Sathyadarsanam

കേരള സഭാപ്രതിഭകൾ-2 പ്രൊഫ.പി.സി. ദേവസ്യാ

കേരള സഭാപ്രതിഭകൾ-2

പ്രൊഫ.പി.സി. ദേവസ്യാ

“പ്രതിഭാധനനായ മഹാകവി, ഭാഷാഗവേഷകൻ, സംസ്കൃ‌ത പണ്‌ഡിതൻ, പത്രാധിപർ, പ്രസാധകൻ, കലാലയാധ്യാപകൻ എന്നീ നിലകളിലെല്ലാം ലബ്‌ധപ്രതിഷ്ഠനായ ഇദ്ദേഹം “ക്രിസ്തുഭാഗവതം” എന്ന മഹാകാവ്യരചനയിലൂടെ ആധുനിക സംസ്കൃതകവികളുടെ ഗണത്തിൽ അഗ്രിമസ്ഥാനി കൂടിയാണ്. ഈടുററവിഷയങ്ങൾ മാത്രം കൈകാര്യം ചെയ്യുകയും അതിൽ തനതായ വ്യക്തിത്വം പതിപ്പിക്കുകയും ചെയ്യുന്ന പ്രകൃതം ഇദ്ദേഹത്തിലെന്നപോലെ മറ്റ് അധികംപേരിൽ കാണുകയില്ല. അതുകൊണ്ടുതന്നെ ഈ മനീഷി ഒറ്റപ്പെട്ട് ഉയർന്നുനിൽക്കുന്നു.” കെ.സി.ബി.സി. പ്രസിദ്ധീകരിച്ച ക്രൈസ്തവ സാഹിത്യകാരന്മാരുടെ ഡയറക്‌ടറിയിൽ പ്രൊഫ. പി.സി. ദേവസ്യായെപ്പറ്റി രേഖപ്പെടുത്തിയിരിക്കുന്ന ഭാഗമാണ് മുകളിൽ ചേർത്തിരിക്കുന്നത്.

പ്രൊഫ. പി.സി. ദേവസ്യാ കോട്ടയം താലൂക്കിൽ കുടമാളൂർ ഇടവകയിൽ ആർപ്പൂക്കരയിൽ പ്ലാക്കിയിൽ കുടുംബത്തിൽ ചാക്കോ-അന്ന ദമ്പതിമാരുടെ പുത്രനായി 1906 മാർച്ച് 24-ാം തീയതി ജനിച്ചു. കുടമാളൂർ സർക്കാർ പ്രൈമറി സ്‌കൂളിലും മാന്നാനം സെൻ്റ് എംഫ്രംസ് ഹൈസ്‌കൂളിലും കോട്ടയം സി.എം.എസ്സ് കോളേജിലും തിരുവനന്തപുരം ഗവൺമെന്റ് ആർട്ട്സ് കോളേജിലും വിദ്യാഭ്യാസം നിർവഹിച്ചു. മദ്രാസ് യൂണിവേഴ്‌സിററിയിൽ നിന്ന് മലയാളത്തിലും സംസ്കൃതത്തിലും എം.എ. ഡിഗ്രി കരസ്ഥമാക്കി. 1931 മുതൽ തൃശൂർ സെൻ്റ് തോമസ് കോളേജിൽ ഭാഷാവകുപ്പിൽ, മുണ്ടശ്ശേരി, എടമരത്ത് സെബാസ്റ്റ്യൻ എന്നിവരോടൊപ്പം അദ്ധ്യാപകനായിരുന്നു. ഈ കാലഘട്ടത്തിനിടയ്ക്ക് ശ്രീ.പി.സി ദേവസ്യാ അതി സമർത്ഥനായ അദ്ധ്യാപകൻ, സരസഗദ്യകാരൻ, കലാനിരൂപകൻ എന്നീ നിലകളിൽ ഖ്യാതി സമ്പാദിച്ചുകഴിഞ്ഞിരുന്നു. 1945 മുതൽ തേവര എസ്സ്.എച്ച്. കോളേജിൽ ഭാഷാവകുപ്പിൽ സീനിയർ ലക്‌ചററായും 1958 മുതൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ മലയാളം

പ്രൊഫസ്സറായും സേവനം അനുഷ്ഠിച്ചു. 1938 ൽ കോട്ടയത്തുനടന്ന സമസ്‌തകേരള സാഹിത്യപരിഷത്ത് സമ്മേളനസെക്രട്ടറി, തൃശൂർ കേരള ചരിത്ര കലാസമിതിയുടെ വൈസ് പ്രസിഡൻ്, കൊച്ചി സർക്കാരിൻ്റെ ടെക്സ്റ്റ് ബുക്ക് കമ്മറ്റിയംഗം, കോഴിക്കോട് യൂണിവേഴ്‌സിറ്റി ഓറിയൻ്റൽ ടൈററിൽ പരീക്ഷാബോർഡ് ചെയർമാൻ, മദ്രാസ് യൂണിവേഴ്‌സിറ്റി അക്കാഡമിക് കൗൺസിൽ അംഗം, വിശ്വവിജ്ഞാനകോശം ഉപദേശകസമിതിയംഗം, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സംസ്‌കൃതപഠന ബോർഡംഗം, തുടങ്ങിയ നിരവധി മണ്‌ഡലങ്ങളിൽ തൻ്റെ പാടവം പ്രകടമാക്കിയിട്ടുള്ള ഈ ഗുരശ്രേഷ്ഠൻ യൂണിവേഴ്‌സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ്റെ അവാർഡോടുകൂടി ഗവേഷണം നടത്തി പ്രസിദ്ധപ്പെടുത്തിയതാണ് “കഥാസരിത് സാഗര”ത്തിൻ്റെ മലയാള തർജ്ജമ.

ഒളശ്ശ മാത്തു ആശാൻ, പന്തളം കൃഷ്‌ണവാരിയർ എന്നീ ഗുരുക്ക ന്മാരിൽ നിന്ന് ശ്രീ ദേവസ്യാ സംസ്‌കൃതത്തിന്റെ കാവ്യനാടകാദികളും വിദ്യാ ഭൂഷണൻ ശ്രീ വെങ്കിടരാമശർമ്മയിൽ നിന്നും വേദോപനിഷത്തുകളും വൈയാകരണഭൂഷണം തൃശൂർ രാമപ്പൊതുവാളിൽനിന്ന് വ്യാകരണവും അഭ്യസിച്ചു. തൃശൂരിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന കേരളം മാസികയുടെ

സഹപത്രാധിപരായി ശ്രീ എം.പി. പോളിൻ്റെ ഒഴുവിൽ ശ്രീ. പി.സി. ദേവസ്യാ നിയമിതനായി. തേവരയിൽനിന്ന് 12 പ്രൊഫസർമാർ ചേർന്ന് 1949 ൽ പ്രസിദ്ധീകരിച്ചു തുടങ്ങിയ ജയഭാരതം മാസിക 1950 ൽ ശ്രീ ദേവസ്യാ ഏറെറടുത്തു. പിൽക്കാലത്ത് കവികളായും നിരൂപകന്മാരായും പ്രസിദ്ധിനേടിയ പലയുവാക്കൾക്കും ഔന്നത്യസോപാനമായിരുന്ന ആ മാസികയുടെ മാനേജിംഗ് എഡിറ്ററായി 20 ൽ പരം വർഷം പ്രവർത്തിക്കു കയും ചെയ്തു. മാക്ക്യവെല്ലിയുടെ രാജനീതി, സോമദേവന്റെ കഥാസരിത് സാഗര എന്നീ വിവർത്തനങ്ങളുൾപ്പെടെ പ്രബന്ധ‌ം, ജീവചരിത്രം, കഥ, കവിത മുതലായ വിഭാഗങ്ങളിൽ മലയാളത്തിൽ 16 കൃതികൾ ശ്രീ ദേവസ്യാ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശ്രീ. പി.സി.യുടെ സാഹിത്യപരിശ്രമങ്ങൾക്ക് മകുടം ചാർത്തിയ ക്രിസ്തുഭാഗവതം എന്ന സംസ്‌കൃത മഹാകാവ്യം 1977 ലാണ് പ്രസിദ്ധീകരിച്ചത്. ഈ മഹാകാവ്യത്തിന് 1980 ലെ കേന്ദ്രസാഹിത്യഅക്കാ ഡമി അവാർഡും 1979 ലെ മഹാറാണി സേതുപാർവതീബായി അവാർഡും ലഭിച്ചു. കാവ്യകർത്താവിന് 1982 ൽ എറണാകുളത്തുനടന്ന വിശ്വസംസ്കൃത പ്രതിഷ്‌ഠാനത്തിൻ്റെ കേരള ശാഖയിൽനിന്ന് പണ്‌ഡിതരത്നം എന്ന ബിരുദവും എഴുകോൺ ശ്രീ ശങ്കര സംസ്‌കൃത വിദ്യാപീഠത്തിന്റെ സാഹിത്യരത്നം അവാർഡും ക്രൈസ്‌തവ സാഹിത്യ അക്കാഡമിയുടെ മഹാകവി കെ.വി. സൈമൺ അവാർഡും 1985 ൽ അഖില കേരള കത്തോലിക്കാകോൺഗ്രസ്സിൻ്റെ സാഹിത്യ അവാർഡും കെ.സി.ബി.സിയുടെ സാഹിത്യ അവാർഡും ലഭിക്കുകയുണ്ടായി.

പണ്ഡിതാഗ്രേസരനായ ശ്രീ ഐ.സി. ചാക്കോയുമായുള്ള സമ്പർക്കം പി.സി. ദേവസ്യാക്ക് സാഹിത്യപരിശ്രമങ്ങളിൽ അത്യധികം ഉത്തേജനം നൽകിയിരുന്നു. ശ്രീ. ഐ.സി. ചാക്കോയുടെ അനശ്വരകൃതിയായ “പാണനീയ പ്രദ്യോതം” വാൽമീകിയുടെ ലോകത്തിൽ, ചില ശബ്‌ദങ്ങളും രൂഢാർത്ഥങ്ങളും എന്നിവ ശ്രീ ദേവസ്യായാണ് പ്രസാധനം ചെയ്തിട്ടുള്ളത്. ശ്രീ ദേവസ്യാ രചിച്ചിട്ടുള്ള മറ്റു ഗ്രന്ഥങ്ങൾ താഴെപറയുന്നവയാണ്. 1.ഭാരതമഹാശില്പികൾ 2. ബാലനഗരം 3. പതിമൂന്നുകഥകൾ 4. രാജനീതി 5. പോലീസ് കഥകൾ 6. അമേരിക്കൻ സംസ്ക‌ാരം 7. മതം ഇരുപതാം നൂറ്റാണ്ടിൽ 8. ഓരിഗൺഗിരിപഥം 9. കലാസൗരഭം 10. കഥാസരിത്സാഗരം 11. ക്രിസ്‌തുഭാഗവതം 12. ജനകീയകാവ്യം 13. കർഷക ഗീതം 14. സാർവ്വലൗകീകോധർമ്മം വ്യതിക്രമ: 15. ശ്രീ നാരായണ സൂക്തങ്ങൾ. സംസ്കൃതസാഹിത്യത്തിന് പ്രൊഫ. ദേവസ്യാ നൽകിയ സംഭാവനകൾ എന്നും സ്‌മരിക്കപ്പെട്ടു.2006 ഒക്ടോബർ 10നു നൂറുവയസിൽ അദ്ദേഹം അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *