Sathyadarsanam

ആർച്ച്ബിഷപ് ക്ലൗദിയോ ഗുജെറോത്തി പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പുതിയ അധ്യക്ഷന്‍

പൗരസ്ത്യ സഭകൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ അധ്യക്ഷനായി ഇറ്റാലിയന്‍ സ്വദേശിയായ ആർച്ച്ബിഷപ് ക്ലൗദിയോ ഗുജെറോത്തിയെ നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. 2020 ജൂലൈ മുതൽ ഗ്രേറ്റ് ബ്രിട്ടനിലെ അപ്പസ്തോലിക് ന്യൂൺഷ്യോയായി സേവനമനുഷ്ഠിച്ച് വരികയായിരിന്നു അദ്ദേഹം. അറുപത്തിയേഴുകാരനായ ആർച്ച്ബിഷപ് ക്ലൗദിയോ ഗുജെറോത്തി 1997 മുതൽ 2001 വരെ പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ അണ്ടർ സെക്രട്ടറിയായിരുന്നു.

1917-ൽ ബെനഡിക്ട് പതിനഞ്ചാമന്‍ മാർപാപ്പയാണ് പൗരസ്ത്യ സഭകൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി സ്ഥാപിച്ചത്. കേരളം ആസ്ഥാനമായ സീറോ മലബാര്‍, സീറോ മലങ്കര സഭകള്‍ ഉള്‍പ്പെടെ 23 പൗരസ്ത്യ കത്തോലിക്കസഭകളുടെ ഉത്തരവാദിത്തമുള്ള റോമൻ കൂരിയയുടെ കേന്ദ്രീകൃത ഓഫീസാണ് പൗരസ്ത്യ സഭകൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി. ഏറെ നിര്‍ണ്ണായകമായ ഉത്തരവാദിത്വമുള്ള സ്ഥാനമാണ് ആർച്ച്ബിഷപ് ക്ലൗദിയോ ഗുജെറോത്തിയ്ക്കു ലഭിച്ചിരിക്കുന്നത്.

1955-ൽ വടക്കൻ ഇറ്റലിയിലെ വെറോണയിലാണ് ആർച്ച്ബിഷപ്ക്ലൗദിയോ ഗുജെറോത്തിയുടെ ജനനം. 1982-ൽ വൈദികനായി അഭിഷിക്തനായി. 2001 ഡിസംബർ 7-ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പ ജോർജിയയിലേയും അർമേനിയയിലേയും അപ്പസ്തോലിക് നുൺഷ്യോയായും അദ്ദേഹത്തെ നിയമിച്ചു. ഡിസംബർ 13-ന് അസർബൈജാനിലേക്ക് അപ്പസ്തോലിക് നുൺഷ്യോ ആയി നിയമിച്ചു. 2002 ജനുവരി 6-ന് അദ്ദേഹം മെത്രാനായി അഭിഷിക്തനായി.

വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് മെത്രാഭിഷേക കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചത്. 2011 ജൂലൈ 15-ന് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അദ്ദേഹത്തെ ബെലാറസിലെ അപ്പസ്തോലിക് നുൺഷ്യോ യായി നിയമിച്ചു. ഗ്രേറ്റ് ബ്രിട്ടണിലെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന് മുന്‍പ് യുക്രൈ നിലെ അപ്പസ്തോലിക് നുൺഷ്യോയായും അദ്ദേഹം സേവനം ചെയ്തിരിന്നു.

Leave a Reply

Your email address will not be published. Required fields are marked *