെ പ്രബോധനകാലഘട്ടമായിരുന്നതിനാൽ വലിയ നോമ്പുദിനങ്ങളിൽ കുർബാനയിൽ ലഘുപ്രബോധനങ്ങൾ നൽകാവുന്നതാണ്.
വലിയ ശനിയുടെ കർമ്മങ്ങളോടൊപ്പം മാമോദീസായും നൽകുന്നത് സന്ദർഭോചിതമായിരിക്കും.
7. പരിഷ്കരിച്ച യാമപ്രാർത്ഥനയുടെ ഉപയോഗംവഴി ഈ കാലഘട്ടത്തിന്റെ ചൈതന്യം കൂടുതൽ ഉൾക്കൊള്ളാനും പ്രാർത്ഥനയിൽ അനുഭവവേദ്യമാക്കാനും സാധിക്കും. സപ്രാ- റംശാകളെ തുടർന്ന് പരി. കുർബാനയുള്ളപ്പോൾ കുർബാനയിൽവരുന്ന ഘടകങ്ങൾ ഒഴിവാക്കാനും പുതിയ ടെക്റ്റിൽ നിർദ്ദേശമുണ്ടല്ലോ (no. 19).
സാധിക്കുമ്പോഴൊക്കെ, പ്രത്യേകിച്ച്, ഞായറാഴ്ചകളിൽ ടെക്സ്റ്റിൽ സൂചിപ്പിച്ചിരിക്കുന്ന ആരാധനക്രമകരമായ കർമ്മാനുഷ്ഠാനങ്ങളോ ടുകൂടെ ഇത് അർപ്പിക്കുന്നതും സമുചിതമാണ്.
റംശായിലെ രണ്ടാമത്തെ വലിയ കാറോസൂസ അതിന്റെ ഉറവിടങ്ങളിലെപ്പോലെ ശുശ്രൂഷയുടെ ഓരോ നീയോഗാർഥനയ്ക്കും ശേഷം സാഷ്ടാംഗപ്രണാമംചെയ്തോ മുട്ടുകുത്തിയോ (പീഡാനുഭവവെള്ളിയിലെ പോലെ) ചൊല്ലാവുന്നതാണ് (പുതിയ റംശാ-കർമ്മക്രമങ്ങളുടെ ഡ്രാഫ്റ്റിൽ ഇങ്ങനെ ഉണ്ടായിരുന്നു).
8. വ്യക്തിപരമായ പ്രാർത്ഥനകൾ: ഈശോനാമജപം, മാർ അപ്രേമിന്റെ “നോമ്പുകാലപ്രാർത്ഥന ” ധ്യാന-മനനാത്മകമായവേദപുസ്തകപാരായ ണം (Lectio Divina) തുടങ്ങിയവ നോമ്പുകാലത്ത് പ്രോത്സാഹിപ്പിക്കാവുന്നതാണ്.
9. നോമ്പിന്റെ സാമൂഹിവും ജീവകാരുണ്യപരവുമായ മാനങ്ങൾ ഉൾക്കൊള്ളാൻ സഹായിക്കാം: നഷ്ടപ്പെട്ടുപോയ കുടുംബബന്ധങ്ങൾ- വ്യക്തിബന്ധങ്ങൾ വീണ്ടെടുക്കുക, വ്യവഹാരങ്ങൾ ഒഴിവാക്കി അനുരഞ്ജപ്പെടുക, ഭവനങ്ങളിൽ ചാരിറ്റി ബോക്സ്, തുടങ്ങിയവ.
10. സദ്ഗ്രന്ഥപാരായണം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുക.
*****
മാർ അപ്രേമിന്റെ നോമ്പുകാലപ്രാർത്ഥന
എന്റെ ജീവിതത്തിന്റെ ഉടയവനും നാഥനുമായ ദൈവമേ, എന്നിൽനിന്നും മന്ദതയുടെ അരൂപിയും ദുർബലഹൃദയവും അധികാരസക്തിയും അലസഭാഷണവും എടുത്തുമാറ്റണമേ.
പകരം, എന്റെ നാഥനും രാജാവുമായവനേ, നിന്റെ ദാസന്/ദാസിക്ക് ശുദ്ധതയുടെ അരൂപിയും ക്ഷമയും സ്നേഹവും നൽകണമേ.
സ്വന്തം തെറ്റുകൾ തിരിച്ചറിയാനും സഹോദരനെ വിധിക്കാതിരിക്കാനും എന്നെ അനുഗ്രഹിക്കണമേ.
എന്തുകൊണ്ടെന്നാൽ യുഗങ്ങളോളം നീ വാഴ്ത്തപ്പെട്ടവനാ കുന്നു, ആമ്മേൻ.
[ഓരോ പാദം കഴിയുമ്പോഴും ഒന്നോ അതിൽ കൂടുതലോ സാഷ്ടാംഗപ്രണാമങ്ങളും, തുടർന്ന് ഈശോനാമജപങ്ങളും].
– വലിയനോമ്പാരംഭം
Feb 12, 2024.










Leave a Reply